January 23, 2023

ജിമിക്കിക്കമ്മൽ


 അവന്റമ്മേടെ ജിമിക്കികമ്മല് അപ്പന് എടുത്തോണ്ട് പോയ കൂത്തും ബഹളവും കണ്ടപ്പോഴാണ് പഴേ ഒരു സംഭവം ഓര്മ്മ വന്നത് .

വീടിനു മുകളില് വാട്ടര് ടാങ്കും കിണറിനരികില് മോട്ടോര് പമ്പും ഇല്ലാത്ത കാലം . കിണറില്നിന്ന് വെള്ളം കോരുന്നതിനിടെ വീട്ടുകാരുടെ കയ്യില്നിന്ന് ബക്കറ്റും കയറും കിണറില് വീണുപോവുക സാധാരണമാണ്. അപ്പോള് എനിക്കായിരുന്നു അത് കിണറ്റില് ഇറങ്ങി മുങ്ങിത്തപ്പി എടുക്കേണ്ട ചുമതല. കുടിവെള്ളത്തിന്റെ കിണര് ആയതിനാല് കുളീം നനീം വൃത്തീം വെടിപ്പും ഉള്ള ആള് തന്നെ വേണമല്ലോ .. അതിനാല് അയല്വാസികളുടെ കിണറുകളിലും ഇറങ്ങാന് എന്നെയായിരുന്നു വിളിച്ചിരുന്നത്‌ !

അങ്ങനെയാണ് അയല്വാസിയായ ചെല്ലമ്മചേച്ചിയുടെ കിണറ്റില് ഇറങ്ങാനുള്ള ക്ഷണം കിട്ടിയത് . മുങ്ങിത്തപ്പി ആദ്യം തന്നെ ബക്കറ്റ് കിട്ടിയെങ്കിലും അതിന്റെ കയര് അതിനൊപ്പം ഇല്ലായിരുന്നു. മൂന്നാല് പ്രാവശ്യം ഊളിയിട്ടു തെരഞ്ഞെങ്കിലും കരിങ്കല്ലിന്റെ ഒന്ന് രണ്ടു കഷ്ണങ്ങള്, ഒരു കുടക്കമ്പി, ഒരു പൊട്ടിയ പ്ലെയിറ്റ് ഇവയല്ലാതെ കയറിന്റെ പൊടിപോലും കണ്ടെത്തിയില്ല . അവസാന ഊളിയിടലില് ആണ് ആ സാധനം കയ്യില് തടഞ്ഞത് . ചെല്ലമ്മേടെ ജിമിക്കിക്കമ്മല് !!!

കിണറിനു പുറത്തുവന്നു ചേച്ചിയെ കാണിച്ചപ്പോള് ആദ്യം മുഖത്ത് അമ്പരപ്പ്, സന്തോഷം . പിന്നെ എന്തോ ആലോചന . അവസാനം തേങ്ങിക്കരയാന് തുടങ്ങി. സംഗതിയുടെ പൊരുള് അറിയാന് ആവര്ത്തിച്ചു ചോദിച്ചപ്പോള് ചേച്ചി ആ സംഭവം പറഞ്ഞു .

ചേച്ചി ചിട്ടിചേര്ന്നും മുറുക്കിയുടുത്തും ഒരുക്കൂട്ടി വാങ്ങിച്ച ജിമിക്കിക്കമ്മലില് ഒരെണ്ണം ഇന്ന് രാവിലെ ഉണര്ന്നെണീറ്റു നോക്കുമ്പം കാണുന്നില്ല . എല്ലായിടത്തും പരതി. കുടിയനായ ഭര്ത്താവിന്റെ പെരുമാറ്റത്തില് പന്തികേടുതോന്നിയ ചെല്ലമ്മ അങ്ങ് ഉറപ്പിച്ചു ..... വിറ്റോ പണയം വച്ചോ കുടിക്കാന് വേണ്ടി അടിച്ചുമാറ്റിയതായിരിക്കും എന്ന് . പിന്നെ വായില്തോന്നിയ തെറിയും ശാപവാക്കുകളും കൊണ്ട് ഒരു ആറാട്ട് ആയിരുന്നു. സഹിക്കാനാവാതെ ചേട്ടന് വീട്ടില് നിന്ന് കോപത്തോടെ ഇറങ്ങിനടന്നു.

നിരപരാധിയായ തന്റെ കെട്ട്യോനെ താന് ബെര്തേ സംശയിച്ചല്ലോ തെറി പറഞ്ഞല്ലോ എന്ന ചിന്തയില് ചേച്ചിയുടെ തല പെരുത്തു. കുറ്റബോധം നുരഞ്ഞുപൊങ്ങി വായിലൂടെയും മൂക്കിലൂടെയും കണ്ണിലൂടെയുമെല്ലാം ഒലിച്ചിറങ്ങി . സംഭവത്തിന്റെ കിടപ്പുവശം ബോധ്യമായതോടെ എന്റെ നിഷ്കളങ്കമനസ്സിലും ഒരു സംശയം മുളപൊട്ടി. അത് തേങ്ങിക്കരയുന്ന ചേച്ചിയോട് നേരെചൊവ്വേ അങ്ങ് പറയുകയും ചെയ്തു.

"ചേച്ചി ചേട്ടനെ വെറുതെ സംശയിക്കുകയും തെറി പറയുകയും ചെയ്ത വിഷമത്തില് ചേട്ടന് വല്ല കടുംകയ്യും ചെയ്യാന് വേണ്ടി ബക്കറ്റിന്റെ കയറഴിച്ച്‌ കൊണ്ടുപോയതാകുമോ? "

ഇതുകേട്ടപാതി ചേച്ചിയുടെ തേങ്ങിക്കരച്ചില് അലമുറയായി രൂപാന്തരപ്പെട്ടു. കോഴിക്ക് ഏറു കിട്ടിയത് പോലെ , കരഞ്ഞട്ടഹസിച്ചുകൊണ്ട് വീട്ടിനുചുറ്റും മണ്ടിനടന്നു. പിന്നെ വീട്ടിനുള്ളിലെ കഴുക്കോലിലേക്കും , പുറത്തിറങ്ങി മരങ്ങളുടെ ഉച്ചിയിലെക്കും കണ്ണുകള് പായിച്ചു. അവസാനം തളര്ന്നു അവശയായി ഒരിടത്തിരുന്നു. ഞാനാണെങ്കില് വെള്ളത്തില് വീണ പൂച്ചയെപ്പോലെ നില്പാണ്‌.

അപ്പോഴാണ്‌ ഈ പുകിലൊന്നുമറിയാതെ ചേട്ടന് പതിവുപോലെ രണ്ടെണ്ണം അടിച്ച്കയറിവരുന്നത്. ...കണ്ടപാടെ ചേച്ചി ഓടിച്ചെന്നു പൂണ്ടടക്കം കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു ആപാദചൂഡം ഒന്ന് നോക്കി ഇത് ജീവനുള്ള ചേട്ടന് തന്നെയാണെന്ന് ഉറപ്പുവരുത്തി. . ശേഷം ഓരോന്ന് എണ്ണിപ്പെറുക്കി മാപ്പപേക്ഷിച്ചു . ഒന്നുമറിയാതെ ചേട്ടന് അന്തം വിട്ട് ചുറ്റും നോക്കി. ചേച്ചിയുടെ തുപ്പലും മൂക്കളയും കണ്ണീരുമെല്ലാം ചേട്ടന്റെ ശരീരത്തില് പറ്റിപ്പിടിച്ചു. ..എല്ലാം ഒന്നടങ്ങിയെന്നു തോന്നിയപ്പോള് കെട്ടിപ്പിടുത്തം വിട്ട് രണ്ടടി പിറകോട്ടുമാറി ചേട്ടനോട് ഒറ്റച്ചോദ്യമായിരുന്നു.
'ആ കയറ് എവിടെകൊണ്ടുപോയി കളഞ്ഞു പണ്ടാരക്കാലാ .... എനിക്ക് വെള്ളം കോരാനുള്ളതാ...."
(ഇസ്മായിൽ കുറുമ്പടി)

പശുപുരാണം


 ചെറുപ്പന്നേ വളരെ മെലിഞ്ഞായിരുന്നതിനാല് പലരുമെന്നെ "നീര്ക്കോലി" എന്നായിരുന്നു വിളിച്ചിരുന്നത്‌. ഇന്നും മെലിഞ്ഞുതന്നെയെങ്കിലും .... വിഷമുള്ളതിനാലാവാം.. ആരുമങ്ങനെ വിളിക്കാറില്ല. സഹോദരങ്ങളെല്ലാം ഗുണ്ടുമണികളും ഞാന് മാത്രം നീര്ക്കോലിയും ആയതിനാല് ഉപ്പക്കും ഉമ്മാക്കും വിഷമം! പല ഡോക്ടര്മാരെയും കാണിച്ച് , മനംപിരട്ടുന്ന ടോണിക്കുകളും കയ്ക്കുന്ന കഷായവും എഴുതിത്തരികയും ഞാനത് കഴിക്കാതെ രഹസ്യമായി സഹോദരങ്ങള്ക്ക് നല്കുകയും അവരത് പായസം കണക്കെ ആസ്വദിച്ചു കഴിക്കുകയും അവര് കൂടുതല് ചീര്ത്തുവരികയും ഞാന് കൂടുതല് ഉണങ്ങുകയും ചെയ്തു.

