March 6, 2011

എപ്പിസോഡ് - 40




( 13-3-2000  നു ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്) 
ക്ലോക്കിലെ സൂചികള്‍ക്ക് വല്ലാത്തൊരു ആലസ്യം! ഇടയ്ക്കിടെ അതിനു ക്ഷീണം ബാധിക്കുന്നുണ്ട് ! മനുഷ്യരെപ്പോലെ ഉറക്കംതൂങ്ങിയും എന്നാല്‍ ഇടയ്ക്കു വല്ലാത്തൊരു ഉന്മാദവും! അല്ലെങ്കിലും സമയത്തിന് കൃത്യനിഷ്ഠ എന്നൊന്നുണ്ടോ? എട്ടുമണിക്കും ഒമ്പതിനുമുള്ളിലെ ദൈര്‍ഘ്യവും വൈകീട്ട് നാലിനും അഞ്ചിനുമുള്ളിലെ ദൈര്‍ഘ്യവും തമ്മില്‍ സാരമായ അന്തരമുണ്ട്.

ഓഫീസിലെ പഴഞ്ചന്‍ മേശക്കും കരയുന്ന കസേരക്കുമിടയില്‍ കുടുങ്ങിയ ശരീരം. കനത്ത ചുമരുകള്‍ക്കുള്ളില്‍ ചുടുകാറ്റ് പൊഴിക്കുന്ന ഫാനിന്റെ ശീല്‍ക്കാരം.  അതിനുപരി, ജനങ്ങളുടെ പരാതികളും ക്രോധങ്ങളും മനസ്സിന് നല്‍കുന്ന സംഘര്‍ഷം.....

അയാളുടെ ദൃഷ്ടികള്‍ വീണ്ടും ചുമരിലെ ക്ലോക്കിലേക്ക് പാഞ്ഞു. മുടന്തിനീങ്ങുന്ന സൂചികളെ അയാള്‍ പ്രാകി. അടുത്തിടെയായി അയാളങ്ങനെയാണ് . എന്തിനോടൊക്കെയോ ഉള്ള ആര്‍ത്തി അയാളുടെ ഭാവചലനങ്ങളില്‍നിന്നൂഹിച്ചെടുക്കാനാവും. അത് അനിയന്ത്രിതവും അബോധവുമായ ചലനങ്ങളില്‍ ആവാഹിക്കപ്പെട്ടിട്ടുണ്ട്.

ക്ലോക്കില്‍ അഞ്ചുമണിയുടെ അടയാളമറിയിക്കുന്ന ആദ്യത്തെ മുഴക്കത്തില്‍തന്നെ അയാളെ ഏതോ ശക്തി കസേരയില്‍നിന്നുയര്‍ത്തി. വേഗം ഓഫീസില്‍നിന്നിറങ്ങി . കോണിപ്പടികളെ ചവിട്ടിമെതിച്ചു. ബൈക്കിന്റെ ചക്രത്തിനും ആലസ്യം ബാധിച്ചതായി അയാള്‍ക്ക്‌ തോന്നി. ആക്സിലേറ്ററിനെ എഞ്ചിന്‍ വേണ്ടത്ര ഗൌനിക്കാത്ത പോലെയും.    ഓവര്‍ടേക്ക് ചെയ്യാന്‍ മറ്റു വാഹനങ്ങള്‍ തടസ്സമായപ്പോഴും സിഗ്നലുകള്‍ തന്റെനേര്‍ക്ക്‌ ചുവപ്പെറിഞ്ഞപ്പോഴും അയാള്‍ പിറുപിറുത്തു. അഞ്ചരമണിക്ക് ടീവിയിലെ സീരിയലിന്റെ അവസാന എപ്പിസോഡിന്റെ ഉദ്യോഗജനകമാകാവുന്ന പരിസമാപ്തിയെക്കുറിച്ചുള്ള ചിന്ത അയാളുടെ തലച്ചോറില്‍ നുരഞ്ഞുപൊങ്ങി. കഴിഞ്ഞ മുപ്പത്തിഒന്‍പത് എപ്പിസോഡിന്റെ രത്നച്ചുരുക്കം സെക്കന്റുകള്‍ക്കുള്ളില്‍ അയാളുടെ മനസ്സിന്റെ തിരശീലയില്‍ അതിവേഗം മിന്നിമറഞ്ഞു. ഇനി ക്ലൈമാക്സ് എങ്ങനെയിരിക്കും? ട്രാജഡിയോ കോമഡിയോ? അയാള്‍ വിലയിരുത്താന്‍ ശ്രമിച്ചു. 'രക്തപുഷ്പ'മെന്ന ആ സീരിയല്‍ ഇത്രപെട്ടെന്ന് അവസാനിക്കുന്നതില്‍ അയാള്‍ക്ക്‌ കുണ്‍ഠിതം തോന്നി. അതിലെ രാധയുടെ സൌന്ദര്യവും നായകന്‍റെ സംഭാഷണചാതുരിയും മനസ്സില്‍നിന്ന് വിട്ടകലുന്നില്ല.

