Showing posts with label മിനിക്കഥ. Show all posts
Showing posts with label മിനിക്കഥ. Show all posts

June 11, 2012

മിടുക്കന്‍




അയാളുടെ വാക്കുകളില്‍ അവള്‍ക്കു സന്തോഷം ലഭിച്ചു
സംസാരത്തില്‍നിന്ന് സാന്ത്വനം ലഭിച്ചു
വാഗ്ദാനങ്ങളില്‍ നിന്ന് വിശ്വാസം ലഭിച്ചു
ശരീരത്തെ വിശ്വസിച്ചപ്പോള്‍ ഒരു കുഞ്ഞിനെ ലഭിച്ചു
നാട്ടുകാര്‍ക്ക്‌ ചര്‍ച്ച ചെയ്യാന്‍ പുതിയൊരു വിഷയം ലഭിച്ചു 
അവരില്‍ നിന്നവള്‍ക്ക് നല്ലൊരു പേര് ലഭിച്ചു
ആ കുഞ്ഞിനോ ഇരുളടഞ്ഞ ഒരു ജീവിതം ലഭിച്ചു
ഒപ്പം....................
അയാള്‍ക്ക്‌ സമൂഹത്തിലൊരു സ്ഥാനം ലഭിച്ചു -  " മിടുക്കന്‍ "

October 25, 2011

കാത്തിരിപ്പ്‌



അയാള്‍ കാത്തിരിക്കുകയായിരുന്നു..
നല്ലൊരു ജോലി ലഭിക്കാന്‍,
ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാന്‍,
ഒരു കുഞ്ഞിക്കാല് കാണാന്‍,
ശേഷം..മക്കളുടെ  പഠനം പൂര്‍ത്തിയാവാന്‍,
അവര്‍ക്ക് മികച്ച ജോലി ലഭിക്കാന്‍,
യോജിച്ച ഇണകളെ  കണ്ടെത്താന്‍,
പിന്നെയവരുടെ കുഞ്ഞുങ്ങളെ കാണാന്‍..
വിശ്രമമില്ലാത്ത കാത്തിരിപ്പുകള്‍..............
ഒടുവില്‍, വാര്‍ദ്ധക്യത്തിന്റെ വിറയലില്‍ അയാള്‍ക്ക് ബോധ്യമായി, ഈ കാത്തിരിപ്പുകളിലൊന്നും ഒരര്‍ത്ഥവുമില്ലെന്ന് !
ഉള്ളുരുകി അയാള്‍ പ്രാര്‍ഥിച്ചു.
"ദൈവമേ ... അധികം കാത്തുനിര്‍ത്താതെ അങ്ങെടുത്തോളണേ..."
പക്ഷെ വിധി വീണ്ടും  കാത്തിരിക്കുന്നുണ്ടായിരുന്നു.
അമേരിക്കയിലുള്ള തന്റെ മക്കള്‍ക്കുവേണ്ടി രണ്ടാഴ്ച്ചയാണ്  ഫ്രീസറിനുള്ളില്‍ അയാള്‍ കാത്തുകിടന്നത്!!!!

July 19, 2011

കൊല്ലനും കാലനും...




ആലയിലെ തീച്ചൂളയില്‍ ഇരുമ്പ് ദണ്ഡ്  വെന്തു ചുവപ്പ് നിറമാവുമ്പോള്‍ കൊല്ലനു അറിയാമായിരുന്നോ , രക്തത്തിന്റെ നിറവും ഇതുതന്നെയെന്ന്!

ശേഷം, അത് ചുറ്റികയാല്‍ അടിച്ചു പരുവപ്പെടുത്തുമ്പോള്‍ ഉയരുന്ന ശബ്ദം, ശത്രുവിന്റെ തലയില്‍ ആയുധം കൊണ്ട് ആഞ്ഞടിക്കുമ്പോഴുള്ള  ശബ്ദം തന്നെയായിരിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നോ..

പിന്നീടത് പൊടുന്നനെ പാത്രത്തിലെ വെള്ളത്തിലാഴ്ത്തുമ്പോള്‍ ഉയര്‍ന്ന ശീല്‍ക്കാരം , കഠാര നെഞ്ചിലാഴ്ത്തുമ്പോഴുള്ള മനുഷ്യരോദനത്തിനു സമാനമാണെന്ന് കൊല്ലനറിയാമായിരുന്നോ..

അവസാനം, ലക്ഷണമൊത്തൊരു കഠാരയായ്‌ രൂപാന്തരപ്പെട്ട് അതിന്റെ 'അവകാശികള്‍' നാലിരട്ടി വിലകൊടുത്ത് കൈപ്പറ്റുമ്പോള്‍ കൊല്ലനറിയാമായിരുന്നോ , ഇതിന്റെ ആദ്യഇര  രാഷ്ട്രീയക്കാരനായ തന്റെ മകന്‍ തന്നെയായിരിക്കുമെന്ന് !!!





