April 30, 2015

ചക്കയും അടയ്ക്കയും .... (രണ്ടാം ഭാഗം)

 ആദ്യഭാഗം ഇവിടെ അമര്‍ത്തി വായിക്കാം :
ചുറ്റുവട്ടവും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി  ഉടുമുണ്ട് മെല്ലെ പൊക്കി വകഞ്ഞുമാറ്റിനോക്കിയ ഞാന്‍ ഞെട്ടിപ്പോയി !!! തുടകള്‍ക്കിടയിലും സമീപപ്രദേശത്തുമുള്ള  തൊലി മുഴുവന്‍ കവുങ്ങ് കവര്‍ന്നെടുത്തിരിക്കുന്നു!! ചോരയോലിക്കുന്നില്ലെങ്കിലും അവിടമാകെ രക്തവര്‍ണ്ണമായിട്ടുണ്ട് ! നീറ്റല്‍ സഹിക്കവയ്യാതെ കാലുകള്‍ പിണച്ചുവച്ചു ചുണ്ടുകള്‍ കടിച്ചുപിടിച്ചു ഞാനിരുന്നു.   ഉടനെ എന്തെങ്കിലും മരുന്ന് പുരട്ടിയില്ലെങ്കില്‍ പണികിട്ടുമെന്ന ഭീതിയില്‍ ഉമ്മ അറിയാതെ മെല്ലെ എളാപ്പാന്‍റെ മുറിയില്‍ കയറി OLD SPICE
എന്നെഴുതിയ ആഫ്റ്റര്‍ ഷേവ് കൈക്കലാക്കി മൂടി തുറന്നു മെല്ലെ കയ്യിലേക്ക് കമഴ്ത്തി ഒരൊറ്റ തടവല്‍ .......
"ന്‍റെമ്മോ ...." 
ഞാനറിയാതെ ഉയര്‍ന്ന എന്‍റെ അലര്‍ച്ച കേട്ട് ഉമ്മ ഓടിവന്നു. കാലില്‍ പെയിന്‍റ് പോയത്കണ്ടു അന്തംവിട്ട അവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ചക്കയുടെ കാര്യം മറച്ചുവച്ച്  ഞാന്‍ അടയ്ക്കയുടെയും സൈക്കിളിന്‍റെയും കാര്യം പറഞ്ഞു. പക്ഷെ എല്ലാം കേട്ടശേഷം ഉമ്മാക്കറിയേണ്ടത് മറ്റൊന്നായിരുന്നു .
" ഏതു പാമ്പായിരുന്നെടാ അത് ?  " 
അല്ലേലും ചിലരങ്ങനാ .. ഇവിടെ പ്രാണവേദന .. ഉമ്മാക്ക് വീണ വായന! (പക്ഷെ അതൊക്കെ നമ്മുടെ വേദന അകറ്റാനുള്ള ചില സൂത്രപ്പണികള്‍ ആണെന്ന് മനസ്സിലായത്‌ വളരെ കഴിഞ്ഞാണ്). 
" അന്നേരത്ത്‌ പാമ്പിനോട് പേരും ജാതിയൊന്നും ചോദിയ്ക്കാന്‍ നേരം കിട്ടീല മ്മാ ..." എന്ന് എനിക്ക് കഴിയുമ്പോലെ ഞാനും മറുപടി കൊടുത്തു. 
"സാരല്ലടാ.. ഒരു നല്ല കാര്യത്തിനല്ലേ ..കുറച്ചു ബുദ്ധിമുട്ട് സഹിക്കുന്നത് നല്ലതാ.."  എന്നും പറഞ്ഞു പുറത്തൊന്നു തട്ടി സമാധാനിപ്പിച്ചു ഉമ്മ അവരുടെ പണിക്കുപോയി.  അവര്‍ എനിക്കിട്ടൊന്നു താങ്ങി പറഞ്ഞതാണെന്ന് എനിക്കറിയാമായിരുന്നെങ്കിലും നീറ്റല്‍ സഹിച്ചു പല്ലുകള്‍ ഇറുക്കിപ്പിടിച്ച് ജനലിലൂടെ പുറത്തേക്കു നോക്കി. ആ കശ്മലന്‍ കവുങ്ങ് എന്നെ നോക്കി തലയാട്ടി പരിഹസിച്ചു ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. 