അയാള്‍ വാച്ചിലേക്ക് നോക്കി. സമയത്തിന്റെ പക്ഷപാതപരമായ പെരുമാറ്റം അയാളെ അസ്വസ്ഥനാക്കി. പതിനഞ്ചു മിനിറ്റ് എത്ര പെട്ടെന്നാണ് വിഴുങ്ങിത്തീര്‍ത്തത്! ആക്സിലേറ്ററില്‍ അയാള്‍ ഒന്നുകൂടി പിടിമുറുക്കി. കൂടുതല്‍ പുകതുപ്പിക്കൊണ്ട് ബൈക്ക്‌ കുതിച്ചു.
**************
"ശല്യം.. കേറിവരാന്‍കണ്ട നേരം.. ക്ലൈമാക്സില്‍തന്നെയാണ് ആരുടെയോ എഴുന്നള്ളത്ത് ..." 
തന്റെ സ്വച്ഛതയിലേക്ക് മണല്‍വാരിയെറിയാന്‍വന്ന ആഗതനെ ദേവകി മനസ്സാ ശപിച്ചു. 
"മോളേ...ആരാ വന്നെന്നുപോയി നോക്കിക്കേ...."
അവള്‍ പിന്നെയും കഥയുടെ അവസാന രംഗങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. വരാന്തയില്‍നിന്നുള്ള മകളുടെ അലര്‍ച്ച ടീവിയിലെ പശ്ചാത്തലസംഗീതത്തില്‍ അലിഞ്ഞില്ലാതായി.  നടുറോഡില്‍ രക്തപുഷ്പം വിരിയിച്ച് ഭര്‍ത്താവ് യാത്രയായത് അറിയാതെ അന്നേരം, 'രക്തപുഷ്പ' ത്തിലെ തന്റെ ഇഷ്ടനായകന് ബൈക്കപകടത്തില്‍ ജീവാപായം സംഭവിച്ചുള്ള കഥാന്ത്യം കണ്ടു ദേവകി കണ്ണീര്‍ പൊഴിക്കുകയായിരുന്നു.

85 comments:

  1. പതിനൊന്നു വര്ഷംമുന്‍പ്‌ എഴുതിയ കഥ ആയതിനാലാണ് 'എപ്പിസോഡ് 40'യില്‍ ഒതുങ്ങിപ്പോയത്! അന്ന് നാല്പതും അമ്പതും ഒക്കെയായിരുന്നെന്കില്‍ ഇന്നത്‌, നാനൂറും അഞ്ഞൂറുമൊക്കെയായി എത്തിനില്‍ക്കുന്നു.
    കഥയിലെ പ്രമേയം അതല്ലാത്തതിനാല്‍ ആ വിഷയത്തിനു പ്രസക്തി ഇല്ലല്ലോ.
    അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.

    ReplyDelete
  2. ഇപ്പോഴും ഇതിനു പ്രസക്തി ഉണ്ട് ഇസ്മില്‍ ....പക്ഷെ അവസാന ഭാഗം കുറച്ചു കൂടി നന്നാക്കാമായിരുന്നു ....പതിനൊന്നു വര്‍ഷത്തിനു ശേഷം കഥ എഴ്തുന്ന രീതില്‍ വന്ന മാറ്റങ്ങള്‍ കൊണ്ടാവാം ..

    ReplyDelete
  3. കഥയില്‍ ഒരു സന്ദേശമുണ്ടാകുമ്പോഴാണ്
    അത് മഹത്തരമാകുക
    ഇതില്‍ അതുണ്ട്!

    ReplyDelete
  4. അതെ..അതാണതിന്റെ സന്ദേശം..ആശംസകള്‍

    ReplyDelete
  5. ഇസ്മയില്ക്ക,വര്‍ഷം പതിനൊന്നു
    കഴിഞ്ഞിട്ടും ഈ കഥയുടെ പ്രസക്തി കുറയുന്നില്ല..good work..

    ReplyDelete
  6. കഥ നന്നായി. പക്ഷെ ഇപ്പോള്‍ ഈ കണ്ണീര്‍ സീരിയലുകളുടെ സ്ഥാനം റിയാലിറ്റി ഷോകള്‍ കയ്യടക്കി എന്ന് തോന്നുന്നു...കഥാപാത്രങ്ങളെ കൊന്നു കഥ തീര്‍ക്കുന്നതിനു പകരം എലിമിനേറ്റ് ചെയ്യുന്നു...

