July 12, 2011

ഒരു രൂപയുടെ അരി. അത്രയും വിലയില്ലാത്ത നമ്മളും
ഒരു രൂപയ്ക്കു അരികൊടുക്കുമെന്ന പ്രഖ്യാപനം കേട്ടപ്പോള്‍ മുതുക് വളഞ്ഞവന് ഊന്നുവടി കൊടുക്കുമെന്ന  പോലെയാണ് എനിക്ക് തോന്നിയത്! നാട്ടിലിപ്പോള്‍ അരിയുടെ വിലയെന്തെന്നും അന്യസംസ്ഥാനങ്ങളിലെ വില എന്തായിരിക്കുമെന്നും നമ്മുടെ നാട്ടില്‍ ഒരു കിലോ അരി ഉല്പാദിപ്പിക്കാന്‍ എന്ത് ചെലവ് വരുമെന്നുമുള്ള  ഏകദേശഊഹം നമുക്കുണ്ട്. അപ്പോള്‍ ഈ കച്ചവടം വമ്പന്‍ നഷ്ടത്തില്‍ തന്നെ ആണെന്നത് സ്പഷ്ടം. ജോലിക്ക് പോകാതെ, തറവാട് പണയം വച്ച് വീട്ടുചിലവു കണ്ടെത്തുന്ന ഗൃഹനാഥന്റെ റോള്‍ ആണ് ഇപ്പോള്‍ ഗവര്‍മെന്റിന് എന്ന് തോന്നിപ്പോകുന്നു. കടം വാങ്ങി വീട് മാത്രമല്ല നാട് ഭരിക്കാനും അത്ര മിടുക്ക് ആവശ്യമില്ല. കുടുംബാംഗങ്ങളായ നമ്മള്‍ നാട്ടാര്‍തന്നെയല്ലേ ഈ കടവും പേറേണ്ടതു! അപ്പോള്‍ , ഇതൊക്കെ ഒരു തരം കണ്ണില്‍പൊടിയിടല്‍ തന്നെ.

സത്യത്തില്‍, കാര്യങ്ങളുടെ ഉപരിപ്ലവമായ വശങ്ങള്‍ മാത്രം പരിഗണിക്കുമ്പോഴാണ് ഈ ഒരു രൂപ രാഷ്ട്രീയം നമ്മെനോക്കി പല്ലിളിക്കുന്നത് നാം അറിയാതെ പോകുന്നത്.  ഇടതും വലതും കാലങ്ങളായി നമ്മെ ഒരു രൂപയ്ക്കു പോലും വിലയില്ലാതെയാക്കി കണ്ണിറുക്കിക്കാണിക്കുന്നത് . 

സത്യത്തില്‍ ഈ ഒരുരൂപ അരി നാട്ടുകാരെ മടിയന്മാരും സുഖിയന്മാരുമാക്കുകയാണ് ചെയ്യുന്നത്. ഈ കണ്ണില്‍പൊടിയിടലിനു പകരം സത്യസന്ധതയുള്ള, ജനനന്മ കാംക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് സ്വന്തം ജനതയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ്. അഥവാ സ്വയം പര്യാപ്തരാക്കുകയാണ്. തമിഴന്റെ അധ്വാനവും നമ്മുടെ കീശയിലെ പണവും തമ്മിലെ അന്തരം കുറച്ച്  , നമ്മുടെ അധ്വാനവും നമ്മുടെ മണ്ണും തമ്മില്‍ ഒരു ആത്മബന്ധം സ്ഥാപിക്കുമ്പോള്‍ നമുക്ക് പലതും നേടാനാവും. കൃഷി പ്രോത്സാഹിപ്പിക്കാനുള്ള സത്വരനടപടികള്‍ ആണ്  ആദ്യം വേണ്ടത് . അതിനു, ജനങ്ങളെ അറിയുന്ന സര്‍ക്കാരും അലസതയില്ലാത്ത ജനങ്ങളുമാവണം. കൃഷിക്കാര്‍ക്ക്  നഷ്ടം വരാത്ത രീതിയില്‍ നെല്‍കൃഷിയും മറ്റും ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. തരിശായി ഇട്ടിരിക്കുന്ന കൃഷിയിടങ്ങള്‍ നിയമം മൂലം പിടിച്ചെടുത്തു കൃഷിചെയ്യാന്‍ സൌകര്യപ്പെടുത്തിക്കൊടുക്കണം. പ്രകൃതിക്ഷോഭം മൂലം സംഭവിക്കുന്ന നഷ്ടം സര്‍ക്കാര്‍ ലഘൂകരിച്ച് കൊടുക്കണം.   വളം, വിത്ത് മുതലായവയുടെ ലഭ്യത ഉറപ്പുവരുത്തണം. സര്‍വ്വോപരി, ചുവപ്പ്നാടയുടെ ഇടപാട് നിര്‍ത്തലാക്കണം  ... 
ചുരുക്കത്തില്‍, കൃഷിക്കാരന് മനസ്സില്‍ തീയില്ലാതെ  വിത്തിറക്കാന്‍  കഴിയുന്ന സാഹചര്യം സര്‍ക്കാര് സൃഷ്ടിക്കുകയാണ് വേണ്ടത്.  അല്ലാതെ ഒരു രൂപാ അരികൊണ്ട് ഒരിക്കലും നമ്മുടെ 'വിശപ്പ്‌ തീരാന്‍' പോകുന്നില്ല. മുന്‍പ്‌ സൂചിപ്പിച്ചപോലെ , മുതുക് വളഞ്ഞവന് ഊന്നുവടി കൊടുക്കുന്നത് യഥാര്‍ത്ഥ ചികിത്സയല്ല. മറിച്ചു, അവന്റെ മുതുകത്തെ വളവു ചികില്‍സിച്ചു മാറ്റുകയാണ് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമുക്കും സര്‍ക്കാരിനും ഉള്ളത് മുതുകത്തെ ഈ കൂന് തന്നെ!!!

വാല്‍ പോസ്റ്റ്‌: 
കുക്കിംഗ് ഗ്യാസിന് 800 രൂപ ആക്കാന്‍ ആലോചിക്കുന്നത്രേ! മാത്രവുമല്ല;  ഒരു കുടുംബത്തിന് വര്‍ഷത്തില്‍ നാല് സിലിണ്ടര്‍ ആക്കി നിജപ്പെടുത്താനും പോണത്രേ !!

ഞാന്‍ വിസ കേന്സല്‍ ചെയ്തു നാട്ടില്‍ പോവ്വാ...വിറകു കച്ചവടത്തിന് അവിടെ നല്ല സ്കോപ്പ് ഉണ്ടാവും. പാചകത്തിന് മാത്രമല്ല; കടംകയറി ആതമഹത്യചെയ്യുന്നവരെ ദഹിപ്പിക്കാനും വിറകു നല്ലോണം വേണ്ടിവരും!

58 comments:

 1. ത്രിവര്‍ണ കോണ്ഗ്രസ് പതാക വിജയിപ്പൂതാക.