(ഇതേ കവുങ്ങ് മൂന്നാല് കൊല്ലം കഴിഞ്ഞും എനിക്കിട്ടു പണി തന്നിട്ടുണ്ട്. വയസായി തലയൊക്കെ പോയി ഉണങ്ങി വടിയായി കുത്തനെ നില്‍ക്കുന്ന ഇത് വീടിനുമുകളില്‍ വീഴുമോയെന്ന ഭയത്തിലായിരുന്നു ഞങ്ങള്‍. താഴെ കോടാലി കൊണ്ട് വെട്ടിയാല്‍ ഒന്നുകില്‍ വീട് , അല്ലെങ്കില്‍ കിണര്‍, അതുമല്ലെങ്കില്‍ തൊഴുത്ത് .. ഇതില്‍ ഏതെങ്കിലുമൊന്നിനുമീതെ വീഴാന്‍ സാധ്യത കൂടുതലാണ്. അപ്പോഴാണ്‌ മൂത്ത പെങ്ങള്‍ ഒരു ഐഡിയ പറഞ്ഞത്. കവുങ്ങില്‍ കയറി ഒരു കയറിന്‍റെ അറ്റം  ഉച്ചിയില്‍ കെട്ടി താഴെയിറങ്ങിയശേഷം നാമുദ്ദേശിക്കുന്ന സ്ഥലത്തേക്ക് കയറിന്‍റെ മറ്റേ അറ്റം  വലിച്ച് കടയ്ക്കു വെട്ടിവീഴ്ത്താം. അതുപ്രകാരം ഞാന്‍ ഒരു കയറുമായി മേലെ കയറാന്‍ തുടങ്ങി. പാമ്പ്കടിയേറ്റവന്‍ കയറുകണ്ടാലും പേടിക്കും എന്ന് പറയുംപോലെ, കവുങ്ങില്‍ വല്ല പാമ്പോ പഴുതാരയോ ഉറുമ്പോ ഉണ്ടോ എന്ന് ശ്രദ്ധിച്ചായിരുന്നു എന്‍റെ കയറ്റം. ഉച്ചിയിലെത്തി കയറുകെട്ടാനൊരുങ്ങിയപ്പോള്‍ ഒരു നിമിഷം .....ഞാനും കവുങ്ങും ഒന്നാടിയുലഞ്ഞു .. ശേഷം രണ്ടുപേരും കൂടി ഒന്നിച്ച് ഓലമേഞ്ഞ തൊഴുത്തിന് മീതെ വന്നുവീണു! ഭാഗ്യത്തിന് എനിക്കൊന്നും പറ്റിയില്ല. പക്ഷെ ഉരുണ്ടുപിരണ്ടുവീണത് താഴെ ചാണകക്കുഴിയിലാണെന്നുമാത്രം!! കുറെ കാലം എന്നെ ചാണകം മണത്തിരുന്നു എന്ന് പെങ്ങള്‍ കളിയാക്കാറുണ്ട്).

കാലിലെ വേദനയ്ക്ക് അല്പമൊരു ശമനം കിട്ടിയപ്പോള്‍ മെല്ലെ എഴുന്നേറ്റ് വീടിന്‍റെ ഇറയത്തു തിരുകിവച്ചിരുന്ന 'ഗണപതി ചെട്ട്യാര്‍ വസ്ത്രാലയം' എന്നെഴുതിയ തുണിസഞ്ചിയുമെടുത്ത്‌ കവുങ്ങിന് താഴെവീണുകിടന്ന അടയ്ക്ക മുഴുവന്‍ പെറുക്കിയിട്ടു.
അപ്പോഴും എന്നോട് പ്രതികാരം ചെയ്യാന്‍ ആ പാമ്പ് എങ്ങാനും ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കാനും മറന്നില്ല. എപ്പോഴും ചാര്‍ളി ചാപ്ലിനെ പോലെ വേഗതയില്‍ നടക്കാറുള്ള ഞാന്‍ ഒരു സഞ്ചീം പിടിച്ചു പതിവില്ലാതെ കാലുകള്‍ അല്പം അകറ്റിവച്ച് തവളയെപ്പോലെ അങ്ങാടിയില്‍ പോകുന്നത്കണ്ട് പലരും തിരിഞ്ഞുനോക്കി. പക്ഷെ എന്‍റെ മനസ്സുമുഴുവന്‍ അന്ത്രുവിന്‍റെ സൈക്കിളായിരുന്നു. അതാരും വാടകയ്ക്ക് കൊണ്ടുപോകരുതേയെന്ന പ്രാര്‍ത്ഥനയായിരുന്നു.