July 7, 2011

മോഹഭംഗം



(20-03-2000 ല്‍ ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)
ദിവസേന പതിനാലുമണിക്കൂര്‍ ജോലിയുള്ള റസ്റ്റോറന്റിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍നിന്ന് അല്പകാലം ആശ്വാസം ലഭിക്കാന്‍ അയാള്‍ക്കിനി ഒരു മാസം മാത്രം.
ഈയിടെയായി ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുന്നത് പോലെ.   ജോലിചെയ്യാന്‍ പഴയ ഉത്സാഹം ഇല്ലെന്നുതോന്നുന്നു!
വര്‍ഷങ്ങള്‍ ജോലിചെയ്തിട്ടും മിച്ചം വന്നത് , ആസ്തമരോഗവും ബന്ധുക്കളുടെ പരിഭവങ്ങളും മാത്രം.
രണ്ടുകൊല്ലം തികഞ്ഞാല്‍  റസ്റ്റോറന്റ മുതലാളി വഴിപാടുനേരുന്ന വിമാനടിക്കറ്റ് ഉള്ളത് അത്രയും ആശ്വാസം.
നാട്ടില്‍പോയാല്‍ പണയം വയ്ക്കാനോ വില്‍ക്കാനോ ഉതകുന്ന വല്ല ആഭരണവും ഭാര്യയുടെ പക്കലുണ്ടാവുമോ എന്നാലോചിച്ചുകൊണ്ട് ജോലിയില്‍ വ്യാപൃതനായിരിക്കുമ്പോഴാണ് തലേന്ന് നാട്ടില്‍ നിന്ന് ലീവ് കഴിഞ്ഞു വന്ന അയല്‍വാസി ബാബു റസ്റ്റോറന്റില്‍ കയറിവന്നത്.
പുതിയ വിശേഷം ബാബു പറഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്നുപോയി.
അയാളുടെ ഭാര്യയുടെ കഴുത്തില്‍ കിടന്ന അഞ്ചുപവന്റെ സ്വര്‍ണ്ണച്ചെയിന്‍ കള്ളന്‍ കവര്‍ന്നു. കവര്‍ച്ചക്കിടെ തലക്കടിയേറ്റ് ഭാര്യക്ക് സാരമായ പരിക്കും.
" സാരമില്ലെന്നേ...നാലഞ്ചുദിവസം ആസ്പത്രിയിലായിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.  സ്കാനിങ്ങിനും മറ്റുമടക്കം ആസ്പത്രിയില്‍ ചിലവായ പന്ത്രണ്ടായിരം രൂപ ഉടനെ അയച്ചുകൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്...".
ബാബുവിന്റെ വാക്കുകള്‍ അയാളുടെ ശ്വാസകോശത്തില്‍ തട്ടി കടുത്ത ആസ്ത്മയായി പുറത്തുവന്നു . അവശനായി അയാള്‍ ഒരിടത്തിരുന്നു.

June 21, 2011

അയ്യോ ...ഞാന്‍



അയാള്‍ വരാന്തയില്‍ പത്രം വായിച്ചിരിക്കേ, അടുക്കളയില്‍ നിന്നൊരു പൊട്ടിത്തെറി..നിലവിളി..
ഓടിച്ചെന്നപ്പോളയാള്‍ കാണുന്നത് ഭാര്യയെ വിഴുങ്ങുന്ന അഗ്നിഗോളം!!!
ഒരു നിമിഷത്തിന്റെ അമ്പരപ്പിന് ശേഷം അയാള്‍ അലറി..
"എടീ.. പൊള്ളിയാല്‍ പുരട്ടുന്ന ആ ലോഷന്‍ നീ എവിടെയാ വച്ചിരിക്കുന്നത്? ... എന്റെ കാല്‍വെള്ള പൊള്ളി"


June 12, 2011

നവയുഗം



( 8-4-1999- നു വാരാദ്യമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)
പലിശക്ക് പണമെടുത്ത് വിലകൂടിയ ഒരു പിച്ചച്ചട്ടി ഞാന്‍ വിലക്ക് വാങ്ങി. വീടിന്റെ ടെറസിനു മുകളില്‍ ആകാശത്തിന് അഭിമുഖമായി ഉറപ്പിച്ചുനിര്‍ത്തി. നല്ല കോളായിരുന്നു എനിക്ക്.  തുണിയുടുക്കാതെ നടക്കുന്ന കാട്ടുവര്‍ഗക്കാര്‍, കടലിനടിയിലെ അപൂര്‍വ്വ വസ്തുക്കള്‍, അല്പവസ്ത്രധാരിണികളായ തരുണീമണികള്‍, വിലകൂടിയ ഉപഭോഗവസ്തുക്കള്‍, എണ്ണിയാല്‍ തീരാത്ത തുടര്‍ക്കഥകളുടെ കെട്ടുകള്‍, കോടികളുടെ വാഗ്ദാനങ്ങളടങ്ങിയ ഭാണ്ഡങ്ങള്‍....!!!  എന്തിന്, ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഓരോ വിഭവവും എന്റെ ചട്ടിയില്‍ ചൂടോടെ തല്‍സമയം വന്നു വീണുകൊണ്ടിരുന്നു. ആനന്ദലബ്ധിക്കിനിയെന്തുവേണം!

ഒരിക്കല്‍ ശക്തമായൊരു കാറ്റില്‍ എന്റെ പിച്ചച്ചട്ടി ദിശതെറ്റി അയല്‍വാസിയുടെ വീടിനഭിമുഖമായി ചെരിഞ്ഞു വീണു. പതിവിനു വിപരീതമായി അന്ന് പാത്രത്തില്‍ വന്നുവീണത്‌ എല്ലും തോലുമായ രണ്ടു മനുഷ്യശരീരങ്ങള്‍ മാത്രം! അടുത്ത് ചെന്ന് ഈര്‍ഷ്യയോടെ സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ടുമറന്ന മുഖങ്ങള്‍!! അവര്‍ ദൈന്യതയോടെ എന്റെ നേരെ കൈകള്‍ നീട്ടിയപ്പോള്‍ അവജ്ഞയോടെ ഞാന്‍ മുഖംതിരിച്ചു. പിന്നെ അവയെ എടുത്തു പുറത്തെറിയുകയും എന്റെ പിച്ചച്ചട്ടി പൂര്‍വ്വസ്ഥാനത്തുറപ്പിക്കുകയും ചെയ്തു.

മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍, ബ്ലേഡുകള്‍കൊണ്ട് ശരീരമാസകലം കീറിമുറിക്കപ്പെട്ട ഒരു ശവശരീരം പാത്രത്തില്‍ വന്നുവീണു.  അത് ഞാനായിരുന്നു.

