September 10, 2011

എളാപ്പാന്റെ നെഞ്ചത്ത്‌ - രണ്ടാം ഭാഗംഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ അമര്‍ത്തുക:

കളി കഴിഞ്ഞു  വീടിന്റെ പിന്‍ഭാഗത്ത്‌ കയറിച്ചെന്ന എന്നെ എതിരേറ്റത് ഞെട്ടിക്കുന്ന കാഴ്ചകള്‍! സ്നേഹിതരില്‍നിന്ന് ഇരന്നുകിട്ടിയ കാശിനാല്‍ വാങ്ങിയ തുണികൊണ്ട് നാട്ടിലെ ഏറ്റവും നല്ല തയ്യല്‍ക്കാരന്‍ തുന്നിയ 'രാജകീയ' വസ്ത്രം,   സഹോദരിമാര്‍ക്ക് സുന്ദരമോഹനമൈലാഞ്ചി ഹെയര്‍പ്പിന്നു ബാലരമ മലര്‍വാടി പൂമ്പാറ്റവാഗ്ദാനങ്ങള്‍ നല്‍കി ആഴ്ചയിലൊരിക്കല്‍ അലക്കി ഇസ്തിരിയിട്ട് ലഭിച്ചിരുന്ന എന്റെ കരാട്ടെ യൂണിഫോം.... ഇതാ അറുത്ത കോഴിയുടെ പൂടപോലെ ചിതറിക്കിടക്കുന്നു!!  ആ വസ്ത്രത്തിന്റെ കൂടെ അരയില്‍കെട്ടിയിരുന്ന ബെല്‍റ്റാകട്ടെ വിറകുകൊള്ളികള്‍ കെട്ടിവച്ച് ഭദ്രമായി മറ്റൊരു ഭാഗത്ത്!! എന്റെ ഇടനെഞ്ച് പൊട്ടുന്ന ശബ്ദം ഞാന്‍ ശരിക്കും കേട്ടു.

കഠിനമായ കോപത്തോടെ അടുക്കളയിലേക്കു കയറിയ ഞാന്‍ കണ്ടത് ആ വസ്ത്രത്തിന്റെ ഒരു കഷ്ണം കൊണ്ട് മാപ്പിളപ്പാട്ടും മൂളിക്കൊണ്ട് അടുക്കള വൃത്തിയാക്കുന്ന ഉമ്മയെ!
"ഉമ്മാ......എന്നോടീ ചതി വേണ്ടായിരുന്നു...." ഞാനലറി വിളിച്ചു.
ഉമ്മ പാട്ട് നിര്‍ത്തി.
 "എളാപ്പ വരാന്തയിലുണ്ട് .അവിടെപ്പോയി ചോദിക്ക്..ഏതായാലും മോശം പറയരുതല്ലോ,  തറയും അടുപ്പുമൊക്കെ വൃത്തിയാക്കാന്‍ പറ്റിയ, കട്ടിയുള്ള  ഇത്ര നല്ല കോട്ടന്‍ തുണി  ഞാനിതുവരെ കണ്ടിട്ടില്ല കേട്ടോ മോനെ....."   എന്നും പറഞ്ഞു പാട്ട് പുനരാരംഭിച്ചു.

"നിങ്ങള്‍ വാളുകൊണ്ട് ചക്ക മുറിച്ചത് ഞാന്‍ എളാപ്പാനോട് പറയും" ഞാന്‍ ഉമ്മയെ ഒന്ന് ഭീഷണിപ്പെടുത്തിനോക്കി.
"എളാപ്പാന്റെ വാളിനെക്കാളും നിന്റെ 'നെഞ്ചെരിച്ചി'ലിനെക്കാളും മൂര്‍ച്ചയുള്ള ആയുധം ഈ ചെമ്പിനകത്തുണ്ട്....നല്ല തിളച്ചവെള്ളം!! എനിക്കിത് തന്നെ ധാരാളം!പോയി വിളിച്ചോണ്ട് വാടാ..."
എന്റെ ഭീഷണിപ്പരിപ്പ് ഈ അടുപ്പത്ത് വെന്തില്ല. കളരിക്കും കരാട്ടെക്കും കഞ്ഞി വച്ചവളാ എന്റെ ഉമ്മ. അവരോടു എന്റെ ഒരു കളിയും നടപ്പില്ല.

കരച്ചിലിന്റെ വക്കത്തെത്തിനില്‍ക്കുന്ന എന്റെ മനസ്സില്‍ പെട്ടെന്നോടിയെത്തിയത് എന്റെ പ്രിയപ്പെട്ട നെഞ്ചക്ക് .. ദൈവമേ ഇനി അതിന്റെ സ്ഥിതിയെന്താകും ?
" ഉമ്മാ ... എന്റെ നെഞ്ചക് എവിടെ?"
പാട്ട് നിര്‍ത്താതെ തന്നെ ചുണ്ട്കോട്ടിക്കൊണ്ട് അവര്‍ അടുപ്പിലേക്ക് വിരല്‍ ചൂണ്ടി.
ഹെന്റെ ദൈവമേ.... തലയില്‍ വച്ചാല്‍ വെയിലടിക്കും , താഴെ വച്ചാല്‍ ചിതലരിക്കും എന്നപോലെ  കൊണ്ടുനടന്നിരുന്ന എന്റെ നെഞ്ചക്ക്, ചിതയിലെ വിറകെന്നപോലെ കത്തിയമര്‍ന്നിരിക്കുന്നു! വെണ്ണീറാകാത്ത അസ്ഥിപോലെ അതിന്റെ നടുവിലെ ചങ്ങലമാത്രം നശിക്കാതെ പുറമേക്ക് കാണുന്നു! സകലനിയന്ത്രങ്ങളും നഷ്ടപ്പെട്ട ഞാന്‍ കരഞ്ഞുകൊണ്ട് വരാന്തയിലെക്കോടി. ആ കരച്ചിലിന് , ഈയിടെ പത്രസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ മുന്‍ മന്ത്രിയുടെ അതേ ട്യൂണ്‍ ആയിരുന്നു!