  ReplyDelete
 2. ജയ് ജയ് കോൺഗ്രസ്സ്!ഇനിയും വാഴട്ടെ ഈ വിജയികൾ

  ReplyDelete
 3. കാലികമായ ലേഖനം.. ചില കാര്യങ്ങളിലെ വിയോജിപ്പ്‌ കുറിക്കട്ടെ..

  കുറഞ്ഞ വിലക്ക് അരി കൊടുക്കുന്നത് അത്ര മോശമായ കാര്യമാണെന്ന് തോന്നുന്നില്ല..( ഒരു രൂപക്കായാലും രണ്ടു രൂപക്കായാലും )
  റോക്കറ്റ് പോലെ കുതിച്ചുയരുന്ന അരിവില പിടിച്ചു നിര്‍ത്താന്‍ ഒരു പരിധി വരെയെങ്കിലും ഇത് കൊണ്ട് കഴിയും..ഉത്പാദന ചിലവിന്റെയും ഗതാഗതത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമല്ല വില കൂടുന്നത്.... മറിച്ച് കൃത്യമായ കച്ചവട തന്ത്രങ്ങള്‍ ഇതിനൊക്കെ പുറകിലുണ്ട്..ആഹാരം ഇല്ലാതെ ജീവിക്കാന്‍ വയ്യാത്തത് കൊണ്ട് എത്ര രൂപ കൊടുത്തും സാധാരണക്കാരന്‍ അരി വാങ്ങും.. അത് തന്നെയാണ് കച്ചവടക്കാരന്റെ വില വര്‍ധനവിന് പിന്നിലെ തന്ത്രവും... വിപണിയില്‍ കുറഞ്ഞ വിലക്ക് അരി ലഭ്യമായാല്‍ ഒരു പരിധി വരെയെങ്കിലും ഈ വര്‍ധനവിനെ പിടിച്ചു നിര്‍ത്താം..
  ജനങ്ങളുടെ നിത്യ ജീവിതത്തെ സംബന്ധിക്കുന്ന അടിസ്ഥാന കാര്യങ്ങളില്‍ സര്‍ക്കാരിന് കടമയുണ്ട്.. അത് ചെയ്യാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനാ ഈ ഭരണകൂടം..

  ഇതിനൊപ്പം തന്നെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങള്‍ നടത്തുന്നത് ഗുണകരമാണ്..

  ReplyDelete
 4. ഓരോ ജനതയ്ക്കും അവര്‍ക്ക് യോജിച്ച ഭരണാധികാരികള്‍ ഉണ്ടാവുമെന്നെ എവിടേയോ വായിച്ചതോര്‍ക്കുന്നു. ..ഈ പൊറാട്ട് രാഷ്ടീയ നാടകങ്ങള്‍ക്ക് ജയ് വിളിക്കാം നമുക്കും :(

  ലേഖനം നന്നായിരിക്കുന്നു

  ReplyDelete
 5. നല്ല എഴുത്ത്
  ഇഷ്ടായി ..

  ReplyDelete
 6. ഒരു രൂപയുടെ മൂല്യത്തെ പറ്റി പണ്ടൊരു എം.എല്‍.എ നിയമസഭയില്‍ പ്രസംഗിച്ചത് ഓര്‍ക്കുന്നു. ' ഒരു രൂപകൊണ്ട് പൊതുസ്ഥലത്തെ മൂത്രപുരയില്‍ പോയി മൂത്രമൊഴിക്കാമെന്ന്‌ ' . ഇന്ന് അതും നടക്കില്ല, പലയിടത്തും മിനിമം മൂന്നു രൂപയാണ് . അങ്ങനെയുള്ള സ്ഥലത്താണ് ഒരു രൂപയുടെ അരി പാവം ജനത്തിന്റെ കണ്ണില്‍ ഇടുന്നത്. ഉല്പാദനചെലവ് പോലും നോക്കാതെയുള്ള ഈ പ്രഖ്യാപനം മുതുക് വളഞ്ഞവന് ഊന്നു വടി കൊടുക്കുന്നത് പോലെ തന്നെ. !!!!!!! നല്ല നിരീക്ഷണം......... എങ്കിലും ഇത് ആര്‍ക്കെങ്കിലും കിട്ടുകയാണെങ്കില്‍ കിട്ടട്ടെ എന്ന് തന്നെ ആഗ്രഹിക്കുന്നു ..

  ചന്ദനത്തിന്റെ വിറകു കച്ചവടമാണോ? 'വേണേല്‍' ഞാനും കൂടാം.

  ReplyDelete
 7. അന്വേഷകന്റെ നിരീക്ഷണങ്ങളെ ഞാനും ശരി വെക്കുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ തന്നെയാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇന്ന് മന്ത്രി പറഞ്ഞത്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ പോലും ലിസ്റ്റില്‍ ഉണ്ടെന്നാണ്. അവരില്‍ എത്ര പേര്‍ ഖദര്‍ ധരിചിട്ട്ടുണ്ടോ അവര്‍ ലിസ്റ്റില്‍ തന്നെ തുടരുമെന്നാണ് അനുഭവം. കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് വേണ്ട ഇടപെടലുകള്‍ നടത്തി കൊണ്ട് തന്നെ റേഷന്‍ സമ്പ്രദായം തുടരണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

  -ഹാഷിക്കും ഇസ്മുവും കൂടി എന്താ വീരപ്പന് പഠിക്കുവാണോ? :)-

  ReplyDelete
 8. കടം കയറി ആത്മഹത്യ ചെയ്യുന്നവര്‍ ചന്ദനമരം ചിതക്ക് വേണ്ടി ഉപയോഗിക്കുമോ?

  ReplyDelete
 9. തൊഴിലുറപ്പു പദ്ധതിയില്‍ ഒരു ദിവസത്തെ വേതനം 150 രൂപ. രണ്ട് ബിയറിനു 150 രൂപ. അതിന്റെ കുപ്പി വിറ്റാല്‍ തന്നെ 4 രൂപ കിട്ടുമത്രേ. ഒരു ചെറിയ കുടുംബത്തിനു ഒരാഴ്ച കഞ്ഞി കുടിച്ചു കഴിയാന്‍ അതു തന്നെ ധാരാളം.

  വിയോജിപ്പ്: രണ്ടുരൂപ അരി കൊടുത്തു വോട്ടു വാങ്ങുന്നവനെ മെരുക്കാന്‍ കോണ്‍ഗ്രസ്സിനു ഒരു രൂപ അരിയിറക്കേണ്ടി വന്നൂയെന്നുമാത്രമേ ഞാന്‍ കരുതുന്നുള്ളൂ. രണ്ടുരൂപക്കുള്ള അരിയെ പുകഴ്ത്തി ഒരു രൂപക്കുള്ള അരിയേയും കേന്ദ്രത്തിന്റെ മൂന്നു രൂപക്കുള്ള അരിയേയും താഴ്ത്തിക്കാണിക്കുകയാണെന്നു കരുതേണ്ടല്ലോ?