May 15, 2011

ബന്ധങ്ങള്‍



അന്ന് ഞാന്‍ നിനക്ക് എത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു!
ഇന്ന്, തളര്‍ന്നു അവശതയോടെ ഞാനീ   കട്ടിലില്‍...!
അന്ന് നീ സ്വന്തം കൈകൊണ്ടു സ്നേഹവായ്പ്പോടെ എനിക്ക്  ഭക്ഷണം  വാരിത്തന്നിരുന്നു.
ഇന്ന്,എന്റെ കൈയെത്തും ദൂരത്തു ജനല്‍പടിയില്‍ എന്റെ മരുന്ന് നിന്റെ വരവും കാത്തു കിടക്കുന്നു !
അന്ന്, ഒരു നിമിഷം പോലും എന്നെ പിരിഞ്ഞിരിക്കാനാവില്ല  എന്ന  നിന്റെ വാക്കുകള്‍  എന്നെ പുളകം  കൊള്ളിച്ചിരുന്നു...
ഇന്ന്  മൊബൈലില്‍ പലരുമായും   ചിരിച്ചുല്ലസിച്ചു കൊണ്ട് നീ വരാന്തയില്‍ !
അന്ന്, അതിഥികള്‍ വരുമ്പോള്‍  നിനക്കാവേശമായിരുന്നു.
ഇന്ന്, എന്നെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ നിനക്ക്  ശല്യമായി.
അന്ന് , ശവപ്പെട്ടി കണ്ണില്‍ പെടുന്ന ദിനം നിദ്രയെ നീ ഭയന്നിരുന്നു..
ഇന്ന്, എനിക്ക് വേണ്ടി ഒരു ശവപ്പെട്ടി നീ ആഗ്രഹിച്ചു തുടങ്ങി!
ഈ എകാന്തതയേക്കാള്‍ ,  ഞാനും ഇപ്പോള്‍ ആഗ്രഹിക്കുന്നത് അത് തന്നെ!!!!


April 23, 2011

മുത്തശ്ശി.കോം


( 13-6-2001 - നു മാധ്യമത്തില്‍ അച്ചടിച്ച്‌ വന്നത്)
കുഞ്ഞിന് ഉറക്കം വന്നില്ല. അവന്‍ എഴുന്നേറ്റ് കംബ്യൂട്ടറിന്നരികിലെത്തി. കീബോര്‍ഡില്‍ വിരലമര്‍ത്തി. " www. മുത്തശ്ശി.com" 
പല്ലില്ലാമോണകാട്ടി ചിരിച്ചുകൊണ്ട് മുത്തശ്ശി മോണിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.
" കഥ പറയൂ മുത്തശ്ശീ.."
" പണ്ട് പണ്ട് ഒരു കുറുക്കനും മുയലും..."
" വേണ്ട മുത്തശ്ശീ. അക്കഥ വേണ്ട. കഥയില്ലാതെ അന്നംതേടി അലയുന്നവര്‍ക്കെന്തു കഥ?"
" പണ്ട് ഒരു രാജാവും ഒരു രാജ്ഞിയും....."
" നിര്‍ത്തൂ മുത്തശ്ശീ.. കഥ തന്നെ മാറ്റി എഴുതാന്‍ കഴിയുന്നവരുടെ കഥകള്‍ നമ്മളെന്തിനു പഠിക്കണം?"
" പണ്ട് പണ്ട് ദൈവത്തിനു സ്വന്തമായി ഒരു നാടുണ്ടായിരുന്നു. സുന്ദരമായ പ്രകൃതിയോടെ , ശ്രേഷ്ടമായ കാലാവസ്ഥയോടെ സൃഷ്ടിക്കപ്പെട്ട ആ നാട്ടില്‍ ജനങ്ങളെല്ലാം ഒത്തൊരുമയോടെ വസിച്ചു.
പണ്ട് മുതലേ മാനത്ത് നിന്നൊരു മാമന്‍ അവര്‍ക്ക് വെള്ളിക്കിണ്ണത്തില്‍ പാല്‍ നിര്‍ലോഭം പകര്‍ന്നു നല്‍കുമായിരുന്നു. പഞ്ചസാര വേണ്ടാത്ത അതീവമധുരമുള്ള പാല്‍! ജാതി മത വര്‍ണ്ണ വര്‍ഗ ലിംഗ ഭേദമന്യേ സസന്തോഷം മാമനത് പകരുകയും ജനങ്ങള്‍ ആവോളം നുകരുകയും ചെയ്തു.

ഇതിനിടെ , മാമന് അവകാശവാദവുമായി ഒരു വിഭാഗം രംഗത്തെത്തി. മറ്റുള്ളവരും വിട്ടുകൊടുത്തില്ല. ഓരോരുത്തരും അവരവരുടെതെന്നു വാദിച്ചു. നേതാക്കള്‍ അണികള്‍ക്കിടയില്‍ വര്‍ഗീയവിഷം കുത്തിവച്ചു. ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. ബോംബുകളും വെടിയുണ്ടകളും അന്തരീക്ഷത്തില്‍ പറന്നു നടന്നു. നാട് കത്തിയെരിഞ്ഞു. പറവകള്‍ നാടുവിട്ടു പറന്നു. ഇഴജന്തുക്കള്‍ മണ്ണിനടിയില്‍ ഭീതിയോടെ കഴിച്ചു കൂട്ടി. നാല്കാലികള്‍ കാട്ടിലേക്കോടി . മനുഷ്യത്വം കണ്ടു മൃഗീയത നാണിച്ചുനിന്നു. ഒടുവില്‍... ആ നാട്ടില്‍ ജനങ്ങളാരും അവശേഷിച്ചില്ല".

കുഞ്ഞിന്റെ കൂര്‍ക്കം വലി ഉയര്‍ന്നപ്പോള്‍ മുത്തശ്ശി മെല്ലെ സ്ക്രീനില്‍ നിന്നു അപ്രത്യക്ഷയായി. അപ്പോഴും മാമന്‍ പാല് പകര്‍ന്നു നല്കുന്നുണ്ടായിരുന്നു.

March 6, 2011

എപ്പിസോഡ് - 40




( 13-3-2000  നു ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്) 
ക്ലോക്കിലെ സൂചികള്‍ക്ക് വല്ലാത്തൊരു ആലസ്യം! ഇടയ്ക്കിടെ അതിനു ക്ഷീണം ബാധിക്കുന്നുണ്ട് ! മനുഷ്യരെപ്പോലെ ഉറക്കംതൂങ്ങിയും എന്നാല്‍ ഇടയ്ക്കു വല്ലാത്തൊരു ഉന്മാദവും! അല്ലെങ്കിലും സമയത്തിന് കൃത്യനിഷ്ഠ എന്നൊന്നുണ്ടോ? എട്ടുമണിക്കും ഒമ്പതിനുമുള്ളിലെ ദൈര്‍ഘ്യവും വൈകീട്ട് നാലിനും അഞ്ചിനുമുള്ളിലെ ദൈര്‍ഘ്യവും തമ്മില്‍ സാരമായ അന്തരമുണ്ട്.