വരാന്തയിലെ സീറ്റില്‍ ചാരിയിരുന്നു എളാപ്പ ദോശക്കു മാവ് ചുഴറ്റിക്കൊണ്ടിരിക്കുന്നു. അടുത്ത് തന്നെ തിളങ്ങുന്ന വാള്‍ തുടച്ചു വൃത്തിയാക്കി വച്ചിരിക്കുന്നു. ദൈവമേ എന്നെ കൊല്ലാനാണോ അതവിടെതന്നെ വച്ചിരിക്കുന്നത്! എതായാലും കുറച്ചു അകലം പാലിക്കുന്നത് നല്ലതാണ്. ഇനി അഥവാ അതെടുത്ത് എറിഞ്ഞാല്‍തന്നെ ഒഴിഞ്ഞു മാറാനുള്ള അടവ് ഞാന്‍ പഠിച്ചിട്ടുണ്ടല്ലോ. ശേഷം , അച്ഛനെകൊന്ന വില്ലനോട് ഇരുപതുവര്ഷം കഴിഞ്ഞു പ്രതികാരം ചെയ്യാന്‍ വരുന്ന , സിനിമയിലെ നായകന്‍ അലറുന്നപോലെ ഞാനലറി.." എളാപ്പാ........"
പക്ഷെ, ആട് കശുമാങ്ങ തിന്നും പോലെ ഒരപശബ്ദം മാത്രമേ എന്നില്‍നിന്ന് പുറത്തു വന്നുള്ളൂ.
ശബ്ദംകേട്ട് എളാപ്പ തിരിഞ്ഞുനോക്കി. വിക്കിവിക്കിക്കൊണ്ട് ഞാന്‍ പറഞ്ഞൊപ്പിച്ചു.
"എന്റെ നെഞ്ചക്ക്..........."
പറഞ്ഞു മുഴുമിക്കാന്‍ സമ്മതിക്കാതെ അദ്ദേഹം പൊട്ടിച്ചിരിച്ചു. അത്, നേരത്തെ ഞാന്‍ അടിച്ചു മലര്‍ത്തിയിട്ട അംരീഷ്‌ പുരിയുടെ അതേ ചിരിയും ഭാവവുമായിരുന്നു!
"എന്റെ നെഞ്ചത്താണോടാ നിന്റെ നെഞ്ചക് കൊണ്ടുള്ള കളി?  ഇത്രേം അപകടം പിടിച്ച ആയുധം കൊണ്ടാണോ ഇത്ര ചെറുപ്പത്തിലേ നിന്റെ അഭ്യാസം? "
" തലകൊയ്യാന്‍ പറ്റുന്ന നിങ്ങളുടെ വാള് പിന്നെ കളിപ്പാട്ടമാണോ .." എന്ന് ഞാന്‍ ചോദിച്ചില്ല .വെറുതെ വാളിനു പണിയുണ്ടാക്കരുതല്ലോ.
"എതവനാടാ നിന്റെയൊക്കെ ഗുരു?  ആദ്യദിവസംതന്നെ പഠിപ്പിക്കുന്നത് ആയുധം താഴെയിട്ട് പേടിച്ചോടാനാണോ ? ഒരഭ്യാസിക്ക് ആദ്യം വേണ്ടത് ഏകാഗ്രതയും മനോധൈര്യവുമാണ്. ഇത്ര കാലം പഠിച്ചിട്ടും നിനക്കതറിയില്ല. ഇതുവരെ തടിയനങ്ങിയതൊക്കെ വേസ്റ്റ് !!!" 
അതിനു എനിക്കുത്തരമില്ലായിരുന്നു. കാല്‍കൊണ്ട് ചെറിയ രീതിയില്‍ ഇടതുമാറി വലതുമാറി കളംവരച്ച് നമ്രശിരസ്കനായി ഞാന്‍ നിന്നു. സത്യമല്ലേ എളാപ്പ പറഞ്ഞത്! 
" എന്നാലും എളാപ്പാ .. എന്റെ ഡ്രസ്സ്‌ നിങ്ങള്‍ കഷ്ണമാക്കിയത് കടന്ന കയ്യായിപ്പോയി. ആകെ ഒരെണ്ണമേ എനിക്കുണ്ടായിരുന്നുള്ളൂ."
" എടാ ബുദ്ദൂസേ .....തീരെ തലയില്ലാതായല്ലോ നിനക്ക് ! ഇത്ര കഠിനമായ ചൂടില്‍ കണ്ടാമൃഗതിനെ വെല്ലുന്ന ഇത്രേം കട്ടിയുള്ള ആ വസ്ത്രം ധരിച്ചുകൊണ്ട് ഒരു മിനിറ്റ് ശരീരമനങ്ങിയാല്‍തന്നെ വിയര്‍പ്പില്‍ കുളിച്ചു തളര്‍ന്ന്പോകും. ഏതു തലയില്ലാത്തവനാ ഈ നിയമം ഉണ്ടാക്കിയത്! നിങ്ങള്‍ ജീവിക്കുന്നത് അന്റാര്‍ട്ടിക്കയില്‍ ആണോ? കളിരിയില്‍ നോക്ക്... ഒരു ബനിയന്‍, ഒരു ലങ്കോട്ടി , ഒരു മേല്‍മുണ്ട് . അത്രമാത്രം .
ശ്ശെടാ.....എളാപ്പ പറയുന്നതും കാര്യമാണല്ലോ.. ഞാനിതുവരെ ഇങ്ങനെ ചിന്തിക്കാഞ്ഞത് കഷ്ടമായിപ്പോയി! ഒന്നര കൊല്ലം വിയര്‍പ്പൊഴുക്കിയത് നഷ്ടമായോ ദൈവമേ...

"എന്നാല്‍ ഞാന്‍ നാളെ മുതല്‍ ബനിയനിട്ട് ചെയ്തോളാം. എന്റെ നെഞ്ചക്ക് കത്തിച്ചുകളയേണ്ടിയിരുന്നില്ല. അതിനേക്കാള്‍ നല്ലത് എനിക്കിട്ടു രണ്ടു തല്ലുന്നതായിരുന്നു"

"ഡാ മണ്ടാ... ഇത്ര തലതിരിഞ്ഞ ഒരു ആയുധം ലോകത്ത് വേറെയുണ്ടാവില്ല. പത്തടി നീളമുള്ള എന്റെ ഉറുമിക്കുപോലും ആകെയുള്ളത് നാലിഞ്ചു നീളമുള്ള ഒരു പിടി മാത്രം! മൂന്നടി തികച്ച് ഇല്ലാത്ത ആ കുന്ത്രാണ്ടത്തിന് ഒന്നേകാല്‍ അടി വീതം രണ്ടുപിടികള്‍! ഏതു പഹയനാടാ ഇത് കണ്ടുപിടിച്ചത് 

ഹൊ....ഈ എളാപ്പാന്റെ ഒരു ബുദ്ധി!!! ഇത്രേം കാലം ചവിട്ടിത്തുള്ളിയിട്ടും എനിക്കീ ലഡു പോട്ടിയില്ലല്ലോ...എളാപ്പ ഒരു സംഭവം തന്നെ. വല്ല യൂറോപ്പിലോ മറ്റോ ആണ് അങ്ങേര് ജന്മമെടുത്തിരുന്നുവെങ്കില്‍ ഒരു നോബല്‍ സമ്മാനം എങ്കിലും അടിച്ചെടുക്കുമായിരുന്നു! ഈ കരാട്ടെ എന്നൊക്കെ പറയുന്നത് ഒക്കെ ചുമ്മാതാ. യാ....ഹൂ വിളിച്ചു തൊണ്ട പൊട്ടിച്ചതും വിയര്‍ പ്പൊഴുക്കിയതുമൊക്കെ വെറുതെ ആയോ..

