April 29, 2010

നരകക്കോഴി ( റീപോസ്റ്റ്)

( 30-01-2004 പ്രവാസി വര്‍ത്തമാനത്തില്‍ പ്രസിദ്ധീകരിച്ചത്‌)

ഹൈപ്പര്‍ മെഗാ മാര്‍ക്കറ്റുകളുടെ വിപണനതന്ത്രങ്ങള്‍ക്കിടയില്‍ തന്റെ 'ബഖാല' ഒന്ന് പിടിച്ചുനിര്‍ത്താന്‍ എന്ത് ചെയ്യണമെന്നു ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തിലിരുന്നു ആലോചിക്കുമ്പോഴാണ് കടയുടെ ചില്ലുകള്‍ക്കിടയിലൂടെ വെളിയില്‍ നില്‍ക്കുന്ന ആ രൂപത്തെ അബൂക്ക ശ്രദ്ധിച്ചത്. ക്ഷീണിച്ച ശരീരവും നിരാശ നിഴലിക്കുന്ന മുഖവും ക്രമം തെറ്റി വളര്‍ന്ന താടിരോമങ്ങളും മുഷിഞ്ഞ വസ്ത്രവും. പുറത്ത്‌, തിളയ്ക്കുന്ന വെയില്‍. കൂടെ പഴുപ്പിക്കുന്ന ചൂടുകാറ്റും. തെല്ലോരാശ്വാസത്തിനു വേണ്ടിയാകണം കടയുടെ തണല്‍പറ്റി നില്‍ക്കുന്നത്.

അനങ്ങാതെ വിദൂരതയില്‍ കണ്ണുനട്ടുകൊണ്ടുള്ള നില്പ് കാണുബോള്‍ വിഷമം തോന്നുന്നുണ്ട്. ആവശ്യമില്ലാതെ അന്യന്‍റെ കാര്യങ്ങളിലിടപെടുന്നത് വിഴുപ്പെടുത്ത് സ്വയം ചുമലില്‍ വെക്കുന്നതിന് തുല്യമാണെന്ന് മിക്ക മലയാളികള്‍ക്കുമറിയാം. എന്നിട്ടും മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കാണുമ്പോള്‍ പതറിപ്പോകുന്നു. പുതുതായി വന്നു ജോലി തരപ്പെടാത്തവര്‍, ഗത്യന്തരമില്ലാതെ സ്പോണ്‍സറുടെ അടുത്ത് നിന്ന് ഓടിപ്പോന്നവര്‍, പകര്‍ച്ചവ്യാധി പിടിപെട്ട് ഒറ്റപ്പെട്ടവര്‍ മുതലായവര്‍ക്ക് പലപ്പോഴും അബൂക്കാന്‍റെ ബഖാലയുടെ പിന്നിലുള്ള കൊച്ചുമുറി അഭയകേന്ദ്രമാണ്. അദേഹത്തിന്റെ ശ്രമഫലമായി പലര്‍ക്കും ജോലി തരപ്പെട്ടിട്ടുമുണ്ട്. ഒന്നും പ്രതീക്ഷിച്ചിട്ടല്ല ഇവയെല്ലാം..വഴിയില്‍ കാണുമ്പോള്‍ അവരുടെ ഒരു പുഞ്ചിരി തന്നെ അബുക്കാക്ക് ധാരാളം.

"ഒരു സിഗരറ്റ് തര്വോ?"

ദയനീയത സ്ഫുരിക്കുന്ന ചോദ്യം അബൂക്കയെ ഉണര്‍ത്തി.മലയാളിക്ക് മറ്റൊരു മലയാളിയെ തിരിച്ചറിയാന്‍ അത്രക്ക് സമയമൊന്നും വേണ്ടല്ലോ.

"അകത്തേക്കു വരൂ"

അരിച്ചാക്കിന്‍റെ പുറത്ത്‌ കടലാസു വിരിച്ച് അയാളെ അബൂക്ക ഇരുത്തി.

"പേരെന്താണ്"?

"അനീഷ്‌.."

"പുറത്തെ ചൂടിനെക്കാള്‍ കഠിനമല്ലേ അനീഷ്‌ എരിയുന്ന സിഗരറ്റിന്? തല്‍ക്കാലം ഇത് കഴിക്കൂ.."

ഫ്രിഡ്ജില്‍നിന്നുമെടുത്ത്‌ നല്‍കിയ ജ്യൂസ്‌ ആര്‍ത്തിയോടെ അനീഷ്‌ കഴിക്കുന്നത്‌ അബുക്ക നോക്കി നിന്നു.

"എന്ത് പറ്റി ..വല്ലാതെയിരിക്കുന്നല്ലോ?"

ഉത്തരമൊന്നും പറയാതെ അയാള്‍ ഇരുന്നു.അയാളുടെ കണ്‍കോണുകളില്‍  ഉറവ പൊട്ടുന്നതായി അബുക്കാക്ക്‌ തോന്നി.

"എവിടെ ജോലി ചെയ്യുന്നു?"

അതിനുത്തരമേന്നോണം അനീഷ്‌ ദയനീയ ഭാവത്തില്‍ നോക്കുകയും കണ്ണുകള്‍ സജലങ്ങളാവുകയും ചെയ്തു.

"സാരമില്ല.. വിശ്രമിക്കൂ "

കടയില്‍ കയറി വന്ന പാകിസ്ഥാനി പെണ്‍കുട്ടി ആവശ്യപ്പെട്ട സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് അത്യാവശ്യമുള്ള പല സാധനങ്ങളും തീര്‍ന്നുപോയ കാര്യം വീണ്ടും ഓര്‍മ്മയിലെത്തുന്നത്. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റും പണപ്പെട്ടി വെടിപ്പാക്കിയ പൊതിയും അബുക്ക കീശയില്‍ നിക്ഷേപിച്ചു.

അനീഷ്‌ പറഞ്ഞു തുടങ്ങി.SSLCക്ക് മാര്‍ക്ക് കുറവായതിനാല്‍ തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. പിന്നീടെപ്പോഴോ ഗള്‍ഫ്മോഹം മനസ്സിനുള്ളില്‍ കുടിയേറി. പറന്നെത്തുന്ന വിസയും പ്രതീക്ഷിച്ചു നാളുകളും വര്‍ഷങ്ങളും തള്ളിനീക്കി. പന്ത്രണ്ടുവര്‍ഷമായി ഇവിടെയുള്ള ജ്യേഷ്ഠനോട് പലതവണ സൂചിപ്പിച്ചു. അനുകൂലമായ ഒരു മറുപടി തരുന്നതോ പോകട്ടെ, നാട്ടില്‍ വരുമ്പോഴൊക്കെ 'നിനക്ക് പറ്റിയതല്ല ഗള്‍ഫ്‌' എന്ന് നിരുല്‍സാഹപ്പെടുത്താറായിരുന്നു പതിവ്. എന്നും എന്തോ ഈര്‍ഷ്യയുള്ള വിധത്തിലായിരുന്നു ജ്യേഷ്ഠന്‍റെ പെരുമാറ്റം. 'ഞാനാണ് കുടുംബം പുലര്‍ത്തുന്നത്' എന്ന ഒരു ഭാവം അവരുടെ പെരുമാറ്റത്തില്‍ പലപ്പോഴും പ്രകടവുമായിരുന്നു. ഒടുവില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വിസ അയച്ചു തന്നത്!