ഓഫീസിലെ പഴഞ്ചന്‍ മേശക്കും കരയുന്ന കസേരക്കുമിടയില്‍ കുടുങ്ങിയ ശരീരം. കനത്ത ചുമരുകള്‍ക്കുള്ളില്‍ ചുടുകാറ്റ് പൊഴിക്കുന്ന ഫാനിന്റെ ശീല്‍ക്കാരം.  അതിനുപരി, ജനങ്ങളുടെ പരാതികളും ക്രോധങ്ങളും മനസ്സിന് നല്‍കുന്ന സംഘര്‍ഷം.....

അയാളുടെ ദൃഷ്ടികള്‍ വീണ്ടും ചുമരിലെ ക്ലോക്കിലേക്ക് പാഞ്ഞു. മുടന്തിനീങ്ങുന്ന സൂചികളെ അയാള്‍ പ്രാകി. അടുത്തിടെയായി അയാളങ്ങനെയാണ് . എന്തിനോടൊക്കെയോ ഉള്ള ആര്‍ത്തി അയാളുടെ ഭാവചലനങ്ങളില്‍നിന്നൂഹിച്ചെടുക്കാനാവും. അത് അനിയന്ത്രിതവും അബോധവുമായ ചലനങ്ങളില്‍ ആവാഹിക്കപ്പെട്ടിട്ടുണ്ട്.

ക്ലോക്കില്‍ അഞ്ചുമണിയുടെ അടയാളമറിയിക്കുന്ന ആദ്യത്തെ മുഴക്കത്തില്‍തന്നെ അയാളെ ഏതോ ശക്തി കസേരയില്‍നിന്നുയര്‍ത്തി. വേഗം ഓഫീസില്‍നിന്നിറങ്ങി . കോണിപ്പടികളെ ചവിട്ടിമെതിച്ചു. ബൈക്കിന്റെ ചക്രത്തിനും ആലസ്യം ബാധിച്ചതായി അയാള്‍ക്ക്‌ തോന്നി. ആക്സിലേറ്ററിനെ എഞ്ചിന്‍ വേണ്ടത്ര ഗൌനിക്കാത്ത പോലെയും.    ഓവര്‍ടേക്ക് ചെയ്യാന്‍ മറ്റു വാഹനങ്ങള്‍ തടസ്സമായപ്പോഴും സിഗ്നലുകള്‍ തന്റെനേര്‍ക്ക്‌ ചുവപ്പെറിഞ്ഞപ്പോഴും അയാള്‍ പിറുപിറുത്തു. അഞ്ചരമണിക്ക് ടീവിയിലെ സീരിയലിന്റെ അവസാന എപ്പിസോഡിന്റെ ഉദ്യോഗജനകമാകാവുന്ന പരിസമാപ്തിയെക്കുറിച്ചുള്ള ചിന്ത അയാളുടെ തലച്ചോറില്‍ നുരഞ്ഞുപൊങ്ങി. കഴിഞ്ഞ മുപ്പത്തിഒന്‍പത് എപ്പിസോഡിന്റെ രത്നച്ചുരുക്കം സെക്കന്റുകള്‍ക്കുള്ളില്‍ അയാളുടെ മനസ്സിന്റെ തിരശീലയില്‍ അതിവേഗം മിന്നിമറഞ്ഞു. ഇനി ക്ലൈമാക്സ് എങ്ങനെയിരിക്കും? ട്രാജഡിയോ കോമഡിയോ? അയാള്‍ വിലയിരുത്താന്‍ ശ്രമിച്ചു. 'രക്തപുഷ്പ'മെന്ന ആ സീരിയല്‍ ഇത്രപെട്ടെന്ന് അവസാനിക്കുന്നതില്‍ അയാള്‍ക്ക്‌ കുണ്‍ഠിതം തോന്നി. അതിലെ രാധയുടെ സൌന്ദര്യവും നായകന്‍റെ സംഭാഷണചാതുരിയും മനസ്സില്‍നിന്ന് വിട്ടകലുന്നില്ല.

അയാള്‍ വാച്ചിലേക്ക് നോക്കി. സമയത്തിന്റെ പക്ഷപാതപരമായ പെരുമാറ്റം അയാളെ അസ്വസ്ഥനാക്കി. പതിനഞ്ചു മിനിറ്റ് എത്ര പെട്ടെന്നാണ് വിഴുങ്ങിത്തീര്‍ത്തത്! ആക്സിലേറ്ററില്‍ അയാള്‍ ഒന്നുകൂടി പിടിമുറുക്കി. കൂടുതല്‍ പുകതുപ്പിക്കൊണ്ട് ബൈക്ക്‌ കുതിച്ചു.
**************
"ശല്യം.. കേറിവരാന്‍കണ്ട നേരം.. ക്ലൈമാക്സില്‍തന്നെയാണ് ആരുടെയോ എഴുന്നള്ളത്ത് ..." 
തന്റെ സ്വച്ഛതയിലേക്ക് മണല്‍വാരിയെറിയാന്‍വന്ന ആഗതനെ ദേവകി മനസ്സാ ശപിച്ചു. 
"മോളേ...ആരാ വന്നെന്നുപോയി നോക്കിക്കേ...."
അവള്‍ പിന്നെയും കഥയുടെ അവസാന രംഗങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. വരാന്തയില്‍നിന്നുള്ള മകളുടെ അലര്‍ച്ച ടീവിയിലെ പശ്ചാത്തലസംഗീതത്തില്‍ അലിഞ്ഞില്ലാതായി.  നടുറോഡില്‍ രക്തപുഷ്പം വിരിയിച്ച് ഭര്‍ത്താവ് യാത്രയായത് അറിയാതെ അന്നേരം, 'രക്തപുഷ്പ' ത്തിലെ തന്റെ ഇഷ്ടനായകന് ബൈക്കപകടത്തില്‍ ജീവാപായം സംഭവിച്ചുള്ള കഥാന്ത്യം കണ്ടു ദേവകി കണ്ണീര്‍ പൊഴിക്കുകയായിരുന്നു.