  അര്‍ഹര്‍ക്കു മാത്രമായി ഇതു ചുരുക്കാനുള്ള നിബന്ധനകളാണ് അത്യാവശ്യം.

  വാല്‍: പട്ടിണി മരണം ഇല്ലാതായാല്‍ അതു തന്നെ മിച്ചം.

  ReplyDelete
 10. ദീര്‍ഘ വീക്ഷണങ്ങള്‍ ഇല്ലാത്ത നേതാക്കളും അവര്‍ക്ക്‌ ചേര്‍ന്ന അണികളും. ഓരോ ഇലക്ഷന്‍ കാലത്തും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഓരോ ട്രിക്കുകളും.. അത്ര മാത്രം

  ReplyDelete
 11. JUST POLI-TRICKS nothing else..good keep it up

  best wishes

  regards

  ReplyDelete
 12. ജീവിക്കാൻ അരി മാത്രം മതിയായിരുന്നുവെങ്കിൽ ഒരു രൂപയുടെ അരി നല്ല കാര്യം എന്ന് സമ്മതിക്കാമായിരുന്നു.

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. ഇത് കലക്കി കേട്ടോ ഒരു രൂപയുടെ വിലപോലും പൊതുജനത്തിന് ഇല്ലാതാക്കി

  ReplyDelete
 15. അടുക്കള കാണാത്ത.., ഭക്ഷിക്കുമ്പോൾ മാത്രം അടുക്കളയുമായി പരോക്ഷമായൊരു ബന്ധം വയ്ക്കുന്നവരുമായ “ഭരണക്കുടം“ ചുമക്കുന്ന കുറച്ചു പേർ.,കൂടിയിരുന്ന് ആലോചിച്ച് നടപ്പിലാക്കാൻ പോകുന്ന ചില കാര്യങ്ങൾ..!

  രാജ്യ സഭയിലും ലോകസഭയിലും ഇവരുടെയൊക്കെ ഭാര്യമാരെ കൂടി ഇരുത്താനുള്ള അനുമതിയുണ്ടായിരുന്നേൽ പാചക വാതകത്തിന്റെ കാര്യത്തിൽ ഇത്തരം മണ്ടൻ വിചാരങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു..

  ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്ക് പ്രതിവർഷം 4 സിലണ്ടറേ വേണ്ടി വരൂ എന്ന നിഗമനത്തിലാണത്രേ സബ്സിഡി പരിമിതപ്പെടുത്തുന്നത്...ദാരിദ്യ നിർമാഞ്ജനമല്ല ആ ദാരിദ്ര്യത്തിൽ നിന്നും ലാഭം കണ്ടെത്തുക എന്ന നാണംകെട്ട പ്രവൃത്തി കൂടിയാകുന്നു ഇത്..

  നാട്ടിൽ വിറകുണ്ട്...അതു കത്തിക്കാനും അറിയാം..പക്ഷെ വിറകടുപ്പിൽ നിന്നുള്ള പുക ആഗോള താപനത്തിനുള്ള മറ്റൊരു കാരണം കൂടിയാണെന്നുള്ളത് അറിയാത്തവരാണോ ഇവരൊക്കെ..? മറ്റൊന്ന്.., കൂടുതൽ വിറക്= കൂടുതൽ മരങ്ങളുടെ നാശം...

  എന്തിനാ 2 രൂപയ്ക്ക് അരി..?
  വയ്കാനുള്ള ഗ്യാസു വാങ്ങണമെങ്കിൽ ലോട്ടറിയടിക്കണം..വിറകിനും കൊടുകണ്ടേ അരിയെക്കാൾ കൂടുതൽ പൈസ..?

  ജനങ്ങൾ നിസ്സഹായമായി വിഡ്ഡികളാകുന്നു..
  പദ്മനാഭാ..നീ എന്തിനിങ്ങിനെ ഡെഡ് മണി കാത്തു വച്ചിരിക്കുന്നു....

  ReplyDelete
 16. പത്തുവര്‍ഷം മുമ്പ് ഒരു സെല്‍ഫോണ്‍ കോളിന്‌ വരുന്ന ചെലവ്‌ കൊണ്ട്‌ 10 ബോണ്ടകള്‍ വാങ്ങിക്കാമായിരുന്നു.ബോണ്ടയ്‌ക്ക് 50 പൈസ:സെല്‍ ഫോണ്‍ കോളിന്‌ 5രൂപ
  ഇന്ന്‌ ഒരു ബോണ്ട വാങ്ങിക്കുന്ന ചെലവ്‌ കൊണ്ട്‌ 10 കോള്‍ ചെയ്യാം .ബോണ്ടയ്‌ക്ക് 5രൂപ സെല്‍ ഫോണ്‍ കോളിന്‌ 50 പൈസ.

  ReplyDelete
 17. പണ്ട് ബാബറിന്റെ ഭരണ പരിഷ്കാരങ്ങൾ അക്ബറിന്റെ ഭരണ പരിഷ്കാരങ്ങൾ എന്നൊക്കെ സാമൂഹ്യ പാഠത്തിൽ പഠിക്കുമ്പോഴൊക്കെ എന്ത് കുന്ത്രാണ്ടാണിത് എന്നൊക്കെ തോന്നിയിരുന്നു.ഇന്ന് ഓരോ അഞ്ചു കൊല്ലവും ഓരോ നിറങ്ങൾ മാറി ഭരിക്കുമ്പോഴും ഓരൊ ഭരണ പരിഷ്കാരങ്ങൾ നല്കി പാവപ്പെട്ടവന്റെ നടുവൊടിക്കുന്നു.എന്തു ചെയ്യാം ..നാം അവരുടെ പണി ആയുധമല്ലോ..?

  ReplyDelete
 18. വിലക്കയറ്റത്തിന്റെ അടിസ്ഥാന പ്രശ്നം, ഉല്‍പാദകരില്‍ നിന്നും ഉപഭോക്താക്കളില്‍ അവശ്യവസ്തുക്കള്‍ എത്തിക്കുന്ന ഇടനിലക്കാരാണ് വില നിയന്ത്രിക്കുന്നത്‌ എന്നതാണ്. ഇവിടുത്തെ ഭരണാധികാരികള്‍ക്ക് അത് അറിയാത്തതല്ല.പക്ഷെ അവരാണ് ഭരണം നിയന്ത്രിക്കുന്നത്‌ അവരുടെ സഹായത്തോടു കൂടിയാണ് ഭരിക്കുന്നവര്‍ ഭരണത്തില്‍ വരുന്നത് തന്നെ.അത് നിയന്ത്രിച്ചാല്‍,കാര്യക്ഷമമായ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ഇടനിലക്കാരെ ഒഴിവാക്കി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ സാധനങ്ങളുടെ വില കുറയുകയും ന്യായമായ വില ലഭിക്കുന്നു എന്ന് കണ്ടാല്‍ കൂടുതല്‍ പേര്‍ കൃഷിയിലേക്ക് വരികയും ചെയ്യും.ഇത്തരം മാറ്റങ്ങള്‍ കൃഷി നാശം ഉണ്ടായാല്‍ പോലും കര്‍ഷകന് നഷ്ടം വരാത്ത രീതിയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കും. സമഗ്രമായ മാറ്റത്തെക്കാള്‍ കണ്ണില്‍ പൊടിയിടുന്ന ഗിമ്മിക്കുകള്‍ കാട്ടി രാഷ്ട്രീയ മൈലേജ് കൂട്ടാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത് .അത് കൊണ്ട് തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പറയാന്‍ ആവില്ല.