    ReplyDelete
  7. കഥ കൊള്ളാം.
    ഒന്നു തോന്നിയത്‌.. ദിവസവും, ഒരേ സമയത്ത്‌ തന്നെ വരുന്ന ഭർത്താവിനെ മനസ്സു കൊണ്ടെങ്കിലും ഒരു ഭാര്യ പ്രതീക്ഷിക്കില്ലേ?

    ഇനി കുറച്ച്‌ താമസിച്ചാലും, അതു ഭർത്താവു തന്നെ എന്നല്ലേ പ്രതീക്ഷിക്കുക?

    സംശയം മാത്രം.

    ReplyDelete
  8. സാബു ഭായ്..

    സ്വന്തം ഭര്‍ത്താവ്‌ ആണെങ്കില്‍ സ്വന്തം വീട്ടില്‍ ഭാര്യയോട് സമ്മതം ചോദിക്കാനോ വാതിലില്‍ മുട്ടാനോ കോളിംഗ് ബെല്‍ അടിക്കാണോ സാധാരണ ശ്രമിക്കാറില്ലല്ലോ. അന്യ ആള്‍ ആയത് കൊണ്ടായിരിക്കുമല്ലോ ഭാര്യ ശപിക്കാന്‍ നോക്കുന്നത്.

    താങ്കളുടെ സൂക്ഷ്മവായനക്ക് വളരെ നന്ദി.

    ReplyDelete
  9. മെഗാസീരിയലുകള്‍ നമ്മള്‍ക്കിടയില്‍ പിടിമുറുക്കിയിട്ട് വര്‍ഷങ്ങള്‍ ഏറെയായിരിക്കുന്നു. ആ നീരാളിപ്പിടുത്തത്തില്‍നിന്ന് നാം മോചിതരാവുമോ?... ആര്‍ക്കറിയാം...
    സമയത്തിന്റെ പക്ഷപാതപരമായ പെരുമാറ്റം നമുക്ക് പലപ്പോഴും അനുഭവപ്പെടുന്നത് തന്നെ.
    നല്ല കഥ... ആശംസകള്‍...

    ReplyDelete
  10. നല്ല തുടക്കം , നല്ല അവസാനം .
    സീരിയലിന്റെ അല്ല ജീവിതത്തിന്റെ സമയത്തെ കുറിച്ചാണ് എഴുതിയത്.
    നന്നായി . അഭിനന്ദനങ്ങള്‍

    ReplyDelete
  11. യോഗം.... കഥ നന്നായി പറഞ്ഞു.

    ReplyDelete
  12. കഥ നന്നായി . ആശംസകള്‍
    പക്ഷെ ആഷിക് പറഞ്ഞ പോലെ ഇപ്പൊ സീരിയലിന്റെ സ്ഥാനം റിയാലിറ്റി ഷോ കള്‍ കയ്യടക്കിയിരിക്കുന്നു. പതിനൊന്നു വര്ഷം മുന്പ് ഇത് അച്ചടിച്ച്‌ വന്നപ്പോള്‍ ഇത് എത്രമാത്രം കാലിക പ്രസക്തമായിരുന്നു.

    ReplyDelete
  13. ഇത്തരം രക്തപുഷങ്ങള്‍ നമുക്കിന്നൊരു ബാധ്യതതന്നെയാണ്.
    ഇന്ന് പ്രസക്തമാണ് വിഷയം.
    അഭിനന്ദനങ്ങള്‍

    ReplyDelete
  14. ഇസ്മായീലിന്റെ ഒരു സൃഷ്ടിയും എഴുതാന്‍ വേണ്ടി എഴുതിയവയാവില്ല. ഒരു സന്ദേശവും പകരാതെ ഒരു കഥയും ഒടുങ്ങാറുമില്ല. ഇവിടെയും ചരിത്രം ആവര്‍ത്തിക്കുന്നു. നന്ദി ഇസ്മയില്‍ ഭായ്.

    ReplyDelete
  15. സീരിയലുകള്‍ മാത്രമല്ല ഇന്ന് ടീവി തന്നെ അതികപറ്റാന്നു.
    അവിശ്യതെക്കള്‍ അനവിശ്യം മുന്നിലേക്ക് വരി വിതറുന്ന ടീവി, പലരും പറഞ്ഞിരുന്നത്, ലോക വിവരം നേരിട്ട വേഗത്തില്‍ അറിയാം എന്നായിരുന്നു, ഇന്ന് നമ്മള്‍ എന്ത് കാണണം കരരുത് എന്നും അവരാണ് തീരുമാനിക്കുന്നത്.
    നമുക്ക് വേണ്ടാത്തതിനെ തകര്‍ത്ത് എറിയാന്‍ തുനിയത്തിടത്തോളം നമ്മള്‍ ഇങ്ങനെ വിലപിച്ചു കൊണ്ടേ ഇരിക്കും !

