July 28, 2011

വെള്ളിക്കായ്‌ത്തോട്"എടാ .. നമുക്കൊന്ന്  വീശണ്ടേ ? "
കഴിഞ്ഞ തവണ ലീവിന് പോയപ്പോള്‍ അയല്‍വാസിയായ സുഹൃത്തിന്റെ ക്ഷണം ഞാനാശിച്ചത് തന്നെയായിരുന്നു. ഗള്‍ഫില്‍ അതിനുള്ള സാഹചര്യം ലഭിക്കാറുമില്ലല്ലോ 
"വൈകുന്നേരം നോക്കാം .. നീ സാധനങ്ങളുമായി വാ.." എന്ന് ഞാന്‍.
"ആരും അറിയണ്ട കേട്ടോ. അവര്‍ക്കും ഷെയര്‍ ചെയ്തില്ലെങ്കില്‍ മോശമാ." അവന്റെ യഥാര്‍ത്ഥ ബുദ്ധി അവനും പ്രകടിപ്പിച്ചു.

വൈകീട്ട് അഞ്ചു മണി. എന്റെ വീടിന്റെ ഇരുന്നൂറു മീറ്റര്‍ അപ്പുറത്തുള്ള 'വെള്ളിക്കായ്‌ത്തോടിനെ' ലക്‌ഷ്യമാക്കി ഞങ്ങള്‍ നടന്നു. നേരിയ ചാറ്റല്‍ മഴ കാര്യമാക്കിയില്ല. വീശുന്നതിനു മഴയുള്ളതും ഒരു സുഖമാണ്. പക്ഷെ പനി വന്നു കിടപ്പിലാകുന്നത് നമ്മുടെ അംഗുലീപരിമിതമായ അവധിദിനങ്ങളെ തിന്നുകളയുമെന്ന പേടിയുള്ളതിനാല്‍ പഴയ ഒരു പോളിത്തീന്‍കവര്‍ ഞാന്‍ തലയില്‍ ചൂടി.
"മഴകൊണ്ട് ദീനം വന്നു കിടക്കണ്ട കുട്ട്യേ...കൊടയോന്നൂല്യെ?" 
സ്നേഹമസൃണമായ ഉപദേശം എന്റെ അയല്‍വാസി അമ്മിണിചേച്ചിയുടെതാണ് .
"മഴനനഞ്ഞുനടക്കുന്ന സുഖം, കുടചൂടിയാല്‍ കിട്ടില്ലല്ലോ ചേച്ച്യേ ...." എന്നെനിക്ക് പറയണമെന്നുണ്ടായിരുന്നെങ്കിലും അതൊരു പുഞ്ചിരിയില്‍ ഒതുക്കി.

ചേച്ചിയുടെ വീട്ടുമുറ്റത്തെ ചെണ്ടുമല്ലിപ്പൂക്കള്‍ മഴയത്ത് വിറച്ചുനില്‍ക്കുന്നു. ഓടിട്ട വീടിന്റെ ഇറയത്തുനിന്നു  ഊര്‍ന്നിറങ്ങുന്ന മഴത്തുള്ളികള്‍ക്ക് നല്ല 'താളവും ലയവും'.   അതിനു മേമ്പൊടിയായി ചെമ്പരത്തിച്ചെടികള്‍ മഴയോടോപ്പമുള്ള നനുത്ത കാറ്റില്‍ ആടുന്നത് കണ്ടപ്പോള്‍ , അറബികളുടെ നൃത്തം മനസ്സിലെക്കോടിയെത്തി ! അപ്പുറത്തെ വീട്ടില്‍ യൂസഫ് , വരാന്തയില്‍ തന്റെ നഗ്നമായ നെഞ്ചില്‍ കൈകള്‍ കൊണ്ട് ഗുണനചിഹ്നം ഇട്ടു നില്‍ക്കുന്നു. അദ്ധേഹത്തിന്റെ മുഖത്ത് ,അന്നത്തെ ജോലി മുടങ്ങിയതിന്റെ സങ്കടമോ അതോ സന്തോഷമോ എന്നെനിക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല.