അപ്പോഴാണ്‌ , പാല് കുടിക്കുന്നത് നല്ലതെന്ന ചിന്തയില് ഒരു പശുവിനെ വാങ്ങാന് ഉപ്പ ആലോചിച്ചത്. എനിക്ക് പാല് കുടിക്കാം . വീട്ടുകാര്ക്ക് പാല്ചായ കുടിക്കാം . ഒപ്പം , പശുവിന്റെ ചാണകവും മൂത്രവും തെങ്ങിന് വളവുമാക്കാം. ( ഗോമൂത്രവും ചാണകവും കൊണ്ട് പ്ലൂട്ടോണിയം ഉണ്ടാക്കാമെന്നോ കൊമ്പുകള്ക്കിടയില് റേഡിയോ വച്ചാല് കൂടുതല് തരംഗം ലഭിക്കുമെന്നോ ഉള്ള അറിവൊന്നും അന്നാര്ക്കുമില്ലായിരുന്നു).
അങ്ങനെയാണ് , എല്ലാം കൊണ്ടും ഒത്തിണങ്ങിയ, സുന്ദരിയും ഗര്ഭിണിയുമായ ഒരു പശുവിനെ പൊന്നാനിയില് നിന്ന് വലിയവിലകൊടുത്തു വാങ്ങിക്കൊണ്ടുവന്നത്‌. വീട്ടിലെത്തിച്ചപാടെ എല്ലാരും ഒത്തുകൂടി. അതിഥിയെ , പുതിയ അംബാസിഡര് കാര് വാങ്ങികൊണ്ടുവന്നപോലെ കുട്ടികള് തൊടുകയും തലോടുകയും ഹൌസിങ്ങും ബമ്പറും നോക്കി വിവിധ അഭിപ്രായങ്ങള് പ്രകടിപ്പിക്കുകയും ചെയ്തു. സെല്ഫി എടുക്കാനും ഷെയര് ചെയ്യാനും അന്ന് മൊബൈലും ഫേസ്ബുക്കും ഒന്നും ഇല്ലാത്തതിനാല് അധികമാരെയും വിവരം അറിയിക്കാന് പറ്റിയില്ല.
ഇത്രേം നല്ലൊരു പശുവിനെ നാട്ടാരെ കാണിക്കാതെ വെറുതെ തൊടിയില് കെട്ടിയിട്ടിട്ട് എന്ത് കാര്യം! ടാറിട്ട റോഡിനു ഇരുവശവും സമൃദ്ധമായി വളര്ന്നു നില്ക്കുന്ന പുല്ലു ലക്ഷ്യമാക്കി ഞാന് പശുവിന്റെ കയറും പിടിച്ചു തെല്ലു അഹങ്കാരത്തോടെ മുന്നില് നടന്നു. വിനയാന്വിതയായി നല്ല അനുസരയോടെ അവള് എനിക്കൊപ്പം നടന്നു നീങ്ങി.
പക്ഷെ പശുവാണെന്ന് പറഞ്ഞിട്ടെന്താ . പുല്ലു കണ്ടപ്പോള് പശുവിനത് പുല്ലുവില !! ഇനി വയറു നിറഞ്ഞിരിക്കുന്നതുകൊണ്ടാകുമോ? അതോ പൊന്നാനിയിലെ പുല്ലുമാത്രമേ തിന്നൂ എന്നുണ്ടോ? എതായാലും, അവളെയും കൂട്ടി ഒന്ന് കറങ്ങിവരാമെന്നുദ്ദേശിച്ച് നടക്കുന്നതിനിടെ യാഹുക്കാന്റെ ചായക്കടയുടെ മുന്നില് ഒട്ടിച്ചുവച്ചിരുന്ന സിനിമാപോസ്റ്റ്ര് കണ്ടതും പശു ഓടിച്ചെന്നു വലിച്ചുകീറിതിന്നാനാരംഭിച്ചതും പെട്ടെന്നായിരുന്നു! ഞെട്ടലില്നിന്ന് ഞാന് മുക്തനായപ്പോഴേക്കും സോമനെയും സീമയെയും അവള് അകത്താക്കിക്കഴിഞ്ഞിരുന്നു. അടുത്തതായി, പ്രേംനസീറിന്റെ കാലുകടിച്ചുവലിക്കാനാരംഭിച്ചപ്പോഴേക്കും സര്വ്വശക്തിയുമെടുത്ത് കയറുവലിച്ചെങ്കിലും ഒരു നീര്ക്കോലിക്ക് പ്രാപ്യമായ ജോലി ആയിരുന്നില്ല അത് ! എന്റെ പരാക്രമം കണ്ട് , കടയില് ചായ കുടിച്ചിരുന്നവര് ആര്ത്തുചിരിച്ചു. ഒടുവില് യാഹുക്ക അല്പം ചുടുവെള്ളമെടുത്ത് പശുവിന്റെ മേല് ഒഴിച്ചപ്പോഴാണ് പശുവിനും സ്ഥലകാലബോധമുണ്ടായത്.
അതുവരെയുണ്ടായിരുന്ന സകലപ്രതീക്ഷകളും ഒറ്റയടിക്കു വീണുടഞ്ഞത് പോരാഞ്ഞ് അങ്ങാടിയില് ഷൈന് ചെയ്യാന് പോയതിനു പശു നമുക്കിട്ട് നല്ലൊരു പണിതന്നതുംകൂടി ആകെ പ്രാന്തായ ഞാന് വേഗം ചെന്ന് വീടിന്റെ തൊടിയിലെ തെങ്ങില് പശുവിനെകെട്ടി ഓടിച്ചെന്ന്
ഉമ്മ
ാനോട് നടന്ന വിവരങ്ങള് പറഞ്ഞു. പൊന്നാനിഅങ്ങാടിയില് അലഞ്ഞുതിരിഞ്ഞുനടക്കുന്ന പശുവിനെ നമ്മടെ തലയില് വച്ചുകെട്ടിയതായിരിക്കുമെന്ന
ഉമ്മ
ാന്റെ കണ്ടെത്തലിനിടെ പുറത്തുനിന്നൊരു നിലവിളി ഉയര്ന്നുകേട്ടു.
അയലത്തെ ചേച്ചി അയലില് അലക്കി ഉണക്കാനിട്ടിരുന്ന മുലക്കച്ചയുടെ (ചില വരികളില് ബ്രാ എന്നും കാണും) മുക്കാല് ഭാഗവും പശുവിന്റെ വായില്!! ബാക്കിഭാഗം ചേച്ചി പിടിച്ചുവലിക്കുന്നുണ്ട്. ഇരുവരുടെയും മല്പ്പിടുത്തം കണ്ടു ഓടിച്ചെന്നപ്പോഴേക്കും അതിന്റെ ഒരു വള്ളി മാത്രം ചേച്ചിക്ക് നല്കി ബാക്കിയൊക്കെ പശു അകത്താക്കിക്കഴിഞ്ഞിരുന്നു. ചേച്ചി ദയനീയഭാവത്തോടെ ഉമ്മയെ നോക്കി.
ഉമ്മ
എന്നെ നോക്കി. ഞാന് പശുവിനെ നോക്കി.
"ഉണക്കസ്രാവ് ആണെന്നുകരുതി തിന്നതായിരിക്കും ചേച്ചീ.." എന്നെനിക്കു പറയണമെന്നുണ്ടായിരുന്നു. അതിനുമുന്പേ, ആകെയുണ്ടായിരുന്ന ഒരു മുലക്കച്ച നഷ്ടപെട്ട നിരാശയില് ചേച്ചി തന്റെ വീട്ടിലേക്കു കയറിപ്പോയി. കോപം കൊണ്ട് ഞാന് കാലു ഉയര്ത്തി പശുവിനെ ഒറ്റ തൊഴിവച്ച് കൊടുത്തപ്പോള്, അതിനു ഇക്കിളി ആയിട്ടാവാം ശരീരം മൊത്തത്തില് ഒന്ന് കുടഞ്ഞ്‌ ഒന്നും സംഭവിക്കാത്തത് പോലെ നിന്ന് അയവിറക്കാന് തുടങ്ങി.
അന്ന് ജോലി കഴിഞ്ഞു ഉപ്പ വന്നപ്പോള് വീട്ടില് അടിയന്തിര ജനറല്ബോഡി മീറ്റിംഗ് കൂടുകയും എത്രയും പെട്ടെന്ന് പശുവിനെ കയ്യൊഴിയാന് തത്വത്തില് തീരുമാനമാവുകയും ചെയ്തു. അങ്ങനെ തുച്ഛം വിലക്ക് പശുവിനെ സമീപപ്രദേശത്തുള്ള ഒരാള്ക്ക്‌ വില്ക്കുകയും പാല് കുടിക്കുകയെന്ന എന്റെ മോഹം മലര്പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുകയും ചെയ്തു.
ഒരാഴ്ച കഴിഞ്ഞപ്പോള് അപ്രതീക്ഷിതമായി നമ്മുടെ പശുവിനെ വഴീല്വച്ചു കണ്ടുമുട്ടി. പക്ഷെ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല!! തൊടിയിലെ പുല്ല് ആര്ത്തിയോടെ വെട്ടിവിഴുങ്ങുന്ന കഥാനായികയെ ഞാന് അത്ഭുതത്തോടെ ഇമവെട്ടാതെ നോക്കിനിന്നു. അങ്ങാടിയില് വച്ച് എന്നെ അപമാനപ്പെടുത്തിയ , കനത്ത സാമ്പത്തികനഷ്ടം വരുത്തിയ ആ പെണ്ണൊരുത്തിതന്നെയാണോ ഇതെന്ന് ചുറ്റും നടന്നുനോക്കി ഞാന് ഉറപ്പുവരുത്തി. നോണ് വെജ് ആയിരുന്ന, പുല്ലു അലര്ജ്ജിയായിരുന്ന ഈ മഹതിക്ക് ഒരാഴ്ച്ചക്കകം വന്ന മാറ്റത്തെക്കുറിച്ച് അറിയാന് എനിക്ക് ആകാംക്ഷ പെരുകി. ഉടമയെത്തേടി ഞാന് വീട്ടിലേക്കുകയറിച്ചെന്ന് കാര്യമന്വേഷിച്ചപ്പോള് കിട്ടിയ മറുപടി കേട്ട് എന്റെ കണ്ണുതള്ളി!!
സംഗതി ഇത്രേയുള്ളൂ ... രണ്ടീസം പട്ടിണിക്കിട്ടു. പിന്നെ പുല്ലും വൈക്കോലും ഇട്ടുകൊടുത്തു...........
'ഗതികെട്ടാല് പശു പുല്ലും തിന്നും" എന്ന ചൊല്ല് അന്ന് മുതലാണ്‌ ഉണ്ടായതത്രേ !!
(ഇസ്മായില് കുറുമ്പടി)

April 30, 2015

ചക്കയും അടയ്ക്കയും .... (രണ്ടാം ഭാഗം)