February 23, 2011

തിരിച്ചറിവ്



ഓര്‍മ്മ വച്ചതുമുതല്‍ ഒരു രോഗിയെയും അയാള്‍ സന്ദര്‍ശിച്ചിട്ടില്ല. മനസംഘര്‍ഷമുണ്ടാകുമായിരുന്നു അയാള്‍ക്ക്‌ !
ഒരു മരണവീട്ടിലും പോകാറില്ല.അതീവഭയമായിരുന്നു അയാള്‍ക്ക്‌!!
ശവസംസ്‌കാരച്ചടങ്ങുകളില്‍ ഇതുവരെ പങ്കെടുത്തിട്ടേയില്ല.ദുസ്വപ്നം കാണുമെന്ന ഭീതിയായിരുന്നു എപ്പോഴും !!!
എന്നിട്ട് ???
ഒരപകടത്തില്‍പെട്ട് പൊടുന്നനെ ആസ്പത്രിയില്‍ കിടന്നപ്പോള്‍ ഒരുത്തനും അയാളെ സന്ദര്‍ശിച്ചില്ല. അപ്പോള്‍ താന്‍ ശരിക്കും ആരാണെന്ന് രോഗാവസ്ഥ അയാളെ പഠിപ്പിച്ചു.
ജീവനറ്റ്‌ അനാഥശവമായി മോര്‍ച്ചറിയില്‍ ദിവസങ്ങള്‍ കിടന്നിട്ടും ഒരുത്തനും അയാളെ തിരിഞ്ഞുനോക്കിയില്ല. ഭയമെല്ലാം ഫ്രീസറിനുള്ളില്‍ അയാളോടൊപ്പം മരവിച്ചുപോയിരുന്നു.

January 6, 2011

ഓട്ടം





ചെറുപ്പം മുതല്‍ തുടങ്ങിയ ഓട്ടമാണ്.
കളിക്കൂട്ടുകാരോടൊപ്പം മുറ്റത്തും പറമ്പിലും...
പിന്നെ വിദ്യാലയത്തിലേക്ക് .
അതുകഴിഞ്ഞ്... ഒരു ജോലി തരപ്പെടുത്താന്‍ വേണ്ടി .
ശേഷം...നിലനില്പിന്നായുള്ള നിലക്കാത്ത ഓട്ടമായിരുന്നു.
പിന്നീട്..  മറ്റുള്ളവരെ മറികടക്കാനുള്ള  മല്‍സര ഓട്ടത്തിലും..
എന്നും തിരക്കോടു തിരക്ക്!! തിരക്കുപിടിച്ച ഈ ഓട്ടത്തിനിടയില്‍ പലപ്പോഴും തോന്നിയിട്ടുണ്ട് , അല്പം വിശ്രമിച്ചാലെന്ന് .
സ്വസ്ഥമായൊന്നു  നടക്കാനും നില്‍ക്കാനും ഇരിക്കാനും കിടക്കാനും കഴിഞ്ഞെങ്കിലെന്ന് . പക്ഷെ ഒന്നും നടന്നില്ല.
എന്നാല്‍ ഇപ്പോഴിതാ ആഗ്രഹം നിറവേറിയിരിക്കുന്നു! ഞാനിപ്പോള്‍ ശരിക്കും കിടപ്പിലാണ്. ശ്വാസം വിടാനാകാതെ....ശബ്ദിക്കാനാകാതെ ...ഒന്നനങ്ങാന്‍ പോലുമാകാതെ......
ദൈവമേ.....
ഞാനെങ്ങോട്ടായിരുന്നു ഇതുവരെ നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നത് ?
തിരക്കൊട്ടുമില്ലാത്ത ശവക്കുഴിയിലേക്കോ....?

December 1, 2010

തിരക്ക്‌

ഊണിലും ഉറക്കിലും
രാവിലും രതിയിലും
ഒരേ ഒരു ചിന്തയായിരു‍ന്നു അയാളുടെ ഉള്ളില്‍ .
തന്‍റെ സാമ്രാജ്യം വികസിപ്പിക്കുക!
എകമകളുടെ പേരില്‍ പണികഴിപ്പിച്ച പഞ്ചനക്ഷത്രആശുപത്രിയുടെ ഉദ്ഘാടനദിവസം അത്യാഹിത വിഭാഗത്തില്‍ ആദ്യരോഗിയായി  തന്‍റെ മകള്‍തന്നെ ആകേണ്ടിവന്നത്  വിധിവൈപരീത്യം ആയിരിക്കാം.
അന്നാദ്യമായി അയാള്‍ തന്‍റെ മകളേക്കുറിച്ചോര്‍ത്തു .
തന്നെക്കുറിച്ചും !

November 6, 2010

വോട്ട്


( 28/10/ 1999- നു ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്).
 വൃദ്ധസദനത്തിലെ ദ്രവിച്ച മരബഞ്ചിലിരുന്ന് അന്നത്തെ ദിനപത്രത്തില്‍ കണ്ണോടിക്കവേ ആ ഫോട്ടോയില്‍ അയാളുടെ കണ്ണുകളുടക്കി .  ചുളിവുകള്‍ വീണ നെറ്റിത്തടത്തില്‍ കൈവച്ച് ഒന്നുകൂടി അതില്‍ സൂക്ഷിച്ചുനോക്കി. കുഴിഞ്ഞ കണ്ണുകള്‍ വിടര്‍ന്നു. നിറഞ്ഞ ചിരിയോടെ ഒരു പടുവൃദ്ധനെ കെട്ടിപ്പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്തു നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി . തന്റെ ഒരേ ഒരു മകന്‍, കുഞ്ഞിരാമന്‍!! വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കു മുന്നില്‍ അയാള്‍ അഭിമാനത്തോടെ ആ ഫോട്ടോയും വാര്‍ത്തയും പ്രദര്‍ശിപ്പിച്ചു.
" കുഞ്ഞിരാമാ.. നീയ്‌ വല്യോനാവൂന്ന് എനിക്കറിയാം. പക്ഷെ അച്ഛന്‍റെ വോട്ട് നിനക്കല്ല"   അയാള്‍ ആത്മഗതം ചെയ്തു.

