June 30, 2010

തിളങ്ങുന്ന ഇന്ത്യ !!


ചെറ്റക്കുടിലിന്‍ മുറ്റത്ത്‌ കീറപ്പായയില്‍, വിയര്‍പ്പുമണമുള്ള അമ്മയുടെ മടിയില്‍ തലചായ്ച്ചു കിടക്കേ അവന്‍റെ മുടിയിഴകളില്‍ തലോടിക്കൊണ്ടു അമ്മ ചോദിച്ചു -

"മോന് നല്ലോണം വിശക്കുന്നുണ്ടല്ലേ? അച്ചനിപ്പോ വരും, വല്ലതും കൊണ്ടുവരും..."

മേലെ തിളങ്ങുന്ന പൂര്‍ണ്ണചന്ദ്രന്‍റെ വെളിച്ചത്തില്‍ അമ്മയുടെ വിളര്‍ച്ചയുള്ള മുഖവും തളര്‍ച്ചയുള്ള കൈകളും മകന്‍ ശ്രദ്ധിച്ചു.

"രാവിലെ മുതല്‍ അമ്മയും ഒന്നും കഴിച്ചില്ലല്ലോ?"

കുഴിഞ്ഞോട്ടിയ അമ്മയുടെ വയര്‍ തടവി മകന്‍ സങ്കടപ്പെട്ടു .

"എന്തിനാണമ്മേ നിങ്ങള്‍ നിലമുഴാന്‍ പോകുന്നത്? അതൊക്കെ യന്ത്രവും മൃഗവും ചെയ്യുന്ന ജോലിയല്ലേ?"

"യന്ത്രങ്ങളും മൃഗങ്ങളും നമ്മെക്കാള്‍ വിലപിടിച്ചതാ മോനേ... കൂടാതെ, അവയ്ക്ക്‌ വേണ്ട ഇന്ധനത്തിനും തീറ്റയ്ക്കും ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാ. മനുഷ്യരാണ് എന്തുകൊണ്ടും മുതലാളിമാര്‍ക്കു ലാഭം!!"

" ഇന്ത്യ തിളങ്ങുന്നു എന്ന് പറഞ്ഞാല്‍ എന്താണമ്മേ..?"

" സൂര്യരശ്മിയേറ്റ് നമ്മുടെ വിയര്‍പ്പ് തിളങ്ങുന്നതാവാം"

" അപ്പോള്‍ ചന്ദ്രനോ? "

"മേലേ നീ കാണുന്ന ചന്ദ്രനല്ല ; നമ്മുടെ MLA ചന്ദ്രനാണ് ശരിക്കും തിളങ്ങുന്നത്! അദ്ധേഹത്തിന്റെ പുതിയ ബംഗ്ലാവിന്‍റെ ഉദ്ഘാടനം പ്രമാണിച്ച് നാളെ നാട്ടുകാര്‍ക്ക് പായസവിതരണം ഉണ്ടെന്നാ കേള്‍വി! നമുക്കു പോകണം.."
...............................
നിലാവെളിച്ചത്തിന്‍റെ പ്രഭയില്‍, പായസത്തിന്റെ മധുരമുള്ള പ്രതീക്ഷയില്‍ അവന്‍ തളര്‍ന്നുറങ്ങി. പിറ്റേന്ന്, അതുവരെ തിരിച്ചെത്താത്ത അച്ഛനു പകരം അമ്മയുടെ കൂടെ നുകത്തില്‍ ഒരു കാളയായി അവനും................

81 comments:

 1. കഴിഞ്ഞ ദിവസം മാധ്യമം ദിനപത്രത്തില്‍ വന്ന ഒരു ചിത്രവും വാര്‍ത്തയുമാണ് ഈ കഥയ്ക്ക് ആധാരം.മനസ്സിനെ മഥിക്കുന്ന ചിത്രം!!! കാളകള്‍ പോലും മനുഷ്യര്‍ക്ക്‌ വേണ്ടി ജോലി ചെയ്യാന്‍ വിസമ്മതിക്കുകയും 'യൂണിയന്‍' ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇക്കാലത്ത്, ഉഴവുകാളകളായി ജീവിക്കുന്ന ഈ പാവങ്ങളെവിടെ?
  നമ്മുടെ രാജ്യത്തിന് 'തിളക്കം' വരുത്തുന്ന പുംഗവന്‍മാരെവിടെ?
  എല്ലാം കണ്ടിട്ടും കാണാതെ മദിച്ചു നടക്കുന്ന നമ്മളെവിടെ?
  ഇന്ത്യ തിളങ്ങട്ടെ...........

  ReplyDelete
 2. ഇന്ത്യ തിളങ്ങുന്നു എന്ന് പറഞ്ഞാല്‍ എന്താണമ്മേ..?"

  " സൂര്യരശ്മിയേറ്റ് നമ്മുടെ വിയര്‍പ്പ്വ് തിളങ്ങുന്നതാവാം"


  അതെ ഇന്ത്യയൂടെ തിളക്കം പാവപ്പെട്ടവന്‍റെ വിയര്‍പ്പാണ് .. സത്യം !!

  ReplyDelete
 3. മറ്റൊരു കാഴ്ച്ച...!!! തിളങ്ങുന്ന ഇന്ത്യ...... ഹും....

  ReplyDelete
 4. MLA ചന്ദ്രനേക്കാൾ തിളക്കം പാവപ്പെട്ടവന്റെ വിയർപ്പിന് തന്നെ. അതു വിറ്റു നമുക്ക് പുതിയ ഇന്ത്യ വാങ്ങാം.

  ReplyDelete
 5. ഗള്‍ഫ് പ്രവാസികള്‍ ആട്,കാള,ഒട്ടകം എന്നിങ്ങനെയുള്ള ജീവിതം നയിക്കുന്നതുകൊണ്ടാണ് ഇന്ത്യ തിളങ്ങുന്നത് എന്ന് നാം മറന്നുകൂടാ!.

  ReplyDelete
 6. ഇസ്മായല്‍, ഇക്കുറിയും കുറിക്കു കൊണ്ടിരിക്കുന്നു!