    സ്നേഹാശംസകള്‍

    ReplyDelete
  16. എല്ലാവരും അടിമപ്പെട്ടിരിക്കുന്ന ഈ എപ്പിസോഡുകൾ അന്നും,ഇന്നും,എന്നും..ഒരിക്കലും പ്രസക്തി നഷ്ട്ടപ്പെടാത്ത വിഷയം തന്നെയാണ് കേട്ടൊ ഇസ്മായിൽ !

    ReplyDelete
  17. റിയാലിറ്റി അല്ലാതെ എന്ത് പറയാന്‍ ...

    ReplyDelete
  18. ഒരു പക്ഷെ, നടന്നിരിക്കാവുന്ന കഥ.

    ReplyDelete
  19. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  20. നല്ല പോസ്റ്റ്‌.
    സീരിയലിന്റെ കടന്നു കയറ്റം നമ്മുടെ ദിനചര്യകളെ വരേ ഭാധിച്ചൊരു കാലം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അതിനല്‍പ്പം കുറവുണ്ടെന്ന് തോന്നുന്നു. പോസ്റ്റ്‌ ചിന്താധീനം

    ReplyDelete
  21. ബൈക്ക്‌ അപകടത്തില്‍ പ്രിയതമന്‍ മരിക്കുമ്പോള്‍ സീരിയലിലെ നായകനും ബൈക്ക്‌ അപകടത്തില്‍ തന്നെ മരിച്ചു. തികച്ചും യാദൃശ്ചികം.

    അങ്ങനെയും ഉണ്ടാകാം.

    കഥയില്‍ നല്‍കുന്ന സന്ദേശം വളരെ നല്ലത്. സീരിയല്‍ സമയത്ത് വീട്ടില്‍ അതിഥികള്‍ വന്നാല്‍ മുഖം കോട്ടുന്നവര്‍ ഇപ്പോള്‍ സ്ത്രീകള്‍ മാത്രമല്ല.

    അത്പോലെ കാലത്തിനനുസരിച്ച് മറ്റു പ്രോഗ്രാമുകള്‍ സീരിയലുകളുടെ സ്ഥാനം കയ്യടക്കുന്നു എന്ന് മാത്രം.

    ReplyDelete
  22. പണ്ടത്തെതില്‍ കൂടുതല്‍ ഇപ്പോഴും സീരിയലില്‍ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. കാത്തിരിക്കുന്ന എപ്പിസോടുകളിലൂടെ സഞ്ചരിക്കുന്നവര്‍.
    പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.

    ReplyDelete
  23. കാലമെത്ര കടന്നു പോയാലും ഈ പോസ്റ്റിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല...
    സീരിയലുകളും റിയാലിറ്റി ഷോകളുമായി, ഇന്നും നാം ജീവിതത്തില്‍ നിന്നും അകലെത്തന്നെയാണ്.
    നന്നായി എഴുതി ഇസ്മായില്‍ !

    ReplyDelete
  24. അതിമനോഹരമായ ഭാഷ. താങ്കളുടെ രചനകളില്‍ ഉള്ളടക്കത്തേക്കാള്‍ എനിക്കിഷ്ടം വാക്കുകളുടെ ഈ kaleidoscope ആണെന്നു പറയേണ്ടിയിരിക്കുന്നു.

    ഇസ്മായില്‍ ഭായ് ഒരു അഭിപ്രായം പറയട്ടെ.

    കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ മരണം അല്ലെങ്കില്‍ അത്യാഹിതം അല്ലെങ്കില്‍ ഇതുരണ്ടും ചേര്‍ന്നത് വിഷയമാക്കിയ താങ്കളുടെ അഞ്ചാമത്തെ പോസ്റ്റ് ആണിത്. ഇടയ്ക്കൊരു ബ്ലോഗ് മീറ്റും "ചക്കിനുവെച്ചതും" ഇല്ലായിരുന്നെങ്കില്‍ താങ്കള്‍ക്ക് ഒരു mid-life crisis വന്നുപെട്ടോയെന്ന് ഞാന്‍ ഭയപ്പെട്ടേനെ :)

    എന്താണ് മനുഷ്യന്റെ ദുരവസ്ഥയോട് ഇത്ര അഭിനിവേശം? (ഈ കഥ പതിനൊന്നു വര്‍ഷം മുന്‍പ് എഴുതിയതാണെങ്കിലും.....)

    ReplyDelete
  25. ഇസ്മയിലിന്റെ ആ പഴയ കഥ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം!.താങ്കള്‍ തന്നെ പറഞ്ഞ പോലെ ഇന്ന് എപിസോഡ് 400 എന്നാക്കിയാല്‍ മതിയല്ലോ?

    ReplyDelete
  26. ഈ കഥയിൽ സന്ദേശമുണ്ട്. അതുകൊണ്ട് തന്നെ കഥയ്ക്ക് പ്രസക്തിയുണ്ട്.