പൊടുന്നനെ എളാപ്പാനോടുള്ള ഇഷ്ടം എന്നില്‍ സോപ്പ്പത പോലെ നുരഞ്ഞുപൊങ്ങി . 'ദോശ ചുട്ടു കൊണ്ടിരിക്കുന്ന' അദ്ദേഹത്തോട് ഞാന്‍ തൂവല്‍സ്പര്‍ശം പോലെ മയത്തില്‍ ചോദിച്ചു...
" നെഞ്ച് വേദനിക്കുന്നുണ്ടോ എളാപ്പാ....?
"ഇല്ലെടാ..എണ്ണ തേച്ചു മുങ്ങിക്കുളിച്ച സുഖം .." 
എളാപ്പാന്റെ ഉണ്ടക്കണ്ണുകള്‍ കൂടുതല്‍ വലുതായി.ശേഷം  ഒരുഗ്രന്‍ കല്പനയും.
"നാളെ മുതല്‍ നീ കളരി പഠിച്ചുതുടങ്ങുന്നു. കരാട്ടെ മറന്നു കളയുന്നു. ഗുരുവിനെ അടിച്ചുവീഴ്ത്തി ശിഷ്യപ്പെടുന്ന ആദ്യത്തെ ചെറുപ്പക്കാരന്‍ എന്ന പേര് നിനക്കിരിക്കട്ടെ. രണ്ടുവര്‍ഷംകൊണ്ട് നല്ലൊരു അഭ്യാസിയാക്കി നിന്നെ മാറ്റുന്നകാര്യം ഞാനേറ്റു.

എനിക്ക് സന്തോഷമായി. ഉണക്കച്ചെമ്മീന്‍ പോലിരിക്കുന്ന എന്റെ ശരീരം ഇറച്ചിക്കോഴിപോലെയുള്ള എളാപ്പാന്റെ കോലത്തിലാക്കി മാറ്റാം. ഉശിര് കാട്ടി വരുന്നവരെ ഉറുമി കാട്ടി ഭയപ്പെടുത്താം. എടുപ്പിലും നടപ്പിലും ഒക്കെ ഒരു ഗമ വരുത്താം.
"ന്നാ..... ഈ വാള്‍ രണ്ടുകയ്യും നീട്ടി വാങ്ങിക്ക്. എന്നിട്ട് അകത്തെ പെട്ടിയില്‍ കൊണ്ട് പോയി ഭദ്രമായി വയ്ക്കൂ..."  അദ്ദേഹത്തിന്റെ കല്പന.
ഇതുവരെയില്ലാത്ത ഒരാകര്‍ഷണീയത ആ വാളിനോട് എനിക്ക് തോന്നി. തികഞ്ഞ ബഹുമാനാദരഭയഭക്തിസ്നേഹത്തോടെ ഞാന്‍ അതേറ്റുവാങ്ങി താണുവണങ്ങി.
"എന്താടാ വാളിനെ ഉമ്മവക്കുകയാണോ? അതൊന്നും നല്ല ശീലമല്ല " എന്ന് അദ്ദേഹത്തിന്റെ ഉപദേശം.
" അതല്ല എളാപ്പാ... ഞാനിത് ചക്ക മണക്കുന്നുണ്ടോ എന്ന് വാസനിച്ചു നോക്കിയതാ " എന്ന സത്യം പറയണമെന്നുണ്ടായിരുന്നു. പക്ഷെ വെറുതെയെന്തിനാ ഒരു അഭ്യന്തരയുദ്ധത്തിനു നമ്മള്‍ സാക്ഷിയാകുന്നത്!

വാള്‍ കയ്യിലേന്തി , വടക്കന്‍ വീരഗാഥയിലെ  ചന്തുവിന്റെ സ്റ്റൈലില്‍ ഞാന്‍ വരാന്തയില്‍ നിന്ന് അടുക്കളയിലേക്കു സ്ലോമോഷനില്‍ നടന്നുചെന്നു.
എന്റെ നടപ്പ് കണ്ടു ഉമ്മ ആശ്ചര്യത്തോടെ നോക്കി.
"ഉമ്മാ ...ഞാന്‍ എളാപ്പാക്ക് ശിഷ്യപ്പെട്ടു..." എന്ന് ഞാന്‍ 
"അപ്പൊ ഞങ്ങള്‍ രക്ഷപ്പെട്ടു...."  എന്ന് ഉരുളക്കുപ്പേരി.
"അതെന്തെയിനും..?"
"കാണ്ടാമൃഗത്തിന്റെ തോല് പോലത്തെ നിന്റെ ആ ഡ്രസ്സ്‌ അലക്കി ഞങ്ങടെ കൈകള്‍ ദ്രവിച്ചു....ആട്ടെ , നിന്റെ കയ്യൊന്നു ഉയര്‍ത്തിക്കേ..."
"അതെന്തിനാ ഉമ്മാ.." എന്നും പറഞ്ഞു ഞാന്‍ കൈകള്‍ ഉയര്‍ത്തി. 
"വാളുയര്‍ത്താനുള്ള ആരോഗ്യമൊക്കെ നിനക്കുണ്ടോ എന്ന് നോക്കിയതാ.."    ദേ.. ഉമ്മ വീണ്ടും എന്നെ എടുത്തിട്ട് അലക്കുന്നു.

അന്ന് രാത്രി വാളും ഉറുമിയും പരിചയുമൊക്കെ വെള്ളിത്തിരയില്‍ നിറപ്പൊലിമയോടെ നിറഞ്ഞാടുന്നത് സ്വപ്നം കണ്ടു ഞാനുറങ്ങി. കൂട്ടിനു പിന്നണിയില്‍  വടക്കന്‍ പാട്ടുകളും. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ മുതല്‍  എളാപ്പാന്റെ അടുത്ത് , അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നില്‍ക്കും പോലെ വിനീതവിധേയനായി ഞാന്‍ നിന്നു. കളരിയെക്കുറിച്ചുള്ള എന്റെ കുറെ സംശയങ്ങള്‍ അദ്ദേഹം തീര്‍ത്തുതന്നു. അന്ന് വൈകീട്ട് , അതുവരെ വിരിയിച്ചുനോക്കാത്ത നെഞ്ചും വിരിച്ചു ഞാന്‍ കളരിയാശാനായ എളാപ്പാന്റെ കൂടെ കളരിനിലത്തേക്ക്  നടന്നു. 
യാ..ഹൂ വിളികളുടെ വിയര്‍പ്പിന്റെ ലോകത്ത്നിന്ന് ഞെരിഞ്ഞമരുന്ന അഭ്യാസങ്ങളുടെ ലോകത്തേക്ക്....
പക്ഷെ , അവിടെ എന്നെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു!