  ഇന്ത്യ തിളങ്ങുകയല്ല മറിച്ച് തിളക്കുകയാണ് പാവങ്ങളുടെ വിയര്‍പ്പുതുള്ളികള്‍ വീണ്

  ReplyDelete
 7. വിയര്‍പ്പിന്റെ തിളക്കത്തോളം വരില്ല മറ്റൊന്നിനും.
  ആരും ശ്രദ്ധിക്കാതെപോകുന്ന ജീവിതങ്ങള്‍ ഇത്തരം അനേകം!

  ReplyDelete
 8. ഒരുപാടൊരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന കഥ...കൊള്ളാം ഇസ്മായില്‍...

  ReplyDelete
 9. വല്ലാത്തൊരു തിളക്കം തന്നെ.. കണ്ണു കാണാനാത്ത തിളക്കം !!

  സഗീറിന്റെ കമന്റിലും യോജിപ്പ് രേഖപ്പെടുത്തട്ടെ.

  ReplyDelete
 10. "മേലേ നീ കാണുന്ന ചന്ദ്രനല്ല ; നമ്മുടെ MLA ചന്ദ്രനാണ് ശരിക്കും തിളങ്ങുന്നത്!"

  ഇടയ്ക്കിങ്ങിനെയൊരു ഓര്‍‌മ്മപ്പെടുത്തല്‍ അത്യാവശ്യമാണ്‌‌. അഭിനന്ദനം.

  ReplyDelete
 11. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഈ കാളജീവിതം പതിവ് കാഴ്ചയാണ്..!
  ചെരിപ്പിടാതെ നടക്കുമ്പോള്‍ കാലില്‍ ചെളി പറ്റരുതല്ലോ..ചന്ദ്രന്മാര്‍ക്ക് ബംഗ്ലാവുകള്‍തന്നെ വേണം.!

  ReplyDelete
 12. ആഹാ..തിളങ്ങട്ടെ ..തിളങ്ങട്ടെ...നമുക്ക് വിയര്‍ക്കാം..

  ReplyDelete
 13. നല്ല സാ‍മൂഹ്യ ബോധമുള്ള ഒരാല്‍ക്കു മാത്രമെ ഇത്തരത്തില്‍ ഒരു ഭാവന മനസ്സില്‍ മുളപൊട്ടുകയുള്ളൂ..ഒരു ചിത്രത്തില്‍ നിന്നും പ്രചൊദനം കൊണ്ടു ഒരു ദുരിതയാഥര്‍ഥ്യത്തിന്റ് സമകാലീന നേര്‍മുഖം പകര്‍ത്താന്‍ കഥാകാരനു കഴിഞിരിക്കുന്നു..ഭാവുകങ്ങള്‍.

  ReplyDelete
 14. MLA ചന്ദ്രന്‍ രാജി വെക്കുക.............
  വീട് നിര്‍മാണത്തിന്റെ സോഴ്സ് CBI അന്വേഷിക്കുക..!!!

  കൂതറ കഥ, എനിക്കിഷ്ട്ടായില്ലാ

  ReplyDelete
 15. പ്രിയ ഇസ്മയില്‍ താങ്കളുടെ എഴുത്തും ചിത്രവും ഹൃദയത്തില്‍ എവിടെയൊക്കെയോ ചലനങ്ങളുണ്ടാക്കി .
  ആര്‍ദ്രമായ ഹൃദയമുള്ളവര്‍ മാത്രമേ ഇത്തരം കാഴ്ചകള്‍ കാണുകയുള്ളൂ .ആര്‍ദ്രതയും സര്‍ഗ്ഗ മനോഭാവവും സംഗമിക്കുമ്പോള്‍ ഉത്തമ സൃഷ്ടികള്‍ ജനിക്കുന്നു. ഒരു കാഴ്ച്ചയില്‍ നിന്നും മനസ്സിലേക്ക് പ്രവേശിച്ച നൊമ്പരങ്ങളെ സ്വന്തം മനസ്സാക്ഷിയുടെ തീചൂളയിലിട്ടു പാകപ്പെടുത്തി അനുവാചകരുടെ ആത്മാവിലേക്ക് സന്നിവേശിപ്പിക്കുവാനുള്ള കഴിവിനെ അനുമോദിക്കുന്നു. ഒപ്പം മനസ്സിന്റെ ആര്‍ദ്രതയേയും.

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. കഥയേക്കാള്‍ ചിത്രം സംസാരിച്ചു..........

  കണ്ണുനിറഞ്ഞു..

  ReplyDelete
 18. ഈ കഥ വായിച്ച് കഴിഞ്ഞു കമന്റുകള്‍ നോക്കി വന്നപ്പോള്‍ ഞാന്‍ മനസ്സില്‍ കരുതിയതാ ഇതെന്തേ എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്നു..ഇതിഷ്ടപ്പെടത്തവരും ഉണ്ടാകണ്ടേ എന്ന് അപ്പോഴാണ്‌ നമ്മുടെ കൂതറ തുറന്നു പറഞ്ഞത് ..." ഇഷ്ടമായില്ല.."

  കൂതറ എന്നല്ല ഇന്നത്തെ ഇന്ത്യയില്‍ ജീവിക്കുന്ന ചിലര്‍ക്കെങ്കിലും ഇതൊക്കെ പഴക്കം ചെന്ന, കാണാനും അറിയാനും ഇഷ്ടപ്പെടാത്ത ജല്‍പ്പനങ്ങള്‍ മാത്രമാണ് ..

  ലോകത്തിന്റെ മുന്നില്‍ ഇന്ത്യ മഹാശക്തിയാണ് എന്നൊക്കെ വീമ്പിളക്കണമെങ്കില്‍ എല്ലാ ഇന്ത്യക്കാരും ഇത്തരം കാഴ്ചകള്‍ക്ക് മുഖം തിരിഞ്ഞേ തീരൂ...

  മുബൈ പോലെ മഹാനഗരത്തില്‍ വൃത്തിഹീനമായ തെരുവുകളും അവിടെയുള്ള പാവങ്ങളും അല്ല പ്രശ്നം, അത് സ്ലംഡോഗ് മില്ല്യനരില്‍ കാണിച്ചു ഇന്ത്യയെ ലോകത്തിനു മുന്നില്‍ താഴ്ത്തിക്കെട്ടിയതാണ് നമ്മുക്ക സഹിക്കാനാവാതെ പോയത്..!!!