 ആദ്യഭാഗം ഇവിടെ അമര്‍ത്തി വായിക്കാം :
ചുറ്റുവട്ടവും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി  ഉടുമുണ്ട് മെല്ലെ പൊക്കി വകഞ്ഞുമാറ്റിനോക്കിയ ഞാന്‍ ഞെട്ടിപ്പോയി !!! തുടകള്‍ക്കിടയിലും സമീപപ്രദേശത്തുമുള്ള  തൊലി മുഴുവന്‍ കവുങ്ങ് കവര്‍ന്നെടുത്തിരിക്കുന്നു!! ചോരയോലിക്കുന്നില്ലെങ്കിലും അവിടമാകെ രക്തവര്‍ണ്ണമായിട്ടുണ്ട് ! നീറ്റല്‍ സഹിക്കവയ്യാതെ കാലുകള്‍ പിണച്ചുവച്ചു ചുണ്ടുകള്‍ കടിച്ചുപിടിച്ചു ഞാനിരുന്നു.   ഉടനെ എന്തെങ്കിലും മരുന്ന് പുരട്ടിയില്ലെങ്കില്‍ പണികിട്ടുമെന്ന ഭീതിയില്‍ ഉമ്മ അറിയാതെ മെല്ലെ എളാപ്പാന്‍റെ മുറിയില്‍ കയറി OLD SPICE
എന്നെഴുതിയ ആഫ്റ്റര്‍ ഷേവ് കൈക്കലാക്കി മൂടി തുറന്നു മെല്ലെ കയ്യിലേക്ക് കമഴ്ത്തി ഒരൊറ്റ തടവല്‍ .......
"ന്‍റെമ്മോ ...." 
ഞാനറിയാതെ ഉയര്‍ന്ന എന്‍റെ അലര്‍ച്ച കേട്ട് ഉമ്മ ഓടിവന്നു. കാലില്‍ പെയിന്‍റ് പോയത്കണ്ടു അന്തംവിട്ട അവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ചക്കയുടെ കാര്യം മറച്ചുവച്ച്  ഞാന്‍ അടയ്ക്കയുടെയും സൈക്കിളിന്‍റെയും കാര്യം പറഞ്ഞു. പക്ഷെ എല്ലാം കേട്ടശേഷം ഉമ്മാക്കറിയേണ്ടത് മറ്റൊന്നായിരുന്നു .
" ഏതു പാമ്പായിരുന്നെടാ അത് ?  " 
അല്ലേലും ചിലരങ്ങനാ .. ഇവിടെ പ്രാണവേദന .. ഉമ്മാക്ക് വീണ വായന! (പക്ഷെ അതൊക്കെ നമ്മുടെ വേദന അകറ്റാനുള്ള ചില സൂത്രപ്പണികള്‍ ആണെന്ന് മനസ്സിലായത്‌ വളരെ കഴിഞ്ഞാണ്). 
" അന്നേരത്ത്‌ പാമ്പിനോട് പേരും ജാതിയൊന്നും ചോദിയ്ക്കാന്‍ നേരം കിട്ടീല മ്മാ ..." എന്ന് എനിക്ക് കഴിയുമ്പോലെ ഞാനും മറുപടി കൊടുത്തു. 
"സാരല്ലടാ.. ഒരു നല്ല കാര്യത്തിനല്ലേ ..കുറച്ചു ബുദ്ധിമുട്ട് സഹിക്കുന്നത് നല്ലതാ.."  എന്നും പറഞ്ഞു പുറത്തൊന്നു തട്ടി സമാധാനിപ്പിച്ചു ഉമ്മ അവരുടെ പണിക്കുപോയി.  അവര്‍ എനിക്കിട്ടൊന്നു താങ്ങി പറഞ്ഞതാണെന്ന് എനിക്കറിയാമായിരുന്നെങ്കിലും നീറ്റല്‍ സഹിച്ചു പല്ലുകള്‍ ഇറുക്കിപ്പിടിച്ച് ജനലിലൂടെ പുറത്തേക്കു നോക്കി. ആ കശ്മലന്‍ കവുങ്ങ് എന്നെ നോക്കി തലയാട്ടി പരിഹസിച്ചു ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. 

(ഇതേ കവുങ്ങ് മൂന്നാല് കൊല്ലം കഴിഞ്ഞും എനിക്കിട്ടു പണി തന്നിട്ടുണ്ട്. വയസായി തലയൊക്കെ പോയി ഉണങ്ങി വടിയായി കുത്തനെ നില്‍ക്കുന്ന ഇത് വീടിനുമുകളില്‍ വീഴുമോയെന്ന ഭയത്തിലായിരുന്നു ഞങ്ങള്‍. താഴെ കോടാലി കൊണ്ട് വെട്ടിയാല്‍ ഒന്നുകില്‍ വീട് , അല്ലെങ്കില്‍ കിണര്‍, അതുമല്ലെങ്കില്‍ തൊഴുത്ത് .. ഇതില്‍ ഏതെങ്കിലുമൊന്നിനുമീതെ വീഴാന്‍ സാധ്യത കൂടുതലാണ്. അപ്പോഴാണ്‌ മൂത്ത പെങ്ങള്‍ ഒരു ഐഡിയ പറഞ്ഞത്. കവുങ്ങില്‍ കയറി ഒരു കയറിന്‍റെ അറ്റം  ഉച്ചിയില്‍ കെട്ടി താഴെയിറങ്ങിയശേഷം നാമുദ്ദേശിക്കുന്ന സ്ഥലത്തേക്ക് കയറിന്‍റെ മറ്റേ അറ്റം  വലിച്ച് കടയ്ക്കു വെട്ടിവീഴ്ത്താം. അതുപ്രകാരം ഞാന്‍ ഒരു കയറുമായി മേലെ കയറാന്‍ തുടങ്ങി. പാമ്പ്കടിയേറ്റവന്‍ കയറുകണ്ടാലും പേടിക്കും എന്ന് പറയുംപോലെ, കവുങ്ങില്‍ വല്ല പാമ്പോ പഴുതാരയോ ഉറുമ്പോ ഉണ്ടോ എന്ന് ശ്രദ്ധിച്ചായിരുന്നു എന്‍റെ കയറ്റം. ഉച്ചിയിലെത്തി കയറുകെട്ടാനൊരുങ്ങിയപ്പോള്‍ ഒരു നിമിഷം .....ഞാനും കവുങ്ങും ഒന്നാടിയുലഞ്ഞു .. ശേഷം രണ്ടുപേരും കൂടി ഒന്നിച്ച് ഓലമേഞ്ഞ തൊഴുത്തിന് മീതെ വന്നുവീണു! ഭാഗ്യത്തിന് എനിക്കൊന്നും പറ്റിയില്ല. പക്ഷെ ഉരുണ്ടുപിരണ്ടുവീണത് താഴെ ചാണകക്കുഴിയിലാണെന്നുമാത്രം!! കുറെ കാലം എന്നെ ചാണകം മണത്തിരുന്നു എന്ന് പെങ്ങള്‍ കളിയാക്കാറുണ്ട്).

കാലിലെ വേദനയ്ക്ക് അല്പമൊരു ശമനം കിട്ടിയപ്പോള്‍ മെല്ലെ എഴുന്നേറ്റ് വീടിന്‍റെ ഇറയത്തു തിരുകിവച്ചിരുന്ന 'ഗണപതി ചെട്ട്യാര്‍ വസ്ത്രാലയം' എന്നെഴുതിയ തുണിസഞ്ചിയുമെടുത്ത്‌ കവുങ്ങിന് താഴെവീണുകിടന്ന അടയ്ക്ക മുഴുവന്‍ പെറുക്കിയിട്ടു.
അപ്പോഴും എന്നോട് പ്രതികാരം ചെയ്യാന്‍ ആ പാമ്പ് എങ്ങാനും ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കാനും മറന്നില്ല. എപ്പോഴും ചാര്‍ളി ചാപ്ലിനെ പോലെ വേഗതയില്‍ നടക്കാറുള്ള ഞാന്‍ ഒരു സഞ്ചീം പിടിച്ചു പതിവില്ലാതെ കാലുകള്‍ അല്പം അകറ്റിവച്ച് തവളയെപ്പോലെ അങ്ങാടിയില്‍ പോകുന്നത്കണ്ട് പലരും തിരിഞ്ഞുനോക്കി. പക്ഷെ എന്‍റെ മനസ്സുമുഴുവന്‍ അന്ത്രുവിന്‍റെ സൈക്കിളായിരുന്നു. അതാരും വാടകയ്ക്ക് കൊണ്ടുപോകരുതേയെന്ന പ്രാര്‍ത്ഥനയായിരുന്നു.

നാണുവിന്‍റെ ഈശ്വരവിലാസത്തില്‍ തിരക്ക് കുറവായിരുന്നു. ന്യൂസ്പേപ്പര്‍ വെട്ടിയെടുത്ത്  മൈദപ്പശപുരട്ടി കവറുകള്‍ ഉണ്ടാക്കുകയായിരുന്ന നാണു എന്‍റെ മുരടനക്കം കേട്ട് തലതാഴ്ത്തി കണ്ണടയ്ക്കു മുകളിലൂടെ തുറിച്ചുനോക്കി.
"നാണ്വെട്ടാ.... ദാ ..നല്ല കാമ്പുള്ള അടയ്ക്ക" 
നാണുവിന്‍റെ മുഖം വികസിച്ചു. അതിനര്‍ത്ഥം അങ്ങേര്‍ക്കു അടയ്ക്ക വളരെ അത്യാവശ്യമായിരുന്നു എന്നാണു. സ്വര്‍ണ്ണത്തിന്‍റെ മാറ്റുനോക്കുന്ന തട്ടാനേക്കാള്‍ സൂക്ഷമതയോടെ ഓരോ അടയ്ക്കയും പരിശോധിച്ച് വാങ്ങിയ ശേഷം അതിന്‍റെ വിലയായി രണ്ടു രൂപയും നാലണയും തന്ന് അങ്ങേര്‍ പൂര്‍വജോലിയില്‍ മുഴുകി. സന്തോഷത്തോടെ അന്ത്രുവിന്‍റെ കടയിലേക്കോടാന്‍ തുനിഞ്ഞ എന്നെ നാണു തിരിച്ചുവിളിച്ചു. കടയില്‍ തൂങ്ങിയിരുന്ന റോബസ്റ്റ് പഴക്കുലയില്‍ നിന്ന് മുഴുത്ത ഒരു പഴം ഉതിര്‍ത്ത്‌ എനിക്ക് തന്നു.
എനിക്ക് സങ്കടം തോന്നി. ഈ പാവത്തിനെയാണല്ലോ ഇന്നലെ ഞാന്‍ തെറി പറഞ്ഞതും കാറിത്തുപ്പിയതുമൊക്കെ !! എന്ത് നല്ല മനുഷ്യന്‍!! "സോറി ട്ടാ നാണുവേട്ടാ "  എന്ന് മനസ്സില്‍ പറഞ്ഞ്‌ ഞാനിറങ്ങി നടന്നു. ഒറ്റയടിക്ക്പഴം വായില്‍തിരുകി  വിഴുങ്ങി  സൈക്കിളിനരികിലേക്ക് ഓടി.