  ReplyDelete
 19. എള്ളിലെ ലാഭം മുതിരെ തീരും

  ReplyDelete
 20. പാവങ്ങളുടെ പണമെടുത്ത് അതില്‍ നിന്ന് കുറച്ചു പാവങ്ങള്‍ക്ക് കൊടുത്ത് ബാക്കി "ഇടത്തട്ടു" തട്ടുന്നതാണല്ലോ ഈ അരി രാഷ്ട്രീയം. നടക്കട്ടെ. നടക്കട്ടെ.

  അല്ലാതെ ഒരു രൂപയ്ക്കു അരികൊടുക്കാന്‍ അരി ആകാശത്തു നിന്നും മഴയായി വര്ഷിക്കുകയൊന്നുമില്ലല്ലോ.

  ഇടതനും വലതനും ഒരേ അടവു തന്നെ പയറ്റുന്നു. അടവുകള്‍ക്കും വിഷയ ദാരിദ്ര്യമോ ?

  ReplyDelete
 21. നിലവിലെ സാഹചര്യത്തില്‍ ഏതൊരു സൗജന്യവും ജനതയുടെ ഉപഭോഗ സംസ്കാരത്തിനുള്ള സൗകര്യമൊരുക്കലാണെന്ന കുറുവമ്പടിയുടെ കുറിപ്പിലെ സാമാന്യ വത്കരണത്തോട് എനിക്ക് യോജിക്കാന്‍ ആകില്ലാ. സവിശേഷ പരിഗണന ആവശ്യപ്പെടുന്ന നല്ലൊരു ശതമാനം ജനങ്ങള്‍ നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ട്. അതുകൊണ്ട് തന്നെ, അവര്‍ക്കൊരു സഹായകരമായി ഇത് വര്‍ത്തിക്കുന്നുവെങ്കില്‍{?} അര്‍ഹരായ{?} ആളുകളിലേക്ക് ഇതെത്തുന്നുവെങ്കില്‍ ഒന്നുമില്ലായ്മയില്‍ എന്തെങ്കിലുമൊന്നു ഉണ്ടാവുക എന്ന ആശ്വാസത്തെ ഞാനൊരു ആശയമായി സ്വീകരിക്കുന്നു.

  കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍.. വര്‍ത്തമാന കാല യുവത്വങ്ങളില്‍ എത്ര കണ്ടു സ്വീകാര്യമാകുമെന്നു നാം കണ്ടറിയുക തന്നെ വേണം. അതിന് തീര്‍ച്ചയായും.. 'പണി ശാലകളെ' പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് നമ്മുടെ സമസ്ത 'ഗുരുക്കളും' നമ്മെ നയിക്കുന്നവരും മാറണം. അതുമാത്രമല്ല, നിലവിലെ മൊത്തം ഭൂമിയും തരം തിരിച്ചു 'കൃഷി ഭൂമി' കര്‍ഷകര്‍ക്കായി 'പുനര്‍ വിതരണം' ചെയ്യേണ്ടിയും വരും. അപ്പോള്‍, യഥാര്‍ത്ഥ ഉടമകളെ നിര്‍ണ്ണയിക്കുന്നതില്‍ നിലവിലെ മാനദണ്ഡം മതിയാകുമോ..?

  സര്‍ക്കാര്‍ തന്നെ സര്‍ട്ടിഫൈ ചെയ്ത 'ബി പി എല്‍' ദരിദ്രരുടെ എണ്ണം കുറക്കാനുള്ള പരിപാടികള്‍ ഒരു വശത്ത്‌ തകൃതിയായി നടക്കുന്നു. മറു വശത്ത്‌ പരിമ ദരിദ്രരായ {എ എ വൈ } കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴാണ് ഈ കലാ പരിപാടി എന്നോര്‍ക്കണം. മറ്റൊരു തമാശയുള്ളത്, രാജ്യനിവാസികളോട് ദരിദ്ര ജനതയുടെ കുറഞ്ഞ കണക്ക് പറഞ്ഞ് ഭരണ നേട്ടമെന്നു മേനി നടിക്കുകയും.. ശേഷം വല്യ സായിപ്പന്മാരുടെ മുമ്പില്‍ ഇതേ പാവങ്ങളുടെ തലയെണ്ണി യാചിക്കുന്നതിനും യാതൊരു ഉളുപ്പുമില്ലാത്ത ഭരണ വര്‍ഗ്ഗമല്ലേ നമുക്കുള്ളത്..? 'ദാരിദ്ര നിര്‍മ്മാര്‍ജ്ജനം' എന്ന വലിയ താത്പര്യത്തെ പോലും ഇത്തരുണത്തില്‍ നിറം കെടുത്തുന്ന 'ജനഹിത'ത്തിന്‍റെ രക്തമൂറ്റുന്ന ഈ 'ദുര്‍ഭൂതങ്ങള്‍ക്ക്' തന്നെയാണ് വരും കാലത്തും 'എന്‍റെ വോട്ട്' .

  തണലിന് അഭിനന്ദനം.

  രണ്ടു ലേഖനങ്ങള്‍.
  അരി രാഷ്ട്രീയത്തിന്‍റെ അകം പൊരുള്‍,
  യേമാനേ, അടിയങ്ങള്‍ പാവങ്ങളാണേ..!

  ReplyDelete
 22. ഒരു രൂപയ്ക്കു അരി പോലും..അരി പച്ചക്ക് തിന്നാന്‍ പറ്റുമോ? അത് ചോറ് ആകണമെങ്കില്‍ ഗ്യാസ് വേണ്ടേ? ചോറിനു കൂടെ കൂട്ടാന്‍ കറി ഒന്നും വേണ്ടേ??? ചുമ്മാ ആളെ പറ്റിക്കാന്‍ ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കും..അത് ഏറ്റു പാടാന്‍ കുറെ അണികളും മാധ്യമങ്ങളും....കാലിക പ്രസക്തമായ ലേഖനം..അഭിനദ്ധങ്ങള്‍ ഇക്ക..
  മലയാളികളുടെ പണത്തിന്റെ ആര്‍ത്തിയെ കുറിച്ചാണ് എന്റെയും പുതിയ പോസ്റ്റ്‌ വായിക്കണേ ..