നാണുവിന്‍റെ ഈശ്വരവിലാസത്തില്‍ തിരക്ക് കുറവായിരുന്നു. ന്യൂസ്പേപ്പര്‍ വെട്ടിയെടുത്ത്  മൈദപ്പശപുരട്ടി കവറുകള്‍ ഉണ്ടാക്കുകയായിരുന്ന നാണു എന്‍റെ മുരടനക്കം കേട്ട് തലതാഴ്ത്തി കണ്ണടയ്ക്കു മുകളിലൂടെ തുറിച്ചുനോക്കി.
"നാണ്വെട്ടാ.... ദാ ..നല്ല കാമ്പുള്ള അടയ്ക്ക" 
നാണുവിന്‍റെ മുഖം വികസിച്ചു. അതിനര്‍ത്ഥം അങ്ങേര്‍ക്കു അടയ്ക്ക വളരെ അത്യാവശ്യമായിരുന്നു എന്നാണു. സ്വര്‍ണ്ണത്തിന്‍റെ മാറ്റുനോക്കുന്ന തട്ടാനേക്കാള്‍ സൂക്ഷമതയോടെ ഓരോ അടയ്ക്കയും പരിശോധിച്ച് വാങ്ങിയ ശേഷം അതിന്‍റെ വിലയായി രണ്ടു രൂപയും നാലണയും തന്ന് അങ്ങേര്‍ പൂര്‍വജോലിയില്‍ മുഴുകി. സന്തോഷത്തോടെ അന്ത്രുവിന്‍റെ കടയിലേക്കോടാന്‍ തുനിഞ്ഞ എന്നെ നാണു തിരിച്ചുവിളിച്ചു. കടയില്‍ തൂങ്ങിയിരുന്ന റോബസ്റ്റ് പഴക്കുലയില്‍ നിന്ന് മുഴുത്ത ഒരു പഴം ഉതിര്‍ത്ത്‌ എനിക്ക് തന്നു.
എനിക്ക് സങ്കടം തോന്നി. ഈ പാവത്തിനെയാണല്ലോ ഇന്നലെ ഞാന്‍ തെറി പറഞ്ഞതും കാറിത്തുപ്പിയതുമൊക്കെ !! എന്ത് നല്ല മനുഷ്യന്‍!! "സോറി ട്ടാ നാണുവേട്ടാ "  എന്ന് മനസ്സില്‍ പറഞ്ഞ്‌ ഞാനിറങ്ങി നടന്നു. ഒറ്റയടിക്ക്പഴം വായില്‍തിരുകി  വിഴുങ്ങി  സൈക്കിളിനരികിലേക്ക് ഓടി.

അന്ത്രുവിന്‍റെ സൈക്കിള്‍ എന്നെ കാത്തുനില്‍ക്കുന്നു. ഒരു രൂപ അന്ത്രുവിന്‍റെ കയ്യില്‍ വച്ച്കൊടുത്ത് ഒരു മണിക്കൂര്‍ നേരത്തിനു വാടകക്കെടുത്തു. സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കിയപ്പോഴാണ് ഓര്‍ത്തത്‌.. എനിക്ക് സൈക്കിളില്‍ കേറാന്‍ അറിയില്ല!! പഠിച്ചു വരുന്നതല്ലേയുള്ളൂ..എവിടെയെങ്കിലും ഉയര്‍ന്ന സ്ഥലത്ത് ഞാന്‍ കയറിനിന്നശേഷം സൈക്കിളില്‍ ഇരുന്നു ചവിട്ടണം. അങ്ങനെ ഒരു വിധം കേറി ചവിട്ടിക്കൊണ്ടിരിക്കുകയാണ്. ഇടുപ്പ് അങ്ങോട്ടുമിങ്ങോട്ടും വളയുന്നുണ്ട്. ബാലന്‍സ് ശരിയായി വരുന്നേയുള്ളൂ. ഏകദേശം നൂറുമീറ്റര്‍ പിന്നിട്ടുകാണും. അതാ എന്‍റെ അയല്‍വാസി ദാസന്‍ നടന്നുവരുന്നു. ഒരാഴ്ച മുമ്പ് അവന്‍ ഇതേ സൈക്കിള്‍ വാടകക്കെടുത്തപ്പോള്‍ ഞാന്‍ ഒരു റൌണ്ട് ചോദിച്ചപ്പോള്‍ തരാത്ത മൂരാച്ചിയാണ്. അവന്‍റെ മുന്നില്‍ നമ്മള്‍ കുറഞ്ഞുകൊടുക്കാന്‍ പാടില്ലല്ലോ. അടുത്തെത്തിയപ്പോള്‍ ഞാന്‍ രണ്ടു കയ്യും വിട്ട് സൈക്കിള്‍ ഓടിക്കാമെന്ന് അവനു കാണിച്ചുകൊടുത്തു. 