"ഡാ..നീ മഴയത്ത് നിന്ന് സ്വപ്നം കാണുകയാണോ? വേഗം വാടാ..."
സുഹൃത്തിന്റെ വിളിയാണ് . നാട്ടില്‍ സ്ഥിരതാമസക്കാരനായ അവനറിയില്ലല്ലോ നാട്കടത്തപ്പെട്ടവന്റെ ഗൃഹാതുരത്വം!
പാടത്തുനിന്നു വയറുനിറയെ പുല്ലു അകത്താക്കി തന്റെ യജമാനന്റെ കൂടെ മടങ്ങിപ്പോകുന്ന എരുമ എന്നെ കണ്ടഭാവം നടിച്ചില്ല! ഞാന്‍ കഴിഞ്ഞ ലീവിന് വന്നപ്പോള്‍ ഒരു കുഞ്ഞായിരുന്ന ഇവളെ  വയലില്‍ കയറും പിടിച്ചു മണിക്കൂറുകളോളം പലപ്രാവശ്യം മേയ്ച്ചതാണ്. മറ്റൊന്നും കൊണ്ടല്ല. എന്റെ ബാല്യം ഇത്തരം പ്രവര്‍ത്തികളാല്‍ സമ്പന്നമായിരുന്നു. അത്തരം ഓര്‍മ്മകള്‍ അയവിറക്കുന്നതിന്റെ ഒരു സുഖം നുകരാന്‍ വേണ്ടി മാത്രം. ആ എരുമയാണ് എന്നെ കണ്ട ഭാവം നടിക്കാതെ കടന്നു പോയത്! മൃഗങ്ങളായാല്‍ നന്ദി വേണം നന്ദി .

"ആദ്യം നീ വീശ്..കുറെ കാലമായില്ലേ " സ്നേഹിതന്‍ വീണ്ടും എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി.
"വേണ്ടടാ .. നീ വീശിക്കോ . ഞാനിവിടെ ഈ തോട്ടിലെ ഒഴുക്കിന്റെ ഭംഗി കണ്ട് , ഒഴുകിവരുന്ന വസ്തുകള്‍ ശ്രദ്ധിച്ച് , നിന്റെ വലയില്‍ കുരുങ്ങുന്ന മീനുകളുടെ പിടച്ചില്‍ കണ്ട് ഇവിടെ നില്‍ക്കാം"
അവന്‍ ഒരു ത്രോബോള്‍ അഭ്യാസിയെപോലെ ഒരു കറക്കം കഴിഞ്ഞു രണ്ടാമത്തെ കറക്കത്തില്‍ വല കൃത്യമായി എറിയുന്നത് ഒരു കൌതുകം പോലെ ഞാന്‍ നോക്കിനിന്നു.

തോട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന കൈതോലകള്‍ ഒഴുക്കില്‍ നേര്‍രേഖ വരക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്! ഈ ഓലകള്‍ അറുത്തെടുത്താണ് പണ്ട്  'കൊയ്ത്തമ്മ' ( അമ്മിണിചേച്ചിയുടെ അമ്മ) ഞങ്ങള്‍ക്ക് പായ നെയ്തുതന്നിരുന്നത്. അതില്‍ കിടന്നിരുന്നപ്പോള്‍ ലഭിച്ച പുതുപ്പായയുടെ നറുമണം എന്റെ നാസാരന്ധ്രങ്ങളില്‍ ഇപ്പോഴുമുണ്ട്. പതിനായിരങ്ങള്‍ വിലയുള്ള ആധുനിക കിടക്കയില്‍ കിടന്നാലും കിട്ടാത്ത ഒരു അനിര്‍വചനീയ സുഖമുണ്ടായിരുന്നു ആ പായക്ക്‌! .

"പണ്ടാരമടങ്ങാന്‍....ഇവറ്റകളെകൊണ്ട് തോറ്റു.."    സ്നേഹിതന്റെ പ്രാക്കുകള്‍ എന്റെ സ്വപ്നത്തെ തടസ്സപ്പെടുത്തിയതിനാല്‍ ഞാന്‍ അവനെ പ്രാകിയെന്നത് നേര്. വലയില്‍ കുടുങ്ങിയ രണ്ടു മുഴുത്ത ആമകളുമായി മല്‍പ്പിടുത്തം നടത്തുകയാണവന്‍! വല കേടാക്കാന്‍ രണ്ടു ആമകള്‍ തന്നെ ധാരാളം.