അന്ത്രുവിന്‍റെ സൈക്കിള്‍ എന്നെ കാത്തുനില്‍ക്കുന്നു. ഒരു രൂപ അന്ത്രുവിന്‍റെ കയ്യില്‍ വച്ച്കൊടുത്ത് ഒരു മണിക്കൂര്‍ നേരത്തിനു വാടകക്കെടുത്തു. സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കിയപ്പോഴാണ് ഓര്‍ത്തത്‌.. എനിക്ക് സൈക്കിളില്‍ കേറാന്‍ അറിയില്ല!! പഠിച്ചു വരുന്നതല്ലേയുള്ളൂ..എവിടെയെങ്കിലും ഉയര്‍ന്ന സ്ഥലത്ത് ഞാന്‍ കയറിനിന്നശേഷം സൈക്കിളില്‍ ഇരുന്നു ചവിട്ടണം. അങ്ങനെ ഒരു വിധം കേറി ചവിട്ടിക്കൊണ്ടിരിക്കുകയാണ്. ഇടുപ്പ് അങ്ങോട്ടുമിങ്ങോട്ടും വളയുന്നുണ്ട്. ബാലന്‍സ് ശരിയായി വരുന്നേയുള്ളൂ. ഏകദേശം നൂറുമീറ്റര്‍ പിന്നിട്ടുകാണും. അതാ എന്‍റെ അയല്‍വാസി ദാസന്‍ നടന്നുവരുന്നു. ഒരാഴ്ച മുമ്പ് അവന്‍ ഇതേ സൈക്കിള്‍ വാടകക്കെടുത്തപ്പോള്‍ ഞാന്‍ ഒരു റൌണ്ട് ചോദിച്ചപ്പോള്‍ തരാത്ത മൂരാച്ചിയാണ്. അവന്‍റെ മുന്നില്‍ നമ്മള്‍ കുറഞ്ഞുകൊടുക്കാന്‍ പാടില്ലല്ലോ. അടുത്തെത്തിയപ്പോള്‍ ഞാന്‍ രണ്ടു കയ്യും വിട്ട് സൈക്കിള്‍ ഓടിക്കാമെന്ന് അവനു കാണിച്ചുകൊടുത്തു. 

എന്താ സംഭവിച്ചതെന്നറിയില്ല. സൈക്കിള്‍ ഒന്ന് ഇടതുമാറി വലത് തിരിഞ്ഞു  ഓതിരം മറിഞ്ഞു. ഞാനും സൈക്കിളും തമ്മിലുള്ള ബന്ധം വേര്‍പ്പെട്ടു. ഞാന്‍ മുന്നിലേക്ക്‌ തെറിച്ചുവീണു. വീഴുമ്പോള്‍ ആലോചിച്ചു- ഇങ്ങനെ വീണാല്‍ നെഞ്ചും മുഖവുമെല്ലാം കേടുവരും. അതുവേണ്ട. ഞാനെന്‍റെ രണ്ടു കൈപ്പത്തി കൊണ്ടു ശരീരത്തെ താങ്ങാന്‍ നോക്കി. പക്ഷെ ടാറിട്ട റോഡിലൂടെ കൈകള്‍ ഉരസിവീണുപോയി. റോഡില്‍ വീണുകിടക്കുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ച് വൃഥാവിലായ എന്നെ ദാസന്‍ ഓടിവന്നു എടുത്തുയര്‍ത്തി. ഭാഗ്യം ! വേറെ ആരും കണ്ടില്ല. സൈക്കിളില്‍ നിന്ന് വീണ ചിരി കണ്ടിട്ടേ ഉള്ളൂവെങ്കിലും അന്നാദ്യമായി ദാസന്‍റെ മുന്നില്‍ എനിക്ക് ചിരിക്കേണ്ടിവന്നു! 


ഇടിവെട്ടിയവനെ പാമ്പുകടിച്ചപോലെയായി എന്‍റെ കാര്യം. കൈപ്പത്തിയിലെ തൊലി മൊത്തം പോയി. അസഹ്യമായ നീറ്റല്‍ ആരംഭിച്ചുകഴിഞ്ഞു. ദാസന്‍ ഒന്നുമുരിയാടാതെ സൈക്കിളെടുത്ത്, കോടിപ്പോയ  ഹാന്‍ഡില്‍ നേരെയാക്കി എനിക്ക് തന്നു. എനിക്കാണേല്‍ സൈക്കിള്‍ ചവിട്ടുന്നത്പോയിട്ട് നേരെ നില്‍ക്കാന്‍ പോലും ആവതില്ല. 
" ദാസാ.. ഞാനിതെടുത്തിട്ടു അഞ്ചു മിനിറ്റേ ആയുള്ളൂ. 55 മിനിറ്റ് ഇനീം ബാക്കിയുണ്ട്. നീ ചവിട്ടി ഒരു മണിക്കൂര്‍ തികയുമ്പോ അന്ത്രുക്കാക്ക്തിരിച്ചുകൊടുത്തേക്ക് .." ഞാന്‍ വിക്കിവിക്കി പറഞ്ഞു.
അന്നേരം ദാസന്‍റെ മുഖം സന്തോഷത്താല്‍ , മണ്ടനായ വിദ്യാര്‍ത്ഥിക്ക് SSLC യില്‍ ഫുള്‍ മാര്‍ക്ക് കിട്ടിയപോലെ തുടുത്തു. ഞാനാണെങ്കിലോ സ്വന്തം കല്യാണത്തിനു സദ്യ കഴിക്കാനാവാത്ത മണവാളന്‍റെ അവസ്ഥയിലും!!  മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയപോലെ ദാസന്‍ എന്‍റെ മുന്നിലൂടെ കൂളായി സൈക്കിളോടിച്ചുപോകുന്നത് വല്ലാത്തൊരു സങ്കടത്തോടെ ഞാന്‍ നോക്കിനിന്നു. അണ്ടി പോയ അണ്ണാനെപ്പോലെയായ  ഞാന്‍ വീട്ടിലേക്കു പതിയെ നടന്നുനീങ്ങി.

കൈകള്‍ തൂക്കിയിട്ടു നടന്ന് വേദന കൂടിയപ്പോള്‍ ഇടയ്ക്കിടയ്ക്ക് കൈ പൊക്കിക്കൊണ്ട് നടന്നു വരുന്നത്കണ്ടു ഉമ്മ ചോദിച്ചു :
"സൈക്കിള്‍ ചവിട്ടാന്‍ പോയ നീ എന്താടാ കയ്യുയര്‍ത്തി പ്രാര്‍ഥിച്ചുകൊണ്ട് വരുന്നത് ? വല്ലോരേം ഇടിച്ചു കൊന്നോ? " 
അതിനുത്തരമായി "മൈലാഞ്ചി'യിട്ട എന്‍റെ കൈത്തലങ്ങള്‍ ഉമ്മാക്ക് കാണിച്ചുകൊടുത്തപ്പോള്‍ ഉമ്മാന്‍റെ മുഖഭാവം പെട്ടെന്ന് മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. കൈനോട്ടക്കാരി അല്ലെങ്കിലും എന്‍റെ കൈത്തലങ്ങളില്‍നിന്ന് ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം അവര്‍ പെട്ടെന്ന് വായിച്ചെടുത്തു. പിന്നെ തൊടിയില്‍ ഉള്ള ഒരു ചെടിയില്‍ നിന്ന് ഇലകള്‍ പറിച്ചു അതിന്റെ കട്ടിയുള്ള വെളുത്ത കറ എന്‍റെ കയ്യില്‍ പുരട്ടാന്‍ ശ്രമിച്ചു. ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്ന് പകയ്ക്കും. ഞാന്‍ കൈനീട്ടാന്‍ മടിച്ചപ്പോള്‍ ഉമ്മ പറഞ്ഞു:
"കാലിനെപോലെ കൈവേദനിക്കില്ലടാ..പുറത്തെ പച്ചപ്പിലേക്ക് നോക്കി ഇരുന്നാല്‍ മതി ".
അല്ലേലും രാവിലെ ഒന്നര ഏക്കറില്‍ മരുന്നടിച്ച എനിക്കാണോ ഈ അര സെന്റ്‌ സ്ഥലം!! ഞാന്‍ മടിക്കാതെ കൈ നീട്ടിക്കൊടുത്തു. മരുന്ന് തേച്ചതും വേദനിച്ചതുമൊന്നും ഞാനറിഞ്ഞില്ല. പകരം ഉമ്മയുടെ കണ്ണില്‍നിന്ന് കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു !!

ഉപ്പയില്‍നിന്നു ഇക്കാര്യം എങ്ങനെ മറച്ചുപിടിക്കും എന്നതായിരുന്നു പിന്നീടുള്ള ചിന്ത. അവര്‍ വഴക്കുപറയുമെന്ന ഭയം വല്ലാതെ ഉള്ളില്‍കിടന്നു മറിഞ്ഞു. അന്നെനിക്ക് ഉമ്മ ചോറു വാരിത്തന്നു. കുറെ കാലമായിട്ട് ഇത്ര രുചിയുള്ള ഭക്ഷണം ഞാന്‍ കഴിച്ചിട്ടില്ല. അന്നേരത്താണ് ഉപ്പ കയറിവരുന്നത്. പതിവില്ലാത്ത ഒരു സ്നേഹം മോനോട് കാണിക്കുന്നത് കണ്ടു ഉപ്പ കാര്യം തിരക്കി. ഉമ്മ മടിച്ചു മടിച്ചു സൈക്കിളിന്‍റെ കാര്യം പറയുമ്പോള്‍ അറിയാതെയെങ്കിലും അടയ്ക്കയുടെ കാര്യം പറയല്ലേയെന്നു ഞാന്‍ പ്രാര്‍ഥിച്ചു.

 ശകാരം പ്രതീക്ഷിച്ചു ശ്വാസം പിടിച്ചിരുന്ന ഞാന്‍ ഉപ്പാന്‍റെ വര്‍ത്തമാനം കേട്ട് വായിലിരുന്ന ചോറ് ചവക്കാതെത്തന്നെ അപ്പടി വിഴുങ്ങി വായും പൊളിച്ചിരുന്നുപോയി !!

"ഇതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാ.. പണ്ട് ഇവന്‍റെ പ്രായത്തില്‍ രണ്ടു കണ്ണുകള്‍ അടച്ചുപിടിച്ചു സൈക്കിള്‍ ഓടിച്ചപ്പോള്‍ കലുങ്കിലിടിച്ചു തോട്ടില്‍ വീണ് കാലൊടിഞ്ഞ് രണ്ടാഴ്ച്ച ഞാന്‍ കിടന്നിട്ടുണ്ട് !! "

ഉപ്പാന്‍റെ ഡയലോഗ് കേട്ട് ഉമ്മ എന്നെ തുറിച്ചുനോക്കി.  "അല്ലേലും മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ"  എന്നായിരുന്നോ ആ നോട്ടത്തിന്‍റെ അര്‍ത്ഥം ?
(ശുഭം)

April 9, 2015

ചക്കയും അടയ്ക്കയും പിന്നെ ഞാനും (ഒന്നാം ഭാഗം)

ന്നൊരു ശനിയാഴ്ച്ചയായിരുന്നു. ഉപ്പാന്‍റെ പഴയ റബര്‍ ചെരുപ്പ് വട്ടത്തില്‍ വെട്ടി  ടയര്‍ നിര്‍മ്മിച്ച്‌   വണ്ടി ഓടിക്കുന്നതില്‍  മുഴുകിയിരുന്ന എന്നെ,
ഒരു കിലോ കല്ലുപ്പും കാല്‍ക്കിലോ ശര്‍ക്കരയും  വാങ്ങാന്‍ അങ്ങാടിയിലെ നാണുവേട്ടന്‍റെ 'ഈശ്വരവിലാസം'  പലചരക്ക് കടയിലേക്ക് ഉമ്മ ഓടിച്ചുവിട്ടു.  ഉമ്മയോട് ഒരല്‍പം അമര്‍ഷം ഉള്ളിലൊതുക്കി നടക്കവേ നാണുവേട്ടന്‍റെ കടക്കു തൊട്ടു മുന്‍പുള്ള അന്ത്രുവിന്‍റെ കടയിലെ വാടക സൈക്കിള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.  അവളുടെ തലവെട്ടിച്ചുള്ള ചെരിഞ്ഞ നില്‍പ്പും തിളങ്ങുന്ന ബോഡിയും ഭംഗിയുള്ള സീറ്റും എന്നെ വല്ലാതെ ആകര്‍ഷിച്ചു. അടുത്ത് ചെന്ന് പതിയെ തലോടി, കാലുകൊണ്ട്‌ പെഡലൊന്നു  കറക്കി, സീറ്റിലെ പൊടിയൊന്നു തട്ടി, ഹെഡ് ലൈറ്റിലൊന്നു   വിരലോടിച്ച്  എന്‍റെ സ്നേഹം  ഞാനവളോട് പ്രകടിപ്പിച്ചു.  അവളെ മുഴുവനായി സ്വന്തമാക്കുന്ന കാര്യം അചിന്തനീയം! , അസംഭവ്യം! അതിനാല്‍ അരമണിക്കൂര്‍ എങ്കിലും അവളുടെ കൂടെ ചെലവഴിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ഞാന്‍ അന്ത്രുക്കാനോട് പ്രകടിപ്പിച്ചു. 

" അന്ത്രുക്കാ.. അര മണിക്കൂര്‍ ഇത് വാടകക്ക് തരോ ? കാശ് ഞാന്‍ മറ്റന്നാ തര" 
അതിനു മറുപടിയായി തലവെട്ടിച്ചു കണ്ണുകള്‍ കൊണ്ട് കടയുടെ ഉള്ളിലേക്ക് നോക്കാന്‍ അന്ത്രുക്ക  ആംഗ്യം കാണിച്ചു. 
തീരെ ഭംഗിയില്ലാത്ത കൈപ്പടയില്‍ ഒരു ഒണക്ക കാര്‍ഡ് ബോഡില്‍ വെള്ളചോക്ക് കൊണ്ട് ഇങ്ങനെ എഴുതി ചുമരില്‍ തൂക്കിയിട്ടിരിക്കുന്നു :
"ഇന്ന് രൊക്കം ..നാളെ കടം " 
ഒരു വളിച്ച ചിരിയോടെ മെല്ലെ അവിടന്ന് തൊട്ടടുത്ത നാണുവേട്ടന്‍റെ കടയിലേക്ക് നടന്നു. ശര്‍ക്കരയും ഉപ്പും വാങ്ങി പറ്റിലെഴുതിയിട്ടും തിരിച്ചു പോകാതെ കോഴിയുടെ കാലില്‍ മുടിപിണഞ്ഞ പോലെ വട്ടംതിരിഞ്ഞു നില്‍ക്കുന്ന എന്നെക്കണ്ട് നാണുവേട്ടന്‍ ഉവാച: 
" ഉം ...ന്തേ?  " 
"ഒരുര്‍പ്യ തരോ? മറ്റന്നാ തരാം " 
"ന്തിനാടാ ?" 
"സൈക്കിള്‍ ചവിട്ട് പഠിക്കാനാ..." 
" അങ്ങനെ യ്യ് കടം വാങ്ങി ചവിട്ടു പഠിക്കണ്ട .. ചായ ഉണ്ടാക്കാന്‍ ശര്‍ക്കരക്ക് ഉമ്മ കാത്തു നിക്കണ്  ണ്ടാവും .. വേം വിട്ടോ ..." 
അല്ലേലും ഞങ്ങടെ നാട്ടിലെ കച്ചവടക്കാരെല്ലാം പണ്ടേ പെറ്റിബൂര്‍ഷ്വാ പിന്തിരിപ്പന്മാരും അറുപിശുക്കന്മാരുമാണ്.  എനിക്ക് അയാളോട് വല്ലാത്ത ദേഷ്യം തോന്നി. കിലോക്ക് നാലു  രൂപയുള്ള നല്ല അരിയില്‍ റേഷന്‍ കടയിലെ വിലകുറഞ്ഞ അരി ചേര്‍ത്ത്   വിറ്റ്  കാശുണ്ടാക്കുന്നവന്‍ . എത്ര കാമ്പുള്ള അടക്ക കൊണ്ട് ചെന്നാലും തുടം  ഇല്ല  വലിപ്പമില്ല എന്ന കള്ളം പറഞ്ഞു  കാശ് കുറയ്ക്കുന്നവന്‍ . കണക്കില്‍ ഇടയ്ക്കിടെ ചാത്തന്‍ കളി കാണിച്ച് കാശുണ്ടാക്കുന്നവന്‍ . നാലു കൊല്ലത്തെ കച്ചവടം കൊണ്ട് റോഡരികില്‍ മൂന്നേക്കര്‍  ഭൂമി വിലയ്ക്ക് വാങ്ങിയവന്‍ . കടം കൊടുക്കാന്‍ മടിയാണെങ്കിലും പോസ്റ്റൊഫിസിലെ ദേവകിക്ക് മാത്രം നിര്‍ലോഭം വാരിക്കോരി കൊടുക്കുന്നവന്‍........ഇങ്ങനെ നാണുവിന് ചാര്‍ത്തികൊടുക്കാന്‍ വിശേഷങ്ങള്‍ ഏറെ  .... കോങ്കണ്ണ്‍ ഉള്ളവള്‍ക്ക് മീനാക്ഷി എന്ന് പേരിടുന്നപോലെ , ഇയാളുടെ പലചരക്ക് കടക്കു പേര് " ഈശ്വരവിലാസം" !!!!  ത്ഫൂ.... അയാളോടുള്ള ദേഷ്യം തീര്‍ക്കാന്‍ അയാളറിയാതെ നിലത്തേക്ക് കാര്‍ക്കിച്ചു തുപ്പിയിട്ട് കളിയില്‍ തോറ്റ ക്രിക്കറ്റ് ടീമിന്‍റെ അവസ്ഥയില്‍ ഞാന്‍ തിരിഞ്ഞുനടന്നു . 
" ഡാ.. ഇവിടെ വാടാ ..." 
നാണുവേട്ടന്‍ എന്നെ തിരിച്ചുവിളിച്ചു .തികഞ്ഞ പുച്ഛത്തോടെ ഞാന്‍ അടുത്തേക്ക് ചെന്നു. 
"അടയ്ക്ക കൊണ്ടുവാ.. ന്നാല്‍ കാശ് തരാം " 
" അടക്ക പഴുത്തു നില്‍പ്പുണ്ട് പക്ഷെ കയറാന്‍ ആളെ കിട്ടിയിട്ടില്ല"
" ന്നാ നിന്‍റെ വീട്ടുമുറ്റത്തെ പ്ലാവിലെ ചക്ക ഒരെണ്ണം കൊണ്ടുവാ..രണ്ടുര്‍പ്പ്യ തരാം"
അതാണ്‌ കാര്യം ... ഞങ്ങടെ വീട്ടുമുറ്റത്തെ ഭീമന്‍ പ്ലാവിലും സാധാരണ പോലെ ചക്ക തന്നെയായിരുന്നു കായ്ച്ചിരുന്നത് . എന്നാല്‍ അഴകുള്ള ചക്കയില്‍ ചുളയുണ്ടാവില്ല എന്ന പഴംചൊല്ല് അനുസരിച്ച് ആ ചക്കകള്‍ക്ക് സൌന്ദര്യം തീരെ ഇല്ലായിരുന്നു അതിനാല്‍തന്നെ അത് മൂത്ത് പഴുത്താല്‍ ആരുടേയും മനം കവരുന്ന അതീവ സുഗന്ധമായിരുന്നു. രുചിമുകുളങ്ങളെ ലഹരി പിടിപ്പിക്കുന്ന അസാധാരണ ടേസ്റ്റ് ആയിരുന്നു . അതിന്‍റെ ചുളകള്‍ക്ക് ഹരം പിടിപ്പിക്കുന്ന തേന്‍ നിറമായിരുന്നു. അതിനാല്‍തന്നെ അയല്‍പക്കത്ത് ഈ പ്ലാവ് പ്രസിദ്ധമായിരുന്നു. (ചക്ക പഴുക്കുന്ന സീസണില്‍ ബന്ധുക്കളുടെ വിരുന്നുവരവ് കൂടുതലാണോന്ന് എനിക്ക് സംശയമുണ്ടായിരുന്നു) ഇതൊക്കെയാവണം നാണുവേട്ടന്‍ ചക്കയില്‍ കേറി പിടുത്തമിട്ടത്. 