  ഇസ്മയില്‍ ഇതെഴുതാനും ചിലരെങ്കിലും ഇതാസ്വദിക്കാനും കാരണം അല്പം മനസ്സാക്ഷി ഉണ്ടായിപ്പോയി. ഇന്ന് ആരിലും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്ന്..

  ReplyDelete
 19. മേലേ നീ കാണുന്ന ചന്ദ്രനല്ല ; നമ്മുടെ MLA ചന്ദ്രനാണ് ശരിക്കും തിളങ്ങുന്നത്!"

  എന്നാലും ഇന്ത്യുടെ തിളക്കം ആരും കാണാതെ പോവരുത്

  ReplyDelete
 20. ഇന്ത്യ തിളങ്ങട്ടെ..ഇനിയും ഇനിയും.
  നമുക്കഭിമാനിക്കാം..സ്വന്തം രാജ്യത്തെ എത്രയോ കുടുമ്പങ്ങൾ കുടിവെള്ളത്തിനു വേണ്ടി പരക്കം പായുമ്പോൾ ഇത്തിരി കാശ് ചിലവാക്കി കുടിവെള്ളം എത്തിക്കാൻ പോലും മിനക്കെടാതെ അങ്ങ് ചന്ദ്രനിൽ വെള്ളമുണ്ടോ എന്ന് കണ്ടെത്താൻ കോടികൾ ചിലവാക്കി പരീക്ഷണങ്ങളിൽ ഏർപ്പെടുന്ന ലോകത്തെ ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കും... ഇന്ത്യ തിളങ്ങട്ടെ..
  പെട്രോളിയം ഉല്പന്നങ്ങളുടെ വില ഗണ്യമായി വർദ്ധിച്ചത് മൂലം നിത്യോപയോഗസാധങ്ങളൂടേ വിലകൾ ക്രമാതീതമായി വർദ്ധിച്ച് ഒരു സാധാരണക്കാരനു താങ്ങാവുന്നതിലും അപ്പുറമല്ലേ എന്ന് ഈ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ധേഹം പറഞ്ഞ മറുപടി :
  “ഇന്ത്യയുടെ വളർച്ചക്ക് ഇത് പോലുള്ള ബുദ്ധിമുട്ടുകൾ ഒക്കെ സഹിക്കേണ്ടി വരും..നാം അതിനു തയ്യാറാകണം..“എന്നാണ`..,
  സ്വന്തം പ്രജകളെ പട്ടിണിക്കിട്ട് എന്ത് വളർച്ചയാണു പ്രധാനമന്ത്രി സ്വപനം കാണുന്നതാവോ...

  ചേരികളിലും ഗ്രാമങ്ങളിലും ശവങ്ങൾ കുന്ന് കൂടട്ടെ, പട്ടിണിയും വറുതിയും മൂലം ജനങ്ങൾ പരക്കം പായട്ടെ.,നമുക്കിവിടെ അംബാനിമാരെയും ബിർലമാരെയും കൂട്ട് പിടിച്ച് ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാം..
  തിളങ്ങട്ടെ, ഇന്ത്യ ഇനിയും തിളങ്ങട്ടെ.,

  ReplyDelete
 21. ഇത്തരം വിയര്‍പ്പിന്റെ തിളക്കങ്ങളാണല്ലോ ഇവിടെ ബഹുവര്‍ണ പരസ്യങ്ങള്‍..
  നല്ലൊരു ആക്ഷേപ ഹാസ്യം..

  ReplyDelete
 22. ഇന്ത്യ തിളങ്ങട്ടെ, വിയർപ്പിൽ കുളിച്ച് തിളങ്ങട്ടെ.

  ReplyDelete
 23. ഈ ചിത്രവും കഥയും ഉഴുതുമറി ക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും മന:സ്സാക്ഷിയെ ആണ്. നാലുവരിയില്‍ നിലമുഴുത് ഒരു നേരം കഞ്ഞി കുടിക്കുന്നവരുടെ നെഞ്ചിലൂടെ നാലുവരി പണിതും, കമ്പര്‍ പറഞ്ഞ പോലെ കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടുന്നവരുടെ നികുതിപ്പണം കൊണ്ട് ചന്ദ്രനില്‍ വെള്ളം തിരഞ്ഞും ഇന്ത്യയുടെ തിളക്കം പാടുന്നവരുടെ കോറസാവാന്‍ തല്‍ക്കാലം നമുക്ക് മനസ്സില്ല എന്ന പ്രഖ്യാപനത്തിന് അഭിനന്ദനങ്ങള്‍, ഇസ്മായീല്‍.

  ReplyDelete
 24. ഈ കാഴ്ച്ച കേരളത്തില്‍ കാണാന്‍ കഴിയില്ല എന്നു ഉറപ്പു. ഒന്നാമതു വയലില്ല. രണ്ടാമതായി.....അതേ രണ്ടു ദിവസമായി ഒരു ജോലിക്കാരന്റെ പുറകേ നടക്കുകയാണു എനിക്കു ചെയ്യാന്‍ കഴിയാത്ത ഒരു ജോലി ചെയ്യാന്‍; രണ്ടു തെങ്ങില്‍ കയറണം. അത്ര മാത്രം. അവന്‍ ഏതായാലും ഒരു തീയതി കുറിച്ചു തന്നിട്ടുണ്ടു. അന്നു അവന്‍വന്നാല്‍ ഞാന്‍ രക്ഷപെട്ടു.ഉത്തരേന്ത്യയിലെ കഥ ആയിരിക്കും ഇസ്മെയില്‍ പറയുന്നതു. ഇവിടെ ആ സൈസ് എടുക്കില്ലാ മോനേ; ഏസീ ഉള്ള വീട്ടിലേ ഇപ്പോല്‍ അടുക്കള ജോലിക്കു നില്‍ക്കാന്‍ ആളെ കിട്ടൂ. ഉത്തരേന്ത്യക്കാരനെ ഓര്‍ത്തു നമുക്കു രണ്ടിറ്റ് കണ്ണീര്‍ വീഴ്ത്താം.