മഴ ശമിച്ചിരിക്കുന്നു. തോട്ടില്‍ വെള്ളം സ്വല്പംകൂടി പൊങ്ങിയിട്ടുണ്ട് . അപ്പോഴാണ്‌ എനിക്ക് ചൂണ്ടയിടാന്‍ ഉള്ളിലൊരു മോഹവും പൊങ്ങിയത്! ചൂണ്ടയും ഇരയുമെടുക്കാന്‍ ഞാന്‍ സ്നേഹിതന്റെ വീട്ടിലേക്കോടി. പ്രകൃതിയുടെ കലപ്പയായ മണ്ണിരയാണ് മീനിനുള്ള ഇര. കിണറിന്റെ സമീപം മണ്‍വെട്ടി കൊണ്ട് മണ്ണോന്ന് ഇളക്കിയാല്‍തന്നെ യഥേഷ്ടം ലഭ്യമായിരുന്ന അവ, ഇന്ന് രാസവളത്തിന്റെ അനിയന്ത്രിതമായ ഉപയോഗം മൂലം അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്നു. ഒരു പാട് പ്രാവശ്യം ശ്രമിചിട്ടാണ് അഞ്ചാറെണ്ണത്തിനെഎങ്കിലും കിട്ടിയത്.

ചൂണ്ടയും മണ്ണിരയുമായി വരുമ്പോള്‍ ഇടവഴിയില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട നായ എന്നെ അല്പം ഭയപ്പെടുത്തിക്കളഞ്ഞു! തികഞ്ഞ ഭവ്യതയോടെ ഒരുവശത്തേക്ക് ഒതുങ്ങി മാറിനിന്ന് ലവന് പോകാന്‍ ഞാന്‍ വഴിയൊരുക്കിക്കൊടുത്തു.
"ഇവനീ നാട്ടുകാരന്‍ അല്ലല്ലോ.. ഇങ്ങനെയുമുണ്ടോ ഒരു പേടിത്തൊണ്ടന്‍ !" എന്ന് പറഞ്ഞ് എന്നെ പുച്ഛത്തോടെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവന്‍ നടന്നകന്നു. ( നായയെ എനിക്കങ്ങനെ പേടിയൊന്നുമില്ല കേട്ടോ. അഥവാ അവന്റെ കടിയേറ്റ് ഗള്‍ഫില്‍ തിരിച്ചുചെന്നാല്‍, എന്റെ മാനേജറുടെയും എന്റെയും സ്വഭാവം തമ്മില്‍ വല്യ വ്യത്യാസം ഉണ്ടാകില്ലല്ലോ എന്നോര്‍ത്തിട്ടാ ) 

പിടക്കുന്ന മണ്ണിരയെ പിടിച്ചു കഷ്ണിക്കണം. പിന്നെ ചൂണ്ടയില്‍ കോര്‍ക്കണം. പണ്ട് നിസങ്കോചം ചെയ്തിരുന്നതാണ്. പക്ഷെ ഇപ്പോള്‍ കഴിയുന്നില്ല. മണ്ണിരക്കൊപ്പം എന്റെ മനസ്സിലും ഒരു പിടച്ചില്‍!!! എന്റെ ഉരുണ്ടുകളി കണ്ട് കാര്യം മനസിലായ സ്നേഹിതന്‍തന്നെ ആ കൃത്യം ചെയ്തുതന്നു. 
ചൂണ്ടയുമായി ഒരുപാടുനേരം തികഞ്ഞ അക്ഷമയോടെ ഞാനിരുന്നു. കിം ഫലം! ഒരു അനക്കവും ബാക്കിവയ്ക്കാതെ ഇരയൊക്കെ നിര്‍ദയം മീനുകള്‍ തിന്നുതീര്‍ത്തു. പലതവണ ഇര മാറ്റിക്കൊടുത്തു. ഒരെണ്ണം പോലും എന്റെ ചൂണ്ടയില്‍ വീണില്ല! ( പണ്ടേ എന്റെ ചൂണ്ടയില്‍ ആരും കൊത്തിയിട്ടില്ല. പിന്നല്ലേ ഇപ്പം!)
" പണ്ടത്തെ മീനല്ല മോനെ ഇപ്പഴത്തെ മീന്‍. എല്ലാത്തിനും ബുദ്ധിവച്ചു"  എന്റെ മുഖത്തെ നിരാശ കണ്ട് സ്നേഹിതന്റെ കമന്റ്.  ചൂണ്ടയിലെ 'പൊങ്ങ് ' (മീന്‍ ചൂണ്ടയില്‍ കൊത്തിയാല്‍ അറിയുന്നതിനുള്ള പൌരാണിക ഉപകരണം) ശ്രദ്ധിച്ച് ആകാംക്ഷയോടെ ഇരിക്കുന്ന എന്നെ നോക്കി , വെള്ളത്തില്‍നിന്നു പൊങ്ങിവന്ന ഒരു സുന്ദരന്‍ പരല്‍മീന്‍ എന്നെ പരിഹസിച്ചുചിരിച്ചുകൊണ്ട് പറഞ്ഞു -
  "എണീറ്റ് വീട്ടിപോടേയ്.."
കണ്ടില്ലേ ... എങ്ങും പരിഹാസങ്ങള്‍, അവഗണനകള്‍.... പ്രവാസിയുടെ അവസ്ഥ ദയനീയം തന്നെ. പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല.