എന്താ സംഭവിച്ചതെന്നറിയില്ല. സൈക്കിള്‍ ഒന്ന് ഇടതുമാറി വലത് തിരിഞ്ഞു  ഓതിരം മറിഞ്ഞു. ഞാനും സൈക്കിളും തമ്മിലുള്ള ബന്ധം വേര്‍പ്പെട്ടു. ഞാന്‍ മുന്നിലേക്ക്‌ തെറിച്ചുവീണു. വീഴുമ്പോള്‍ ആലോചിച്ചു- ഇങ്ങനെ വീണാല്‍ നെഞ്ചും മുഖവുമെല്ലാം കേടുവരും. അതുവേണ്ട. ഞാനെന്‍റെ രണ്ടു കൈപ്പത്തി കൊണ്ടു ശരീരത്തെ താങ്ങാന്‍ നോക്കി. പക്ഷെ ടാറിട്ട റോഡിലൂടെ കൈകള്‍ ഉരസിവീണുപോയി. റോഡില്‍ വീണുകിടക്കുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ച് വൃഥാവിലായ എന്നെ ദാസന്‍ ഓടിവന്നു എടുത്തുയര്‍ത്തി. ഭാഗ്യം ! വേറെ ആരും കണ്ടില്ല. സൈക്കിളില്‍ നിന്ന് വീണ ചിരി കണ്ടിട്ടേ ഉള്ളൂവെങ്കിലും അന്നാദ്യമായി ദാസന്‍റെ മുന്നില്‍ എനിക്ക് ചിരിക്കേണ്ടിവന്നു! 


ഇടിവെട്ടിയവനെ പാമ്പുകടിച്ചപോലെയായി എന്‍റെ കാര്യം. കൈപ്പത്തിയിലെ തൊലി മൊത്തം പോയി. അസഹ്യമായ നീറ്റല്‍ ആരംഭിച്ചുകഴിഞ്ഞു. ദാസന്‍ ഒന്നുമുരിയാടാതെ സൈക്കിളെടുത്ത്, കോടിപ്പോയ  ഹാന്‍ഡില്‍ നേരെയാക്കി എനിക്ക് തന്നു. എനിക്കാണേല്‍ സൈക്കിള്‍ ചവിട്ടുന്നത്പോയിട്ട് നേരെ നില്‍ക്കാന്‍ പോലും ആവതില്ല. 
" ദാസാ.. ഞാനിതെടുത്തിട്ടു അഞ്ചു മിനിറ്റേ ആയുള്ളൂ. 55 മിനിറ്റ് ഇനീം ബാക്കിയുണ്ട്. നീ ചവിട്ടി ഒരു മണിക്കൂര്‍ തികയുമ്പോ അന്ത്രുക്കാക്ക്തിരിച്ചുകൊടുത്തേക്ക് .." ഞാന്‍ വിക്കിവിക്കി പറഞ്ഞു.
അന്നേരം ദാസന്‍റെ മുഖം സന്തോഷത്താല്‍ , മണ്ടനായ വിദ്യാര്‍ത്ഥിക്ക് SSLC യില്‍ ഫുള്‍ മാര്‍ക്ക് കിട്ടിയപോലെ തുടുത്തു. ഞാനാണെങ്കിലോ സ്വന്തം കല്യാണത്തിനു സദ്യ കഴിക്കാനാവാത്ത മണവാളന്‍റെ അവസ്ഥയിലും!!  മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയപോലെ ദാസന്‍ എന്‍റെ മുന്നിലൂടെ കൂളായി സൈക്കിളോടിച്ചുപോകുന്നത് വല്ലാത്തൊരു സങ്കടത്തോടെ ഞാന്‍ നോക്കിനിന്നു. അണ്ടി പോയ അണ്ണാനെപ്പോലെയായ  ഞാന്‍ വീട്ടിലേക്കു പതിയെ നടന്നുനീങ്ങി.

കൈകള്‍ തൂക്കിയിട്ടു നടന്ന് വേദന കൂടിയപ്പോള്‍ ഇടയ്ക്കിടയ്ക്ക് കൈ പൊക്കിക്കൊണ്ട് നടന്നു വരുന്നത്കണ്ടു ഉമ്മ ചോദിച്ചു :
"സൈക്കിള്‍ ചവിട്ടാന്‍ പോയ നീ എന്താടാ കയ്യുയര്‍ത്തി പ്രാര്‍ഥിച്ചുകൊണ്ട് വരുന്നത് ? വല്ലോരേം ഇടിച്ചു കൊന്നോ? " 
അതിനുത്തരമായി "മൈലാഞ്ചി'യിട്ട എന്‍റെ കൈത്തലങ്ങള്‍ ഉമ്മാക്ക് കാണിച്ചുകൊടുത്തപ്പോള്‍ ഉമ്മാന്‍റെ മുഖഭാവം പെട്ടെന്ന് മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. കൈനോട്ടക്കാരി അല്ലെങ്കിലും എന്‍റെ കൈത്തലങ്ങളില്‍നിന്ന് ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം അവര്‍ പെട്ടെന്ന് വായിച്ചെടുത്തു. പിന്നെ തൊടിയില്‍ ഉള്ള ഒരു ചെടിയില്‍ നിന്ന് ഇലകള്‍ പറിച്ചു അതിന്റെ കട്ടിയുള്ള വെളുത്ത കറ എന്‍റെ കയ്യില്‍ പുരട്ടാന്‍ ശ്രമിച്ചു. ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്ന് പകയ്ക്കും. ഞാന്‍ കൈനീട്ടാന്‍ മടിച്ചപ്പോള്‍ ഉമ്മ പറഞ്ഞു:
"കാലിനെപോലെ കൈവേദനിക്കില്ലടാ..പുറത്തെ പച്ചപ്പിലേക്ക് നോക്കി ഇരുന്നാല്‍ മതി ".
അല്ലേലും രാവിലെ ഒന്നര ഏക്കറില്‍ മരുന്നടിച്ച എനിക്കാണോ ഈ അര സെന്റ്‌ സ്ഥലം!! ഞാന്‍ മടിക്കാതെ കൈ നീട്ടിക്കൊടുത്തു. മരുന്ന് തേച്ചതും വേദനിച്ചതുമൊന്നും ഞാനറിഞ്ഞില്ല. പകരം ഉമ്മയുടെ കണ്ണില്‍നിന്ന് കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു !!