  ReplyDelete
 25. അനിവാര്യമായ ഓർമ്മപെടുത്തൽ മാഷെ.. ഇത്തരം രോദനങ്ങളാണ് നമ്മൾ ചഡ് ദേ ഇന്ത്യയിലും ജയ് ഹോയിലും മുക്കികളയുന്നത്.

  ReplyDelete
 26. തണലില്‍ വന്നു വെയില് കൊണ്ട് തന്നെ തിരിച്ചു പോകുന്നു ....ഇതൊക്കെ വായിച്ചും, കണ്ടും ആണ് പോകുന്നതും ..ആരോ പറഞ്ഞപോലെ കഥയേക്കാള്‍ ചിത്രം സംസാരിച്ചു..........

  ReplyDelete
 27. എങ്ങനെയൊക്കെ ആയാലും ഇന്ത്യ തിളങ്ങട്ടെ.

  ReplyDelete
 28. യന്ത്രങ്ങളും മൃഗങ്ങളും നമ്മെക്കാള്‍ വിലപിടിച്ചതാ മോനേ..

  എല്ലാത്തിനും വില കൂടുമ്പോള്‍ വില കുറയുന്ന മനുഷ്യര്‍...!!

  ReplyDelete
 29. തിളങ്ങട്ടെ ഇന്ത്യ ഒപ്പം ചന്ദ്രന്മാരും .

  ReplyDelete
 30. ബീഹാറും ഒറീസയും പോലെ ഉള്ള സ്ഥലങ്ങളില്‍ ഇന്നും ഇത്തരം ജീവിതം കാണാമെന്നുള്ളത് കൊണ്ട് ഇതൊരു കഥയ്ക്കപ്പുറമുള്ള ചിന്തയായി ഉയരണം. തിളക്കം അത്തരം ചിന്തകളിലും പ്രവര്‍ത്തികളിലും ആയിരിക്കട്ടെ...

  ReplyDelete
 31. മനുഷ്യരാണ് എന്തുകൊണ്ടും മുതലാളിമാര്‍ക്കു ലാഭം.... ശരിയാണ് ..........വളരെ നല്ല പോസ്റ്റ്‌

  ReplyDelete
 32. കഥയുടെ ചോരയിലേക്ക്‌ രുചിയുടെ രസം ത്രസിക്കുന്നതിന്‍ മുന്‍പ് നമ്മള്‍ മറന്ന പൌരന്‍ എന്നാ നിലയിലെ കര്‍ത്തവ്യം എല്ലാവരും ഓര്‍ക്കണം .അത്
  നിര്‍വഹിച്ചിട്ടുണ്ടങ്കില്‍ ഇന്ത്യ തിളങ്ങിയേനെ

  ReplyDelete
 33. നമ്മുടെ മന്ത്രിമാരെ ഇങ്ങനെ നുകത്തില്‍ പൂട്ടി ഉഴുന്നത് ഞാനൊന്നു സങ്കല്പിച്ചു നോക്കി!
  ശരിയാണ് ഇന്ത്യ തിളങ്ങുന്നു. അടുത്തു തന്നെ “തിളക്കും!”

  ReplyDelete
 34. " ഇന്ത്യ തിളങ്ങുന്നു എന്ന് പറഞ്ഞാല്‍ എന്താണമ്മേ..?"
  " സൂര്യരശ്മിയേറ്റ് നമ്മുടെ വിയര്‍പ്പ് തിളങ്ങുന്നതാവാം"
  " അപ്പോള്‍ ചന്ദ്രനോ? "
  "മേലേ നീ കാണുന്ന ചന്ദ്രനല്ല ; നമ്മുടെ MLA ചന്ദ്രനാണ്ശരിക്കും തിളങ്ങുന്നത്!"

  യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടും അടുത്ത തലമുറയും ഉഴവുചാലുകളിലെ നുകക്കീഴിലേയ്ക്ക് ....!!

  ഇത്തരം വ്യാജതിളക്കങ്ങളുടെ തിരിച്ചറിവിൽ തിരിച്ചടിയ്ക്കായി ഉള്ളം തിളകുന്നവരുടെ പ്രതികരണത്തെ മാവോയിസ്റ്റുകളെന്നു ബ്രാന്റ് ചെയ്തു സാമൂഹ്യവിരുദ്ധത ആരോപിച്ച് ചവിട്ടിയരയ്ക്കാനുള്ള ശ്രമങ്ങളും ഒരു സമകാലീന സത്യം....

  നമ്മുടെ സാഹചര്യങ്ങളിൽ ചിത്രം കുറച്ചൊക്കെ വ്യത്യാസപ്പെടുന്നത് ശെരീഫ് കൊട്ടാരക്കര അടയാളപ്പെടുത്തിയതിനു എന്റെ വക ഒരു അടിവര .

  ReplyDelete
 35. സംസാരിക്കുന്ന ചിത്രം നൊമ്പരമുണര്‍ത്തുന്നു. ഇന്ത്യയുടെ ആത്മാവ്‌ കണ്ടെത്തണമെങ്കില്‍ നമ്മുടെ ഗ്രാമങ്ങളില്‍ പോകണം എന്നത് എത്ര വാസ്തവം!
  എന്നിട്ടും ഇന്ത്യ തിളങ്ങുകയാണ്??