    ReplyDelete
  27. ഇതൊരു വെറുംകഥയാകുന്ന ഒരുകാലംഉണ്ടാകുമോ!!??
    പത്തുകൊല്ലത്തിനിപ്പുറവും കാലികമായിത്തന്നെ നില്‍ക്കുന്ന കഥാതന്തു!
    നല്ലക്ഥ,അഭിനന്ദനാര്‍ഹം തന്നെ.
    ആശംസകള്‍.

    ReplyDelete
  28. കാലമെത്ര കഴിഞ്ഞാലും കാഥാപാത്രങ്ങള്‍ മാറുന്നില്ല, അതുകൊണ്ടുതന്നെ കഥയുടെ പ്രസക്തിയും.
    ആശംസകള്‍....

    ReplyDelete
  29. ...തിങ്കൾ മുതൽ വെള്ളിവരെ കാത്തിരുന്നു കാണുക.
    കാത്തിരുന്നു കാത്തിരുന്ന് ജീവിതത്തിൽ ആരെയും കാത്തിരിക്കേണ്ട അവസ്ഥയില്ലാതായി.

    ReplyDelete
  30. സമയ , ജീവിത , സീരിയല്‍ എപിസോട്
    വഞ്ചി ഇപ്പോഴും തിരുനക്കര
    തന്നെ .തണല്‍ പറഞ്ഞ പോലെ തന്നെ
    എപിസോടിന്റെ എണ്ണം കൂടുക ആണ്
    ചെയ്തത് ..അഭിനന്ദനങ്ങള്‍ ഭായ് .

    ReplyDelete
  31. പതിനൊന്നു വര്‍ഷം മുമ്പെഴുതിയ കഥ മനോഹരം. സീരിയലുകളും റിയാലിറ്റി ഷോകളും ചേര്‍ന്ന് ഇന്ന് കാര്യങ്ങള്‍ കുറെക്കൂടി വഷളാക്കിയിട്ടുണ്ട് എന്നു മാത്രം.

    ReplyDelete
  32. സീരിയലുകൾ സീരീസ് ആയി വന്നുകൊണ്ടേ ഇരിക്കുന്നു.അവസാനമില്ലാതെ. നല്ല കഥ

    ReplyDelete
  33. നന്നായിരിക്കുന്നു.ക്ലൈമാക്സ്‌ സൂപ്പര്‍.നേരം പോകാത്തത് അതിരസകരമായി വര്‍ണിച്ചിരിക്കുന്നു.മനോഹരമായിരിക്കുന്നു നാട്ടുകാരാ.

    ReplyDelete
  34. മിനിക്കഥകളിലെ കഥയില്ലായ്മ കണ്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്
    ഇസ്മായിലിന്റെ കഥകള്‍ വേറിട്ടു നില്‍ക്കുന്നു..എന്താണ് മിനിക്കഥ
    എങ്ങനെയായിരിക്കണം മിനിക്കഥ എന്നൊക്കെ ശരിക്കും
    വരച്ചു കാട്ടിത്തരുന്നുണ്ട് ഇതിലൂടെ..ഇപ്പോഴും പ്രസക്തമായ വിഷയം.
    പേരിലും പരിപാടികളിലും മാറ്റമുണ്ടെങ്കിലും മനോഭാവത്തില്‍ ഒരു
    മാറ്റവും വന്നിട്ടില്ല.നന്നായീട്ടാ

    ReplyDelete
  35. വർഷം കുറെ മാറിയിട്ടും അവസ്ഥയ്ക്കു വലിയ വ്യത്യാസമൊന്നുമില്ല. ഇതേ ഹരം ക്രിക്കറ്റിനോടും കാർട്ടൂണുകളോടുമെല്ലാം ഉണ്ട്. എല്ലാം അപകടകാരികൾ ആണെന്നാണു തോന്നുന്നത്.(ഹരം ആണേ അപകടകാരി).കഥ നന്നായി.

    ReplyDelete
  36. പതിനൊന്നു വര്‍ഷം മുന്‍പ്‌ എഴുതിയ കഥയ്ക്ക് ഇന്നും പ്രസക്തി നഷ്ടപെട്ടിട്ടില്ല്ല.എങ്കിലും അവസാന ഭാഗം വായനക്കിടയില്‍ എന്തോ ഒരു കല്ല്‌ കടി അനുഭവപ്പെട്ടോ....എന്നൊരു സംശയം(എനിക്ക് തോന്നിയതാകാം )...ഭാവുകങ്ങള്‍.....

    ReplyDelete
  37. എകദേഷം ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും കാലികപ്രസക്തിയോടെ ഒരു കഥ വായിക്കാനാവുന്നു എന്നതു തന്നെയാണീ കഥയില്‍ ഏട്ടവും ശ്രദ്ധേയം...