79 comments:

 1. കാത്തിരുന്ന രണ്ടാം ഭാഗവും കലക്കി ട്ടൊ.
  "
  "വാളുയര്‍ത്താനുള്ള ആരോഗ്യമൊക്കെ നിനക്കുണ്ടോ എന്ന് നോക്കിയതാ.." ദേ.. ഉമ്മ വീണ്ടും എന്നെ എടുത്തിട്ട് അലക്കുന്നു."

  ഉമ്മാടെ ഡയലോഗുകള്‍ കലക്കുന്നുണ്ട്. അവര്‍ ശരിക്കും നര്‍മ്മബോധമുള്ള ആളാ ല്ലെ? തുടര്‍ക്കഥയാ ല്ലെ? പോരട്ടെ. രസകരമാകുന്നുണ്ട്..

  ReplyDelete
 2. >>"ഉമ്മാ ...ഞാന്‍ എളാപ്പാക്ക് ശിഷ്യപ്പെട്ടു..." എന്ന് ഞാന്‍
  "അപ്പൊ ഞങ്ങള്‍ രക്ഷപ്പെട്ടു <<


  ഒന്നൊന്നര ആക്കലായി .മോന്റെയല്ലേ ഉമ്മാ..കലക്കി :)

  ReplyDelete
 3. " അതല്ല എളാപ്പാ... ഞാനിത് ചക്ക മണക്കുന്നുണ്ടോ എന്ന് വാസനിച്ചു നോക്കിയതാ " ഇതെനിക്ക് ഇഷ്ട്ടായി

  ReplyDelete
 4. ഉമ്മയുടെ ഡയലോഗുകള്‍ എല്ലാം സൂപ്പെര്‍ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം ചൂട് വെള്ളം തന്നെ

  ReplyDelete
 5. ഞാനും ചെറുപ്പത്തില്‍ കുറെ കാലം കരാട്ടേ പഠിക്കാന്‍ പോയിരുന്നു അത് കൊണ്ട് ഇത് ആസ്വദിച്ചു വായിച്ചു .അത് ബുടോക്കാനോ ഷോടോക്കാനോ ഒക്കെ ആയിരുന്നു. ഇപ്പോഴും ഒര്മയുള്ള വാകുകളാണ് "തായ്‌ കി കി ഷോട " ( ഏതാണ്ട് സോഡാ മേടിക്കണ കാര്യമാണെന്ന് തോന്നുന്നു ).പിന്നെ "കട്ടാസ് "...ഇപ്പൊ അതൊക്കെ ഓര്‍മിപ്പിച്ചു

  ReplyDelete
 6. rasaai!!!!!!!
  welcome to my blog
  nilaambari.blogspot.com
  if u like it follow and support me

  ReplyDelete
 7. മക്കളെ, ഇതിലെ ഉമ്മ ആണ് സൂപര്‍ സ്റ്റആര്‍...എളാപ്പായും മക്കളും മോശം എന്നല്ല...എന്നാലും..ഉപമകള്‍ പലതും ഉഗ്രന്‍..അപ്പോള്‍ ഇനി ബാക്കി കൂടി പോരട്ടെ...നല്ല എഴുത്ത്..

  ReplyDelete
 8. "ഒന്നുകില്‍ കളരിക്ക് പുറത്തു, അല്ലെങ്കില്‍ ആശാന്‍ എളാപ്പാന്റെ നെഞ്ചത്ത് "ആദ്യമേ നെഞ്ചത്ത്‌ കൊടുത്തത് കൊണ്ട് കളരിക്ക് അകത്തായി .എന്തായാലും ഒന്നര വര്‍ഷം വെറുതെ പോയി.വീട്ടില്‍ ഒരു കളരി ഗുരു ഉണ്ടായിട്ടാണോ ഇസ്മയിലേ ഇജ്ജ് കരാട്ടെ ഉരുട്ടാന്‍ കാശ് മുടക്കി പോയത് അല്ലെങ്കിലും അത് അങ്ങനെയാ മുറ്റത്തെ മുല്ലക്ക് മണം തോന്നില്ലലോ...അടുത്ത ഭാഗം വായിച്ചിട്ട് വേണം എനിക്കും പൂട്ടുകളൊക്കെ പഠിക്കാന്‍ കൂടെ പൂട് തുറക്കുന്ന വിധം കൂടി പറയണം ട്ടോ

  ReplyDelete
 9. നന്നായിട്ടുണ്ട്.,,,,,,,,,,,

  ReplyDelete
 10. "ഗുരുവിനെ അടിച്ചുവീഴ്ത്തി ശിഷ്യപ്പെടുന്ന ആദ്യത്തെ ചെറുപ്പക്കാരന്‍ എന്ന പേര് നിനക്കിരിക്കട്ടെ" അതു കലക്കീട്ടോ ......ഞാന്‍ കരുതി മിക്കവാറും രണ്ടാം ഭഗത്തില്‍ എളാപ്പാനെ തല്ലികൊല്ലുമെന്ന് .....

  ReplyDelete
 11. "കാണ്ടാമൃഗത്തിന്റെ തോല് പോലത്തെ നിന്റെ ആ ഡ്രസ്സ്‌ അലക്കി ഞങ്ങടെ കൈകള്‍ ദ്രവിച്ചു....:)
  അത് സത്യമാണ് എന്റെ മോന്റെ കരാട്ടെകുപ്പായം അലക്കി വെളുപ്പിച്ച് പങ്കപ്പാട് വന്നിട്ടുണ്ട്. അന്ന് ഞാനും ചോദിച്ചിട്ടൂണ്ട് ഇത്തിരി കട്ടികുറഞ്ഞ തുണി കിട്ടൂല്ലേന്ന്.

  എന്തു കൊണ്ടും കളരി തന്നെ നല്ലത് എന്ന് എളെപ്പയുടെ കൂടെചേര്‍ന്ന് പറയാം ബാക്കി കൂടി കേള്‍ക്കട്ടെ.
  എളേപ്പാ ആള് ഉശിരന്‍!!

  "സിനിമയിലെ നായകന്‍ അലറുന്നപോലെ ഞാനലറി.." എളാപ്പാ........"
  പക്ഷെ, ആട് കശുമാങ്ങ തിന്നും പോലെ ഒരപശബ്ദം മാത്രമേ എന്നില്‍നിന്ന് പുറത്തു വന്നുള്ളൂ...." :)) :)

  ReplyDelete
 12. എളാപ്പാനെ തോല്പിക്കാന്‍ നിനക്കാവില്ല മകനെ , തോല്‍വികള്‍ ഏറ്റു വാങ്ങി പോസ്റ്റുകള്‍ ഇനിയും ബാക്കി .... നല്ല പോസ്റ്റ്‌ , ഭാവുകങ്ങള്‍ ... തുടരട്ടെ വടക്കന്‍ വീരഗാഥകള്‍,

  ReplyDelete
 13. യോഗ ക്ലാസ് ഒക്കെ നിര്‍ത്തി പുതിയ സംരംഭം തുടങ്ങിയ കാര്യം ഇപ്പോഴാണ് അറിഞ്ഞത്.. ഒന്നാം ഭാഗം വായിച്ചില്ല, അത് കൊണ്ടു അതും വായിച്ചു അഭിപ്രായം വഴിയേ അറിയിക്കാം... ആ പിന്നെ '' അത് പോയി'' എന്ന ഇസ്മയില്‍ കുറുമ്പടിയുടെ മുള്ള് കഥ കേട്ടു എന്‍റെ മകന്‍ ഒത്തിരി ചിരിച്ചു ട്ടോ... 'ലത്‌' ഞങ്ങള്‍ക്കിപ്പം ഒരു ബല്യ തമാശയാ... :)

  ReplyDelete
 14. കളരിക്ക് അകത്ത് നിന്നു കൊണ്ട് തന്നെ ആശാന്റെ നെഞ്ചത്ത്...!! കൊള്ളാലോ പരിപാടി.