  ReplyDelete
 36. അതെ ഇന്ത്യ തിളങ്ങുന്നു,
  അടുത്ത തിങ്കളാഴ്ചയും ഹര്‍ത്താല്‍ ആണെന്ന് കേള്‍ക്കുമ്പോള്‍ ഗവ ഉധ്യോഗസ്തന്റെ കണ്ണ് തിളങ്ങും പോലെ
  എണ്ണ വിലയുടെ കാരണം പറഞ്ഞു ചാര്‍ജ് കൂട്ടാന്‍ നില്‍ക്കുന്ന ബസ് മുതലാളിമാരുടെ കണ്ണ് തിളങ്ങുംപോലെ

  ReplyDelete
 37. അതെ. എല്ലാക്കാലത്തും അത് ആ‍ാങനെ തന്നെയാണ്. അടികൊള്ളാൻ ചെണ്ടയും പണം പറ്റാൻ മറ്റാരാനും എന്ന പോലെ.
  ദേവീന്ദർ ശർമ്മ ഈയിറ്റെ പറഞ്ഞതാ‍ണു ശരി. വ്യവസായികൾക്ക് വേണ്ടി വ്യവസായികൾ നടത്തുന്ന വ്യവസായമാണ് ജനാധിപത്യം.
  നുകങ്ങൾ ചുമക്കാനും പട്ടിണികിടക്കാനും എന്നും കോരന്മാർ.
  തീരെ വിലയില്ലാത്ത മനുഷ്യന്മാരുടെ കണ്ണീരിനൊപ്പം നിൽക്കാൻ നടത്തുന്ന ശ്രമം നന്ന്.

  ReplyDelete
 38. നല്ലൊരു ആക്ഷേപ ഹാസ്യം.

  ReplyDelete
 39. ഇഷ്ടപ്പെട്ട വരികളിലൊന്നു

  [" സൂര്യരശ്മിയേറ്റ് നമ്മുടെ വിയര്‍പ്പ് തിളങ്ങുന്നതാവാം" ]

  കൂടുതലൊന്നും പറയുന്നില്ല എല്ലാവരും പറഞ്ഞു കഴിഞ്ഞു ..

  ആശംസകള്‍

  ReplyDelete
 40. കഥ നന്നായി
  പക്ഷെ ഈ ചിത്രം വെച്ചുള്ള സാമാന്യവല്‍കരണത്തോടു
  പൂര്‍ണമായും വിയോജിക്കുന്നു. ഏതെങ്കിലും മുതളാരിമാര്‍
  കാളകള്‍ക്കു പകരം ഇവരെ നുകത്തില്‍ കെട്ടിയ പോലെയാണ്
  എല്ലാവരുടെയും ധ്വനി. ഒന്നാമതായി, അവര്‍ നിലം ഉഴുകയല്ല,
  കട്ട നിരത്തുകയാണ് ചെയ്യുന്നത് . ഒരു പക്ഷെ അവരുടെ കൃഷിയിടം
  തന്നെയാവാനാണ് സാധ്യതയും. മാന്യമായ വസ്ത്രംധരിച്ച്, വെയില്‍ തടുക്കാന്‍ തലയില്‍ വരെ തട്ടമിട്ടാണ് ജോലി ചെയ്യുന്നത്.
  ഏറെ ലളിതമായാണ് അവരത് വലിച്ചുകൊണ്ട് പോകുന്നത് എന്നും വ്യക്തം. ഇത് മനുഷ്യന് ചെയ്യാന്‍ പാടില്ലാത്ത
  ഒരു പണിയാണെന്ന് പറയുന്നതിന്റെ 'ഗുട്ടന്‍സ്' മനസ്സിലാവുന്നില്ല!. നിലം നിരത്താനും ചക്കാട്ടാനും ഇത്പോലെ നമ്മുടെ നാട്ടിലും മുന്പ് ജനങ്ങള്‍ വ്യാപകമായി പണിയെടുത്തിരുന്നു. ഇതിനേക്കാള്‍ നൂറിരട്ടി ഭാരമേറിയതും ജീവന് വരെ ഭീഷണിയായതതും നാമൊക്കെ അടുക്കാന്‍ വരെ അറക്കുന്നതുമായ എന്തെല്ലാം ജോലി ചെയ്യുന്ന മനുഷ്യരുണ്ട്‌.
  അതെല്ലാം ഓര്‍ത്താല്‍ ഇതില്‍ യാതൊരു കഴമ്പുമില്ല.

  ReplyDelete
 41. ഈ തിളക്കം തിളക്കമല്ല ..
  "ജനാധി"
  പത്യ
  രാഷ്ട്രം
  ഇങ്ങനെ
  തിളങ്ങാന്‍
  പാടില്ല ..
  അറബ് രാജ്യങ്ങളെ
  മാറ്റി മറിക്കാന്‍ പറ്റുമോ ?
  എന്ത് അടിമ പ്പണി യാണ്
  അവിടെ ചെയ്യിക്കുന്നത്

  ReplyDelete
 42. തിളങ്ങുന്ന ഇന്ത്യയുടെ മുഖങ്ങള്‍ ഇതുപോലെ ഒരുപാടുണ്ട്. അതില്‍ ചിലത് കണ്ടുനില്‍ക്കേണ്ടിയും വന്നിട്ടുണ്ട്. :(

  ReplyDelete
 43. ഇന്ത്യയില്‍ ആപേക്ഷികമായി ഈ തിളക്കം ഒരല്പം കുറവാണ്. ഈ തിളക്കം ഇന്ത്യയിലെതായത് കൊണ്ട് വിളിച്ചു പറയാന്‍ കഴിയുന്നു. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലവിലില്ലാത്ത പല രാജ്യങ്ങളിലും അതി ദയനീയമാണ് സ്ഥിതി. പണം എവിടെയുണ്ടോ അവിടെ അധികാരമുണ്ട്. അവനു നീതിയുണ്ട്. പണമില്ലാത്തവന്‍ അടിമ തന്നെ. എപ്പോഴും എവിടെയും. "History is the conflict between those who have and havenots" -Marx

  ReplyDelete
 44. അനാവശ്യ തിളക്കം!

  ReplyDelete
 45. കാളകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മനേകഗാന്ധി എങ്കിലും ഉണ്ട്,ഇവര്‍ക്ക് വേണ്ടിയോ? കൃഷി യന്ത്രവല്‍ക്കരിച്ചു എന്നൊക്കെയാണല്ലോ കേട്ടിട്ടുള്ളത് ഗ്രാമങ്ങളില്‍ ഇപ്പോഴും ഇത് തന്നെയാണ് അവസ്ഥ.കോടികളില്‍ കിടന്നു കളിക്കുന്ന നമ്മുടെ പ്രതിനിധികള്‍ക്ക് ഇവരോടൊക്കെ എന്ത് പ്രതിബദ്ധത,മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതില്‍ അത്ഭുതം ഇല്ല.