ഒരുപാട് പ്രതീക്ഷകളോടെയാണ്‌ വിമാനമിറങ്ങിയത്. എന്നാല്‍ ആദ്യദിനം മുതല്‍ തന്നെ എല്ലാം തകിടം മറിയുന്നവിധമായിരുന്നു. ഒരു വീട്ടില്‍ ഡ്രൈവര്‍ ആയിട്ടായിരുന്നു ജോലി. അതിരാവിലെ മുതല്‍ രാത്രി വരെ എല്ലാ ജോലികളും ചെയ്യണം. പരിചിതമല്ലാത്ത ഭാഷ, ആളുകള്‍. നേരത്തിനു ഭക്ഷണമില്ല, ഉള്ളത് തന്നെ വയറിനു പിടിക്കാത്തവ, പുറത്തു പോകാന്‍ അനുവാദമില്ല, തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്ക്. പരമാവധി പിടിച്ചു നിന്നു. ദേഹോപദ്രവം ഏല്‍ക്കുമെന്നു തോന്നിയ നിമിഷം അവിടെ നിന്നു രക്ഷപ്പെട്ടു. ഇത്രയും വിഷമം പിടിച്ച സ്ഥലത്തേക്ക് ജ്യേഷ്ഠന്‍ എന്തിനാണ് വിസ എടുത്തതെന്ന് മനസ്സിലാകുന്നില്ല.

കരച്ചിലിന്‍റെ വക്കോളമെത്തിനില്‍ക്കുന്ന അനീഷിനെ അബുക്ക ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

"എങ്ങനെ ഇവിടെയെത്തി?"

"ഇന്നലെ ഞാന്‍ അവിടെനിന്ന് ഓടിപ്പോന്നതാണ്, എങ്ങനെയോ ഇവിടെ എത്തിപ്പെട്ടു."

" ജ്യേഷ്ഠന്‍റെ ഫോണ്‍ നമ്പരോ മറ്റോ അറിയാമോ?"

"ഫോണ്‍ ചെയ്തു ശല്യപ്പെടുത്തുമെന്നു പേടിച്ചിട്ടാവണം നമ്പര്‍ തന്നിട്ടില്ല".

ജ്യേഷ്ഠനെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന പരമാവധി വിവരങ്ങള്‍ അബുക്ക അനീഷില്‍ നിന്ന് ശേഖരിച്ചു.

"ഉച്ചക്ക് വല്ലതും കഴിച്ചോ?"

"ഇല്ല".

"എനിക്കേതായാലും മാര്‍ക്കറ്റില്‍ നിന്ന് അത്യാവശ്യമായി കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട്. വരും വഴി ജ്യേഷ്ഠനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചു സംസാരിക്കാന്‍ ശ്രമിക്കാം. അനീഷ്‌ വിശ്രമിക്കു"

കടയില്‍ ജോലിചെയ്യുന്ന പയ്യനോട് അനീഷിനു ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ ഏല്‍പ്പിച്ച് അബുക്ക പുറത്തിറങ്ങി. തന്റെ പഴയ പിക്കപ്പ് വാന്‍ സ്റ്റാര്‍ട്ട് ചെയ്തു.

സാധനങ്ങള്‍ വാങ്ങി വരുംവഴി അനീഷിന്റെ ജ്യേഷ്ഠനെ കണ്ടുപിടിക്കാന്‍ തീവ്രശ്രമം തന്നെ നടത്തി. തനിക്കറിയാവുന്ന സ്ഥലങ്ങളില്‍ എല്ലാം പരതി. പലരോടും ചോദിച്ചു. അവസാനം എത്തിപ്പെട്ടത് പാരഡയിസ്‌ റെസ്റ്റോരണ്ടില്‍. അതിനു പുറത്ത് ചില്ലലമാര പോലുള്ള പെട്ടിയില്‍ താഴെ അനേകം മെഴുകുതിരികള്‍ കത്തിച്ചുവെച്ച പോലെ തീനാളങ്ങള്‍! അതിനു മുകളിലായി കടുത്ത കമ്പി നെഞ്ചിലൂടെ നിരയായി കോര്‍ത്ത, തൂവല്‍ കളയപ്പെട്ട തലയില്ലാകോഴികള്‍ മെല്ലെ കറങ്ങിക്കൊണ്ടിരിക്കുന്നു. തീനാളങ്ങളുടെ ചൂടേറ്റ് അവയുടെ ശരീരത്തില്‍നിന്ന് ഈര്‍പ്പം പൊടിഞ്ഞ് താഴെ ഉറ്റിവീഴുന്നുണ്ടായിരുന്നു. അലമാരയുടെ ഇരുവശങ്ങളില്‍ നിന്നുള്ള വൈദ്യുതിവിളക്കിന്റെ പ്രകാശത്തില്‍ കോഴികള്‍ വെട്ടിത്തിളങ്ങുന്നു. മലയാളികള്‍ 'നരകക്കോഴി' എന്ന് ഓമനപ്പേര് വിളിക്കുന്ന ഇത് പലര്‍ക്കും ഇഷ്ടഭോജ്യമാണ്.

അബുക്ക രെസ്റൊരന്റില്‍ കയറി സപ്ലയരോട് അനീഷിന്റെ സഹോദരന്റെ പേര് പറഞ്ഞപ്പോള്‍ അടുക്കളയുടെ ഒരു ഭാഗത്തേക്ക് കൈ ചൂണ്ടി. വാതിലില്‍ നിന്ന് അകത്തേക്കു തലയിട്ടുനോക്കി. ആരോടോ ദേഷ്യം തീര്‍ക്കാനെന്നവണ്ണം മരവിച്ച മുഴുത്ത മല്‍സ്യങ്ങള്‍ വലിയ കത്തി ഉപയോഗിച്ച് മുറിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍. അതിനപ്പുറം, നാല്പതു ഡിഗ്രി സ്വാഭാവിക താപത്തിന്റെയും ചുട്ടുപഴുത്ത പൊറോട്ടക്കല്ലിന്‍റെ ആവിയുടെയും ഇടയില്‍ പാതി വെന്ത ശരീരവുമായി മറ്റൊരാള്‍! മേരുങ്ങാന്‍ സ്വതേ വിസമ്മതിക്കുന്ന മൈദമാവിനെ മല്ലിട്ട് കീഴ്പ്പെടുത്തി പൊറോട്ടയാക്കി കല്ലിലിടുമ്പോള്‍ താളാത്മകമായി ,യാന്ത്രികമായി അയാള്‍ ചലിച്ചുകൊണ്ടിരിക്കുന്നു. ശരീരത്തില്‍നിന്ന് വിയര്‍പ്പ് ധാരയായി ഒഴുകുന്നു. തന്റെ വസ്ത്രം പരമാവധി വിയര്‍പ്പ് വലിച്ചെടുത്തിട്ടും ബാക്കി വന്നവ താഴെ തറയിലൂടെ ഒഴുകുന്നു.മുഖത്തുള്ളത് വിയര്‍പ്പാണോ കണ്ണീരാണോ എന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ശുദ്ധജലവും ഉപ്പുവെള്ളവും സംഗമിക്കുന്ന അഴിമുഖത്തെ സംഘര്‍ഷാവസ്ഥ പോലെ, അയാളുടെ മുഖത്ത് എന്തോ പ്രക്ഷുബ്ധഭാവം രൂപപ്പെടുന്നതായി അബുക്കാക്ക് തോന്നി.

" റഫീഖ്..."

നിര്‍വികാരതയോടെ അയാള്‍ അബുക്കയെ തിരിഞ്ഞുനോക്കി 'ഞാന്‍ തന്നെ'എന്ന ഭാവത്തില്‍. അയാളോട് എന്ത് പറയണമെന്ന് അദേഹത്തിനു അറിയില്ലായിരുന്നു. പറയാന്‍ ഉദേശിച്ചിരുന്ന വാക്കുകള്‍ തോണ്ടയിലെവിടെയോ ഉടക്കിക്കിടന്നു.