  പോരട്ടെ അടുത്ത ഭാഗവും.

  ReplyDelete
 15. തുടര്‍കഥ പോരട്ടെ ഒടുവില്‍ ഒരാളെങ്കിലും നേരെ എണീറ്റ് നടക്കാവുന്ന അവസ്ഥയില്‍ കാണുമോ?

  ReplyDelete
 16. പിന്നേയും എളാപ്പയുടെ നെഞ്ചത്തടിച്ചു കാണും! കാത്തിരിക്കാം..

  ReplyDelete
 17. >>> " നെഞ്ച് വേദനിക്കുന്നുണ്ടോ എളാപ്പാ....?
  "ഇല്ലെടാ..എണ്ണ തേച്ചു മുങ്ങിക്കുളിച്ച സുഖം << കൊള്ളാം രണ്ടാം ഭാഗം .... എന്നിട്ട്? കളരിയില്‍ കരാട്ടെ മിക്സ് ചെയ്തോ?

  ReplyDelete
 18. ഇതിലെ നര്‍മം എല്ലാം കുറിക്കു കൊണ്ടു. ഞാനും കുറച്ചു കാലം ഈ രണ്ടിനും പോയിരുന്നു. ആദ്യം 'ഗരാട്ടെ', പിന്നേ 'ഗളരി'. പക്ഷെ കളരി എനിക്ക് കോല്‍ക്കളി പോലെയാണ് തോന്നിയത്. അവിടെ വെട്ട്, ഇവിടെ വെട്ട്. മാറിതടുത്ത് കടകത്തിലൂന്നി എടുത്ത് ഒളവു. ഓതിരം കടകം. സത്യത്തില്‍ ആദ്യമൊക്കെ ഈ വാള്‍പ്പയറ്റും കത്തിപ്പയറ്റും ചെറുവടി, മുച്ചാണ്‍ പയറ്റും എല്ലാം യാഥാര്‍ത്ഥ പയറ്റാണ് (കരാട്ടെയിലെ ഫൈറ്റിംഗ് പോലെ) എന്നാണു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ എനിക്കും വലിയൊരു ഫൈറ്റര്‍ ആകാം എന്ന് കരുതിയാണ് കളരിക്കു പോയത്. പക്ഷെ അണ്ടിയോട് അടുത്തപ്പോള്‍ അല്ലെ മാങ്ങയുടെ പുളി അറിഞ്ഞത്. എല്ലാം മുന്‍കൂട്ടി പറഞ്ഞു വെച്ച പോലെ ചെയ്യുന്നു. കാണാന്‍ നല്ല രസമാണ്. യഥാര്‍ത്ഥ ഏറ്റുമുട്ടല്‍ പോലിരിക്കും. മുഖ ഭാവവും യഥാര്‍ത്ഥ യോദ്ധാക്കളുടെത് തന്നെ. (ഒരു തരം നാടകം).
  പക്ഷെ ഒരു മേന്മ ഞാന്‍ കണ്ടത് കളരിയില്‍ ശരീര രക്ഷക്ക് പ്രാധാന്യം നല്‍കുന്നു. അത് പോലെ മെയ് വഴക്കത്തിനും. കുറെ യോഗയും അതില്‍ മിക്സ്‌ ചെയ്തിട്ടുണ്ട്. കരാട്ടെ, കുങ്ങ്ഫു എന്നിവയില്‍ ശരീരം നുറുക്കിക്കളയും.

  ReplyDelete
 19. നെഞ്ചക്ക്...........,,,
  കണ്ടപ്പോൾ പണ്ടത്തെക്കാര്യം ഓർമ്മവന്നു.
  കൂട്ടുകാരെ ഭീഷണിപ്പെടുത്താൻ നെഞ്ചക്കുമായി ക്ലാസിൽ വന്ന കൊച്ചു പയ്യനെ,
  പോസ്റ്റ് ഇഷ്ടമായി.

  ReplyDelete
 20. "വാളുയര്‍ത്താനുള്ള ആരോഗ്യമൊക്കെ നിനക്കുണ്ടോ എന്ന് നോക്കിയതാ.." നല്ല ഹ്യൂമര്‍ സെന്‍സുള്ള ഉമ്മ..കളരീല്‍ ചേര്‍ന്നിട്ട് എളാപ്പാനെ ആണോ പൂട്ടിയത്? അടുത്ത ഭാഗത്തിനായ് ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  ReplyDelete
 21. "ഇത്ര കഠിനമായ ചൂടില്‍ കണ്ടാമൃഗതിനെ വെല്ലുന്ന ഇത്രേം കട്ടിയുള്ള ആ വസ്ത്രം ധരിച്ചുകൊണ്ട് ഒരു മിനിറ്റ് ശരീരമനങ്ങിയാല്‍തന്നെ വിയര്‍പ്പില്‍ കുളിച്ചു തളര്‍ന്ന്പോകും" നമ്മളിതുവരെ ചിന്തിക്കാത്ത കാര്യം തന്നെയാണ് എളാപ്പ പറഞ്ഞത്.

  ഒരു കഥക്ക് ഇങ്ങിനെയും ചിരിപ്പിക്കാനാവുമെന്നു ഇപ്പോഴാണ് അറിയുന്നത്.

  ReplyDelete
 22. ണ്ടാം ഭാഗം കസറി .... എല്ലാരും പറഞ്ഞ പോലെ ഉമ്മ തന്നെ താരം.. ഉമ്മയുടെ തമാശകള്‍ ഉഗ്രന്‍ ..."വാളുയര്‍ത്താനുള്ള ആരോഗ്യമൊക്കെ നിനക്കുണ്ടോ എന്ന് നോക്കിയതാ..".. ഉമ്മയാണ് ഉമ്മാ ഉമ്മ...ഒന്നാം ഭാഗത്തിലെ ഫോട്ടോയിലെ ആള് തന്നെയല്ലേ ഇതും അപ്പൊ ഉമ്മയുടെ സംശയവും ശരിയല്ലേ .. നര്‍മ്മം വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗവും ഇത് പോലെ നന്നാകട്ടെ... അഭിനന്ദനങ്ങള്‍...