  ReplyDelete
 23. കാർഷിക രംഗത്ത് പുത്തനുണർവ്വ് സ്ര്‌ഷിടിക്കാനും തരിശിടപ്പെട്ട ഭൂമി വിളയുൽ‌പ്പാദനസജ്ജമാക്കാനുമുള്ള സർക്കാറിന്റെ ബാദ്ധ്യത സത്വരമായി നിറവേറപ്പെടേണ്ടതാണ് എന്നത് തർക്കമില്ലാത്ത സത്യം.ദീർഘകാലാടിസ്ഥാനത്തിൽ സ്വയം പര്യാപത കൈവരിക്കാനുള്ള വഴിയും അതു തന്നെ.

  അതേസമയം അത്തരം ഒരു ലക്ഷ്യപ്രാപ്തി കൈവരും വരെ സർക്കാറിന്റെ കൈത്താങ്ങോടെ ഒരു രൂപാ അരിയും രണ്ടു രൂപാ അരിയും ഒക്കെ ലഭ്യമാക്കലും സ്വാഗതാർഹമായ ചുവടുവെയ്പ്പുകളാണെന്നാണ് എന്റെ പക്ഷം.

  ആ സൌജന്യം അർഹരിൽ മാത്രമായി പരിമിതപ്പെടുത്തലും അതിനായി വേണ്ടിവരുന്ന അധികസംഖ്യ റവന്യൂവിൽ നിന്ന് കണ്ടെത്തലും സർക്കാറിൽ നിക്ഷിപ്തമായ ചുമതലതന്നെ.

  പക്ഷെ ജനപ്രിയ നടപടികളിലൂടേ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനും ദീർഘകാലാടിസ്ഥാനത്തിൽ ദൂരക്കാഴ്ചയോടേ നടപ്പാക്കേണ്ട പദ്ധതികളെ വിസ്മരിക്കാനുമുള്ള ഇടത്-വലത് ഭരണവർഗ്ഗത്തിന്റെ പ്രവണതയാണ് യഥാർത്ഥത്തിൽ എതിർക്കപ്പെടേണ്ടത് .

  കാലികപ്രസക്തിയുള്ള കുറിപ്പും നിരീക്ഷണങ്ങളൂം ശ്രദ്ധേയം.

  ReplyDelete
 24. അണ്ണാ അവിടെ ഗ്യാസിനെന്താവില..?

  ReplyDelete
 25. വിറക് നല്ല കച്ചവടമാണ് പക്ഷേ വിറക് ഉപയോഗിന്നവരെ കണ്ടുപിടിക്കണം

  ReplyDelete
 26. സംഭവാമി യുഗേ യുഗേ..

  ReplyDelete
 27. വായ്ക്കരി...എന്നൊരു ആചാരമുണ്ട്. സര്‍ക്കാര്‍ എല്ലാര്‍ക്കും വായ്ക്കരിയിടുകയാണോ...?

  വാല്‍ പോസ്റ്റ് കലക്കി

  ReplyDelete
 28. ഇടതും വലതും കാലങ്ങളായി നമ്മെ ഒരു രൂപയ്ക്കു പോലും വിലയില്ലാതെയാക്കി എന്ന ഇസ്മായിലിന്റെ നിരീക്ഷണത്തോട് പൂർണ്ണമായും യോജിക്കുന്നു.
  ഇവരുടെയൊക്കെ ഈ രാഷ്ട്രീയമുതലെടുപ്പിന്റെ കളിയിൽ കുത്തുപാളയെടുക്കേണ്ടി വരുന്നത് ജനങ്ങളാണ്.
  ദീർഘവീക്ഷണമില്ലാത്ത സർക്കാരാണു മാറി മാറി നമ്മെ ഭരിക്കുന്നത്.അതിന്റെ അനന്തരഫലമാണ് കേരളത്തിന്റെ ആളോഹരി കടം വർദ്ധിച്ചുകൊണ്ടിരിക്കുന്നതും.

  ReplyDelete
 29. അവസരോചിതം....
  പക്ഷെ രണ്ടു രൂപയ്ക്കു എനിക്ക് കിട്ടിയാല്‍ വേണ്ടെന്നു ഞാന്‍ പറയില്ല.

  ReplyDelete
 30. ഇങ്ങ്ങ്ങള്‍ സമാദാനമായി ഇരിക്ക്
  അടുത്ത മന്ത്രിസഭാ ചിലപ്പോള്‍ ഒരു രൂപയ്ക്ക് ഗ്യാസും തരും
  തരുവായിരിക്കും..അല്ലേ?

  ReplyDelete
 31. ""ജനനന്മ കാംക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് സ്വന്തം ജനതയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ്. അഥവാ സ്വയം പര്യാപ്തരാക്കുകയാണ്."" ശരിയായ നിരീക്ഷണം. ഒരു രൂപയ്ക്ക് അരി കൊടുക്കുന്നതു മൂലം ഉണ്ടാവുന്ന കടവും ജനങ്ങളുടെ തലയില്‍ !! സാമൂഹ്യപ്രതിബദ്ധതയുള്ള , നല്ലൊരു പോസ്റ്റ്.

  ReplyDelete
 32. ലേഖനം നന്നായിരിക്കുന്നു
  വിറകിനും തീവിലയാണ്.

  ReplyDelete
 33. പട്ടിണി മാത്രം മാറ്റിയാല്‍ മതിയോ? ബാക്കി ആവശ്യങ്ങളൊക്കെ?

  ReplyDelete
 34. @സ്നേഹിതന്‍ നാമൂസ്‌..
  "നിലവിലെ സാഹചര്യത്തില്‍ ഏതൊരു സൗജന്യവും ജനതയുടെ ഉപഭോഗ സംസ്കാരത്തിനുള്ള സൗകര്യമൊരുക്കലാണെന്ന കുറുവമ്പടിയുടെ കുറിപ്പിലെ സാമാന്യ വത്കരണത്തോട് എനിക്ക് യോജിക്കാന്‍ ആകില്ലാ"
  ഇത്തരമൊരു സാമാന്യവല്‍കരണം എന്റെ കുറിപ്പില്‍ കാണാന്‍ കഴിയില്ല. സൌജന്യവും സബ്സിഡിയും ഒക്കെ വേണ്ടത് തന്നെയാണ് എന്നാണു എന്റെയും അഭിപ്രായം.അതിപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. പക്ഷെ അരി എന്നത് ഒരു ജനതയുടെ 'വികാര'മാണെന്ന് തിരിച്ചറിയുന്നതോടെ തുടങ്ങുന്നു ഈ ഗിമ്മിക്കുകള്‍. ( തമിഴ്‌നാട്ടില്‍ അത് ടീവിയായിരുന്നു.ഇവിടെ അത് വിലപ്പോവില്ല എന്ന് നമ്മുടെ സൃഗാലബുദ്ധികള്‍ക്കറിയാം) നിത്യോപയോഗസാധനങ്ങള്‍ എന്ന് പറഞ്ഞാല്‍ അരി മാത്രമെന്കില്‍ ഒരു പരിധിവരെ നമുക്ക് അനുകൂലിക്കാംആയിരുന്നു. പഞ്ചസാര, മുളക്,ഉപ്പ്,ഗ്യാസ്‌ എന്നിങ്ങനെ നീളുന്ന അത്യാവശ്യവസ്തുക്കള്‍ക്ക് എന്തുകൊണ്ട് ഇത്തരം വിലകുറയല്‍ ഉണ്ടാകുന്നില്ല?
  ഒരു ദിവസം പാണ്ടിലോറി പണിമുടക്കിയാല്‍ കേരളത്തിന്റെ സ്ഥിതി എന്താണെന്ന് ഇവിടെ എല്ലാവര്ക്കും അറിയാം. കേരളം എത്രകാലം ഇങ്ങനെ ആശ്രിതരായി കഴിയും? നമുക്ക് സ്വന്തം കാലില്‍ നില്‍ക്കണമോ വേണ്ടയോ?
  തമിഴ്നാട്ടില്‍ ഫ്രീ ആയി ലഭിക്കുന്ന ടീവി കേരളത്തിലേക്ക് വ്യാപകമായി കടത്തി വില്‍ക്കപ്പെടുന്നത്രേ! അതുപോലെ നമ്മുടെ ഈ 'ഒരു രൂപ അരി' തിരിച്ചു തമിഴ്നാട്ടിലേക്ക് പോയി വീണ്ടും നല്ല വിലക്ക് നമ്മുടെ സര്‍ക്കാര്‍ അതേ അരി വാങ്ങി നമുക്ക് പിന്നേം ഒരു രൂപയ്ക്കു തരും!
  വാല്‍ കമന്റ്: ഒരു കിലോ അരി = ഒരു രൂപ!
  അത് വാങ്ങാനുള്ള കവര്‍= രണ്ടു രൂപ!!