" രണ്ടു റിയാലിന് പൊറോട്ട വേണം"

അതേ പറയാന്‍  കഴിഞ്ഞുള്ളു. പൊറോട്ടപൊതിയും വാങ്ങി കാശും കൊടുത്ത് അബുക്ക ക്ഷണത്തില്‍ പുറത്തിറങ്ങി. പുറത്തെ നരകക്കോഴികള്‍ അയാള്‍ക്കു മുന്നില്‍! തീനാളങ്ങള്‍ക്ക് മുകളില്‍ അവ കറങ്ങിക്കൊണ്ടേയിരിക്കുന്നു. നരകക്കോഴി ഒരിക്കലും അയാള്‍ കഴിച്ചിരുന്നില്ല. എന്തോ ഒരു വെറുപ്പ്‌. എന്നാലിപ്പോള്‍ അവ അയാളെ മാടിവിളിക്കുന്നു. വീണ്ടും രെസ്റൊരന്റിലേക്ക് കയറി. ജീവിതത്തിലാദ്യമായി ഒരു കോഴിക്ക് ഓര്‍ഡര്‍ ചെയ്തു.ചില്ലു കൂട് തുറന്നപ്പോള്‍ കുക്കിംഗ് ഗ്യാസിന്റെയും വെന്ത മാംസത്തിന്റെയും സമ്മിശ്രഗന്ധം മൂക്കിലേക്ക് തുളച്ചുകയറി.

പിക്കപ്പിന്റെ സീറ്റിലിരുന്ന് restaurant ന്‍റെ പേര് ഒന്നുകൂടി ശ്രദ്ധിച്ചു. ' Paradise' അഥവാ സ്വര്‍ഗ്ഗം! Paradise നു പുറത്ത്‌ ഒരു നരകക്കൂടാരം! അത് കഴിഞ്ഞകത്തു കടന്നാല്‍ സുഭിക്ഷതയുടെ ഒരു സ്വര്‍ഗ്ഗം! അതിനുമപ്പുറം അടുക്കളയില്‍ ഒരു വീണ്ടുമൊരു നരകം! അബുക്ക ചുണ്ടുകോട്ടി ചിരിച്ചു. അസ്ഥിവെളിവാകുന്ന സ്റ്റിയറിംഗിനെ തഴുകിക്കൊണ്ട് തന്‍റെ പഴയ പിക്കപ്പ് വാന്‍ നിയന്ത്രിക്കവേ എന്തൊക്കെയോ ചിന്തകള്‍ വരിഞ്ഞുമുറുക്കുന്നതായി തോന്നി. ജീവിതത്തിന്റെ അര്‍ത്ഥനിരര്‍ത്ഥതകളെക്കുറിച്ച് ആലോചിച്ചു വണ്ടിയോടിച്ചുകൊണ്ടിരുന്നതിനാല്‍ കടയെത്തിയതറിഞ്ഞില്ല. ആകാംക്ഷയോടെയിരിക്കുന്ന അനീഷിനു കൈയിലിരുന്ന പൊതി നീട്ടി. അബുക്കാന്റെ ചുണ്ടുകള്‍ എന്തോ പറയാനെന്ന പോലെ വിറകൊണ്ടു. എന്നാല്‍ അനീഷിനത് കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല.

" അനീഷ്‌.., രുചികരമായ ഈ പൊറോട്ട ഭക്ഷിക്കുക. താങ്കളുടെ ജ്യേഷ്ഠന്‍റെ വിയര്‍പ്പ് ഇതില്‍ കലര്‍ന്നതിനാല്‍ വേണ്ടത്ര ഉപ്പുണ്ട്. ഒപ്പം അദ്ദേഹത്തിന്‍റെ  കണ്ണീരു കൂടി ഉള്ളതിനാല്‍ വേണ്ടത്ര മാര്‍ദ്ദവവുമുണ്ട്. ഇതിന്റെ കൂടെ ഈ കോഴിയും കഴിക്കുക.. ഇതാകുന്നു 'നരകക്കോഴി' അഥവാ താങ്കളുടെ ജ്യേഷ്ടന്‍!"

80 comments:

  1. മുന്‍പ് ഞാന്‍ ഇത് വായിച്ചിരുന്നില്ല... ഇപ്പോള്‍ വായിച്ചപ്പോള്‍ വേണ്ടിയിരുനില്ല എന്ന് തോനുന്നു ... അത്രകണ്ട് തുറന്നു കാണിക്കുന്നു ഓരോ പ്രവാസിയുടെയും കഷ്ട്ടപാടുകള്‍!. തീര്‍ച്ചയായും എല്ലാവിധ ആശംസകളും നേരുന്നു

    ReplyDelete
  2. ഞാന്‍ ആദ്യം വായിച്ചിരുന്നു.!! അന്നു ഇമേജ് രൂപത്തില്‍ ആയിരുന്നതിനാല്‍ ഈ പോസ്റ്റ് കൂടുതല്‍ പേര്‍ വായിച്ചിരിക്കാന്‍ സാധ്യതയില്ല.!! ഇങ്ങനെ ഒരു റീ പോസ്റ്റ് വളരെ നന്നായി.

    ------------------------------

    പ്രവാസികളില്‍ ബഹുഭൂരിപക്ഷവും ഈ നരകക്കോഴികള്‍ തന്നെയല്ലെ..!!

    ReplyDelete
  3. ഒടുക്കമില്ലാത്ത നഷ്ടബോധങ്ങളുടെ സങ്കടങ്ങളുടെ ഒരു വിലാപ യാത്ര തന്നെ ഭൂരിഭാഗം പ്രവാസികളുടെയും ജീവിതം എന്ന തിരിച്ചറിവിലേക്ക്... മുമ്പ് വായിക്കാന്‍ കിട്ടിയിരുന്നില്ല .

    ReplyDelete
  4. ഞാൻ ഗൾഫു കാരനേ അല്ലേ അല്ല
    അക്ഷര പിശാച്ചുകൾ വേണ്ടുവോളം ഉണ്ട് കേട്ടൊ

    ReplyDelete
  5. 'നിനക്ക് പറ്റിയതല്ല ഗള്‍ഫ്‌' ................ GOOOOD

    ReplyDelete
  6. പ്രവാസിയുടെ കഷ്ടപ്പാടുകള്‍ നേരെ പറഞ്ഞിരിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  7. വളരെ മനോഹരമായ ഒരു കഥകൂടി

    ReplyDelete
  8. മുമ്പ് വായിച്ചതാൺ അന്നും ഇന്നും മനസിൽ മായതെ കിടന്ന വാക്കുകൾ..." അനീഷ്‌.., രുചികരമായ ഈ പൊറോട്ട ഭക്ഷിക്കുക. താങ്കളുടെ ജ്യേഷ്ഠന്‍റെ വിയര്‍പ്പ് ഇതില്‍ കലര്‍ന്നതിനാല്‍ വേണ്ടത്ര ഉപ്പുണ്ട്. ഒപ്പം അദ്ധേഹത്തിന്റെ കണ്ണീരു കൂടി ഉള്ളതിനാല്‍ വേണ്ടത്ര മാര്‍ദ്ദവവുമുണ്ട്. ഇതിന്റെ കൂടെ ഈ കോഴിയും കഴിക്കുക.. ഇതാകുന്നു 'നരകക്കോഴി' അഥവാ താങ്കളുടെ ജ്യേഷ്ടന്‍!"
    ഓരോ പ്രവാസിയുടേയും കഷ്ട്ടപ്പാടുകൾ വരച്ചു കാണിക്കുന്നു.. ഹൃദയത്തിൽ കൊണ്ട കഥ ........ഭാവുകങ്ങൾ....