  ReplyDelete
 46. കാലം മറുപടി പറയേണ്ടി വരുന്നവ .....

  ReplyDelete
 47. സമ്മതിച്ചു തണല്‍ ഭായ്‌

  ReplyDelete
 48. തിളങ്ങട്ടങ്ങനെ തിളങ്ങട്ടെ!!!

  നമ്മുടെ രാജ്യം വെട്ടി തിളങ്ങട്ടെ!!

  ഭാവുകങ്ങള്‍.

  ReplyDelete
 49. ദാരിദ്യം വല്ലാത്ത അവസ്ഥ തന്നെ.ഇല്ലാത്തവന് എപ്പോഴും കഷ്ട്ടപ്പാട് മാത്രം.ഉള്ളവനോ ഇതൊന്നും കാണുന്നുമില്ല.കണ്ടാല്‍ തന്നെ കണ്ടില്ലെന്നു നടിക്കുന്നു. നാം ഓരോരുത്തരും നമ്മുടെ അയല്‍വാസികല്‍ ദാരിദ്യം മൂലം കഷ്ട്ടപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തിയാല്‍ ഈ അവസ്ഥക്ക് മാറ്റം വരും.
  ഇന്ഷാ അല്ലാഹ്..

  ReplyDelete
 50. മേലേ നീ കാണുന്ന ചന്ദ്രനല്ല ; നമ്മുടെ MLA ചന്ദ്രനാണ്ശരിക്കും തിളങ്ങുന്നത്!"തിളങ്ങട്ടങ്ങനെ തിളങ്ങട്ടെ!

  ReplyDelete
 51. ഇതൊക്കെ ഇപ്പോഴും ഉണ്ടോ ?

  ReplyDelete
 52. @കുസുമം ആര്‍ പുന്നപ്ര

  കുസുമം, എന്തിനാ ഇങ്ങിനെ വിഷമിക്കുന്നത് എന്ന് മനസിലാവുന്നില്ല. അറബി രാജ്യാങ്ങളേക്കാൾ കൂടുതൽ അടിമപ്പണി നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. അറബ് രാജ്യം മാറ്റി മറിക്കാം നമുക്ക് .ഒരു ജെ.സി.ബി കിട്ടിയാൽ മതി. അല്ലെങ്കിൽ ഒരു രഥം..
  കുസുമത്തിന്റെ താമര മനസ് ഈ വരികളിൽ വിരിയുന്നല്ലോ..കഷ്ടം

  ReplyDelete
 53. ചിലപ്പോ വാക്കുകളെക്കാള്‍ മൌനം സംസാരിക്കും ഇവിടേം അതാ

  ReplyDelete
 54. ഇത്തരം കാര്യങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ലല്ലോ ഉള്ളത് എന്ന വാദത്തിനു പ്രസക്തി ഇല്ല.സ്വന്തം കുടുംബം,സമൂഹം, സ്വദേശം ഇവയൊക്കെ ചൂണ്ടിക്കാണിച്ചതിനു ശേഷമല്ലേ അയല്‍രാജ്യവും ഗള്‍ഫും ഒക്കെ നമുക്ക് ചികഞ്ഞു നോക്കേണ്ടതുള്ളൂ .നമ്മുടെ രാജ്യത്ത് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും പാവങ്ങള്‍ കൂടുതല്‍ പാവപ്പെട്ടവരും ആയിത്തീരുന്നത് ശ്രദ്ധിച്ചാല്‍ കാണാന്‍ കഴിയും. കേരളത്തില്‍ ഇത് കുറവാണെങ്കിലും രാജ്യവ്യാപകമായി ഇവര്‍ തമ്മിലുള്ള അന്തരം കൂടി വരികയാണ്.
  ഈ ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ ദയനീയമായ ദൃശ്യങ്ങള്‍ നമുക്ക്‌ പലയിടത്തും കാണാമെങ്കിലും നിലമുഴുന്ന കാഴ്ച അടിമത്തതിന്റെ പ്രതീകമായി ചിന്തിച്ചാല്‍ മതിയാകും.
  കഥയേക്കാള്‍ ചിത്രം നമ്മോട് പലതും പറയുന്നു.

  ReplyDelete
 55. ചിത്രത്തിനു നന്ദി

  ReplyDelete
 56. ചിത്രം തന്നെ സംസാരിക്കുന്നു.... വളരെ നല്ല ചിന്ത.. ആ മനസ്സിനു നന്ദി....ആശംസകൾ

  ReplyDelete
 57. പറയാൻ വാക്കുകളില്ല.....!!!

  ReplyDelete
 58. ഉയര്‍ത്തിയ ഇന്ധനവില പിന്‍വലിക്കുന്ന പ്രശനമില്ല. എന്നാല്‍ നിരക്കു വര്‍ധന സാധാരണക്കാരനെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കും (പ്രധാനമന്ത്രി)
  അവരെ എങ്ങനെ ബാധിക്കും? അവര്‍ ഉഴവുകാളകള്‍ അല്ലെ സര്‍ദാര്‍ജീ.അവര്‍ക്കെന്തിനു ഇന്ധനം? എണ്ണക്കമ്പനികള്‍ തിളങ്ങട്ടെ അങ്ങനെ ഇന്ത്യയും.

  ReplyDelete
 59. കഥ മനസ്സില്‍ നൊമ്പരമായി. ചിത്രം അതിലേറെയും. നല്ല പോസ്റ്റ് ഇസ്മായില്‍.

  ReplyDelete
 60. നല്ല ആശയം ...