തലയില്‍ അണിഞ്ഞിരുന്ന പോളിത്തീന്‍ കവറില്‍ ആകെ കിട്ടിയ (എനിക്കല്ല; സ്നേഹിതന്) മൂന്നു പരല്‍മീന്‍, രണ്ടു ചെമ്മീന്‍കുഞ്ഞുങ്ങള്‍ എന്നിവയുമായി വീട്ടിലെത്തിയപ്പോള്‍ എന്റെ ഉമ്മയില്‍നിന്നു കിട്ടിയ കമന്റ് അതിനേക്കാള്‍ മാരകമായിരുന്നു! 
"നാലുദിവസം ഇനിയിവിടെ മീന്‍ വാങ്ങണ്ടല്ലോ അല്ലെ മോനേ...?"

82 comments:

 1. തോട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന കൈതോലകള്‍ ഒഴുക്കില്‍ നേര്‍രേഖ വരക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്!

  ReplyDelete
 2. ആദ്യം കുറച്ച് സസ്പെന്‍സ് പിന്നെ കുറച്ച് കോമെടി പിന്നെ കുറച്ച് ഗ്രിഹാതുരത്വം എല്ലാം കൂടി കൂട്ടി ചേര്‍ത്ത് ഖത്തറിലെ വെയിലത്തിട്ടു ഉണക്കിയ ഈ മീന്‍ പിടുത്തം സൂപ്പെരായി

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. "എടാ .. നമുക്കൊന്ന് വീശണ്ടേ ? " ഞാന്‍ വിചാരിച്ചു വെള്ളമടിയെ കുറിച്ചാണെന്ന്.. അതാ ഓടി വന്നത്.. എന്തായാലും നിരാശപ്പെടുത്തിയില്ല.. പിന്നെ ഒരു കാര്യം നാട്ടിലെ ഓര്‍മകള്‍ പറയുമ്പോള്‍ ഇത്രേം കട്ടിയുള്ള വാക്കുകള്‍ വേണോ? കുറച്ചു നാടാന്‍ ഭാഷേലോക്കെ അല്ലകാമാര്‍ന്നില്ലേ .. മുന്‍പ് എഴുതിയിരുന്ന പോലെ.. വിമര്ശിച്ചതല്ലാട്ടോ.. എന്റെ ഇഷ്ടം പറഞ്ഞതാ.. അടുത്ത ആക്രമണം എന്നോടാവരുത് അതിനാ ഇ മുന്‍കരുതല്‍ ....വിരോധമില്ലലോ?

  ReplyDelete
 5. വീശാൻ പോയെന്ന് കേട്ടപ്പോൾ തെറ്റിദ്ധരിച്ചൂ...
  വീശിയപ്പോൾ കിട്ടിയത് വല നശിപ്പിക്കുന്ന ആമകൾ.. ചൂണ്ടയിപ്പോൾ കിട്ടിയത് രണ്ട് പരൽമീനുകൾ... ആ നേരം കൊണ്ട് രണ്ട് ബ്ലോഗ് പോസ്റ്റിട്ടിരുന്നെങ്കിൽ പത്ത് കമന്റെങ്കിലും കിട്ടിയേനെ.