  ReplyDelete
 35. താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു...ഇപ്പോള്‍ അരിക്ക് ഒരു രൂപ എങ്കിലും കൊടുക്കേണ്ടേ??അടുത്ത ഇലക്ഷനില്‍ നോക്കിക്കോ...ഞങ്ങള്‍ അമ്പതു പൈസക്കും(അത് വരെ അമ്പതു പൈസ പിന്‍വലിച്ചില്ലെങ്കില്‍)അരി കൊടുക്കും..അങ്ങനെ ജനങ്ങളെ ഫ്രീ ആയി തീറ്റി പോറ്റുന്ന ഒരു സര്‍ക്കാര്‍ ആയി ഞങ്ങള്‍ മാറും എന്ന് രണ്ടു കൂട്ടരും പറയും ...നാം വീണ്ടും പോയി വോട്ട് കുത്തും...ഈ തമാശ തുടരും..കഷ്ടം..എന്നല്ലാതെ എന്ത് പറയാന്‍..

  ReplyDelete
 36. ഇത് കേരളത്തില്‍ നാമാവശേഷമായികൊണ്ടിരിക്കുന്ന നെല്‍കൃഷിയെ നശിപ്പിക്കാനേ ഉതകൂ ..ഒരു രൂപയ്ക്കു അരി കിട്ടിയാല്‍ ആരാണിവിടെ കൊയ്ത്തിനും, മെതിക്കും, വിതക്കും ഒക്കെ ഒരുങ്ങുന്നത് ...

  ReplyDelete
 37. ജാനകി:-ഇങ്ങനെ പറയല്ലേ..പ്രതിഭ,സോണിയ,ഷീല ദീക്ഷിത്,മമത,ജയ ലളിത,ആരാ നിങ്ങള്ക്ക് കുറവ്?

  ഇന്നലെ കേട്ട തമാശ.
  ഒരു രൂപയ്ക്കു അരിയും വാങ്ങി നല്ല പിടക്കുന്ന പുഴ മീനും കെട്ടിയവന്‍ വീട്ടില്‍ കൊടുത്തു.പെണ്ണുമ്ബിള്ള പറഞ്ഞു കൊണ്ടേ പുഴുങ്ങി തിന്നൂ.ഇവിടെ അടുപ്പില്‍ തീ ഇല്ല.ഗ്യാസ് ഇല്ല.അയാള്‍ പുഴ മീനെ തിരിച്ചു അങ്ങ് കൊണ്ടേ വിട്ടു..ഒന്ന് ഊളിയിട്ടു പൊങ്ങി വന്നു മീന്‍പറഞ്ഞു.
  UPA സിന്ദാബാദ്‌...

  നല്ല ലേഖനം ഇസ്മൈല്‍..

  ReplyDelete
 38. കാലികം ഈ ലേഖനം .. അരിയാനെങ്കില്‍ അരി അതെങ്കിലും പോരട്ടെന്നെ ...താങ്കള്‍ പറഞ്ഞതൊക്കെ ശരി തന്നെ പക്ഷെ ആര് കേള്‍ക്കാന്‍???????? അരി വേവിക്കാതെ തിന്നാന്‍ പറ്റില്ലെന്ന് ഇവര്‍ക്കറിയില്ല എന്ന് തോന്നുന്നു .. നമ്മുടെ വില നമ്മള്‍ തെരഞ്ഞെടുത്ത ഭരണ കൂടം തീരുമാനിക്കുന്നു... നല്ല ലേഖനം.. ആശംസകള്‍,,..

  ReplyDelete
 39. ഗ്യാസും മണ്ണെണ്ണയും ഇല്ലാത്ത അല്ലങ്കിൽ കിട്ടാത്ത ഒരു വിഭാഗം ജനങ്ങളും ഇവിടെ ജീവിക്കുന്നു... അവർ കഞ്ഞീ കുടിക്കട്ടെ... അത്തരക്കാരിലെ പട്ടിണിമരണമെങ്കിലും ഒഴിവാകട്ടെ. പിന്നെ, ഏത് ഭരണമാണെങ്കിലും ഭൂരിപക്ഷത്തിന്റെ ഗ്യാസ് പോകുന്ന ഭരണമാണ് ഇവിടെ.എന്തായാലും ഞാൻ ഒരു കൊച്ച് സിലണ്ടർ വാങ്ങി ഗ്യാസ് തനിയെ നിറക്കാൻ തുടങ്ങുവാ. ഗ്യാസ്സിന് ഗ്യാസ്സും എനിക്ക് ആശ്വാസവും.

  ReplyDelete
 40. >>കൃഷിക്കാര്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ നെല്‍കൃഷിയും മറ്റും ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. തരിശായി ഇട്ടിരിക്കുന്ന കൃഷിയിടങ്ങള്‍ നിയമം മൂലം പിടിച്ചെടുത്തു കൃഷിചെയ്യാന്‍ സൌകര്യപ്പെടുത്തിക്കൊടുക്കണം. പ്രകൃതിക്ഷോഭം മൂലം സംഭവിക്കുന്ന നഷ്ടം സര്‍ക്കാര്‍ ലഘൂകരിച്ച് കൊടുക്കണം. വളം, വിത്ത് മുതലായവയുടെ ലഭ്യത ഉറപ്പുവരുത്തണം. സര്‍വ്വോപരി, ചുവപ്പ്നാടയുടെ ഇടപാട് നിര്‍ത്തലാക്കണം<<

  ഇതൊക്കെ ചെയ്താൽ താങ്കൾ നാട്ടിൽ പോയി കൃഷിചെയ്യുമോ..?