  ReplyDelete
 61. a replay for anonymous
  പ്രിയപ്പെട്ട anonymous
  താങ്കള്‍ക്ക് പേര് വെള്പ്പെടുത്തമായി രുന്നു.
  ഞാന്‍ ആദ്യം എഴുതിയ വരികള്‍ താങ്കള്‍
  കണ്ടില്ലെന്നു തോന്നുന്നു.അതില്‍ എന്‍റെ അഭിപ്രായും
  നിഴലിച്ചത് താങ്കള്‍ക്ക് മനസ്സിലാകഞ്ഞതില്‍
  ഞാന്‍ ഖേദിക്കുന്നു .
  പിന്നെ താമര രണ്ടു നിറത്തില്‍ ഉണ്ട് .ഞങ്ങളുടെ
  നാട്ടില്‍ ചുമപ്പും ,വെള്ളയും ഉണ്ട് .അതില്‍ ഏതു
  കളര്‍ ആണ് എന്‍റെ താമര മനസ്സില്‍ താങ്കള്‍ കണ്ടത് .?
  ഞാന്‍ രണ്ടാമത് എഴുതിയ വരികള്‍ ബെന്യാമിന്റെ
  നോവല്‍ (നടന്ന സംഭവം ) വായിച്ചത് കൊണ്ട് എഴുതിപ്പോയതാണ് .
  ക്ഷമിക്കുക .ഒരു വിവാദത്തിനു ഞാന്‍ ഒരുക്കമല്ല .
  തലസ്ഥാന നഗരിയില്‍ റോഡിന്റെ അരികത്തു ,മാങ്കൊമ്പില്‍
  കുഞ്ഞിനെ തൊട്ടിലില്‍ കെട്ടിയിട്ടു റോഡു പണി എടുക്കുന്ന
  വടക്കേ ഇന്ത്യന്‍ സ്ത്രീ തൊഴിലാളിയുടെ ചിത്രം എടുത്തു
  കാണിക്കാന്‍ എന്‍റെ കൈയ്യില്‍ അപ്പോള്‍ camera ഇല്ലാതെ പോയി .
  എന്നെപ്പോലെ കുറെപ്പേരെങ്കിലും അത് കണ്ടു വിഷമിച്ചി ട്ടുണ്ടാകും .
  സ്ത്രീകള്‍ ഇപ്പോഴും ഒരു വിധത്തില്‍ അല്ലെങ്കില്‍ വേറൊരു വിധത്തില്‍
  അടിമകളെ പ്പോലെ തന്നെയാണ് (എന്‍റെ വിക്ഷണം ).
  പിന്നെ പലടത്തും കൊടുത്ത കൂട്ടത്തില് കൊടുത്തതാണ് ഒരുകവിത .
  അതും ജനിച്ചത് ചുറ്റിനും കണ്ട കുറച്ചു ജീവിതത്തില്‍ നിന്നാണ് .
  ഒരു മാസിക അത് പ്രസി ധീകരിച്ചു . നമ്മുടെ വന്‍ സ്രാവുകള്‍
  ഇതുപോലെയുള്ള വാല്‍ മാക്രികളുടെ ഒന്നും തിരിഞ്ഞു നോക്കത്തില്ലല്ലോ .
  ഞാന്‍ കവിതയുടെ പേര് പറയുന്നില്ല .കാരണം ചിലര്‍ക്ക് ആ കവിത ഇഷ്ടപ്പെടുകയില്ല .ഒരേ ഒരാള്‍ മാത്രമേ അതിനു അഭിപ്രായും ഇട്ടു കണ്ടുള്ളൂ .
  ഭാനു കളരിക്കല്‍ . ആ സുഹൃത്തിനെ ഒന്നുകുടി നന്ദി അറിയിക്കുന്നതിനോടോപ്പം
  anonymous റൈറ്റര്‍ താങ്കളോട് സോറി പറയുന്നു (എന്‍റെ വരികള്‍ താങ്കള്‍ക്ക്
  വേദന നല്‍കിയെങ്കില്‍ )

  ReplyDelete
 62. എം. എൽ. എ ചന്ദ്രന്മാർ തിളങ്ങുന്നത് സൂര്യന്മാരായ പാവപ്പെട്ടവരുടെ മെയ്കരുത്തിന്റെ തിളക്കം കൊണ്ടാണു

  ReplyDelete
 63. "" ഇന്ത്യ തിളങ്ങുന്നു എന്ന് പറഞ്ഞാല്‍ എന്താണമ്മേ..?"
  " സൂര്യരശ്മിയേറ്റ് നമ്മുടെ വിയര്‍പ്പ് തിളങ്ങുന്നതാവാം"

  തിളങ്ങട്ടെ ,തിളക്കട്ടെ ...എല്ലാം വെട്ടി തിളങ്ങട്ടെ ....ഓരോ തിളകത്തില്‍ നിന്നും ചിലപ്പോള്‍ ഒരു മഴവില്ല് വെളിപ്പെട്ടാല്‍ !!!...ഈ മിനി കഥ കൊള്ളാം

  ReplyDelete
 64. അതെ, ആരൊക്കെയോ തിളങ്ങുന്നു..ഇപ്പോഴും..!!

  ReplyDelete
 65. വായിച്ചു.
  ചിത്രം വേഷമിപ്പിക്കുകയും ചെയ്തു.
  പക്ഷെ ഒരു കഥ പറയും പോലെ വന്നിട്ട് പെട്ടന്നു രാഷ്ട്ര്യകാര്‍ക്കിട്ടു കുത്തി
  ആ കുത്തുകൊണ്ടോന്നു എം എല്‍ എ ചന്ദ്രന്റെ ഒരു പൊടിപോലും പാറില്ല എന്നാണ് എന്റെ വെഷമം. പിന്നെ നമ്മുടെ നാട്ടില്‍ ഇങ്ങനെയും ഇതിലപ്പുറവും കഷ്ട്ടപെടുന്നവരുണ്ട് . അവരെയൊക്കെ ഈ എം എല്‍ എ ചന്ദ്രന്മാരും മേലാളന്‍ മാരും ഒന്ന് ചിന്തിച്ചെങ്കില്‍ ഇന്ത്യ മൊത്തം തിളങ്ങുമായിരുന്നു .
  ആര് ചിന്തിക്കാന്‍ വെറും പാഴ് വാക്ക് .