October 31, 2010

പോണില്ലേ..


"കുറെ നേരമായല്ലോ തലേം കുത്തിനില്‍ക്കാന്‍ തുടങ്ങിയിട്ട് .. പോണില്ലേ?"
വെളിച്ചം കാണുന്നതിനു മുന്‍പ്‌ നിങ്ങളിങ്ങനെ ഒരശരീരി കേട്ടിരുന്നോ ?

അതിനു ശേഷം മാതാപിതാക്കള്‍ കണ്ണുരുട്ടി ഇങ്ങനെ ചോദിച്ചില്ലേ?-
" ഡാ ... മടിയാ . സ്കൂളില്‍ പോണില്ലേ?"

പിന്നീട് ഭാര്യ കയ്യുയര്‍ത്തി ഇങ്ങനെ ചോദിച്ചിരിക്കും-
"ദേ..മനുഷ്യാ  ജോലിക്ക് പോണില്ലേ?"

ഇതിനിടെ വാക്കില്‍ തേന്‍ പുരട്ടി ബന്ധുക്കള്‍ ചോദിക്കും-
"ഇങ്ങനെ നടന്നിട്ടെന്താകാനാ? ഗള്‍ഫിലൊന്നും പോണില്ലേ ?"

ഗള്‍ഫില്‍നിന്ന് ലീവിന് നാട്ടിലെത്തിയാല്‍ നാട്ടുകാര്‍ പിടിച്ചുനിര്‍ത്തി ചോദിക്കും -
"എത്രയുണ്ട് ലീവ്? അതോ തിരിച്ചു പോണില്ലേ?"

അവസാനം,
ധനികനായി മരിക്കാന്‍ വേണ്ടി ദരിദ്രനായി ജീവിച്ച് , സായംസന്ധ്യയില്‍ വിറച്ചുകൊണ്ട് അറച്ചുനില്‍ക്കുമ്പോള്‍ മക്കള്‍ നാവില്‍ വിഷം പുരട്ടി ഇങ്ങനെ ചോദിച്ചേക്കാം-
"മനുഷ്യരെ മെനക്കെടുത്താന്‍..........ഇതങ്ങോട്ട് പോണില്ലേ?"

October 23, 2010

ചിലന്തി (റീപോസ്റ്റ് )


01/ 04/1999 - നു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്.

ഞാനൊരു ചിലന്തിയാകുന്നു. അപൂര്‍വ്വ ജനുസ്സില്‍ പെട്ടതൊന്നുമല്ല .... ചെറുതും വലുതുമായ അനേകം ജീവികളെ വലവീശിപ്പിടിച്ച് ചോരയൂറ്റിക്കുടിച്ച ഊര്‍ജ്ജവുമായി ഞാനൊരു വീട് പണിതു. അതീവമനോഹരമായ വലിയ വീട്! 
വഴിതെറ്റി വീടണയുന്ന ജീവികളെ സൂത്രത്തില്‍ കെണിയില്‍പെടുത്തി  എന്റെ അനേകം മക്കളുമായി ഞാന്‍ പങ്കുവച്ചു. 
 മക്കള്‍ സ്വയംപര്യാപ്തരായപ്പോള്‍ ഇരതേടുന്നതിനായി ഞാനവരെ വീടിന്‍റെ ഓരോ ഭാഗത്തായി നിര്‍ത്തി. 
എന്നാല്‍ ഇരയെ വലവീശിപ്പിടിക്കുന്നതില്‍ എന്നെപ്പോലെ സാമര്‍ഥ്യം അവര്‍ക്കില്ലായിരുന്നു. 
രണ്ടുനാള്‍ പട്ടിണികിടന്നപ്പോള്‍ നിര്‍ദ്ദയം അവരെന്നെ പിടികൂടി ചോരയൂറ്റിക്കുടിച്ചു വലിച്ചെറിഞ്ഞു.

June 30, 2010

തിളങ്ങുന്ന ഇന്ത്യ !!


ചെറ്റക്കുടിലിന്‍ മുറ്റത്ത്‌ കീറപ്പായയില്‍, വിയര്‍പ്പുമണമുള്ള അമ്മയുടെ മടിയില്‍ തലചായ്ച്ചു കിടക്കേ അവന്‍റെ മുടിയിഴകളില്‍ തലോടിക്കൊണ്ടു അമ്മ ചോദിച്ചു -

"മോന് നല്ലോണം വിശക്കുന്നുണ്ടല്ലേ? അച്ചനിപ്പോ വരും, വല്ലതും കൊണ്ടുവരും..."

മേലെ തിളങ്ങുന്ന പൂര്‍ണ്ണചന്ദ്രന്‍റെ വെളിച്ചത്തില്‍ അമ്മയുടെ വിളര്‍ച്ചയുള്ള മുഖവും തളര്‍ച്ചയുള്ള കൈകളും മകന്‍ ശ്രദ്ധിച്ചു.

"രാവിലെ മുതല്‍ അമ്മയും ഒന്നും കഴിച്ചില്ലല്ലോ?"

കുഴിഞ്ഞോട്ടിയ അമ്മയുടെ വയര്‍ തടവി മകന്‍ സങ്കടപ്പെട്ടു .

"എന്തിനാണമ്മേ നിങ്ങള്‍ നിലമുഴാന്‍ പോകുന്നത്? അതൊക്കെ യന്ത്രവും മൃഗവും ചെയ്യുന്ന ജോലിയല്ലേ?"

"യന്ത്രങ്ങളും മൃഗങ്ങളും നമ്മെക്കാള്‍ വിലപിടിച്ചതാ മോനേ... കൂടാതെ, അവയ്ക്ക്‌ വേണ്ട ഇന്ധനത്തിനും തീറ്റയ്ക്കും ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാ. മനുഷ്യരാണ് എന്തുകൊണ്ടും മുതലാളിമാര്‍ക്കു ലാഭം!!"