    ReplyDelete
  9. 26 ദിവസം ഗൾഫുകാരുടെ ക്ഷേമം അനേഷിച്ച്‌ നടന്ന പിണറായിയും ഇപ്പോൾ ക്ഷേമം അന്വേഷിക്കുന്ന കുഞ്ഞാലിക്കുട്ടിയും അല്ലെങ്ങിൽ ഉടനെ തന്നെ ഗൽഫിലേക്ക്‌ വണ്ടി കയറുന്ന ചെന്നിത്തലയും പാരഡൈസിന്റെ ഉടമയെ അറിയും പക്ഷെ റഫീക്കിനെയോ അനിഷിനേയൊ എന്തിന്‌ അബൂക്കയെപോലും അറിയില്ല.

    ReplyDelete
  10. നല്ല കഥ ..കഷ്ടപ്പെടുന്നഗള്‍ഫ്‌കാരുടെ അവസ്ഥ വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് ഈ കഥയില്‍ ..വളരെ യേറെപ്പേര്‍ ശരിക്കും ഇങ്ങിനെയാണ് ..ഈ കഥ മുന്പുവായിച്ചിരുന്നു ..
    അക്ഷരപിശകുണ്ട് ശ്രദ്ധിക്കുക ..ഞങ്ങളും ഗള്‍ഫില്‍ ആണ് ..കൊണ്ടറിഞ്ഞതല്ലെന്കിലും ..കണ്ടറിഞ്ഞതും കേട്ടറി ഞ്ഞ തുമായ കാര്യങ്ങള്‍ പോസ്റ്റ്‌ ആക്കി ഇട്ടിട്ടുണ്ട് .വായിക്കുമല്ലോ ? http://enmaniveena.blogspot.com/2010/04/blog-post_27.html http://enmaniveena.blogspot.com/2009/10/blog-post.html http://enmaniveena.blogspot.com/2009/05/blog-post_20.html ഈ മൂന്നു പോസ്റ്റും സമയം കിട്ടുമ്പോള്‍ വായിക്കുക ..

    ReplyDelete
  11. ഹൃദയത്തിൽ കൊണ്ട കഥ ........ഭാവുകങ്ങൾ....

    ReplyDelete
  12. പ്രവാസിയാവാത്തതിന്റെ സുഖത്തെപ്പറ്റി എന്നോട് പലപ്പോഴും ഓര്‍മ്മിക്കാറുള്ള ഇസ്മയിലിന്റെ ഈ കഥ വല്ലാതെ മനസ്സില്‍ തട്ടിപ്പോയി. സത്യത്തില്‍ അവരയക്കുന്ന പണം നാട്ടില്‍ കത്തിച്ചു കളയുന്ന അവരുടെ വീട്ടുകാരാണ് ഇതൊക്കെ വായിക്കേണ്ടത്.അഭിനന്ദനങ്ങല്‍!

    ReplyDelete
  13. ഗള്‍‌ഫ് ജീവിതത്തിന്റെ മറ്റൊരു മുഖം. പ്രവാസിയുടെ വിയര്‍പ്പിന്റെയും, കണ്ണുനീരിന്റെയും കഥ വളരെ ഭംഗിയായി വായനക്കാരുടെ മനസ്സില്‍ എത്തിച്ചിരിക്കുന്നു.

    ReplyDelete
  14. മനസ്സിന്റെ ഉള്ളിൽനിന്ന് ഉയരുന്ന വേദനകൾ ഒരുതുള്ളി കണ്ണീരായി പുറത്തുവരുന്നു.

    ReplyDelete
  15. നരകത്തിലെ കോഴിയും സ്വര്‍ഗ്ഗത്തിലെ മനുഷ്യരും എന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ പറയുമായിരുന്നു, തീയില്‍ കോഴികള്‍ കിടന്ന് കറങ്ങുന്നത് കാണുമ്പോള്‍ . (എല്ലാവരും സ്വര്‍ഗ്ഗത്തിലല്ല എന്ന് അറിയാഞ്ഞിട്ടല്ല)

    കഥ നന്നായി.

    ReplyDelete
  16. നല്ല കഥ,എല്ല്ല കഷ്ടപ്പാടുകളും അനുഭവിക്കുന്നവ്ര്‍ക്കു രണ്ടു തുള്ളിക്കണ്ണുനീര്‍ ‍....ഇത് നാട്ടിലും വീട്ടിലും ഉള്ള വീട്ടുകാര്‍ വ്ശ്വസിക്കുന്നുണ്ടോ???

    ReplyDelete
  17. ജീവിതം എത്രമാത്രം കഷ്ട്ടത നിറഞ്ഞതാണ്‌ . ഹംസാ സാഹിബ് ചോദിക്കുന്നു "...... നരകക്കോഴികള്‍ തന്നെയല്ലേ എന്ന് " നാട്ടില്‍ തെക്ക് വടക്ക് വായിനോക്കി നടക്കുന്നവര്‍ പറയും " ഏത് നരകത്തി പോയാലും വേണ്ടില്ല; കഞ്ഞി കുടിക്കാനുള്ളത് കിട്ടിയാല്‍ മതിയായിരുന്നു . ഇതെല്ലാം കണ്ടും കേട്ടും ഞാനിവിടെ ചക്രത്തില്‍ കിടന്നു .........?

    ReplyDelete
  18. @ സാദിഖ് മാഷെ.. നാട്ടില്‍ തെക്ക് വടക്ക് വായിനോക്കി നടക്കുന്നവര്‍ നരകത്തില്‍ ചെന്നെങ്കിലും കഞ്ഞികുടിക്കാനുള്ള വക കിട്ടിയാല്‍ മതിയായിരുന്നു എന്നാശിക്കുന്നതില്‍ തെറ്റ് കാണാന്‍ കഴിയില്ല പ്രവാസ ജീവിതം സ്വയം നരകം തിരഞ്ഞെടുക്കുന്നത് പോലെ തന്നെയാണ്.!! പക്ഷെ അതിവിടെ എത്തികഴിയുമ്പോഴെ മനസ്സിലാവൂ എന്നു മാത്രം.!!

    ഈ കഥ തന്നെ അതിനു നല്ല ഒരു തെളിവാണ്.!!

    ReplyDelete
  19. ഒരു വിസ തരപ്പെടുത്തിക്കൊടുക്കാഞ്ഞതിനാൽ പലപ്രവാസികളും ബന്ധുജനങ്ങൾക്കിടയിൽ അനഭിമതരാകാറുണ്ട്, ഞാനേതായാലും വന്ന് പെട്ടു,ഇനി ഒരാളെ ക്കൂടി എന്തിനാ ഈ നരകത്തിലേക്ക് വലിച്ചിഴക്കുന്നു എന്നായിരിക്കും അവന്റെ ചിന്ത, പക്ഷേ നാട്ടിൽ നിൽക്കുന്നവർക്കുണ്ടോ ഇത് പറഞ്ഞാൽ മനസ്സിലാവുന്നു, ഹംസക്കാ പറഞ്ഞത് പോലെ എല്ലാം ഇവിടെ എത്തിക്കഴിഞ്ഞെങ്കിൽ മാത്രമേ മനസ്സിലാവൂ..
    തണൽ, ഉഗ്രൻ കഥ, ആശംസകൾ

    ReplyDelete
  20. ഗള്‍ഫ്‌ എന്ന സ്വപ്നഭൂമിയുടെ പൊള്ളിക്കുന്ന മുഖം നാട്ടില്‍ പലര്‍ക്കും അക്ഞാതം.... ഗള്‍ഫിലെ തൊഴിലാളികളുടെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും കഥ, ഹൃദയത്തില്‍ ഒരു വേദനയായി, കണ്ണീരായി പടര്‍ന്നു.