  ReplyDelete
 23. എളാപ്പാനെക്കാളും ഉമ്മയുടെ യമണ്ടന്‍ ഡയലോഗ്സാണ് എനിക്ക് പിടിച്ചത്..സംഗതി ഗംഭീരമാവുന്നുണ്ട്, അടുത്തതും വൈകിക്കണ്ട.

  ReplyDelete
 24. ബാക്കി കൂടി കേള്‍ക്കട്ടെ

  ReplyDelete
 25. ഇന്നലേ വായിച്ചു. അപ്പോ കമന്റാന്‍ പറ്റിയില്ല. രണ്ടാം ഭാഗവും നന്നായിട്ടുണ്ട്. അഭിനന്ദന്‍സ്...

  ReplyDelete
 26. കൊള്ളാം.. രണ്ടാം ഭാഗവും നന്നായിരിക്കുന്നു
  :)
  നല്ലൊരു വായന സമ്മാനിച്ചതിനു താങ്ക്സ്

  ReplyDelete
 27. ഉമ്മയുടെ തമാശകള്‍ …"വാളുയര്ത്താ നുള്ള ആരോഗ്യമൊക്കെ നിനക്കുണ്ടോ എന്ന് നോക്കിയതാ.."
  പ്രയോഗം കലക്കി..... അടുത്ത ഭാഗവും പോരട്ടെ ...

  ReplyDelete
 28. നന്നായി, അശംസകള്‍ ..!!??

  ReplyDelete
 29. ഒന്നും രണ്ടും ഭാഗങ്ങള്‍ ഒന്നിച്ചു വായിച്ചു...

  എളാപ്പാ ഒരു സഹൃദയനായത് നന്നായി അല്ലേ ..

  ബാക്കി വായിക്കാനായി കാത്തിരിക്കുന്നു..

  ReplyDelete
 30. ഉമ്മയാണ് താരം.

  ReplyDelete
 31. eleppaane tholppikkaan aavilla makane..hmma

  ReplyDelete
 32. തകര്‍ക്കുകയാണല്ലോ ഇസ്മായീല്‍ ഭായ്...
  ഉപമകളും ഉമ്മയുടെ ഡയലോഗുകളും എല്ലാം കിടിലന്‍.

  ReplyDelete
 33. " അതല്ല എളാപ്പാ... ഞാനിത് ചക്ക മണക്കുന്നുണ്ടോ എന്ന് വാസനിച്ചു നോക്കിയതാ "
  രണ്ടാം ഭാഗവും നന്നായി രസിപ്പിച്ചു...

  ReplyDelete
 34. രസമുള്ള എഴുത്ത്
  വായിച്ചു
  ആശംസകള്‍

  ReplyDelete
 35. "അരയില്‍കെട്ടിയിരുന്ന ബെല്‍റ്റാകട്ടെ വിറകുകൊള്ളികള്‍ കെട്ടിവച്ച് ഭദ്രമായി മറ്റൊരു ഭാഗത്ത്!!"

  adipoli!

  'thalayil vachaal veyiladikkum. thaazhe vachaal thanaladikkum!'

  ReplyDelete
 36. ഏറ്റവും മിടുക്കത്തി ഉമ്മയാണ്.

  പോരട്ടെ, വാൾപ്പയറ്റ് കഥ പോരട്ടെ. എഴുത്ത് ജോറാവുന്നുണ്ട്.അഭിനന്ദനങ്ങൾ.

  ReplyDelete
 37. വരികളെല്ലാം ശരിക്കും ആസ്വദിച്ചു ഇക്കാ.. :) ഗംഭീരം..

  ReplyDelete
 38. ഉമ്മയാണ് ഉമ്മാ ഉമ്മ..!!!
  എളാപ്പാ...ഇങ്ങളും കലക്കിയിട്ടുണ്ട്ടോ...!!!

  ReplyDelete
 39. എന്‍റെ തണലെ..
  സത്യം പറഞ്ഞാല്‍ കുറെ നാളായി ട്ടോ നിങ്ങളെ ഒരു പോസ്റ്റ്‌ ഇത്ര രസത്തില്‍ വായിച്ചിട്ട്.
  നര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞുള്ള വെട്ട്.
  കളരി ആയാലും പോസ്റ്റ്‌ ആയാലും.
  ഒത്തിരി ഇഷ്ടായി

  ReplyDelete
 40. ഉമ്മ അവ്ടെ നിക്കട്ടെ. ചെറുത് എളാപ്പാക്ക് കൊടുക്കട്ടെ ആദ്യം ഒരു കൈ. ഹ്ഹ്ഹ്ഹ് ഒരു സംഭവം തന്നെ മച്ചു. നെഞ്ചക്കെന്ന സാധനത്തെ പറ്റി ഇങ്ങനൊക്കെ ഇപ്പഴാ ഞാനും ചിന്തിക്കണേ. സംഭവം ശര്യാണല്ല്! ഹ്ഹ് കൊള്ളാം. രസികന്‍ ഡയലോഗുകള്‍ :)

  ഒരു കരാട്ടേമാസ്റ്റര്‍ ആയിരുന്ന അങ്കിള്‍ ചെയ്യണകണ്ടിട്ട് നെഞ്ചക്കെന്ന കുന്ത്രാണ്ടം കൊണ്ട് കുറേ അഭ്യാസം കാണിച്ചിരുന്നു. കയറ് കൂട്ടികെട്ടി ആദ്യം മുറകളൊക്കെ പഠിപ്പിച്ചു, പിന്നെ നെഞ്ചക്ക് കയ്യില്‍ കിട്ടി മൂന്നിന്‍‍റന്ന് മുഖത്ത് സ്റ്റിച്ച് വീണതോടെ നിര്‍ത്തി. കൈവിരലുകളില്‍ പിടുത്തം വന്നിടിക്കുന്നത് വേറേം. ഹൊ!

  ReplyDelete
 41. "വാളിന്റെ" കാര്യമാ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ടത്‌....
  തുടരട്ടെ ഈ ഗളരിഗ്ഗഥ....

  ReplyDelete
 42. .." എളാപ്പാ........"
  പക്ഷെ, ആട് കശുമാങ്ങ തിന്നും പോലെ ഒരപശബ്ദം മാത്രമേ എന്നില്‍നിന്ന് പുറത്തു വന്നുള്ളൂ.

  അയ്യേ, അയ്യയ്യേ! കരാട്ടേക്കാരനു അൽപം ധൈര്യമൊക്കെ ആവാം...

  അടുത്ത ലക്കം വൈകിയ്ക്കണ്ട.

  ReplyDelete
 43. എന്തായാലും ഉമ്മയെ സമ്മതിക്കണം, ആ വാള്‍ കൊണ്ടല്ലേ ചക്ക മുറിച്ചത്...?ഉമ്മാടെ ഡയലോഗുകള്‍ കലക്കുന്നുണ്ട് ട്ടോ...