ആവശ്യക്കാരന് ഔചിത്യമില്ല എന്നല്ലേ .. എന്‍റെ അടങ്ങാത്ത ആഗ്രഹം നിറവേറ്റാനായി പ്ലാവിലെ മുഴുത്തൊരു ചക്കമേല്‍തന്നെ എന്‍റെ കണ്ണ് പതിഞ്ഞു. പക്ഷേ അത് ഏറെ ഉയരത്തിലാണ്. കയറാന്‍ നിവൃത്തിയില്ല. മാത്രവുമല്ല നിറയെ പുളിയുറുമ്പുകള്‍ ഉണ്ട് താനും. അതിനാല്‍ എറിഞ്ഞു വീഴ്ത്തുക മാത്രമേ പോംവഴിയുള്ളൂ. വല്ല മാങ്ങയോ പുളിയോ ആയിരുന്നെങ്കില്‍ വടി കൊണ്ട് എറിഞ്ഞു വീഴ്ത്താം . പക്ഷെ മഹാനായ ചക്കയെ വീഴ്ത്താന്‍ എളുപ്പം കഴിയില്ലല്ലോ . അതിനാല്‍ ഉമ്മാന്‍റെ ഏറ്റവും വലിയ ആയുധമായ , ഇന്ന് ആളുകള്‍ മൊബൈല്‍ ഫോണ്‍പോലെ കൊണ്ടുനടക്കുന്ന, സന്തതസഹചാരിയായ വെട്ടുകത്തിതന്നെ ഞാന്‍ ഉമ്മ അറിയാതെ കൈക്കലാക്കി ചക്കയെ ഉന്നം വച്ച് എറിയാനാരംഭിച്ചു.
പണ്ടേ എനിക്ക് നല്ല ഉന്നം ആയതിനാല്‍ എറിഞ്ഞ നാല് പ്രാവശ്യവും ചക്കയുടെ കൃത്യം ഒരു മീറ്റര്‍ അകന്നുമാറി വെട്ടുകത്തി സഞ്ചരിക്കുകയും ലക്ഷ്യത്തിലെത്താത്ത റോക്കറ്റ് കടലില്‍ പതിക്കും പോലെ എവിടെയൊക്കെയോ പോയി വീഴുകയും അതിലൊരു പ്രാവശ്യം വീടിന്‍റെ ഓട്ടിന്‍പുറത്ത് വീണു ഒന്ന് രണ്ടു ഓടുകള്‍ക്ക് പൊട്ടല്‍ വീഴുകയും ചെയ്തു . (ഇപ്പോള്‍ തല്ക്കാലം പ്രശ്നമൊന്നും കാണില്ല . എന്നാല്‍ അടുത്ത മഴയില്‍ മുറിയില്‍ നിളാനദി ഒഴുകുമ്പോഴേ ഓടു പൊട്ടിയ വിവരം പുറംലോകമറിയൂ) ശബ്ദം കേട്ട് ഉമ്മ മുറിയില്‍ വന്നു നോക്കുകയും തെങ്ങില്‍ നിന്ന് മെച്ചിങ്ങ വീണതാവാം എന്ന് കരുതി തിരിച്ചുപോവുകയും ചെയ്തു. പക്ഷെ അടുത്ത ഏറിനു ഞാന്‍ ലക്‌ഷ്യം കണ്ടു. കിറുകൃത്യമായി വെട്ടുകത്തി ചക്കയില്‍ കൊണ്ടു . പക്ഷെ... പെണ്ണിനെ കൂട്ടിക്കൊണ്ടുവരാന്‍ പോയ മണവാളന്‍ അച്ചിവീട്ടില്‍ സ്ഥിരതാമസമാക്കിയപോലെ, ചക്കയുടെ മധ്യഭാഗത്തായി വെട്ടുകത്തി തറഞ്ഞുകേറി തിരിച്ചു വരാതെ ഇരിപ്പുറപ്പിച്ചു!! ഇപ്പോഴതിന്‍റെ പിടി മാത്രം പുറത്തേക്കു കാണാം.
   ഗ്യാസ് പോയ സോഡ പോലെയായ ഞാന്‍ ആകെ തളര്‍ന്ന്  വരാന്തയിലിരുന്നു. തലേന്ന് മലയാളം ക്ലാസില്‍ ദിവാകരന്‍ മാഷ്‌ പഠിപ്പിച്ച  'ഇതികര്‍ത്തവ്യഥാമൂഢന്‍' എന്ന വാക്കിന്‍റെ യഥാര്‍ത്ഥ അര്‍ഥം അപ്പോഴാണെനിക്ക്‌ പിടികിട്ടിയത് !!

കുറെ കഴിഞ്ഞപ്പോള്‍, തന്‍റെ ആഭരണം പോയതിനേക്കാള്‍ ടെന്‍ഷനില്‍ ഉമ്മ തന്‍റെ വെട്ടുകത്തി തിരയാനാരംഭിച്ചു. ഡോക്ടര്‍ക്ക് സ്റ്റെതസ്കോപ്പ്‌ പോലെ ഉമ്മാന്‍റെ പണിയായുധമാണല്ലോ അത് !  എന്നെ വിളിച്ചു വെട്ടുകത്തി കണ്ടോ എന്ന് തിരക്കി. നേരത്തെ ഇവിടെ കണ്ടതാണല്ലോ എന്ന് ഞാനും .. ..!
കൊല്ലപ്പെട്ടവന്‍റെ ശവസംസ്ക്കാരചടങ്ങില്‍ സജീവമായി പങ്കെടുക്കുന്ന കൊലയാളിയുടെ മനസ്സോടെ തിരച്ചിലില്‍ ഞാനും ഉമ്മക്കൊപ്പം കൂടി. 
"ഇവിടെ തപ്പിയിട്ടു കാര്യമില്ല മ്മാ ... പ്ലാവിന്‍റെ മണ്ടേല്‍ പോയി നോക്കണം " എന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ .. കോഴിയെ പിടിക്കാനോടിയ നായയുടെ കാല്‍ എറിഞൊടിച്ച അതേ വെട്ടുകത്തിയാണ്, അതേ ഉമ്മയാണ്. സൂക്ഷിക്കണം.

അന്ന് രാത്രി എനിക്കുറക്കം വന്നില്ല. ഭയം എന്നെ വല്ലാതെ കീഴ്പ്പെടുത്തി. അതിരാവിലെ , മുറ്റത്ത്‌ വീണ  പ്ലാവിലകള്‍ പെറുക്കാന്‍ അയല്‍പ്പക്കത്തെ പിള്ളാര്‍ വരാറുണ്ട് . അവരുടെ ആടിനുള്ള പ്രാതല്‍ ആണത് .  ആ വെട്ടുകത്തിയെങ്ങാനും ചക്കയില്‍നിന്ന് ഊര്‍ന്ന് വീണ് ആരടെയെങ്കിലും തലേല്‍  തറച്ചുകേറിയാല്‍....... പടച്ചോനേ !! ആ ചക്കയുടെ അവസ്ഥയാവില്ലേ ? പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ !! എന്‍റെയുള്ളില്‍ തരിപ്പ് ഇരച്ചു കയറി. ആ രാത്രിയിലും ഞാന്‍ വിയര്‍പ്പില്‍ കുളിച്ചു . മുന്നില്‍ ഒരു കുറുക്കുവഴിയും തെളിഞ്ഞുവരുന്നുമില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴോ മയങ്ങിപ്പോയി.

മുറ്റത്ത്‌ കുട്ടികളുടെ ബഹളം കേട്ടാണ് ഉറക്കില്‍ നിന്നുണര്‍ന്നത്‌! പിടഞ്ഞെഴുന്നേറ്റ്‌ പുറത്തേക്കു  കുതിച്ച ഞാന്‍ ആദ്യം ഒന്ന് ഞെട്ടി!! അവര്‍ ചുറ്റും കൂടി എന്തോ ചെയ്യുകയാണ് . ഉള്‍ഭയത്തോടെ ഞാന്‍ എല്ലാവരുടെയും തലയിലേക്ക് നോക്കി . ഇല്ല.. ആരുടേയും തലയില്‍ വെട്ടുകത്തി തറച്ചുകേറിയിട്ടില്ല. ആരും നിലവിളിക്കുന്നില്ല.  കുറച്ചുകൂടി അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് സംഗതി എന്താണെന്ന് ബോധ്യമായത്. ഏറുകൊണ്ട ചക്കയുടെ പാതിയും വെട്ടുകത്തിയും കൂടി താഴെ വീണിരിക്കുന്നു.  ആ ചക്ക തിന്നാന്‍ വേണ്ടിയാണ് പിള്ളേര്‍ അടിപിടി കൂടുന്നത് . ഗ്രഹണി പിടിച്ച പിള്ളാര്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയപോലെ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോഴത്‌ ബോധ്യമായി . നിമിഷനേരം കൊണ്ടാണ്  ഒരു ചുളപോലും എനിക്ക് തരാതെ കശ്മലന്മാര്‍ മൊത്തം തിന്നുതീര്‍ത്തത് !!
വീണ ഉടനെ എന്‍റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ നാണുവേട്ടനുകൊടുത്തു ഒരു രൂപയെങ്കിലും വാങ്ങി ഒരു മണിക്കൂര്‍ സൈക്കിള്‍ ചവിട്ടു പഠിക്കാമായിരുന്നു. ഞാന്‍ മേലേക്ക് നോക്കി . പാതി ഉടല്‍ നഷ്ടപ്പെട്ട ദുഖത്താല്‍ അത് ചക്കപ്പശ ഒഴുക്കി കണ്ണീര്‍ വാര്‍ത്തു നില്‍ക്കുകയാണ് . താഴെ വീണ വെട്ടുകത്തി കൈക്കലാക്കി പിള്ളാരെ ഭീഷണിപ്പെടുത്തി ഓടിച്ചതിന്ശേഷം , ജ്യൂസ് പിഴിഞ്ഞെടുത്ത കരിമ്പിന്‍ ചണ്ടിപോലെ കിടക്കുന്ന ചക്കയുടെ അവശിഷ്ടം എടുത്തു ദൂരെ എറിഞ്ഞു. പിന്നെ ഇതൊന്നുമറിയാതെ അടുക്കളയില്‍ പുട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഉമ്മയുടെ അടുത്തെത്തി , കാണാതായ മകനെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുന്ന പോലീസുകാരന്‍റെ ഭാവത്തില്‍ വെട്ടുകത്തി  അവരെ ഏല്‍പ്പിച്ചു.
"ഇതെവിടന്നു കിട്ടിയെടാ...?"
" പ്ലാവിന്‍റെ ചുവട്ടില്‍ നിന്ന് ..."  ഞാന്‍ ഉള്ള സത്യമങ്ങ് തുറന്നു പറഞ്ഞു !
"ന്നാ വേഗം ഈ  തേങ്ങയോന്നു പോതിച്ചു താ ..പുട്ടിനു തേങ്ങയില്ല .."
ഉമ്മാന്‍റെ സംസാര ശൈലിയില്‍നിന്നു എന്നെ സംശയം ഉണ്ടോന്നു എനിക്കൊരു സംശയം!!! അതിരാവിലെ കിട്ടിയ എട്ടിന്‍റെ പണിയായിപ്പോയി! ചെയ്തില്ലെങ്കില്‍ എന്നെ അന്ന് ഉമ്മ ഉണക്കപ്പുട്ട് തീറ്റിക്കേം ചെയ്യും.  നല്ല അനുസരണയോടെ വെട്ടുകത്തി കൊണ്ട് വളരെ പണിപ്പെട്ട് തേങ്ങപൊതിച്ച്‌ വെറുംവയറ്റില്‍ പല്ലുപോലും തേക്കാതെ തേങ്ങാവെള്ളവും കുടിച്ചു ഞാന്‍ അടുത്ത പദ്ധതിയെ കുറിച്ച് ആലോചനയില്‍ മുഴുകി.