    സസ്നേഹം
    വഴിപോക്കന്‍

    ==
    പിന്നെ ആ സൈഡ്ബാര്‍ ക്ലൊക്കില്‍ കാണുന്നതു ഖതരിലെ സമയമല്ലല്ലൊ..വായനക്കാരന്റെ സമയമല്ലെ?

    ReplyDelete
  38. ഇപ്പോള്‍ കുറെയൊക്കെ കുറവുണ്ട്,my dreams പറഞ്ഞ പോലെ പതിനൊന്നു വര്‍ഷത്തിനു ശേഷം കഥ എഴ്തുന്ന രീതില്‍ ഒരുപാട് മാറ്റം വന്നു

    ReplyDelete
  39. ഇസ്മയിലെ ഇത്രയും നാളു കഴിഞ്ഞിട്ടും ഈ കഥയുടെ പുതുമ പോയിട്ടില്ല.

    ReplyDelete
  40. നാല്പത്തി ഒന്നാമത്തെ കമന്റ് ഞാൻ എഴുതുന്നു. സീരിയൽ കഥ നന്നായി.
    ഒപ്പം ചിന്തിച്ച് തല പുകയാൻ
    ചിക്കു ഷെയ്ക്ക്
    വായിക്കാം

    ReplyDelete
  41. "എട്ടുമണിക്കും ഒമ്പതിനുമുള്ളിലെ ദൈര്‍ഘ്യവും വൈകീട്ട് നാലിനും അഞ്ചിനുമുള്ളിലെ ദൈര്‍ഘ്യവും തമ്മില്‍ സാരമായ അന്തരമുണ്ട്" - അപ്പറഞ്ഞതില്‍ കാര്യമുണ്ട്. പലപ്പോഴും തോന്നുന്ന ഒന്ന്. കഥ നന്നായി. എന്നാലും- ഒരു പക്ഷെ എഴുതിയിരിക്കുന്നത് കുറെ നാളുകള്‍ക്കു മുന്‍പ്‌ ആയതിനാലാവണം താങ്കളുടെ സ്ഥിരം മിനിക്കഥകളുടെ നിലയിലേക്ക് എത്തിയില്ല. ക്ലൈമാക്സ് ഇതാവും എന്ന് പകുതി വായനയില്‍ നിന്ന് തന്നെ മനസ്സിലാവുന്നുമുണ്ട്.

    ReplyDelete
  42. നല്ല സന്ദേശമുൾകൊണ്ട കഥ . നന്നായി...

    ReplyDelete
  43. അക്സിലേറ്ററില്‍ കാല്‍ അമര്‍ത്തിഅപ്പോഴേ വണ്ടിയുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായി. 2000ത്തില്‍
    ഈ കഥക്ക് പ്രസക്തി ഏറെ ആയിരുന്നു. 2011ല്‍ ആ ആശയം പഴയതും.

    ReplyDelete
  44. വളരെ നന്നായിരിക്കുന്നു...

    ReplyDelete
  45. എന്തോ 11 വര്‍ഷത്തിന്റെ ഇടവേളയാവാം.... എനിക്കെന്തോ കല്ലുകടി പോലെ തോന്നുന്നു.... മിനിക്കഥയുടെ രാജാവിന് ആ രാജക്കീയത ഇതില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞോ എന്നു സംശയം...!

    ReplyDelete
  46. പതിനൊന്നു വര്‍ഷമായിട്ടും രക്തപുഷ്പ്പങ്ങള്‍ കൂടി കൂടി വരുന്നതല്ലാതെ..
    കഥ അസ്സലായി പറഞ്ഞു. കുമാറേട്ടന്‍ പറഞ്ഞത് പോലെ, "നടക്കാന്‍ സാധ്യതയുള്ളത്..."

    ReplyDelete
  47. nannaayirikkunnu. eluppam samvadikkunnund ee kadha

    ReplyDelete
  48. പണ്ട് ഒരുപാട് ചർച്ചചെയ്ത വിഷയമായതിനാലാവാം ഒരു രസക്കുറവ്...

    ReplyDelete
  49. എന്റെ കാര്യവും ഇതുപോലെ ഒക്കെ തന്നെ !
    വര്ഷം രണ്ടുമൂന്നായി പാരിജാതം കാണാന്‍ ഓഫീസില്‍നിന്നും ഓട്ടോ വിളിച്ചു ള്ള ഓട്ടം തുടങ്ങിയിട്ട് !
    'സ്പീട് കൂട്ട്.. സ്പീട് കൂട്ട് ..'എന്നും പറഞ്ഞു പാവം ഓട്ടോ ഡ്രൈവറെയുംഅതിലുപരി ഓട്ടോ ക്കുള്ളില്‍ ഇരുന്നു കുതിക്കുന്ന എന്നെ തന്നെയും ഇതുപോലെ മരണത്തിലേക്ക് തള്ളിയിടാന്‍ ഞാനും നന്നായി ശ്രമിച്ചിരുന്നു !
    ഈ കഥ എന്റെ രണ്ടു കണ്ണും തുറുപ്പിച്ചു...
    നന്ദിയുണ്ട് .
    കൂടെ ഒരായിരം അഭിനന്ദനങ്ങളും ....