ഉപ്പയില്‍നിന്നു ഇക്കാര്യം എങ്ങനെ മറച്ചുപിടിക്കും എന്നതായിരുന്നു പിന്നീടുള്ള ചിന്ത. അവര്‍ വഴക്കുപറയുമെന്ന ഭയം വല്ലാതെ ഉള്ളില്‍കിടന്നു മറിഞ്ഞു. അന്നെനിക്ക് ഉമ്മ ചോറു വാരിത്തന്നു. കുറെ കാലമായിട്ട് ഇത്ര രുചിയുള്ള ഭക്ഷണം ഞാന്‍ കഴിച്ചിട്ടില്ല. അന്നേരത്താണ് ഉപ്പ കയറിവരുന്നത്. പതിവില്ലാത്ത ഒരു സ്നേഹം മോനോട് കാണിക്കുന്നത് കണ്ടു ഉപ്പ കാര്യം തിരക്കി. ഉമ്മ മടിച്ചു മടിച്ചു സൈക്കിളിന്‍റെ കാര്യം പറയുമ്പോള്‍ അറിയാതെയെങ്കിലും അടയ്ക്കയുടെ കാര്യം പറയല്ലേയെന്നു ഞാന്‍ പ്രാര്‍ഥിച്ചു.

 ശകാരം പ്രതീക്ഷിച്ചു ശ്വാസം പിടിച്ചിരുന്ന ഞാന്‍ ഉപ്പാന്‍റെ വര്‍ത്തമാനം കേട്ട് വായിലിരുന്ന ചോറ് ചവക്കാതെത്തന്നെ അപ്പടി വിഴുങ്ങി വായും പൊളിച്ചിരുന്നുപോയി !!

"ഇതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാ.. പണ്ട് ഇവന്‍റെ പ്രായത്തില്‍ രണ്ടു കണ്ണുകള്‍ അടച്ചുപിടിച്ചു സൈക്കിള്‍ ഓടിച്ചപ്പോള്‍ കലുങ്കിലിടിച്ചു തോട്ടില്‍ വീണ് കാലൊടിഞ്ഞ് രണ്ടാഴ്ച്ച ഞാന്‍ കിടന്നിട്ടുണ്ട് !! "

ഉപ്പാന്‍റെ ഡയലോഗ് കേട്ട് ഉമ്മ എന്നെ തുറിച്ചുനോക്കി.  "അല്ലേലും മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ"  എന്നായിരുന്നോ ആ നോട്ടത്തിന്‍റെ അര്‍ത്ഥം ?
(ശുഭം)

43 comments:

 1. അഭിപ്രായ-നിര്‍ദ്ദേശ-വിമര്‍ശന- ശകാരങ്ങള്‍ മടിക്കാതെ എഴുതുമല്ലോ .

  ReplyDelete
 2. അപ്പനും അമ്മയും ആകുമ്പോഴേ, ആ വികാരം നമ്മള്‍ തിരിച്ചറിയൂ..അല്ലേ..
  മായാത്ത ഓര്‍മ്മകള്‍ !

  ReplyDelete
 3. ഇസ്മായീല്‍ ഭായി കുട്ടിക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.. നല്ല രസമുള്ള ഇത്തരം ആനുഭവങ്ങള്‍ ഇന്നത്തെ ബ്രോയിലര്‍ തലമുറക്ക് അന്യമാണ്! വളരെ രസകരമായി എഴുതി. ഭാവുകങ്ങള്‍....

  ReplyDelete
 4. കുട്ടിക്കാലത്തെ ഓർമ്മകൾ ആദ്യഭാഗത്ത്‌ തമാശകലർത്തിയും ,രണ്ടാം ഭാഗത്ത്‌ നൊമ്പരം കലർത്തിയും എഴുതി.

  എനിക്കും കുട്ടിക്കാലത്തെക്കുറിച്ച്‌ എഴുതാൻ തോന്നുന്നു.

  നല്ലൊരു വായന തന്നതിനു നന്ദി!!!