അന്ത്രുവിന്‍റെ കൊച്ചു സൈക്കിള്‍ എനിക്ക്ചുറ്റും വട്ടം കറങ്ങിക്കൊണ്ടിരുന്നു. അവ എന്നെ വല്ലാതെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. നാളെ സ്കൂള്‍ തുറക്കും . അതിനാല്‍ ഇന്നുതന്നെ എന്തുവന്നാലും എന്‍റെ ആഗ്രഹം നടപ്പാക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചു. വലിയ വലിയ കക്ഷികളായ ചക്കയെ ഉപേക്ഷിച്ച് ചെറിയ ചെറിയ അടക്ക പോലെയുള്ളവരെ സമീപിക്കുകയാണ് നമ്മുടെ തടിക്കു നല്ലത് എന്ന് മനസ്സ് പറയുന്നു.
കിണറിനു ചുറ്റും പരന്നുകിടക്കുന്ന കമുകിന്‍തോപ്പിലെ ഏറ്റവും മുഴുത്തതും പഴുത്തതുമായ അടക്കാക്കുലയിലേക്ക് നോക്കി ഞാന്‍ വെള്ളമിറക്കി.
പിന്നെ കാത്തുനിന്നില്ല. ഉമ്മ ഉണക്കാന്‍ അയലിലിട്ട തോര്‍ത്തുമുണ്ട് കൈക്കലാക്കി വട്ടത്തില്‍ മുറുക്കിക്കെട്ടി കാലില്‍ അണിയാനുള്ള 'തളപ്പ്' ഉണ്ടാക്കി. മെല്ലെ ആ കമുകിനെ കെട്ടിപ്പിടിച്ചു വളരെ ബുദ്ധിമുട്ടോടെ കേറാന്‍ ആരംഭിച്ചു. നേരിയ വഴുവഴുപ്പൊന്നും എന്നെ ഭയപ്പെടുത്തിയില്ല. നേരം ശരിക്കുമങ്ങ്‌ വെളുത്തുവരുന്നേയുള്ളൂ.. ഏകദേശം ഒന്നര മിനിട്ട്കൊണ്ട് മേലെയെത്തി ഒരു കൈ കൊണ്ട് അടക്കാക്കുലയില്‍ പിടിച്ചു വലിച്ചതും .. ഒരു നിമിഷം !!!!
എന്‍റെ കണ്ണുകള്‍ തുറിച്ചു! ഉള്ളിലൂടെ ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയി !! ശരീരം മൊത്തം ഒരു വിറയല്‍ !! അടക്കാക്കുലയില്‍ ഒരു മുട്ടന്‍ പാമ്പ് !!!!! ഞാന്‍ അറിയാതെ കമുകിലൂടെ ഊര്‍ന്നിറങ്ങിപ്പോയി ! ഒപ്പം അടക്കാകുലയും പാമ്പും താഴെ വീണു. ഒന്നര മിനിട്ട് കൊണ്ട് മേലെയെത്തിയ ഞാന്‍ ഒറ്റ സെക്കണ്ട് കൊണ്ട് താഴെയെത്തി. ഞാനാണോ അടക്കാകുലയാണോ പാമ്പാണോ ആദ്യം താഴെയെത്തിയതെന്നു ഇപ്പോഴും എനിക്കറിയില്ല.
ആകെ ഭയന്ന ഞാന്‍ പെട്ടെന്ന് ഉരുണ്ടുപിരണ്ട് മുറ്റത്ത് ചെന്ന്‍ ഇരുന്നു. പേടിച്ചരണ്ട പാമ്പ് എങ്ങോട്ടോ ഓടി രക്ഷപ്പെട്ടു. പാവം , ജീവനില്ലാത്ത അടക്കാക്കുല മാത്രം താഴെ ബാക്കിയായി.
സ്ഥലകാലബോധം വന്നപ്പോഴാണ് അറിഞ്ഞത്.... എവിടെയൊക്കെയോ അസഹ്യമായ നീറ്റല്‍!! ചുറ്റുവട്ടവും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി  ഉടുമുണ്ട് മെല്ലെ പൊക്കി വകഞ്ഞുമാറ്റിനോക്കിയ ഞാന്‍ ഞെട്ടിപ്പോയി !!!
രണ്ടാം ഭാഗം ഇവിടെ അമര്‍ത്തി വായിക്കാം .

August 17, 2014

നാം എത്ര ഭാഗ്യവാന്മാര്‍ !


ദോഹ. തണുത്ത നിലാവുള്ള രാത്രി. അകത്തു ഫ്ലാറ്റിനുള്ളില്‍ പക്ഷെ , ചിലപ്പോള്‍ ഒരു തരം അസഹനീയ വീര്‍പ്പുമുട്ടല്‍  പോലെ തോന്നിക്കും.  ഗള്‍ഫിലെ ഫ്ലാറ്റുകള്‍ അങ്ങിനെയാണ്. ജനല്‍ തുറന്നിട്ടാല്‍പോലും ശുദ്ധവായു കയറിയിറങ്ങാത്ത ഒരു  തരം നിര്‍മ്മാണശൈലി.

അതുകൊണ്ടുതന്നെ  അയാള്‍ ചിലപ്പോഴൊക്കെ തന്‍റെ മകനെയുമെടുത്ത്‌ പുറത്തോക്കെയൊന്നു   ചുറ്റിയടിച്ചുവരാറുണ്ട് . രണ്ടുവയസ്സേയുള്ളൂവെങ്കിലും അവനും അത് നന്നായി ആസ്വദിക്കുന്നുണ്ടെന്നത്  അവന്‍റെ ഭാവചലനങ്ങളില്‍ പ്രകടമാണ്.

വൈകിയതിനാല്‍ വീഥികള്‍  വിജനമാണ് . പാഴ്വസ്തുക്കള്‍ ഇടുന്ന വീപ്പയ്ക്ക് ചുറ്റും പൂച്ചകള്‍ അന്നം തേടി നടക്കുന്നുണ്ട് . കത്തുന്ന ചൂടും ഉറയ്ക്കുന്ന തണുപ്പും ഇവറ്റകള്‍ക്കൊരുപോലെയാണ്!  ഋതുഭേദങ്ങള്‍ അവയെ ബാധിക്കില്ലെന്ന് തോന്നുന്നു.

മകന്‍ പൂച്ചകളെ  സാകൂതം ആസ്വദിച്ചു നില്‍ക്കുന്നതിനിടെ, ഉച്ചിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന മഞ്ഞ ബീക്കന്‍ ലൈറ്റ് ഘടിപ്പിച്ച  മുന്‍സിപ്പാലിറ്റിയുടെ ഒരു ഭീമന്‍  വാഹനം വീപ്പയുടെ അടുത്തുവന്നുനിന്നു.  അതിനു പിന്നില്‍ അള്ളിപ്പിടിച്ചു നിന്നിരുന്ന രണ്ടുപേര്‍ വാഹനത്തെ മാലിന്യവീപ്പയുമായി ബന്ധിപ്പിച്ചു.

വല്ലാത്തൊരു ഞരക്കത്തോടെ വീപ്പയെ ആ വാഹനം അതിന്‍റെ കൈകളില്‍ കോരിയെടുത്ത് അതിലെ മാലിന്യങ്ങള്‍ തന്‍റെ വയറ്റില്‍ നിക്ഷേപിച്ചു.  പാവം തൊഴിലാളികള്‍!! നമ്മുടെ ഉച്ചിഷ്ടങ്ങള്‍ അവരുടെ അന്നമാണ്! പൂച്ചകളെപ്പോലെ ചൂടും തണുപ്പും ബാധിക്കാത്ത അല്ലെങ്കില്‍ ബാധിക്കാന്‍ പാടില്ലാത്ത മനുഷ്യ ജന്മങ്ങള്‍!!   ഇതൊന്നും ബാധിക്കാത്ത തനിക്കു മാത്രം അസഹനീയതയും വീര്‍പ്പ്മുട്ടലും!! 

നിര്‍വികാരതയോടെ എന്നാല്‍, ആസ്വദിച്ച് കൃത്യതയോടെ അവര്‍ ചെയ്യുന്ന ജോലി അയാള്‍ ഒട്ടൊരു കൌതുകത്തോടെ നോക്കിനിന്നു. പൂച്ചകളെ വിട്ടു , മകന്‍ ഡ്രൈവര്‍ സീറ്റില്‍ എന്തോ ചിന്തിച്ചിരിക്കുന്ന പാകിസ്ഥാനിയെ ഒരത്ഭുതവസ്തുവിനെപോലെ നോക്കി നില്‍ക്കുന്നു.  വാഹനങ്ങള്‍ അവന്‍റെ  ഇഷ്ടകളിപ്പാട്ടങ്ങള്‍ ആയതിനാലാവാം അവനതില്‍ കയറാന്‍ വാശിപിടിക്കാന്‍ തുടങ്ങിയപ്പോള്‍ പാകിസ്ഥാനിയുടെ ശ്രദ്ധ അവനിലേക്ക്‌ തിരിഞ്ഞു .  