  പോസ്റ്റ്‌ രസകരമായീ ട്ടോ ഇസ്മായീലെ,അടുത്തതും വേഗം പോന്നോട്ടെ...

  ReplyDelete
 44. സംഗതി കയ്യാങ്കളിയാണല്ലോ. ഒരു കയ്യകലം പാലിച്ച് സുരക്ഷിത അകലത്തിൽ ഞങ്ങൾ പിന്നാലെയുണ്ട്. തുടരുക.

  ReplyDelete
 45. ഒറ്റ ഇരിപ്പില്‍ രണ്ടു ഭാഗവും വായിച്ചു.വളരെ വളരെ രസകരമായിരിക്കുന്നു.കസറത്തുകള്‍ തുടരെട്ടെ.

  ReplyDelete
 46. Superrr ikkaaa!! Rndaam bhagavum thakarthoo... Oru second polum bore adichilla. Ozhukkulla narmmathiloode ella visualsum manasil kanan patti. Adutha bhagathinaayi kathirikkunnu... :)

  Aashamsakalode
  http://jenithakavisheshangal.blogspot.com/

  ReplyDelete
 47. എളാപ്പാന്റെയും ഉമ്മാന്റെയും ഉരുളയ്ക്കുപ്പേരിമാതിരിയുള്ള ഡയലോഗുകള്‍ സൂപ്പര്‍....

  ReplyDelete
 48. രണ്ടു ഭാഗവും ഒരുമിച്ചാണ് വായിച്ചത്.
  ചിരിപ്രയോഗങ്ങങ്ങള്‍ അനവധി.
  ചിരിച്ചു മരിച്ചില്ലെന്നെയുള്ളു.
  ബാക്കി കൂടി കേള്‍ക്കട്ടെ.

  ReplyDelete
 49. ഒന്നാം ഭാഗത്തെക്കാള്‍ മെച്ചം തോന്നിയത് രണ്ടാം ഭാഗമാണ്. ഇനി അടുത്തത് ഇതിലും “ഉസാറാ”വുമെന്ന് കരുതുന്നു. (അല്ല മൊത്തം എത്ര ഭാഗം വരും?)

  ReplyDelete
 50. Hilarious!

  ഓരോ വരിയിലും തുളുമ്പുന്ന നര്‍മ്മം.
  ശരിക്കും ആസ്വദിച്ചു വായിച്ചു.
  രണ്ടാം ഭാഗം കൂടി വായിച്ചിട്ട് കമന്റ്‌ ഇടാമെന്ന് വെച്ചത്. അപ്പൊ ഇത് ഇവിടെ ഒന്നും നില്‍ക്കുന്ന ലക്ഷണം ഇല്ല അല്ലെ?
  നിങ്ങള് ഒരു സംഭവം തന്നെ!
  അതെങ്ങിനെ ഈ ഉമ്മാന്റെ അല്ലെ മോന്‍!

  വെടെക്കന്‍, സോറി വടക്കന്‍, വീരഗാഥകള്‍ തുടരട്ടെ! ;)

  ReplyDelete
 51. ഹ ഹാ... ശെരിക്കും ചിരിച്ചുപോയെന്നതാ സത്യം....ആസ്വദിച്ചു ചിരിച്ചു... നന്ദി

  അടുത്ത ചങ്ങാതിപ്പൂട്ട് ഉടനെ വേണം ട്ടാ...

  കാത്തിരിക്കുന്നു

  ReplyDelete
 52. ഇങ്ങനെ ഒക്കെ ആണല്ലേ ആള് ഇസ്മയില്‍ കുറുവടി ആയത്.............കൊള്ളാം....അടുത്ത അടവുകള്‍ പെട്ടെന്ന് തന്നെ വേണം.....[അത്തോളിക്കഥ യിലേക്ക് സ്വാഗതം....]

  ReplyDelete
 53. ഉമ്മയുടെ നര്മ്മബോധമാണെന്ന് തോന്നുന്നു മാഷിന് കിട്ടിയത്..പിന്നെ പോസ്റ്റിടുന്ന വിവരം അറിയിക്കണമെന്ന് പറഞ്ഞിരുന്നു.. വരാന്‍ താമസിച്ചു.. അടുത്ത തവണ മെയില്‍ ഇടുക.. OK :) ആശംസകള്‍!

  ReplyDelete
 54. പോസ്റ്റ്‌ കലക്കിട്ടോ... "കളരിക്കും കരാട്ടെക്കും കഞ്ഞി വച്ച ഉമ്മ.' :))

  ReplyDelete
 55. "...... സിനിമയിലെ നായകന്‍ അലറുന്നപോലെ ഞാനലറി.." എളാപ്പാ........"
  പക്ഷെ, ആട് കശുമാങ്ങ തിന്നും പോലെ ഒരപശബ്ദം മാത്രമേ എന്നില്‍നിന്ന് പുറത്തു വന്നുള്ളൂ." ഹ ഹ . കരാട്ടെയൊക്കെ പഠിച്ചിട്ടും ഒച്ച വന്നില്ല :). രസിച്ചു.

  ReplyDelete
 56. കുഞ്ഞൻ കഥകളെഴുതിയിരുന്ന ആക്കെന്ത് പറ്റി? എന്തായാലും സംഗതി കലക്കുന്നുണ്ട്.

  ReplyDelete
 57. This comment has been removed by the author.

  ReplyDelete
 58. ഉമ്മ തന്നെ താരം. എല്ലാം അറിഞ്ഞുള്ള സരസമായ
  കമന്റുകള്‍. സത്യത്തില്‍ എളാപ പറഞ്ഞ കാര്യങ്ങള്‍
  ശരിയാണല്ലോ. ഈ കരാട്ടെ വസ്ത്രത്തിന്റെ
  കാര്യവും പിന്നെ ആ കുന്ത്രാണ്ടത്തിന്റെ കാര്യവും.
  ഞാനും ഇപ്പോഴാ ചിന്തിക്കുന്നത്. വായന
  തുടങ്ങിയാല്‍ അറ്റം വരെ വായിപ്പിക്കുന്ന
  ഇസ്മായിലിന്റെ ലളിതവും നൈസര്‍ഗ്ഗിക നര്‍മ്മം
  നിറഞ്ഞതുമായ ശൈലി ഏറെ ഇഷ്ടമാവുന്നു.
  കൊതിപ്പിക്കുന്നു.

  ReplyDelete
 59. mashe -- ee randaam bhagathinte peru "Kalari Vs Karate" ennu maattiyaal nannaavum... pinne aa pazhya banana talk thiruthiyathil abhinandanangal "onnukil kalarikkakathu allenkil eleppaante nenchathu"...

  ReplyDelete
 60. nannayittundu,bakki poratte!!!!!

  ReplyDelete
 61. nannayittundu,bakki poratte!!!!!