  ReplyDelete
 5. സുഖമുള്ള വായന നൽകി, സന്തോഷം

  ReplyDelete
 6. ഹ ഹ ...കലക്കി ഇതേ സൈക്കിള്‍ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്... കൂട്ടുകാരന്‍ സച്ചിന്‍, അവനു സ്വന്തമായി സൈക്കിളുണ്ട് ദിവസവും ഒരു റൌണ്ട് താടാ ന്നു ഞാന്‍ കെഞ്ചും ദ്രോഹി തരാറില്ല. ഒരു ദിവസം ഒരു പഴുത്ത മാങ്ങക്ക് അവന്‍ തരാമെന്നേറ്റു. അവന്റെ കയ്യില്‍ നിന്നും സൈക്കിള്‍ വാങ്ങി ഓടിക്കുന്നത് പല ദിവസങ്ങളിലും സ്വപ്നം കണ്ട പരിശീലനം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ... കയറി ഇരിക്കാ, ന്നിട്ട് ആ പെടലില്‍ ചവിട്ടാ അപ്പൊ അങ്ങട്ട് പൊയ്ക്കോളും എന്നൊരു ടെക്നോളജി മാത്രേ വശണ്ടായിരുന്നുള്ളൂ. നിനക്കിതൊക്കെ ചവിട്ടാന്‍ അറിയോ എന്നവന്‍ ചോദിച്ചപ്പോള്‍ കിട്ടിയ അവസരം പോവുമോ എന്ന്‍ കരുതി ഓ..പിന്നല്ലാതെ എന്ന്‍ പറഞ്ഞതാണ്. അങ്ങിനെ എല്ലാരും കൂടെ പിടിച്ച് സൈക്കിളില്‍ കയറി ചവിട്ടി ഒന്നോ രണ്ടോ മീറ്റര്‍ പോയതെ ഓര്‍മയുള്ളൂ.. പിന്നെ ദാ കെടക്കുന്നു. ദുഷ്ടന്‍ അവന്‍ എന്നെ നോക്കുന്നതിനു പകരം വണ്ടിയുടെ പരിക്കാ നോക്കീത് എന്റെ രണ്ടു മുട്ടുകാലിനും പെയിന്റ് പോയി.

  ഓര്‍മകള്‍ സമ്മാനിച്ചു.... ഇസ്മൈല്‍ക്കാ നന്ദി...

  ReplyDelete
 7. മകന്റെ അച്ഛന്‍!!!!!!!!!!!! സൂപ്പര്‍ ക്ലൈമാക്സ്

  ReplyDelete
 8. അഭ്യാസമുറയൊന്നും കവുങ്ങിന്ടുത്തും സൈക്കിള്‍ന്ടടുത്തും നടക്കില്ലെന്ന ഗുണപാഠം കിട്ടിയല്ലോ അത് മതി. എന്നാലും ബാക്കി കാശേന്ത്യെ? :) വായന രസം മുറിഞ്ഞില്ല

  ReplyDelete
 9. അഭ്യാസമുറയൊന്നും കവുങ്ങിന്ടുത്തും സൈക്കിള്‍ന്ടടുത്തും നടക്കില്ലെന്ന ഗുണപാഠം കിട്ടിയല്ലോ അത് മതി. എന്നാലും ബാക്കി കാശേന്ത്യെ? :) വായന രസം മുറിഞ്ഞില്ല

  ReplyDelete
 10. ഓർമ്മകൾക്കെന്തു സുഗന്ധം.നന്നായി പറഞ്ഞു

  ReplyDelete
 11. OarmmakaLkkenthu sugandham.nannaayi paRanjnjuuttO.

  ReplyDelete
 12. എന്തായാലും രുചിയുള്ള ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞല്ലോ.
  സരസമായി ഇനിയും തുടരു.

  ReplyDelete
 13. 'ഗണപതി ചെട്ട്യാര്‍ വസ്ത്രാലയം' എന്നെഴുതിയ തുണിസഞ്ചി :)
  പണ്ടൊക്കെയുള്ള തുണിക്കടയുടെ പേരുകൾ ഇങ്ങനെ ഒരു കുറിപ്പിലൂടെ വായിക്കുമ്പോൾ നല്ല രസം . രസം തോന്നിയ കുറെ കാര്യങ്ങളുണ്ട് ഈ പോസ്റ്റിൽ. മൈലാഞ്ചിയിട്ടപ്പോൾ ഉമ്മ വാരി തരുന്ന ചോറിന്റെ രുചിയറിഞ്ഞ രസമാണ് അടുത്തത്. ഉപ്പയുടെ സാഹസികത അതിലും രസം. ഏതായാലും ആദ്യത്തെ ഭാഗവും രണ്ടാം ഭാഗവും എല്ലാം അതീവ ഹൃദ്യം. ഇനിയും ആവാം ഇത്തരം ഓർമ്മക്കുറിപ്പുകൾ. ആശംസകൾ ഇസ്മായിൽ.