    ReplyDelete
  21. കുടുംബം പുലര്‍ത്താനായി ആ മണലാരണ്യത്തില്‍ ഒറ്റക്ക് വെന്ത് നീറുന്ന എത്ര പേര്‍..
    കഥ നന്നായി.

    ReplyDelete
  22. ഗള്‍ഫിനേക്കുറിച്ച് ഇതേപോലെ നാട്ടില്‍ പറഞ്ഞാല്‍ അവിടുള്ളവര്‍ പറയും ബാക്കിയുള്ളവരും കൂടി അവിടെ ചെല്ലുമെന്നുള്ള അസൂയകൊണ്ട് പറയുന്നതാണെന്ന്.

    ReplyDelete
  23. നല്ല കഥ. ഇതേ പോലുള്ള അനീഷുമാര്‍ കുറെയുണ്ട്,കഷ്ടമാണ് കാര്യങ്ങള്‍.ഏഴു വര്‍ഷമായി നാട്ടില്‍ പോകാത്ത ഒരാളെ ഞാന്‍ എന്നും കാണാറുണ്ട്. പാസ്പോര്‍ട്ട് ഇല്ല, പൊതുമാപ്പും പ്രതീക്ഷിച്ചു നില്‍ക്കുകയാണ്, എന്നാണാവോ പൊതുമാപ്പ് വരുന്നത്?!!

    ReplyDelete
  24. ആറു വര്ഷം മുന്‍പ്‌ എഴുതി ഗള്‍ഫ്‌ വര്‍ത്തമാനത്തില്‍ പ്രസിദ്ധീകരിച്ച കഥയാണിത്.
    സത്യത്തില്‍, ഞാന്‍ ബ്ലോഗു തുടങ്ങിയത് തന്നെ, പ്രസിദ്ധീകരിക്കപ്പെട്ട എന്റെ കഥകള്‍ സ്കാന്‍ ചെയ്തു ഒരു ബാക്കപ്പ് പോലെ സൂക്ഷിച്ചു വക്കുക എന്ന ഒറ്റ ഉദ്ദേശ്യം മനസ്സില്‍ വച്ച് കൊണ്ടായിരുന്നു. പിന്നെ കുറെ കാലം ബ്ലോഗ്‌ തുറക്കാതെയുമായി. പിന്നെ ആരോ അബദ്ധത്തില്‍ വായിച്ചു ഒന്ന് രണ്ടു കമന്റ് ഇട്ടപ്പോള്‍ മെല്ലെ എന്തെങ്കിലും എഴുതി പോസ്ടാന്‍ താല്പര്യമായി. പക്ഷെ അപ്പോഴും അധികമാരും വായിക്കാതെ പഴയ കഥകള്‍ വിസ്മൃതിയില്‍ കിടന്നു. ഇപ്പോള്‍ പല സുഹൃത്തുക്കളും അത് ടൈപ് ചെയ്തു പുതിയ പോസ്റ്റായി ഇടാന്‍ നിര്‍ബന്ധിക്കുന്നു. ടൈപ് ചെയ്യുമ്പോള്‍ അറിഞ്ഞുകൊണ്ട് തന്നെ അക്ഷരത്തെറ്റ് വരുത്താന്‍ പലപ്പോഴും നിര്‍ബന്ധിതമാകുന്നു. ക്ഷമിക്കുക. കമന്റു ചെയ്ത എല്ലാവര്ക്കും നന്ദി. വായിച്ചു വെറുതെ പോയവര്‍ക്ക് നന്ദി. വീണ്ടും ഈ വഴി വരുമല്ലോ. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ.

    ReplyDelete
  25. മുമ്പ് വായിച്ചിരുന്നില്ല ഇപ്പോഴാ വായിക്കുന്നേ..
    SO TOUCHING..!!

    ReplyDelete
  26. ആദ്യായിട്ടാണിവിടെ.
    ഒരു ശരാശരി ഗൾഫുകാരന്റെ അവസ്ഥ മനസ്സിൽ കൊള്ളുംവിധം പറഞ്ഞു. എഴുത്ത് തുടരുക...
    ആശംസകൾ!

    ReplyDelete
  27. ഞാന്‍ ഗള്‍ഫിലേക്കില്ലാ, കൂതറ ഗല്‍ഫ്.
    എല്ലാര്‍ക്കും അവിടുത്തെ സങ്കടം മാത്രെ പറയാനുള്ളൂ.
    എന്റെ മനസ്സില്‍ ഗള്‍ഫ് എന്നാല്‍ ഇപ്പോ ......!!
    ല്ലാ ഞാന്‍ അങ്ങോട്ടില്ലാ

    ReplyDelete
  28. ഗള്‍ഫിലേക്കുള്ള വിസ, ഒരു ലോട്ടറി ടിക്കറ്റ്‌ പോലെയാണ്.ആഗ്രഹങ്ങളെ അധികരിപ്പിക്കുന്നു.ഒരു പക്ഷെ നേടാം അല്ലെങ്കില്‍ ഉള്ളതു കൂടി നഷ്ടപ്പെടാം.
    പക്ഷെ,
    അത് കീറിക്കളഞ്ഞു വീട് പിടിക്കാന്‍ പലപ്പോഴും കഴിയില്ല.കാരണം ആ 'ടിക്കറ്റ്‌' ഒരു മയക്കു മരുന്നാകുന്നു.ജീവന്‍ തന്നെ അപായപ്പെടുത്തുന്ന മയക്കുമരുന്ന്! നാമതിന്‍റെ അടിമയും....

    ReplyDelete
  29. പാരഡൈസിനെ, അതിന്റെ ഉടമകളെ എല്ലാവരും അറിയും, പക്ഷെ അതിന്റെ കത്തളങ്ങളില്‍ വെന്തു നീറി ജീവിക്കുന്ന ഈ നരക കോഴികളെ പറ്റി ആരും ഓര്‍ക്കാറില്ല, അല്ലെങ്കില്‍ അതിനു മെനക്കെടാറില്ല.

    നല്ല കഥ, വീണ്ടും പോസ്റ്റിയത് നന്നായി, ഇമേജ് ഫോര്മാറ്റിലായത് കൊണ്ട് പലതും വായിച്ചിട്ടില്ല.

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. ഹൃദ്യം.
    ഒരു പൊടിക്ക് നീറ്റല്‍..

    ReplyDelete
  32. വല്ലാതെ നൊമ്പരപ്പെടുത്തുന്നു ഈ ഗള്‍ഫ് ചിലപ്പോള്‍.

    ReplyDelete
  33. നരകക്ക്വാഴിയും ബെറോട്ടയും...

    ReplyDelete
  34. നരകക്കോഴികളില്‍ ഒരെണ്ണത്തിന്റെ കഥ ...
    ഇനിയും എത്രയോ എത്രയോ നരകാഗ്നികളില്‍ വെന്തുരുകുന്ന ജന്മങ്ങള്‍
    ഈ സ്വര്‍ഗ്ഗ ഭൂമിയില്‍ ഒളിച്ചിരിക്കുന്നു . ഈ കഥ അവര്‍ക്കെല്ലാം ഉള്ള സമര്‍പ്പണമാകട്ടെ....

    ReplyDelete
  35. ഉള്ളിൽ തട്ടുന്ന നല്ല കഥ.
    നല്ല ഭാഷ.
    ആശംസകൾ!

    ReplyDelete
  36. നല്ല കഥ..
    മുന്‍പ് വായിച്ച പോലെ..