" ഇന്ത്യ തിളങ്ങുന്നു എന്ന് പറഞ്ഞാല്‍ എന്താണമ്മേ..?"

" സൂര്യരശ്മിയേറ്റ് നമ്മുടെ വിയര്‍പ്പ് തിളങ്ങുന്നതാവാം"

" അപ്പോള്‍ ചന്ദ്രനോ? "

"മേലേ നീ കാണുന്ന ചന്ദ്രനല്ല ; നമ്മുടെ MLA ചന്ദ്രനാണ് ശരിക്കും തിളങ്ങുന്നത്! അദ്ധേഹത്തിന്റെ പുതിയ ബംഗ്ലാവിന്‍റെ ഉദ്ഘാടനം പ്രമാണിച്ച് നാളെ നാട്ടുകാര്‍ക്ക് പായസവിതരണം ഉണ്ടെന്നാ കേള്‍വി! നമുക്കു പോകണം.."
...............................
നിലാവെളിച്ചത്തിന്‍റെ പ്രഭയില്‍, പായസത്തിന്റെ മധുരമുള്ള പ്രതീക്ഷയില്‍ അവന്‍ തളര്‍ന്നുറങ്ങി. പിറ്റേന്ന്, അതുവരെ തിരിച്ചെത്താത്ത അച്ഛനു പകരം അമ്മയുടെ കൂടെ നുകത്തില്‍ ഒരു കാളയായി അവനും................

May 31, 2010

സഖി (റീ പോസ്റ്റ്‌)


( 24-5-2001 നു ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചത്)

രണ്ടു ദിവസമായി ആകാശം കരഞ്ഞുകൊണ്ടിരിക്കുന്നു. ഒപ്പം ഞാനും.  മഴവെള്ളം എന്‍റെ കണ്ണുനീരില്‍ കലരാതെ മാറിനിന്നു. മധുരമധുമയഗാനം പോലെ ഒഴുകിയിരുന്ന എന്‍റെ ദിനങ്ങളെ മദ്യത്തിന്റെയും കണ്ണുനീരിന്റെയും ഇടയില്‍ കുരുക്കിയതാര്?

ഋതുഭേദങ്ങള്‍ക്കൊപ്പം മാറുന്ന മനവുമായി ജീവിതയാത്രയില്‍ എന്നെ അനുഗമിച്ചവള്‍ പുതുമേച്ചില്‍പ്പാടം തേടിയപ്പോള്‍, ദൈവദത്തവും അനുഗ്രഹീതവുമായ മാതൃത്വം പൈശാചികത പൂണ്ട് രണ്ടു പൂമൊട്ടുകളെ കശക്കിയെറിഞ്ഞപ്പോള്‍, എനിക്കൊരു നവസഖിയെ കൂട്ടിനു ലഭിച്ചു. കരളേയെന്നു എന്നെ വിളിച്ചിരുന്ന പഴയ കൂട്ടുകാരിക്ക് പകരം കരളിനെ കാര്‍ന്നുതിന്നുന്ന പുതിയ കൂട്ടുകാരി.

സ്വസ്ഥതയുടെ തീരത്ത് അശാന്തിയുടെ വിത്തു മുളച്ചു തഴച്ചുവളരുമ്പോള്‍ എന്നെ എന്‍റെ നവസഖി പൂര്‍വ്വാധികം ഗാഢമായി ആലിംഗനം ചെയ്തുകൊണ്ടിരുന്നു.

മാനത്തെ നക്ഷത്രങ്ങളിലൊരുവനായി ഞാന്‍ മാറിക്കൊണ്ടിരിക്കുന്നത് വൈകാതെ ഞാന്‍ അറിഞ്ഞു. ആരാച്ചാരുടെ കൊലച്ചിരി ആകാശത്തു മുഴങ്ങിയപ്പോള്‍ അതൊരു സ്ത്രീശബ്ദമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

മങ്ങിക്കൊണ്ടിരിക്കുന്ന അവസാനവെളിച്ചത്തില്‍ കണ്ണുനീരിന്റെ നനവില്ലാത്ത നാല് കൊച്ചുകണ്ണുകള്‍ എന്നെ തുറിച്ചുനോക്കുന്നത് ഞാന്‍ കണ്ടു.

May 23, 2010

വരവ്, ചെലവ്..


സുനന്ദയും നന്ദനയും അയാള്‍ക്ക്‌ ഏറ്റവും വേണ്ടപ്പെട്ടവര്‍. അവര്‍ക്ക് തിരിച്ചും. പേരില്‍മാത്രമല്ല; മറ്റു പലതിലും അവര്‍ക്കിടയില്‍ സാമ്യമുണ്ട്. ആരോഗ്യവതികള്‍, പൂര്‍ണ്ണ ഗര്‍ഭിണികള്‍ , രണ്ടു പേര്ക്കും മൂന്നാംപ്രസവവും .


എന്നാല്‍ നന്ദന മാത്രം പ്രസവം ആസ്പത്രിയില്‍ വേണമെന്ന് ആഗ്രഹിച്ചു.

സുനന്ദ പ്രസവിച്ചു. നല്ല ആരോഗ്യവും സൌന്ദര്യവുമുള്ള ഇരട്ട പെണ്‍കുട്ടികള്‍ ‍! ആഹ്ലാദത്താല്‍ അയാള്‍ തുള്ളിച്ചാടി. അമ്മയുടെയും മക്കളുടെയും മൂര്‍ദ്ധാവില്‍ തലോടി, ചുംബിച്ചു.

വൈകാതെ അയാള്‍ ആസ്പത്രിയിലേക്ക് തിരിച്ചു. അല്പസമയത്തിനു ശേഷം നന്ദനയും പ്രസവിച്ചു. അത്ഭുതം! അവള്ക്കും ആരോഗ്യവും സൌന്ദര്യവുമുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ തന്നെ! എന്നാല്‍, പൊടുന്നനെ അയാളുടെ മുഖം വാടി. ചിരി മാഞ്ഞുപോയി. വിളര്‍ച്ചയോടെ അയാളൊരിടത്ത് തളര്‍ന്ന് ഇരുന്നു.