  ReplyDelete
 14. "അല്ലേലും മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ"
  നല്ല സരസമായി എഴുതി.
  ആശംസകൾ...

  ReplyDelete
 15. അമ്പട വിരുതാ..... ആസ്വദിച്ചു വായിച്ചൂട്ടോ

  ReplyDelete
 16. valare nannayirkkunnu, ന്യൂസ്പേപ്പര്‍ വെട്ടിയെടുത്ത് മൈദപ്പശപുരട്ടി കവറുകള്‍ ഉണ്ടാക്കുകയായിരുന്ന നാണു എന്‍റെ മുരടനക്കം കേട്ട് തലതാഴ്ത്തി കണ്ണടയ്ക്കു മുകളിലൂടെ തുറിച്ചുനോക്കി.
  ee kavarundakkal valare ishtappettu, ente uppa inganecheyyumaayirunnu

  ReplyDelete
 17. ഹാ! ഓർമകളുടെ വേലിയേറ്റം സൃഷ്ടിക്കുന്ന എഴുത്ത്. ബാലൻസ് ആയി വരുമ്പോഴേക്കും കൈവിട്ട് ചവിട്ടാൻ കാണിച്ച ആ ധൈര്യം (അതോ മണ്ടത്തരമോ?!) അപാരം തന്നെ!

  ReplyDelete
 18. കുട്ടിക്കാലത്തേക്ക് ഒരു സൈക്കിളില്‍ ചവുട്ടിപ്പോയി.. എല്ലാവരുടെ കുട്ടിക്കാലവും ഏതാണ്ട് ഇങ്ങിനെയൊക്കെത്തന്നെ..ആ കാലം വളരെ രസകരമായി അവതരിപ്പിക്കുകയും ചെയ്തു.

  ReplyDelete
 19. ഓര്‍മ്മകള്‍ രസായി വായിച്ചു ...!

  ReplyDelete
 20. എഴുതിയ അന്ന് തന്നെ വായിച്ചിരുന്നു , സമയക്കുറവു കാരണം അന്ന് ഒന്നും പറയാതെ പോയി.. ആദ്യഭാഗത്തെക്കാള്‍ മനോഹരമായി രണ്ടാം ഭാഗം ,,, ഈ സൈക്കിള്‍ പഠനം എനിക്കും ഉണ്ടായിരുന്നു , അന്ന് ഉമ്മയുടെ കയ്യില്‍ നിന്നും കിട്ടിയ അടിക്ക് കണക്കില്ല ,,എന്നിട്ടെന്തായി ? അടുത്ത ഭാഗം വേഗം വന്നോട്ടെ .

  ReplyDelete
  Replies
  1. തല്‍കാലം ഇത്ര പോരേ ഭായ്? വായനക്കാരുടെ ക്ഷമയ്ക്കും ഒരു പരിധിയില്ലേ :)

   Delete
 21. ങേ!!!!അടുത്ത ഭാഗം ഉള്ള കാര്യം പറഞ്ഞില്ലല്ലോ.ഉണ്ടെങ്കിൽ നോക്കി ഇരിക്കുന്നു.വേഗം പോന്നോട്ടേ.

  ReplyDelete
 22. ബാല്യകാല ഓര്‍മ്മകള്‍ സൂപ്പര്‍...
  എഴുതിയ ദിവസം തന്നെ ഞാനും വായിച്ചു..ഓഫീസിലിരുന്ന് കമന്‍ടാന്‍ പറ്റീല്ല...പിന്നെ പിന്നെ ...അങ്ങിനേം ഇങ്ങിനേം വൈകി പ്പോയീ...
  മൈലാഞ്ചി കൈകള്‍ നോക്കി ഉമ്മ ഭൂതവും ഭാവിയുമൊക്കെ വായിച്ചോ,???ഹ്ഹ്ഹ്ഹ്....

  ReplyDelete
 23. ഓർമ്മക്കുറിപ്പുകൾ നന്നാവുന്നുണ്ട്.

  ReplyDelete
 24. ന്നാലും ഈ രണ്ടാം ഭാഗം വായിക്കാൻ ഇത്രയും കാത്തിരിക്കേണ്ടി വന്നല്ലോ?

  ReplyDelete
 25. വായിച്ചു. രസച്ചരട് പൊട്ടാതെ വായിക്കാൻ കഴിയുന്നുണ്ട്.എന്നാലും ഒരു വിമർശനം(!!!) ഉണ്ട്. "ദാസന്‍റെ മുഖം സന്തോഷത്താല്‍, മണ്ടനായ വിദ്യാര്‍ത്ഥിക്ക് SSLC യില്‍ ഫുള്‍ മാര്‍ക്ക് കിട്ടിയപോലെ തുടുത്തു"എന്ന പ്രയോഗം ഇനി നില നിൽക്കില്ല. 'മണ്ടനായ വിദ്യാര്‍ത്ഥി SSLC ക്ക് തോറ്റത് പോലെ' എന്ന് മാറ്റണം!! തോക്കാനല്ലേ പാട് .