    ReplyDelete
  50. കലാതീതം...ഉന്നമുള്ള രചന ..ആശംസകൾ

    ReplyDelete
  51. കഥ ഇഷ്ടപ്പെട്ടു, ആശംസകള്‍...

    ReplyDelete
  52. നന്നായി.

    ReplyDelete
  53. വളരെ നല്ല സന്ദേശം.
    നല്ല കഥ
    ആശംസകൾ………..

    ReplyDelete
  54. പ്രസക്തി കുറയുന്നില്ല...

    ReplyDelete
  55. നല്ല സന്ദേശമുള്ള നല്ല കഥ തീര്‍ച്ചയായും നല്ല വായനയായി.
    നല്ല രചനകളെ കാലപ്പഴക്കം ബാദിക്കുന്നില്ല

    ReplyDelete
  56. സീരിയലുകളോട് മലയാളികള്‍ക്കുള്ള അഡിക്ഷന്‍ കാണുമ്പോ പുച്ഛം തോന്നുന്നു...ഇതിനു മാത്രം ആണ്‍പെണ്‍ വ്യത്യാസമില്ല...
    അയ്യോ ഞാന്‍ പോയി ഏഷ്യാനെറ്റിലെ പാരിജാതം സീരിയല്‍ കാണട്ടെ :-)

    ReplyDelete
  57. പതിനൊന്നു വര്‍ഷത്തെ പഴക്കമോന്നും തോന്നുന്നില്ല ഭായ് ..ഇന്നും ഈ കഥ തുടരുന്നു ..

    ReplyDelete
  58. കഥയല്ലിതു ജീവിതം ........ഇപ്പൊ അതാണത്രേ ഹിറ്റ്‌ ..അന്യന്റെ വീട്ടിലെ കൊത്തും കോളും അറിയാന്‍ ഒരു സീരിയല്‍ ..പലപ്പോഴും അപരന്റെ സ്വകാര്യതകളിലെക്കുള്ള ഒളിഞ്ഞു നോട്ടവും ..കഥയുടെ കാലിക പ്രസക്തി ഇല്ലാതായിട്ടില്ല ..

    ReplyDelete
  59. കൊള്ളാട്ടോ... കഥയുടെ ആദ്യം
    പറഞ്ഞ ക്ലോക്കിലെ സൂചികളുടെ
    കൃത്യനിഷ്ഠ ഇല്ലായ്ക പലപ്പോളും
    തോന്നിയിട്ടുള്ള ഒരു കാര്യം തന്നെ
    ആണേ......

    ReplyDelete
  60. സീരിയൽ കഥ കലക്കീട്ടുണ്ടല്ലോ. ഇഷ്ടപ്പെട്ടു.

    ReplyDelete
  61. എല്ലാവരും പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ.കാലം കഴിഞ്ഞിട്ടും കോലം മാത്രമേ മാറിയിട്ടുള്ളൂ.
    എന്റെയൊക്കെ കൌമാരകാലത്ത് 'മ'പ്രസിദ്ധീ കരണങ്ങളായിരുന്നെങ്കില്‍ ഇന്നത്‌ മെഗാ സീരിയലുകളാണെന്ന വ്യത്യാസം മാത്രം.
    നല്ല പോസ്റ്റ്‌.

    ReplyDelete
  62. ഇപ്പോഴും സ്ത്രീകള്‍ സീരിയല്‍ കാണാറുണ്ടോ..?കുറവല്ലെ..?
    സീരിയലിനു പകരം ബ്ലോഗിങ്ങ് എന്നാക്കേണ്ടി വരും. അയാള്‍ ബൈക്കില്‍ കുതിച്ചത് രാവിലെ താന്‍ ഇട്ട പോസ്റ്റിനു എത്ര കമന്റ് വന്നു എന്നു നോക്കാനായിരിക്കും.
    എന്തായാലും എഴ്ത്ത് നന്നായി.എല്ലാ ആശംസകളും...

    ReplyDelete
  63. ഇതുപോലൊന്ന് മുന്‍പ് എവിടെയോ വായിച്ചിട്ടുണ്ട്..എന്തായാലും നന്നായിട്ടുണ്ട്.....