  ReplyDelete
 66. ഇന്ത്യയുടെ വളര്‍ച്ചയും വിളര്‍ച്ചയും കൂടുതല്‍ മനസ്സിലാകുക, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നൊഴികെ അതിനെ നോക്കിക്കാണുമ്പോഴാണ്‌. ആഗോള സമൂഹത്തിനിടയില്‍ ഇന്ത്യയുടെ പ്രാധാന്യം, ശക്തി, പുരോഗതി എന്നിവയോടൊപ്പം ഇതിനു തുല്യമായി തന്നെ അതിന്‍റെ ശക്തി ദൌര്‍ബല്യങ്ങളും വിടുവായത്തങ്ങളും ജനപക്ഷപാതങ്ങളും അഭ്യന്തര സംഘര്‍ഷങ്ങളുമെല്ലാം നന്നായി ആഘോഷിക്കുന്നുണ്ട് ശത്രു രാജ്യങ്ങളല്ലാത്ത പുറം രാജ്യങ്ങള്‍ പോലും!
  പട്ടിണി മരണങ്ങള്‍, ചേരികളിലെ ജീവിത ദുരിതങ്ങള്‍, ബാലവേല, വംശീയോന്മൂലനം ലക്‌ഷ്യം വെച്ചുള്ള അതിക്രമങ്ങള്‍, ജനാധിപത്യത്തെ അസ്ഥിരമാക്കുന്ന അഴിമതികള്‍, മതേതരത്വത്തെ മുറിപ്പെടുത്തുന്ന നയ നിലപാടുകള്‍, വേശ്യാവൃത്തി തുടങ്ങിയവ മാത്രം കവര്‍ സ്റ്റോറിയാക്കിയുള്ള ഒട്ടനവധി പരമ്പരകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വാര്‍ത്താ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ മഹാരാജ്യത്തിന്‍റെ യഥാര്‍ത്ഥ മുഖം നാം കാണുന്നു.
  ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി പണ്ട് പറഞ്ഞത് കൊണ്ടാകാം, അതി സമ്പന്നതയുടെ ആള്‍രൂപങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഒത്താശയോടെ ഗ്രാമങ്ങളിലേക്ക് അധിനിവേശം ചെയ്യുന്നത്!

  ReplyDelete
 67. ഞാന്‍ ഇവിടെ പണ്ടേ വന്നു. പറയാന്‍ വാക്കുകളില്ലാത്തതിനാല്‍ മാറി നിന്നു......

  ReplyDelete
 68. ചിത്രംവിളിച്ചോതുന്നു കഥയേക്കാൾ വലിയ കദന കഥ.. പറയാനുള്ളതെല്ലാം പലരുടെ വാക്കുകളിലും കണ്ടു ...

  ReplyDelete
 69. കൊഞ്ഞനംകുത്തുന്ന യാദാര്‍ത്ഥ്യം

  ReplyDelete
 70. അതേ, അതേ, ഇന്ത്യ തിളങ്ങി തിളങ്ങി അവസാനം കരിക്കട്ട പോലെ കറുത്തിരിക്കുന്നു.

  തണലേ ഇങ്ങനെ സങ്കടപ്പെടുത്തല്ലേ.‍

  ReplyDelete
 71. ഇതിൽ പഴയ ഇന്ത്യയുടെ മുഖമാണ് കൂടുതൽ തിളങ്ങിനിൽക്കുന്നത് കേട്ടൊ ഗെഡീ.
  ഇവിടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾ മുഴുവൻ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇന്ത്യയും,ചൈനയുമൊക്കെയാണ് ഇനിയുള്ള ഭാവിയിൽ തിളങ്ങാൻ പൊകുന്നത് എന്നാണ് കേട്ടൊ.

  ReplyDelete
 72. ഇന്ത്യ തിളങ്ങുന്നു.. ചിലയിടങ്ങളില്‍ ഇരുളുന്നു.

  ReplyDelete
 73. ക്ഷമിക്കുക ഒരുപാട് വൈകി.
  പക്ഷെ വൈകിയതില്‍ സങ്കടമൊന്നും തോന്നിയില്ല.
  കഥയില്‍ ഒന്നുമില്ല. പക്ഷെ ചിത്രം സങ്കടം തോന്നി.
  നാമോ അഹങ്കരിക്കുന്നത് പരിഷ്കൃത സമൂഹമെന്നു.
  ലജ്ജിക്കുക. കൂടെ ഇത്തരം ക്രൂര ക്രിത്യങ്ങല്‍ക്കെതിരെ ചുരുങ്ങിയത് പ്രതികരിക്കുകയെങ്കിലും ചെയ്യുക. മനുഷ്യന് മനുഷ്യന്‍റെ വില എങ്കിലും കല്‍പ്പിക്കാത്ത ഇത്തരം കിരാതന്‍മാര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുക

  ReplyDelete
 74. തിളങ്ങട്ടെ, ഇന്ത്യ ഇനിയും തിളങ്ങട്ടെ.,

  ReplyDelete
 75. ചിത്രം ഒരു പാട് പറയുന്നുണ്ട്. പിന്നെ കഥ സാധാരണ കുറുമ്പടി സ്റ്റൈലില്‍ എത്തിയില്ല. കുറച്ചൂടെ എണ്ണ തേച്ച് ഒരു പിടിയും കൂടി പിടിക്കണം.എന്നാലെ കഥയില്‍ അവിടവിടെ അയഞ്ഞു കിടക്കുന്ന പേശികളൊക്കെ ഒന്നുടെ ഒന്ന് മുറുകി കുട്ടപ്പനാകൂ..
  ആശംസകളോടെ...

  ReplyDelete
 76. മുല്ല വഴി ഇവിടെ എത്തി ...!
  ആക്ഷേപ ഹാസ്യം കൊള്ളാം ..!
  തിളങ്ങുന്ന ഇന്ത്യ ..:(

  ReplyDelete
 77. പോസ്റ്റും ഇപ്പഴും തിളങ്ങികൊണ്ടിരിക്കുന്നു.

  ReplyDelete
 78. അല്ല ഇങ്ങിനെ ഒന്ന് ഇതില്‍ തിളങ്ങി നിന്നത് കണ്ടിരുന്നില്ല ..പറയേണ്ടതെല്ലാം എലല്വരും പറഞ്ഞു പോയല്ലോ ?..

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.