കുട്ടികളുടെ ഭാഷ ഏതു നാട്ടുകാരനും മനസ്സിലാവും. അയാള്‍  മകനെ കൊണ്ടുവരാന്‍ ആംഗ്യം കാണിച്ചു. അവനെ എടുത്ത് തന്‍റെ സീറ്റിനടുത്ത്‌ ഇരുത്തി ലാളിക്കുകയും അല്‍പനേരത്തിനു ശേഷം ഒരു ഉമ്മയും കൊടുത്തു തിരികെ തന്നപ്പോള്‍ ആ പരുക്കനെപോലെ തോന്നിച്ച പാക്കിസ്താനിയുടെ  മുഖത്ത് നിലാവ് പോലൊരു പുഞ്ചിരി തെളിഞ്ഞത് അയാള്‍ ശ്രദ്ധിച്ചു.  ആ ചിരിയിലെന്തോ ഒരു നനവുള്ളത് പോലെ അയാള്‍ക്ക്‌ തോന്നി. ഒരു പക്ഷെ മലയാളികളെ പോലെ ഗൃഹാതുരത്വം ബാധിച്ച ഒരു സാധാരണ മനുഷ്യന്‍റെ വിങ്ങലായിരിക്കുമോ ?  അതോ കാബൂളി വാല കഥയിലെ പോലൊരു  ദുഷ്ടമനസ്സിന്‍റെ ലാഞ്ചനയയിരിക്കുമോ ?  ഉടനെ അയാള്‍ പാകിസ്ഥാനിയുടെ ശ്രദ്ധയില്‍ പെടാതെ കുഞ്ഞിന്റെ കഴുത്തിലെ മാല പരതിനോക്കി. ഇല്ല... അത് നഷ്ടപ്പെട്ടിട്ടില്ല. പിന്തിരിഞ്ഞു നടക്കവേ ആ പാകിസ്ഥാനി അയാളെ കൈകൊട്ടിവിളിച്ചു. ശേഷം, തന്‍റെ സീറ്റിനടിയില്‍നിന്ന് ഒരു മുഷിഞ്ഞ പോളിത്തീന്‍ കവര്‍ മകന്‍റെ നേരെ നീട്ടി. ജിജ്ഞാസയോടെ അയാളത് വാങ്ങി തുറന്നു നോക്കി. ഒരു ജോഡി കുഞ്ഞു ഷൂ!! കൌതുകത്തോടെ മകന്‍ അതില്‍നിന്നൊരെണ്ണമെടുത്ത് കളിയ്ക്കാന്‍ തുടങ്ങി. ഒരു നന്ദിവാക്കിനുപോലും കാത്തുനില്‍ക്കാതെ വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ആ പാകിസ്ഥാനിയുടെ പുഞ്ചിരിക്കുപകരം ആ കടുത്ത തണുപ്പിലും നരച്ചു തുടങ്ങിയ താടിരോമാങ്ങള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‍ത്തുള്ളികള്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്തിനാണയാള്‍ കരഞ്ഞത്? 

ഒരു മിന്നാമിനുങ്ങിനെപോലെ വെളിച്ചമുണ്ടാക്കി ആ വാഹനം പതിയെ അപ്രത്യക്ഷമാവുന്നത് അയാള്‍ നോക്കിനിന്നു.


   മകന്‍ ആ ഷൂ ധരിക്കാനുള്ള തീവ്രശ്രമത്തിലാണ്. പക്ഷെ  അവനു പാകമാകാത്ത തരത്തില്‍ അത് ലൂസായിരുന്നു. മാത്രവുമല്ല; വില വളരെ കുറഞ്ഞഇനമായി അയാള്‍ക്ക്‌ തോന്നിയതിനാല്‍ കൂടുതലൊന്നുമാലോചിക്കാതെ അയാള്‍  കോണിപ്പടികള്‍ക്ക് താഴേയുള്ള കടലാസ് കൂനകള്‍ക്കിടയിലേക്ക് ആ പോളിത്തീന്‍ കവറോടെ എറിഞ്ഞുകളഞ്ഞു! അതിഷ്ടപ്പെടാതെ കുഞ്ഞ് കരയാനാരംഭിച്ചു. തിരികെ ഫ്ലാറ്റില്‍ ചെന്നുകയറിയിട്ടും ആ പാകിസ്ഥാനിയുടെ നിഗൂഡപുഞ്ചിരിയും കണ്ണീര്‍ചാലുകളും അയാളുടെ മനസ്സിനെ ചോദ്യചിഹ്നമായ് വട്ടമിട്ടുകൊണ്ടിരുന്നു.

പിറ്റേന്നുരാത്രി ആ വാഹനത്തിന്‍റെ ശബ്ദം കേട്ടമാത്രയില്‍ അയാള്‍ വാതില്‍ തുറന്ന് പുറത്തേക്കോടി. പിന്നില്‍നിന്നുള്ള ഭാര്യയുടെ അമ്പരന്ന വിളികള്‍ക്കൊന്നും അയാള്‍ കാതോര്‍ത്തില്ല. കോണിപ്പടികളിലൂടെ അതിവേഗതയില്‍ പറന്ന് ഒരു കിതപ്പോടെ ആ വാഹനത്തിനരികിലെത്തി . കുശലാന്വേഷണത്തിനുശേഷം ഇന്നലെ ചിരിച്ചതും പിന്നെ കണ്ണീരൊഴുക്കിയതിന്‍റെയുമൊക്കെ കാരണമാരാഞ്ഞു. അതിനു മറുപടിയെന്നോണം അയാളുടെ കണ്ണുകള്‍ പതിയെ സജലങ്ങളായി. പിന്നെ  കൈകള്‍ മുകളിലേക്കുയര്‍ത്തി പ്രാര്‍ഥിക്കുകയും ചെയ്തു.  ശേഷം ഇടര്‍ച്ചയോടെ , അയാള്‍ പറഞ്ഞുതുടങ്ങി .

പരസ്പര വൈരവും പകയും കൊണ്ടന്ധമായ, അഫ്ഗാനിലെ ഒരു പ്രവിശ്യയില്‍നിന്ന് പാകിസ്ഥാനിലേക്ക് ഗത്യന്തരമില്ലാതെ കുടിയേറിയ കുടുംബമാണ് അയാളുടേത് .  കഴിഞ്ഞ വര്‍ഷം ഒരു കലാപത്തിനു ശേഷം മൂത്ത മകനെ കാണാനില്ല. കഴിഞ്ഞ ആഴ്ച ഒരു ഷെല്ലാക്ക്രമണത്തില്‍ ഇളയമകന്‍ മരണമടയുകയും ചെയ്തു !  ആ കുഞ്ഞിനു അയച്ചുകൊടുക്കാന്‍ മുന്‍പ്‌ വാങ്ങിയ ഷൂ ആണ് ഇന്നലെ മകനു നല്‍കിയത് ! ഇനി വീട്ടില്‍ അവശേഷിക്കുന്നത് ഭാര്യ മാത്രം!

സ്തബ്ധനായി നില്‍ക്കുന്ന അയാളോട് ആ പാകിസ്ഥാനി ഗദ്ഗദത്തോടെ പറഞ്ഞു : " നിങ്ങള്‍ ഇന്ത്യക്കാര്‍  എത്ര ഭാഗ്യവാന്മാരാണ്! നിര്‍ഭയത്തോടെ പോകാന്‍ നിങ്ങള്‍ക്കൊരു രാജ്യമുണ്ട്.  അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നിങ്ങള്‍ക്കൊരു വീടുണ്ട്" 

വാഹനം അകന്നകന്നു പോകുന്നത് വല്ലാത്തൊരു മരവിപ്പോടെ അയാള്‍ നോക്കിനിന്നു. ആ കനത്ത തണുപ്പിലും വിയര്‍പ്പു പൊടിഞ്ഞ നെറ്റിത്തടം അയാള്‍ തുടച്ചു . തലേന്ന് ഭംഗിയാര്‍ന്ന കാഴ്ചയോടെ പാറിപ്പോയ മിന്നാമിനുങ്ങ്‌ , ഇന്ന് അപായ വെളിച്ചം  കറക്കി , സൈറന്‍ മുഴക്കി കുതിക്കുന്ന ആംബുലന്‍സ് പോലെ അയാള്‍ക്കനുഭവപ്പെട്ടു. 

പെട്ടെന്നയാള്‍ ഓടിച്ചെന്ന് തലേന്ന് എറിഞ്ഞുകളഞ്ഞ പോളിത്തീന്‍ കവറിനുവേണ്ടി ചപ്പുചവറുകള്‍ക്കിടയില്‍ പരതി. അത് കണ്ടെത്തിയപ്പോള്‍ ഒരമൂല്യവസ്തുവിനെപ്പോലെ ആ ഷൂ എടുത്തു അയാള്‍ മാറോടണച്ചു.  ഫ്ലാറ്റില്‍ കൊണ്ട്പോയി അത് നന്നായി തുടച്ച് വൃത്തിയാക്കി അവയുടെ ഉള്ളില്‍ അല്പം കോട്ടണ്‍ തുണി തിരുകിക്കയറ്റി മകന്‍റെ കാലില്‍ ധരിപ്പിച്ചു . ഇപ്പോഴത്‌ അവനു നല്ല പാകമാണ് ! സന്തോഷത്തോടെ അവന്‍ അതിട്ടു നടക്കാന്‍ തുടങ്ങി. ഇതെല്ലം കണ്ടു അന്തം വിട്ട ഭാര്യ അയാളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നെങ്കിലും  അതൊന്നും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല . ഒടുവില്‍ അയാള്‍ ഭാര്യയുടെ ചുമലില്‍ കൈകള്‍ ചേര്‍ത്തുവച്ച് പതിയെ പറഞ്ഞു : 

"നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്!! നിര്‍ഭയത്തോടെ പോകാന്‍ നമുക്കൊരു രാജ്യമുണ്ട്.  അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നമുക്കൊരു വീടുണ്ട് "  


(courtesy: Fasil Shajahan)