എല്ലാം പെണ്‍കുട്ടികള്‍ ആയിരുന്നുവെങ്കിലും നന്ദന പ്രസവിച്ചത് മനുഷ്യക്കുഞ്ഞുങ്ങളെ ആയിരുന്നു.

സുനന്ദയോ പശുക്കുഞ്ഞുങ്ങളെയും....

March 2, 2010

ഹര്‍ത്താല്‍..


ഇന്ന് ഹര്‍ത്താല്‍..
ഉത്സവമില്ലാത്ത ആഘോഷദിനം
വാഹനങ്ങള്‍ക്ക് വിശ്രമദിനം
ടെലിവിഷനുകള്‍ക്ക് ജോലിഭാരമുള്ള ദിനം
വീടുകളില്‍ കുപ്പികളുടെ എണ്ണം കൂടുന്ന ദിനം!

ഭൂമി കുലുങ്ങിയാലും നേരത്തെ ഉണരാത്ത നേതാവും അനുയായികളും അന്ന് അതിരാവിലെ തന്നെ റോഡില്‍ ഹാജരായി.
റോഡ്‌ നിറയെ വ്രണങ്ങള്‍ നിറഞ്ഞു ക്ഷയിച്ചതാണെങ്കിലും അതിനെ,  വലിയ പാറക്കഷ്ണങ്ങളും മരത്തടികളും ടയറുകളും കൊണ്ട് പരമാവധി ദൂരം ആഭരങ്ങളണിയിച്ചു സുന്ദരിയാക്കുന്നതില്‍ അവര്‍ വിജയിച്ചു. തുടര്‍ന്ന് കൈകളില്‍ നീളന്‍ വടികളും അതിനറ്റത്ത്‌ കൊടികളുമായി, ഇരയെ തേടുന്ന ചിലന്തികളെപ്പോലെ ക്ഷമയോടെ അവര്‍ ആരെയൊക്കെയോ കാത്തുനിന്നു.
  ഊടുവഴിയിലൂടെ കടന്നുവന്നു രക്ഷപ്പെടാന്‍ നോക്കിയ ഒരു പുത്തന്‍ കാറിനെ കണ്ടമാത്രയില്‍ ആക്രോശത്തോടെ അവര്‍ ചാടിവീണു. കൊടികെട്ടിയവടികള്‍ ഉയര്‍ന്നുതാണു.നിമിഷാര്‍ദ്ധത്തില്‍ കാറിന്റെ ചില്ലുകളില്‍ ചിലന്തിവലകള്‍ പ്രത്യക്ഷപ്പെട്ടു. ടയറുകളില്‍ നിന്നും ശീല്‍ക്കാരം ഉയര്‍ന്നു. ഇരയെ പിടിച്ച ചിലന്തിയുടെ സംതൃപ്തിയോടെ അവര്‍ അടുത്ത ഇരയ്ക്കായി കാത്തുനിന്നു.
പൊടുന്നനെ......
നേതാവിനൊരു വല്ലായ്മ ! നെഞ്ചിനകത്തൊരു ഉത്സവം! തുടര്‍ന്ന് ഹര്‍ത്താല്‍! 
റോഡില്‍ കുഴഞ്ഞു വീണ നേതാവിനെ ആശുപത്രിയിലേക്കെടുക്കാന്‍ ഒരു വാഹനത്തിനു വേണ്ടി അനുയായികള്‍ പരക്കം പാഞ്ഞു. മണിക്കൂറുകളോളം.. എന്നാല്‍ അതിനകം തന്നെ ഹര്‍ത്താല്‍ 'ബന്ദ് ' ആയിക്കഴിഞ്ഞിരുന്നു!

നോട്ടീസ്: പ്രിയ നേതാവിന്റെ വിയോഗത്തില്‍ ദുഃഖസൂചകമായി നാളെ 'ഹര്‍ത്താല്‍' ആചരിക്കുന്നതാണ്. അനുശോചനസന്ദേശം (കമന്റ്) രേഖപ്പെടുത്താന്‍ താഴെ സൗകര്യം ചെയ്തിട്ടുണ്ട് . എല്ലാവരും അത് ഉപയോഗപ്പെടുത്തുമെന്നു കരുതുന്നു.

February 17, 2010

വിലാപം..

Ur

അഞ്ചു സെന്റ്‌ ഭൂമിയിലെ ഓടിട്ട ആ കൊച്ചു വീടിനു മുന്‍പില്‍ ആംബുലന്‍സ്‌ വന്നു നിന്നു . ആത്മാഹുതി ചെയ്ത ദമ്പതികളുടെ മൃതദേഹങ്ങള്‍ മുറ്റത്ത് പൊതു ദര്‍ശനത്തിനു വച്ചു. ആ വീടും അതിലെ ടീവിയും റെഫ്രിജറേറ്ററും അലക്കുയന്ത്രവും കംബ്യൂട്ടറും ബൈക്കുമെല്ലാം തങ്ങളുടെ അടുത്ത യജമാനന്മാര്‍ ആരായിരിക്കും എന്ന ചിന്തയിലാണ്ടു.
ജീവനറ്റ ഭര്‍ത്താവിന്റെ കണ്ണുകള്‍ പാതിയടഞ്ഞു ദുഖസാന്ദ്രമായിരുന്നു!!
ഒപ്പം കിടത്തിയ ഭാര്യയുടെ കണ്ണുകള്‍ അപ്പോള്‍ അടുത്ത വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിന്റെ നേര്‍ക്കായിരുന്നു!!

പുലിവാല്‍ക്കഷണം:    പുരുഷന്‍ നഷ്ടപ്പെട്ടതിനെ ചൊല്ലി വിലപിക്കുന്നു, സ്ത്രീ കിട്ടാത്തതിനെ ചൊല്ലി വിലപിക്കുന്നു. ( ഇന്ഗ്ലീഷ് പഴമൊഴി)