    ReplyDelete
  64. നല്ല സന്ദേശമുള്ള നല്ല കഥ .. പത്തു വര്ഷം കഴിഞ്ഞിട്ടും ഒരു വ്യത്യാസമേ ഉള്ളൂ എപ്പിസോഡിന്റെ എണ്ണം കൂടി .കായ്ച്ചക്കാരും വര്‍ധിച്ചു കാണും . താങ്കളുടെ എല്ലാ എഴുത്തും വായനക്കാരില്‍ ഒരു ഗുണപാഠം നല്‍കാന്‍ ശ്രമിക്കും അത് ഇതിലും ഉണ്ടായി ...ഇപ്പോഴത്തെ രചനകളെക്കാള്‍ പണ്ടത്തെ രചനകള്‍ മികച്ചതായിരുന്നു എന്നൊരു തോന്നല്‍ ചിലപ്പോ വെറും തോന്നലാകാം അല്ലെങ്കില്‍ എന്‍റെ അറിവില്ലായ്മയും ഒരു കാരണമാകാം .ഇപ്പൊ സീരിയലിനെക്കാള്‍ റിയാലിറ്റി ഷോ ആണെങ്കിലും സീരിയലും ഉണ്ട് .സീരിയലിന്റെ സമയം കണക്കാക്കി ജീവിത ചര്യയില്‍ വരെ മാറ്റം വരുതുന്നവരുണ്ട്. ഈ സമയം അയപക്ക സന്ദര്‍ശനം ഒഴിവാക്കുന്നവരും അതിഥി വരുന്നത് ഭാരമായി തോനുന്നവരും ധാരാളം .നല്ല രചനകള്‍ കാലപ്പഴക്കം ചെന്നാലും നല്ലത് തന്നെയായിരിക്കും . ആശംസകള്‍.

    ReplyDelete
  65. നല്ല ഒതുക്കം. നല്ല വിഷയം.

    ReplyDelete
  66. അങ്ങനെ ആ വീടിന്റെ കഥയും കഴിഞ്ഞ്

    ReplyDelete
  67. ബോധമണ്ഡലം വികസിക്കാത്ത കുറേ മനുഷ്യരുണ്ട് നമ്മുടെ നാട്ടില്‍.
    സീരിയല്‍ മാലിന്യങ്ങളെ ജീവിതത്തിന്‍റെ 'സീരിയസ് മാന്വലാ'ക്കി മാറ്റുന്ന ഇവരെ പറ്റിയാണ് ഇസ്മയില്‍ കഥ പറഞ്ഞിരിക്കുന്നത്.

    ReplyDelete
  68. പഴയതാണെങ്കിലും പ്രസക്തമായ വിഷയം.

    ReplyDelete
  69. മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്.
    ‘മ’ യിലെ വായന കുറഞ്ഞതുപോലെ
    ‘ച’ യിലെ കാഴ്ച്ചയും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്, തുടക്കം വാർത്തയിലാണെങ്കിലും.

    ReplyDelete
  70. കഥ പഴയതാണെന്നു പറഞ്ഞാലും വിഷയം കാലഹരണപ്പെട്ടിട്ടില്ല.കഥ അസ്സലായി.

    ReplyDelete
  71. ഇവിടെ കണ്ടറ്റിലും വായിച്ചതിലും സന്തോഷം,, തണല്‍ ഇതിനു മുന്‍പ് ഞാന്‍ എവിടെയോ കേട്ടപോലെ!!

    ReplyDelete
  72. സീരിയലിനെ കുറിച്ച് സീരിയസ്സായ ഒരു കഥ
    കഥയുടെ അവസാനം കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു

    ReplyDelete
  73. എപ്പിസോടുകളിലൂടെ സഞ്ചരിക്കുന്നവർക്ക് കഥയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.

    ReplyDelete
  74. വായിച്ചു നല്ല വിഷയം നല്ല അവതരണം

    ReplyDelete
  75. ഒരു സീരിയൽ ദുരന്തം.

    ReplyDelete
  76. എന്തോ വായിച്ചിട്ട് ഒന്നും തോന്നിയില്ല.
    പക്ഷേ നല്ല ഒരു സന്ദേശം, തന്ന കഥ.

    ReplyDelete
  77. 83ആമനായി വന്ന് ഞാൻ പ്രത്യേകിച്ച് എന്ത് പറയാൻ ഇത്രയും കമന്റുകൾ തന്നെ ഈ പോസ്റ്റിനെ വിലയിരുത്തുന്നതിൽ ധാരാളം... കാലികപ്രസക്തമായ വിഷയം

    ReplyDelete
  78. ഒതുക്കി പറഞ്ഞ നല്ല കഥ. നന്നായി.

    ReplyDelete
  79. കഥ ഇഷ്ടപ്പെട്ടു, ആശംസകള്‍...

    ReplyDelete
  80. നല്ലൊരു പോസ്റ്റിലേക്ക് വഴി കാട്ടിയതിനു നന്ദി , വിഷയത്തിനു ഇപ്പോഴും പ്രസക്തിയുണ്ട്.

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.