    നല്ല അവതരണം..
    ആറ്റിക്കുറുക്കിപ്പറഞ്ഞിരിക്കുന്നു..

    നരകക്കോഴി..
    നല്ല പ്രതീകം..

    ഭാവുകങ്ങള്‍..

    ReplyDelete
  37. nannayirikkunnoo......
    mattonnum parayanenikku kazhiyunnilla......
    ithu pole naraka kozhikale...thettidharikkapeetta manushyakolangale njaan neril kandarinjittundu....
    abhinandanangal.....

    ReplyDelete
  38. ആദ്യമായാണ് വായിക്കുന്നത്.. നന്നായി പറഞ്ഞിരിക്കുന്നു.. ചില സമയത്ത് ബെന്യാമിന്റെ ആടുജീവിതത്തിലെ ചില അദ്ധ്യായങ്ങൾ ഓർമ്മ വന്നു.. നരകകോഴി.. കഥയുടെ പേരു തന്നെ മനോഹരം..

    ReplyDelete
  39. ഇസ്മായീല്‍, വരാന്‍ വൈകി.
    മനസ്സില്‍ നൊമ്പരങ്ങള്‍ ഉണര്‍ത്തുന്ന കഥ.വളരെ ഇഷ്ട്ടപ്പെട്ടു.കഥയുടെ അവസാനം- " അനീഷ്‌.., രുചികരമായ ഈ പൊറോട്ട ഭക്ഷിക്കുക. താങ്കളുടെ ജ്യേഷ്ഠന്‍റെ വിയര്‍പ്പ് ഇതില്‍ കലര്‍ന്നതിനാല്‍ വേണ്ടത്ര ഉപ്പുണ്ട്. ------------ ഇതിന്റെ കൂടെ ഈ കോഴിയും കഴിക്കുക.. ഇതാകുന്നു 'നരകക്കോഴി' അഥവാ താങ്കളുടെ ജ്യേഷ്ടന്‍!
    ജ്യേഷ്ഠനെ നരകക്കോഴിയോട് ഉപമിചച്ത് അര്‍ത്ഥവത്താണെങ്കിലും(അത് ഭക്ഷിക്കാന്‍ പറഞ്ഞത് അനുചിതമായി), ആ വാക്കുകള്‍ മറ്റൊരു രീതിയില്‍ പ്രസന്റ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു.
    ALL THE BEST

    ReplyDelete
  40. പാവം ജ്യേഷ്ഠന്‍. പാവം അനിയനും. ആരോടാണ് സഹതപിക്കേണ്ടതെന്ന് അറിയുന്നില്ല. അല്ലെങ്കില്‍ തന്നെ സഹതപിച്ചിട്ടെന്തു കാര്യം?

    6 വര്‍ഷം മുന്‍പുള്ള കഥയല്ലേ? ഇതു കഥയല്ലെങ്കില്‍, ഇപ്പോളാ ജ്യേഷ്ഠനും അനിയനും നിന്നു പറ്റിക്കാണും അല്ലേ?

    ReplyDelete
  41. വരാൻ അൽ‌പ്പം വൈകി..ഉമ്മു അമ്മാർ ആണു ഇങ്ങോട്ടുള്ള വഴി കാണിച്ചത്. തലക്കെട്ടിനെ അന്വർത്ഥമാക്കുന്ന കഥ. ഹൃദയസ്പർശിയായി പറഞ്ഞിരിക്കുന്നു. ആശംസകൾ

    ReplyDelete
  42. വളരെ വൈകി, എന്റെ ബ്ലോഗിലെ കമന്റില്‍ നിന്നുമാണ് ഇവിടെ എത്തിയത്... വളരെ ഹൃദ്യം... ഒരര്‍ത്ഥത്തില്‍ എല്ലാ പ്രവാസികളും നരകക്കോഴികള്‍ തന്നെയല്ലേ?

    ReplyDelete
  43. പച്ചയായ, സത്യമുള്ള കഥ.

    എണ്ണയില്‍ ചുട്ടുനീറി വേണ്ടപ്പെട്ടവര്‍ക്ക് സ്വാദിഷ്ട ഭോജ്യമാകുന്ന നരകക്കൊഴികല്ലേ ഗള്‍ഫ് പ്രവാസികള്‍?
    ആശംസകള്‍. വീണ്ടും വരാം.

    ReplyDelete
  44. chetta ,super story.thanks

    ReplyDelete
  45. ഒരു പ്രവാസിക്ക് എളുപ്പത്തിൽ മനസിലാവും ആ അവസ്ഥ. കൂടുതൽ എന്ത് പറയാൻ, വഷളൻ പറഞ്ഞതിനു കീഴെ എന്റെ ഒരു കയ്യൊപ്പ് :
    ഒന്ന് കൂടി പറയട്ടെ ‘ചൂട് മാറിയാൽ നരകക്കോഴിക്ക് രുചി നഷ്ടമാവും പ്രവാസിയുടെ കാര്യവും അത് പോലെതന്നെ ‘ !!

    ReplyDelete
  46. പച്ചയായ ആവിഷ്കരണം. മനസ്സിനെ പച്ചയായി പൊരിച്ചു കളഞ്ഞു താന്കള്‍.

    ReplyDelete
  47. ഇപ്പോഴാണ് വായിക്കുന്നത്. ഇങ്ങനെ എത്രയെത്ര മനുഷ്യര്‍... !!! സങ്കടം തോന്നുന്നു... എല്ലാവരോടും..

    ReplyDelete
  48. പെട്രോഡോളറിന്റെ മൂല്യവും അറബി പൊന്നിന്റെ മഞ്ഞളിപ്പും കണ്ടു കൊതിച്ച് ഈയംപാറ്റകളെ പോലെ ഇവിടെ വന്നോടുങ്ങുന്ന എത്രയോ ജന്മങ്ങളെ നേരിട്ടറിയെണ്ടി വന്ന ഒരാളെന്ന നിലയില്‍ ഈ കഥ, അല്ല യാദാര്‍ത്ഥ്യം മനസ്സില്‍ തട്ടി..
    നരകത്തിലെ കോഴി എന്ന ഉപമ നന്നായി..

    ReplyDelete
  49. ജീവിതം നമ്മെ എങ്ങോട്ടു കൂട്ടിക്കൊണ്ടു പോകുമെന്നോ എന്തൊക്കെ ആക്കിതീര്‍ക്കുമെന്നോ പറയാന്‍ കഴിയില്ലല്ലോ.

    സ്നേഹവും കണ്ണീരും യാതനയും ദയയും ക്രൂരതയും എല്ലാം കൂടിക്കലര്‍ന്ന
    ഒരു ലോകത്തെ മുന്നില്‍ കൊണ്ടെത്തിച്ചു.
    കഥ നമ്മള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒന്നുതന്നെ. പക്ഷെ ഇസ്മയില്‍ നന്നായി പറഞിരിക്കുന്നു. അടുത്തിടെ പ്രവാസിയുടെ മകനും, രജ്ഞിത്തിന്റെ ഗള്‍ഫുകാരന്റെ രണ്ടുനിലയുള്ള വീടും വായിച്ചതോര്‍ക്കുന്നു.
    പിന്നെ ബാബു ഭരദ്വാജിന്റെ പ്രവസീയുടെ വഴിയമ്പലങ്ങളിലെ കണ്ണീര്‍കഥകള്‍.

    ReplyDelete
  50. “മുഖത്തുള്ളത് വിയര്‍പ്പാണോ കണ്ണീരാണോ എന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ശുദ്ധജലവും ഉപ്പുവെള്ളവും സംഗമിക്കുന്ന അഴിമുഖത്തെ സംഘര്‍ഷാവസ്ഥ പോലെ, അയാളുടെ മുഖത്ത് എന്തോ പ്രക്ഷുബ്ധഭാവം രൂപപ്പെടുന്നതായി അബുക്കാക്ക് തോന്നി...”