  അതൊക്കെ പോട്ടെ എന്നുമുതലാണ്‌ നമ്മുടെ നാട്ടിൽ കൃഷി ലാഭകരമല്ലാതായത്....?

  എന്നു മുതലാണ്‌ നാട്ടിൽ പണിക്ക് ആളെ കിട്ടാതായത്....?

  എന്ത്കൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ കൃഷി ലാഭകരമാകുന്നു...?

  മൂലകാരണങ്ങളെ കണ്ടില്ലെന്ന് നടിച്ച് ഗവണ്മെന്റിന്റെ നയങ്ങളിലെ രാഷ്ട്രീയം മാത്രം കാണുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല.

  ഓഫ് 1:- വലിച്ചുനീട്ടപെട്ട പ്രവാസത്തിന്റെ ഇന്നുകളിൽ എനിക്കും ഒരു കൃഷിക്കാരനായാൽ കൊള്ളാമെന്നുണ്ട്....അതല്ലാതെ ഇപ്പോൾ എന്നെക്കൊണ്ടെന്തിനുകൊള്ളാം..(ആത്മ..)

  ഓഫ് 2:- ഗ്യാസാണല്ലോ പ്രവാസികളുടെ ഏറ്റവും വലിയ പ്രശനം!!!.

  ReplyDelete
 41. ഇസ്മായില്‍ പറഞ്ഞ ഓരോ പോയന്‍റിനോടും യോജിയ്ക്കുന്നു. ഈ കണ്ണില്‍ പൊടിയിടല്‍ രാഷ്ട്രീയം UDF കളിക്കുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെടെണ്ടതില്ല. പക്ഷെ "ഹൃദയപക്ഷ"ക്കാരും ഈ തരികിടയുടെ ആള്‍ക്കാര്‍ ആവുന്നത് എങ്ങിനെ എന്ന് മനസ്സിലാവുന്നില്ല. തിരഞ്ഞെടുപ്പടുത്തപ്പോള്‍ അവരും വെച്ചത് ഈ ഓഫര്‍ തന്നെയാണല്ലോ. ഈ അരി നാല്ക്കാലികള്‍ പോലും തിന്നില്ല എന്ന് കേള്‍ക്കുന്നുണ്ട്. ആര് തിന്നാലും ഇല്ലെങ്കിലും ഇത്തരം തറ സ്റ്റണ്ടു രാഷ്ട്രീയക്കാര്‍ക്ക് വോട്ടു ചെയ്യാനാണ് നമ്മുടെ വിധി.

  ReplyDelete
 42. തമിള്‍ നാട്ടില്‍ എം ജി ആറും, ജയലളിതയും,കരുണാ നിധിയുമൊക്കെ, എച്ചിലി പാവങ്ങളായ അണ്ണാച്ചികള്‍ക്ക് അരിയും,കറിയും,ചെരിപ്പും,ടി വി യും സാരിയും,കള്ളും കൊടുത്തു ജയ് വിളിപ്പിച്ചു വോട്ടു നേടി ജയിച്ചു കയറുന്ന തന്ത്രം കേരളത്തിലും,ഇടതും വലതുമില്ലാതെ
  എടുത്തു പയറ്റുകയാണ്.

  തമിള്‍ നാട്ടിലെ അണ്ണാച്ചികളെക്കാള്‍ പാദസേവകരായി
  അരിയും കള്ളും തരുന്നവന് ജയ് വിളിക്കാന്‍ നാം പഠിച്ചു കഴിഞ്ഞു.

  കേരളത്തില്‍ ആരാണ് എച്ചിലി പാവങ്ങള്‍?
  നിത്യ കൂലിക്കാരന്‍ വാങ്ങുന്ന കൂലി അഞ്ഞൂറ് രൂപ മുതല്‍ ഉയര്‍ന്നതാണ്.ഇവിടെ പാവപ്പെട്ടവനെവിടെ?

  കേരള ജനതയെ കൃഷിയും,ഭക്ഷണോല്പാദന വഴിയിലേക്കും തിരിച്ചു വിട്ടു സ്വന്തം കാലില്‍ നില്‍പ്പിക്കാനുള്ള ലേഖകന്റെ നിര്‍ദ്ദേശം കേരളത്തെ കുറിച്ച് ലേഖകന്‍റെ കാഴ്ചപ്പാട് നേരത്തെ ഞാന്‍ പറഞ്ഞതുപോലെ ഒരു 'ജയ്' വിളിയായി പോയി.
  ഇന്നത്തെ കേരളവും,കേരളീയനെയും,നേരില്‍ കാണുക.

  ലേഖനം പ്രസക്തം.എങ്കിലും ശക്തമായില്ല.മറിച്ചു തലോടല്‍ പോലെയായി.
  ഭാവുകങ്ങള്‍.
  --- ഫാരിസ്‌

  ReplyDelete
 43. ഈ എഴുതിയതെല്ലാം നല്ല കാര്യങ്ങള്‍. പക്ഷെ എത്രപേര്‍ക്കുണ്ട് കൃഷി ചെയ്യാന്‍ താല്പര്യം? മിക്കവര്‍ക്കും താല്പര്യം ബിസിനസിലാണ്. ബിസിനസ് എന്നാല്‍ ചെറുതൊന്നുമല്ല. റിയല്‍എസ്റ്റേറ്റ്. പാടങ്ങള്‍ നികത്തുക, കുന്നുകള്‍ ഇടിച്ചു നിരപ്പാക്കുക കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുക വില്‍ക്കുക. കൃഷിയേക്കാള്‍ ലാഭം തന്നെ.

  ReplyDelete
 44. അരിക്ക് വില കൂടുകയോ കുറയുകയോ വെറുതേ കൊടുക്കുകയോ ഒക്കെ ചെയ്തോട്ടെ ...പക്ഷെ എനിക്ക് പറയാനുള്ളത് ,,,കുബ്ബൂസിനും സാന്‍വിച്ചിനും ബൂഫിയ നടത്തുന്ന മല്ലൂസുകള്‍ വില കൂട്ടരുത്‌ .....