  ReplyDelete
 6. ...പണ്ടേ എന്റെ ചൂണ്ടയില്‍ ആരും കൊത്തിയിട്ടില്ല. പിന്നല്ലേ ഇപ്പം!...

  അത് ഞാൻ വിശ്വസിച്ചേയ്..

  ReplyDelete
 7. ഇപ്പൊ ഇരയും ചൂണ്ടയും വീശലും ഒന്നുമില്ലാ . കറന്‍റ് അടിപ്പിച്ച് മീന്‍ പിടിക്കുന്നതാ ട്രെന്‍ഡ് . പിന്നെ ചില പ്രവാസികള്‍ തോടിന്റെ കരയ്ക്ക് പോയിരുന്ന് നൊസ്റ്റാള്‍ജിയ പറഞ്ഞിരുന്നു ' വീശും ' . മഴ നനഞ്ഞു പോയ പോസ്റ്റ്‌ (മീന്‍ കിട്ടിയില്ലല്ലോ) ഇഷ്ടമായി.

  ReplyDelete
 8. നാട്ടില്‍ പോകുമ്പോള്‍ ഈ വീശല്‍ പതിവുള്ളതാണോ..?

  ReplyDelete
 9. പോസ്റ്റില്‍ ഒരു പ്രവാസിയുടെ മനസ്സുണ്ട് ! ഒരു പ്രവാസിക്ക് മാത്രം മനസ്സിലാവുന്ന കാര്യങ്ങളും...

  >>മൃഗങ്ങളായാല്‍ നന്ദി വേണം നന്ദി<<

  മനുഷ്യനില്‍ നിന്നും അപ്രത്യക്ഷ്മായികൊണ്ടിരുന്ന ആ സാധനം മൃഗങ്ങളില്‍ നിന്നും പ്രതീക്ഷിക്കാമോ!

  എല്ലാ ആശംസകളും ഭായ്..

  ReplyDelete
 10. "എങ്ങും പരിഹാസങ്ങള്‍, അവഗണനകള്‍.... പ്രവാസിയുടെ അവസ്ഥ ദയനീയം തന്നെ."

  um:)

  ReplyDelete
 11. എന്നെ കൊതിപ്പിക്കല്ലേ ചങ്ങായീ. തകര്‍ത്ത് വെച്ച് പെയ്യുന്ന ഈ മഴകാണുമ്പോല്‍ തോട്ടിലും കുളത്തിലും ചൂണ്ട ഇടാന്‍ കൊതിയാകുന്നു. അതിന് തോടെവിടെ, കുളമെവിടെ...എല്ലാം പോയി..ഓര്‍മകള്‍ മാത്രം ബാക്കിയാവുന്നു. ആ ഓര്‍മ്മകളെ കുത്തി ഇളക്കിയ ഈ പോസ്റ്റിനു നന്ദി.

  ReplyDelete
 12. പോസ്റ്റ്‌ കൊള്ളാം ട്ടോ ....
  "നാലുദിവസം ഇനിയിവിടെ മീന്‍ വാങ്ങണ്ടല്ലോ അല്ലെ മോനേ?" ഹ ഹ...

  ReplyDelete
 13. തുടക്കം ഞെട്ടിച്ചു ..എന്നാലും അവസാനം കലക്കി ...ഉമ്മയില്‍ നിന്നാണ് അല്ലെ തമാശ പറയാനുള്ള കഴിവ് കിട്ടിയത് ...നല്ല ഉമ്മ തന്നെ ..ഒരു സലാം പറയണേ .....

  ReplyDelete
 14. നാട്ടില്‍ പോയിട്ട് എനിക്കും ഒന്ന് വീശണം.

  ReplyDelete
 15. ഇത് വായിച്ചപ്പോള്‍ മനസ്സിലായി പണ്ടത്തെ മീനിനു ബുദ്ധി ഇല്ലായിരുന്നു എന്ന് .......എന്തായാലും ഇനി കുറച്ചു ദിവസത്തേക്കുള്ള മീന്‍ കിട്ടിയല്ലോ അതുമതി ...