    ആർജ്ജവം തുളുമ്പുന്ന എഴുത്ത്..സത്യത്തിന്റെ നേർക്കാഴ്ചകൾ..
    ഈ ബ്ലോഗിൽ ഞാനാദ്യമായാണെത്തുന്നത്.. (വരാൻ വൈകിയെന്ന തോന്നലുമുണ്ട്.)

    ആശംസകൾ

    ReplyDelete
  51. പച്ചപ്പു തേടിവന്ന കുറേ മനുഷ്യരുടെ പച്ചയായ ജീവിത യാഥാര്‍ത്യങ്ങള്‍ തുറന്നു കാട്ടുന്നുണ്ട്, 'നരകക്കോഴി'. സംശുദ്ധമായ വിയര്‍പ്പുകണങ്ങള്‍ ഉയിരെടുക്കുന്ന മഹത്വപൂര്‍ണതയുടെ ദേഹ ധാരകളെ കുറിച്ചാണ്, വേവുന്ന മാംസക്കഷ്ണങ്ങള്‍ക്കിടയിലും നോവുന്ന ആ ഹൃദയം നമ്മോടു പറയുന്നത്.

    കഥാംശം തെര്യപ്പെടുത്തുന്നതിനിടയില്‍ ചില അതിവര്‍ണനകളും ലേഖന രൂപത്തിലേക്ക് വഴിപിഴപ്പിച്ച ചില അധികാക്ഷര ങ്ങളും ന്യൂനതകളായി അനുഭവപ്പെടുന്നു. എങ്കിലും പണിയെടുക്കാതെ പണമൂറ്റുന്ന നാട്ടിന്‍പുറത്തെ ആധുനികനായ 'കൂ(കാ)ലിപ്പണി'ക്കാരനുള്ള ''ചുട്ട വിഭവം'' തന്നെയാണ് ഈ കഥ. ആശംസകള്‍!

    ReplyDelete
  52. ഇത് ഇപ്പോഴേ വായിക്കാൻ കഴിഞ്ഞുള്ളൂ.പ്രവാസിയുടെ നൊമ്പരങ്ങൾ ഇതിൽ കാണുന്നു.ഗൾഫിൽ പൊള്ളുന്ന ചൂടിൽ പണിയെടുക്കുന്ന ജ്യേഷ്ടൻ നാട്ടിലുള്ളവരോടും വീട്ടിലുള്ളവരോടും തന്റെ ശരിക്കുള്ള ജോലി എന്തെന്ന് പറയുന്നില്ല്ല്ല.അത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അനീഷ് ഗൾഫിലേക്ക് വരുമായിരുന്നില്ല.

    ReplyDelete
  53. പേര്‍ഷ്യാക്കാരന്‍! പണ്ട് അതൊരു വലിയ ഗമ ആയിരുന്നു അതു പിന്നീട് ഗള്‍ഫ്‌കാരന്‍ ആയി നാട്ടില്‍നിന്ന് കടലുതാണ്ടി പോരുന്നവരെല്ലാം മെയ്യ് അനങ്ങാതെ സ്വര്‍ണ്ണം വാരുന്നവരാ ഒരു കത്ത് അയ്ച്ചാല്‍ അപ്പോള്‍ കിട്ടും ഡ്രാഫ്റ്റ് എന്ന് ഒരു ധാരണ പരത്തി...നാടുവിട്ട് വീട്ടുകാരെ മാത്രം പറ്റി ആലോചിച്ചു കഴിയുന്നവര്‍ തന്റെ അഭാവത്തില്‍ വീട്ടില്‍ ഒന്നിനും കുറവുണ്ടാവരുത് എന്ന് ചിന്തിച്ചു .. അതിന്റെ ഭവിഷ്യത്ത് ഏറെയാണൂ ..ഗള്‍ഫില്‍ എത്തി എന്തു ജോലിയും ചെയ്തു ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രവാസി എന്ന നരകക്കോഴി മറ്റുള്ളവര്‍ക്ക് ഇരയാകുന്നതല്ലതെ ഒന്നും സ്വയം നേടുന്നില്ലാ...... ഗള്‍ഫ്‌ വര്‍ത്തമാനത്തില്‍ പ്രസിദ്ധീകരിച്ച ഈ കഥ ഞാന്‍ അന്നു സൗദിയില്‍ വച്ച് വായിച്ചതാണ്...

    ReplyDelete
  54. ഓരോരുത്തര്‍ക്കും പ്രത്യകം നന്ദി പ്രകടിപ്പിക്കുന്നില്ല. കമന്റുകള്‍ എഴുതാന്‍ സന്മനസ്സ് കാട്ടിയ എല്ലാ സഹോദരങ്ങള്‍ക്കും അനല്പമായ നന്ദി. ഇനിയും ഇത്തരം പ്രോത്സാഹനങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.

    കൂടാതെ, വിയര്‍പ്പ് ഒഴുക്കിയും കണ്ണീരു കുടിച്ചും ഗള്‍ഫില്‍ എരിഞ്ഞു ഒടുങ്ങുന്ന അസംഖ്യം 'നരകക്കോഴി'കള്‍ക്ക് വേദനയോടെ ഈ കഥ സമര്‍പ്പിക്കുന്നു..

    ReplyDelete
  55. Sahodara...thangalkk oraayiram nandhi...paranjaal theeraatha athrem nandhi...
    Ente ikkaye njaan thirichariyunnu...ee nimisham.....oru thulli kannu neer ente ikkakk vendi pozhikkan njaan nirbandhithanaayi....ee lekhanam ente kannu thurappichu...

    ReplyDelete
  56. തികച്ചും മൂല്യമുള്ള സൃഷ്ടി, വീണ്ടും പ്രതീക്ഷിക്കുന്നു

    ReplyDelete
  57. [ ഇതാകുന്നു 'നരകക്കോഴി' അഥവാ താങ്കളുടെ ജ്യേഷ്ടന്‍!" ]