  ReplyDelete
 62. ഒന്നും രണ്ടും ഭാഗങ്ങള്‍ ഒന്നിച്ചു വായിച്ചു ..മൂന്നാം ഭാഗം ഉണ്ടെന്നറിഞ്ഞിരുന്നേല്‍ അതുവരെ വെയിറ്റ് ചെയ്തിട്ട് ഒന്നിച്ചു വായിച്ചേനെ..ഞാനീ കളരി പഠിക്കാത്തതു കൊണ്ട് തീരെ ക്ഷമയില്ല മച്ചൂ ..എന്തായാലും കാത്തിരിക്കുന്നു ..തുടര്‍ ഭാഗങ്ങള്‍ക്കായി ..

  ReplyDelete
 63. karate..kalari..yoga..ismail ji pedippikkalle..nice going..keep it up,,and al the very best

  ReplyDelete
 64. ഞാന്‍ രണ്ടു ഭാഗവും വായിച്ചിരുന്നു ..അടുത്തത് കൂടി വായിച്ചിട്ട് പറയാന്‍ ഇരിക്കുവായിരുന്നു .

  വളരെ നന്നായി ട്ടുണ്ട് ട്ടോ

  ReplyDelete
 65. രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചതു.എളാപ്പാന്റെ നെഞ്ചത്ത് നിന്ന് ഇനി എങ്ങോട്ടെക്കാണ് ചാടുന്നത്?രസകരമായ വായനാസുഖം തരുന്ന പോസ്റ്റ്‌.മൂന്നാം ഭാഗവും പോരട്ടെ.

  ReplyDelete
 66. ഉമ്മയാണ് താരം!! ഒന്നും രണ്ടും ഇപ്പോഴാണ് വായിച്ചത്.

  ReplyDelete
 67. വാളുയര്‍ത്താനുള്ള ആരോഗ്യമൊക്കെ നിനക്കുണ്ടോ എന്ന് നോക്കിയതാ.."
  ശരിയാ ആ പടം കണ്ടിട്ട് എനിക്കും അങ്ങിനെ തോന്നി.ഇസ്മയിലിന്‍റ പടം തന്നെ അത്?

  ReplyDelete
 68. അറു ബോറന്‍ കഥ വല്ലാതെ വലിച്ച് നീട്ടുക കൂടി ചെയ്തപ്പോള്‍ വല്ലാത്ത വൃത്തികേടായി തോന്നി

  ReplyDelete
 69. ഇങ്ങിനെ ഒരു എളാപ്പന്റെ ശിഷ്യന്‍ ആകാനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല ... ആശംസകള്‍

  ReplyDelete
 70. എനിക്കിഷ്ടായി കഥ മാത്രമല്ല കഥാകാരനും ആദ്യമായി അല്പം പണിയെടുത്തു അല്ലോ അതും
  (വെറും നാല് വരികളില്‍ ചെറുകഥ എഴുതി അങ്ങനെ മടിയനാവേണ്ട)
  ഇനി മൂന്നാം ഭാഗം ആവാം എന്തേ?

  സസ്നേഹം
  വഴിപോക്കന്‍

  ReplyDelete
 71. അല്ല സാറെ എളാപ്പ പറഞ ഡ്രസ്സ് എവിടെ പിന്നെ ഉമ്മാ നിങള്‍ കലക്കി ഈ എളിയുപ്പ കണ്ടാല്‍ എങനെ പേടിച്ച്പോകുമോ അടുത്തത് പോരാട്ടം എങ്ങനെ ?

  ReplyDelete
 72. "പക്ഷെ, ആട് കശുമാങ്ങ തിന്നും പോലെ ഒരപശബ്ദം മാത്രമേ എന്നില്‍നിന്ന് പുറത്തു വന്നുള്ളൂ."

  വളരെ രസകരമായി തന്നെ കഥ പറഞ്ഞു... \
  ചങ്ങാതിപ്പൂട്ടും കൂടി വായിക്കാൻ കാത്തിരിക്കുന്നു...

  ReplyDelete
 73. ചിരിച്ചുകൊണ്ട് വായിച്ച് തുടങ്ങി ചിരിയോടെ തന്നെ അവസാനിപ്പിച്ചു. അടുത്ത ഭാഗം പോരട്ടെ...

  ReplyDelete
 74. യോഗയെപോലെ കളരിയും ഭാഗങ്ങളായി വെരാണല്ലോ... ചിരിക്കാനുള്ള വക തന്നതിനു നന്ദിട്ടോ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... കാത്തിരിക്കുന്നേ...

  ReplyDelete
 75. വളരെ രസകരമായിട്ടുണ്ട്.
  അതെ, ഉമ്മയാണു താരം

  ReplyDelete
 76. കരാട്ടേ യൂണിഫോം ഇസ്തിരിയിട്ട് കിട്ടാനുള്ള മാര്‍ഗ്ഗങ്ങളൊക്കെ തഴക്കവും പഴക്കവുമുള്ള ഒരെഴുത്തുകാരനില്‍ എന്നവണ്ണം ഭദ്രം. നിങ്ങള്‍ ജീവിക്കുന്നത് അന്റാര്‍ട്ടിക്കയില്‍ ആണോ എന്ന് ചോദിക്കുമ്പോള്‍ വായനക്കാര്‍ക്ക് ചിരി വരുമെങ്കിലും എളാപ്പ പറഞ്ഞത് ഒരു വ്ലിയ യാഥാര്‍ത്ഥ്യമാണ്. “ഞാനിത് ചക്ക മണക്കുന്നുണ്ടോ എന്ന് വാസനിച്ച് നോക്കിയതാ” എന്ന ആത്മഗതം ഉമ്മാക്കുള്ള പാരവെപ്പായി നര്‍മ്മത്തിന് വേണ്ടി കുത്തിതിരുകിയതല്ല ,സ്വാഭിവികമായ എഴുത്തിന്റെ വഴിയില്‍ വന്നു ചേര്‍ന്നതുപോലുണ്ട്.‘ആട്ടെ , നിന്റെ കയ്യൊന്നു ഉയര്‍ത്തിക്കേ...""വാളുയര്‍ത്താനുള്ള ആരോഗ്യമൊക്കെ നിനക്കുണ്ടോ എന്ന് നോക്കിയതാ.."ഇത് കേള്‍ക്കുമ്പോള്‍ മകന്റെ ഉമ്മ തന്നെ എന്ന് പറയാന്‍ തോന്നുന്നു.ഇനിയും ഒരു ദുരന്തമാണ് കാത്തിരിക്കുന്നതെന്നറിഞ്ഞിട്ടും ഞെട്ടലൊന്നും ഇല്ലാട്ടോ...കാരണം ഏത് ദുരന്തവും കഥാകാരന്‍ പറയുമ്പോള്‍ രസിക്കാന്‍ പറ്റുമെന്ന് മനസ്സിലായിത്തുടങ്ങി.

  ReplyDelete
 77. ഉമ്മയാണു താരം....!!!

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.