  ReplyDelete
 26. അല്ലേലും മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ"....രസിച്ചു ഹി ഹി ഹി .

  ReplyDelete
 27. "കൈനോട്ടക്കാരി അല്ലെങ്കിലും എന്‍റെ കൈത്തലങ്ങളില്‍നിന്ന് ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം അവര്‍ പെട്ടെന്ന് വായിച്ചെടുത്തു."
  അതെ, മാതാവിനു മാത്രം കഴിയുന്ന കാര്യം...

  ബാല്യകാലത്തെ വീരശൂരപരാക്രമങ്ങള്‍.
  സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്ന കാലത്ത് പണ്ടത്തെ കൌമാരക്കാര്‍ക്കെല്ലാം എതാണ്ട് സമാനാനുഭവങ്ങള്‍ കാണും. ഈ എഴുത്ത് ആ കാലത്തേക്ക് കൊണ്ടുപോയി.
  നന്ദി.

  ReplyDelete
 28. ഹഹഹ സ്പോട്ട് ഫോട്ടോ അടക്കം അടിപൊളി വിവരണം! ഒരു ഫോട്ടോ വിട്ടു കളഞ്ഞത് ശര്യായില്ല തണലെ! "കവുങ്ങ് കവർന്നെടുത്ത ഭാഗം!" :P

  ReplyDelete
 29. കവുങ്ങും സൈക്കിളും കൂടി താങ്കളെ നമ്മുടെ പഴയ ആനവണ്ടിയുടെ നിറമാക്കി അല്ലേ?രസിച്ചു വായിച്ചു.

  ReplyDelete
 30. ഇടിവെട്ടിയവനെ പാമ്പു കടിച്ചമാതിരിയായിപ്പോയി ...... ഉപ്പയുടെ മറുപടി കലക്കി...... അടിച്ച് കസറി എഴുത്ത്... ആശംസകൾ.....

  ReplyDelete
 31. എനിക്ക് ഇഷ്ടമായി ഉപ്പാന്‍റെ ദൈലോഗ് .പിന്നെ ആ ഒന്നര എകര്‍ ചിരി വരുന്നുണ്ട് എന്നാലും ആ ചക്ക നല്ല രുചിയുന്ദ്‌ കേട്ടോ ? തേന്‍ വരിക്ക ...

  ReplyDelete
 32. "അല്ലേലും മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ" ....സ്നേഹമുള്ള കുടുംബാന്തരീക്ഷം...അതിൽ ചുറ്റികറങ്ങുന്ന..ഗ്രാമിണതയുടെ കൈയ്യൊപ്പുള്ള നുറുങ്ങനുഭവങ്ങൾ..
  നർമ്മം നന്നയി വാരി വിതറിയിരിക്കുന്നു..നന്നായ് എഴുതി..ആശംസകൾ

  ReplyDelete
 33. ഓര്‍മ്മകളിലൂടെ കുറെ പുറകിലേക്ക് പോയി....

  ReplyDelete
 34. ഒരുപാട് ചിരിച്ചു.. ഞാനിവിടെ വരാൻ ഒരുപാട് വൈകി.. എന്റെ ആയുസ്സിലെ കുറെ വർഷങ്ങൾ നഷ്ടപ്പെട്ടല്ലോ കർത്താവേ.. (ചിരിച്ചാ ആയുസ്സ് കൂട്ടാം എന്നല്ലേ... ല്ലേ....)

  ReplyDelete
 35. ഓള്‍ഡ് സ്പൈസ് തേച്ചതും തുടരനുഭവങ്ങളും കൂടുതൽ ഇഷ്ടായി.. ഉമ്മയുടെ സ്നേഹം തിളങ്ങി നില്‍ക്കുന്നു.!!
  വീഴാതെ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചവരുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
  എന്നാലും അതൊരൊന്നൊന്നര
  ന്ന ഷോ ആയിപ്പോയി...!!
  ഒത്തിരി നാളായല്ലോ... പുതിയ പോസ്റ്റ് വരട്ടേ..

  ReplyDelete
 36. ഈ ബാല്യകാല സ്മരണകൾ
  ഇന്നാണെന്റെ കണ്ണിൽ പെട്ടത് കേട്ടൊ ഭായ്

  ReplyDelete
 37. മറ്റുള്ളോരെ പോലെ അഭിപ്രായം പറയാനൊന്നും അറിയുന്നില്ലാ ഒരുപാട് ഇഷ്ടമായി ഈ എഴുത്ത് .. രണ്ടും ഭാഗവും വായിച്ചു രണ്ടും വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു .. <3

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.