    വല്ലാത്ത വരികളായിരുന്നു ഇസ്മായില്‍ജീ .... ശരിയാ ഒരുപാടൊരുപാടു നരകക്കോഴികളെ പല മുഖങ്ങളിലായി നമുക്കു കാണാന്‍ കഴിയും ... ലേഖനങ്ങളും മാധ്യമറിപ്പോര്‍ട്ടുകളും കുറച്ചെങ്കിലും മലയാളിയെ ചിന്തിപ്പിക്കുന്നുണ്ട് എന്നതും ഏറെ ആശ്വാസകരമാണ്‍് ... ഇന്നു ഗള്‍ഫെന്നു കേള്‍ക്കുമ്പോള്‍ കയറെടുത്തിറങ്ങുന്നവര്‍ നാട്ടില്‍ കുറഞ്ഞുവരുന്നെങ്കിലും ഒട്ടും വിരളമല്ല ... എളുപ്പം എങ്ങിനെ മറ്റുള്ളവരെപ്പോലെയാകാം എന്ന ചിന്തയായിരിക്കും പഠനം പോലും പാതിവഴിയിലുപേക്ഷിച്ചുകൊണ്ടുള്ള ഗള്‍ഫുമോഹത്തിനു പിന്നിലെ രഹസ്യം. കൊള്ളപ്പലിശയ്ക്കു കടമെടുത്ത് കടല്‍ കടക്കുന്നവന്‍ മാസങ്ങളോളം പണിയില്ലാതെ അലയുന്നതും നാഷണല്‍ പെര്‍മിഷന്‍ പുതുക്കാനുള്ള പണത്തിനായി വീണ്ടും കടക്കാരനാവുന്നതും അവസാനം ഏതെങ്കിലുമൊരു ജോലിയില്‍ സ്വയം സമര്‍പ്പിക്കുന്നതും ഏതൊരു പ്രവാസിയും കണ്ടുമടുത്ത കാഴ്ചയായിരിക്കും .... മറ്റുള്ളവരുടെ അനുഭവങ്ങള്‍ കേട്ടുമനസ്സിലാക്കാത്തവര്‍ കൊണ്ടുമാത്രമെ മനസ്സിലാക്കൂ എന്നതും ഏറെ ദുഃഖകരം തന്നെ .... ഗള്‍ഫുനാടുകളില്‍ നല്ല നിലയില്‍ നല്ല ജീവിതം നയിക്കുന്നവരെയും നമുക്കു കാണാം (വിദ്യാഭ്യാസക്കുറവുപോലും തടസമാകാതെ) പക്ഷെ എപ്പോഴും ചക്ക മുയലിന്റെ മുതുകില്‍ത്തന്നെ വീഴണമെന്നില്ല ... കേവലം ഒരു വിസകിട്ടിയാല്‍ താന്‍ എന്തിനു പോകുന്നു, ഏതു ജോലിക്കു പോകുന്നു ,കിട്ടുന്ന പ്രതിഫലമെന്ത് എന്നെങ്കിലും കൂട്ടുകാര്‍ ശ്രദ്ധിച്ചാല്‍ ഏറെ നന്നു... പ്രവാസത്തെക്കുറിച്ചു എത്രപറഞ്ഞാലും മതിവരില്ല ഇസ്മായില്‍ജീ.. കമന്റു നീണ്ടു പോയതില്‍ ക്ഷമിക്കുമല്ലോ ....

    സ്നേഹത്തോടെ മരഞ്ചാടി

    ReplyDelete
  58. ഇത് തന്നെ നമ്മള്‍ ഗള്‍ഫുകാര്‍ നാടുകാര്‍ക്ക് കൊടുക്കാന്‍ പറ്റിയ സന്ദേശം.

    ReplyDelete
  59. കുറേയേറെ നരകക്കോഴികളെ നേരില്‍ കണ്ടതിനാല്‍ കഥ ഒന്നുംകൂടെ മനസ്സില്‍ തട്ടും വിധത്തില്‍, ആദ്യമായി വായിക്കാന്‍ കഴിഞ്ഞു.
    നന്ദി

    ReplyDelete
  60. വളരെ ഹൃദ്യം... എല്ലാ പ്രവാസികളും നരകക്കോഴികള്‍ തന്നെയല്ലേ?

    ReplyDelete
  61. ഇന്നാണ് ഈ പോസ്റ്റ്‌ വായിക്കാന്‍ സാധിച്ചത്...നന്നായിട്ടുണ്ട്...നന്നായി പറഞ്ഞിരിക്കുന്നു....

    ReplyDelete
  62. This comment has been removed by the author.

    ReplyDelete
  63. ഗള്‍ഫിലെ നല്ലൊരു വിഭാഗം വരുന്ന സാധാരണക്കാരുടെ പച്ചയായ ജീവിതത്തിന്റെ ആവിഷ്കാരം. കഥ നല്ല ഭാഷയില്‍ വളരെ ചുരുക്കി പറഞ്ഞു. ഇസ്മായിലിന്റെ മറ്റു ചില കഥകള്‍ നേരത്തെ വായിച്ചിരുന്നു. എല്ലാം ജീവിതവുമായി വളരെ അടുത്തു നില്‍ക്കുന്നവയാണ്. ഈ നല്ല നിരീക്ഷണത്തിനു, ലളിതമായ അവതരണത്തിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  64. ഇപ്പോഴാണ് ഈ കഥ വായിക്കുന്നത്. ഉള്ളില്‍ തട്ടുന്ന രീതിയില്‍ എഴുതിയിരിക്കുന്നു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  65. അകം കരഞ്ഞും പുറമേ ചിരിക്കുന്ന ആയിരങ്ങളില്‍ ഒരുവന്‍. റഫീഖ്

    ReplyDelete
  66. ഇപ്പൊഴാണ് ഇത് വായിക്കുന്നത് ,
    ഈ റഫീക്ക് മാരുടെ വിയപ്പിന്റെ അംശം നാട്ടില്‍ കത്തിച്ചു കളയുന്നവരെ ഒന്ന് ചിന്തിക്കുക

    ReplyDelete
  67. മനസ്സ് മുഴുവന്‍ വിങ്ങിപ്പോട്ടുംപൂഴും ആരെയോക്കെയൂ ചിരിപ്പിക്കാനും , സന്തോഷിപ്പിക്കാനും മുഘത്ത് ചിരി തേച്ചുപിടിപ്പിച്ചു നടക്കുകയാണ് രഫീകിനെപ്പോലെ അനേകം പ്രവാസികള്‍ .......

    ReplyDelete
  68. എനിക്കു പ്രവാസ ജീവിതം എല്ലാം ‘ആട് ജീവിതം’ വായിക്കും പോലെ ആണു . അബൂക്കയെ പോലെ ഒരാൾ അതിലും ഉണ്ടെന്നു തോന്നുന്നു.ഇതു നന്നായിരുന്നു. ശരിക്കും നന്നായി.

    ReplyDelete
  69. ശരിയാണ്... ഇതിലും നല്ല ഒരു സന്ദേശം നാട്ടിലുള്ളവര്‍ക്ക് കൊടുക്കാനില്ല.
    താങ്കളുടെ എഴുത്ത് എല്ലാറ്റിനേയും മാറ്റിനിര്‍ത്തി പിടിച്ചിരുത്താന്‍ പോന്നതോണമാണ്.

    ReplyDelete
  70. റഫീഖിന്‌റെ മനസ്സിന്‌റെ കോണിലെ വിഷമം മനസ്സിലാക്കാന്‍ അനീഷിന്‌ കഴിയാതിരുന്നത്‌ റഫീഖിന്‌റെ ചുറ്റുപാട്‌ അറിയാത്തത്‌ കൊണ്‌ടാണ്‌. പരസ്പരം മറച്ച്‌ വെക്കുന്നത്‌ പരസ്പരം ഉണ്‌ടാകുന്ന വേദനകള്‍ മറക്കാനാണ്‌,,,, നല്ല എഴുത്ത്‌ ആശംസകള്‍

    ReplyDelete
  71. യാഥാര്‍ത്ഥ്യം..... !!!

    ReplyDelete
  72. നല്ല കഥ. റഫീക്കിന്റെ പ്രക്ഷുബ്ധഭാവം രൂപപ്പെടുത്തിയിരിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടു. നരകക്കോഴിയെപ്പോലുള്ള റഫീഖിനെക്കുറിച്ചുള്ള അവതരണത്തില്‍ ദേഹത്തുനിന്നും വിയര്‍പ്പിറ്റുന്നത് പോലെ അനുഭവപ്പെട്ടു. ജ്യേഷ്ഠന്റെ അവസ്ഥ പറയാതെ കഥ അവസാനിപ്പിച്ചത് കഥയ്ക്ക് മിഴിവേകി. വായന അവസാനിക്കുമ്പോഴും കഥ തുടരുകയാണ്. ഓരോ വായനക്കാരനും യാഥാര്‍ത്ഥ്യം മനസ്സിലേറ്റി പോവുകയാണ് അനിയനെ അറിയിക്കാനായി....

    ReplyDelete
  73. CHUTTU POLLUNNA PRAVASATHINTE NERKAZHCHA....ENTHE PULLIYOD PARAYATHATH

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.