  ReplyDelete
 45. പലരും പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല.2രൂപയുടെ അരി സ്വന്തം സത്യ പ്രസ്താവനയുടെ ബലത്തില്‍ കൊടുത്തിരുന്നു. ഇപ്പോള്‍ അതിനും പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസില്‍ നിന്നും പഞ്ചായത്തില്‍ നിന്നും വാങ്ങി കൊടുത്താലേ അരി ലഭിക്കൂ എന്നും പറയുന്നു.ചുരുക്കത്തില്‍ ആ പദ്ധതി ഉടനെ പൊളിയും.കൃഷി ഭവന്‍ മുഖേന തരിശായി കിടക്കുന്ന ഭൂമി ഏറ്റെടുത്ത് കൃഷി തുടങ്ങുന്ന കാര്യം പത്രത്തില്‍ വായിച്ചു. ഭൂമിയുടെ ഉടമസ്ഥനും താല്പര്യമുണ്ടെങ്കില്‍ അതില്‍ പങ്കാളിയാവാമത്രെ.നല്ല കാര്യം തന്നെ, പ്രായോഗികമായാല്‍!.എന്റെ അഭിപ്രായത്തില്‍ പണ്ടൊരു ഭക്ഷ്യ മന്ത്രി പറഞ്ഞ പോലെ പാലും മുട്ടയും വിതരണം ചെയ്യുകയാണെങ്കില്‍ നമുക്കതു കഴിക്കാമായിരുന്നു.അധികം ഗ്യാസും ചിലവാകില്ല[മുട്ട പുഴുങ്ങാനും പാലു കാച്ചാനും].പിന്നെ ഇസ്മയില്‍ പറഞ്ഞ വിറകു കച്ചവടം ചെയ്യണമെങ്കില്‍ മരം എവിടെ പോയി മുറിക്കും?.സര്‍ക്കാര്‍ വനം കയ്യേറാനാണോ പരിപാടി?

  ReplyDelete
 46. This comment has been removed by the author.

  ReplyDelete
 47. കയരട്ടങ്ങനെ കയറട്ടെ എല്ലാത്തിന്നും വിലയെരട്ടെ.....
  ഭരിക്കട്ടങ്ങനെ ഭരിക്കട്ടെ നേതാക്കന്മാര്‍ വളരട്ടെ...
  വളയട്ടങ്ങനെ വളയട്ടെ നമ്മുടെ നട്ടെല്ല് വളയട്ടെ...
  നാരട്ടങ്ങനെ നാറട്ടങ്ങനെ നാറട്ടെ റേഷനരിയും ചേറ്റില്‍ ചേരട്ടെ...
  വിലയില്ലാത്തത് ഒന്നിനുമാത്രം നമ്മുടെ കയ്യിലെ നോട്ടിനു മാത്രം
  മുദ്രാവാക്യങ്ങള്‍ കൊള്ളാമോ? പണ്ട് കോളേജില്‍ പഠിച്ചതിന്റെ ഗുണമാണേ - (Govt കോളേജ് ആണേ)
  മാഷേ കേരളത്തില്‍ പാവങ്ങള്‍ ഉണ്ടോ? എനിക്ക് തോന്നുന്നില്ല, ഒരു ചുമട്ടുതൊഴിലാളി പോലും ആയിരങ്ങള്‍ ഉണ്ടാക്കുന്നു. നമ്മുടെ തലസ്ഥാനത് 5 സ്റ്റാര്‍ ബാറുകളില്‍ പോയി മദ്യപിക്കുന്ന തൊഴിലാളികള്‍ ഉണ്ട്, പറമ്പില്‍ പണിയാന്‍ വരുന്ന കൂലിക്കാര്‍ ഒരു ദിവസം 350 എങ്കിലും ഉണ്ടാക്കുന്നു, ഭക്ഷണം, കാപി ഇത്യാദി വേറെ, ഒരു govt ജോലിക്കാരന് കിട്ടുന്ന ശമ്പളം (കിമ്പളം അല്ല) ഇതിലും താഴെയല്ലെ? മറ്റു സംസ്ഥാനങ്ങളില്‍ വെള്ള കോളോര്‍ ജോലിക്കാര്‍ ഉണ്ടാകുന്നതിനെക്കാള്‍ കേരളത്തില്‍ നീല കോളോര്‍ ജോലിക്കാര്‍ സമ്പാദിക്കുന്നു. എന്താ, അല്പം നോക്കിയാലോ?

  ReplyDelete
 48. മത്സരിച്ച് മത്സരിച്ച് അന്നത്തിനൊന്നും ഒരു വിലയുമില്ലാതായി...ചാണ്ടികാലം..!

  ReplyDelete
 49. അനിയാ വിറക്കച്ചവടം ഉഗ്രന്‍ ഐഡിയ...
  നല്ല ലേഖനം ...ഓരോ മന്ത്രിസഭവരുമ്പോഴും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇങ്ങിനെ പല തരികിടകളും കാട്ടാറുണ്ട്...നമ്മള്‍ ഇതില്‍ പെട്ടുപോകുന്ന പാവം----
  അനിയന്‍റെ അങ്ങോളമിങ്ങോളം പ്രകടമായി ...

  ReplyDelete
 50. വീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ,ഈ ആഴ്ച്ചയിലെ ‘ബിലാത്തിമലയാളി‘യുടെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ഞങ്ങൾ ചേർത്തിട്ടുണ്ട് കേട്ടൊ ഭായ് ...
  നന്ദി.
  ദേ... ഇവിടെ
  https://sites.google.com/site/bilathi/vaarandhyam

  ReplyDelete
 51. നല്ല ലേഖനം...വാല്‍കഷ്‌ണം..super..!!

  ReplyDelete
 52. വിസ ക്യാന്‍സല്‍ ചെയ്തു നാട്ടില്‍ പോകും മുന്‍പ് വെട്ടാന്‍ വിറകു അവിടെ ഉണ്ടാകുമോ എന്ന് ഒന്ന് മാര്‍കറ്റ്‌ സര്‍വേ നടത്തുന്നത് നല്ലതാ :)

  പോസ്റ്റ്‌ കൊള്ളാം കേട്ടോ .
  ആശംസകള്‍

  ReplyDelete
 53. നല്ല ലേഖനം.

  ആത്യന്തികമായി, ജനാധിപത്യത്തിൽ, ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന സർക്കാരിനെ കിട്ടുന്നു എന്നാണ് ചൊല്ല്‌!

  ReplyDelete
 54. oru rupayk kittunna ari vangi kangi vechu nokku appo kanam kali.pinne kaarshikolpadanam kootam ennath nadakkatha swapnamanu suhuruthe,gulf boominu shesham namuk dharakam oanamund,pattayam perum chakki kuttum ennath telungan perum tamizhan kutthum amma veykkum enna mattayi.keralathil sampath kuminju koodi.pandu gulf ippo europe.nammal panakaranu.cheril irangan paadilla.prasakthamaya lekhanam

  ReplyDelete
 55. എനിക്ക് ആ വാല്‍ക്കഷ്ണം ശ്ശ്യ പിടിച്ചു.,നാട്ടില്‍ പരിപാടി തുടങ്ങുമ്പോള്‍ പാര്‍ട്ണര്‍ ഷിപ്പിന് വേറെ ആളെ നോക്കണ്ട കേട്ടാ..

  ReplyDelete
 56. "സത്യസന്ധതയുള്ള, ജനനന്മ കാംക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് സ്വന്തം ജനതയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ്. അഥവാ സ്വയം പര്യാപ്തരാക്കുകയാണ്"

  വാസ്തവം..! പകരം ഇവിടെ നടക്കുന്നതൊ.. അവന്‍റെ കഴിവുകളെ,അവനെത്തന്നെ അംഗവൈകല്യമൂള്ളവനാക്കുന്നു..പിന്നെ അധിക ശല്യമുണ്ടാവില്ലല്ലൊ അല്ലേ??

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.