  ReplyDelete
 16. അനുഭവം കഥയാവുമ്പോള്‍ ...നന്നായി

  ReplyDelete
 17. മീന്‍ കിട്ടിയല്ലോ, നന്നായി

  ReplyDelete
 18. ഞാനും ചൂണ്ടയിട്ടാല്‍ ഇത് തന്നെ ഫലം.
  അന്നൊക്കെ ഒരു അവെഷതിനാണ് ചൂണ്ട ഇടാന്‍ പോവുന്നത്
  അവസാനം മുണ്ട് കൊണ്ട് അരിച്ചു കുറച്ചു പരളിനെയും നെറ്റിമാനെയും
  കൊണ്ട് സംതൃപ്തി അടയും


  പോയ കാലം എന്നും ഓര്‍ക്കും തോറും മധുരം നിറയുന്നതാണ്

  ReplyDelete
 19. ചൂണ്ടലിട്ടു മീന്‍ പിടിയ്ക്കുന്നത് ചെറുപ്പത്തില്‍ ഒരു രസം തന്നെയാണ്. ചെറുപ്പത്തില്‍ രസം തോന്നിയതെല്ലാം നൊസ്റ്റാള്‍ജിക്ക്‌ ആയി കാലത്തിനൊപ്പം വരും.

  ReplyDelete
 20. നര്‍മ്മവും ഓര്‍മ്മകളും കാര്യവും കളിയുമെല്ലാം സമാസമം ചേര്‍ത്തെഴുതിയ നല്ലൊരു കുറിപ്പ്. ഏറെ നാളുകള്‍ക്ക് ശേഷം ആണ് തണലില്‍ നിന്ന് ഇത്ര നന്നായിട്ടൊരു വായന തരമാകുന്നത്.

  "മണ്ണിരക്കൊപ്പം എന്റെ മനസ്സിലും ഒരു പിടച്ചില്‍!!!"

  ഈ വാക്കുകളില്‍ ഒരായിരം വാക്കുകള്‍ വായിക്കാം.

  ReplyDelete
 21. "നായയെ എനിക്കങ്ങനെ പേടിയൊന്നുമില്ല കേട്ടോ. അഥവാ അവന്റെ കടിയേറ്റ് ഗള്‍ഫില്‍ തിരിച്ചുചെന്നാല്‍, എന്റെ മാനേജറുടെയും എന്റെയും സ്വഭാവം തമ്മില്‍ വല്യ വ്യത്യാസം ഉണ്ടാകില്ലല്ലോ എന്നോര്‍ത്തിട്ടാ"

  ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വരികളാണ്. കിടിലം.

  ReplyDelete
 22. ഒരു സിനിമ പോലെ സുന്ദരം.. ഞാനും കൂടെ സഞ്ചരിച്ചു... ആ മഴ നനഞ്ഞു..മീന്‍ പിടിച്ചു...അങ്ങനെ അങ്ങനെ..ഇഷ്ട്ടപെട്ടു കേട്ടോ. :)

  ReplyDelete
 23. തെറ്റിദ്ധരിച്ചൂ… തെറ്റിദ്ധരിച്ചൂ….
  ചേട്ടന്റെ നാട്ടിൽ ‘വീശാൻ പോവുക’ എന്നുപറഞ്ഞാൽ മീൻ പിടിത്തമാണല്ലെ…!

  ReplyDelete
 24. "ഒരു മീന്‍ പിടിച്ചിട്ട്‌ വേണം ഒരു ഫോട്ടോ എടുക്കാന്‍ ,എന്നിട്ട് വേണം അത് ചീയുന്നതിനു മുന്പ് ബ്ലോഗില്‍ കയറ്റാന്‍ ,എന്നിട്ട് വേണം 100 കമന്റു തികയാന്‍ --
  പക്ഷേ ..
  ചൂണ്ട ജന്മത്തില്‍ കാണാത്ത ഞാന്‍ ,പുഴ യും മഴയും ഗൂഗിള്‍ ഇമേജില്‍ മാത്രം കണ്ട ഞാന്‍ ..
  മീന് കച്ചവടക്കാരന്‍ കുഞ്ഞമ്മദു കാക്കാന്റെ മീന്‍ കൊട്ടയിലെ മീന്‍ വാങി ചൂണ്ടയില്‍ കോര്‍ത്ത്‌ ഒരു ഫോട്ടോയും എടുത്തു വീട്ടില്‍ എത്തിയപ്പോള്‍ ഉമ്മാന്റെ ചോദ്യം "ന്റെ കുട്ടി ഗള്‍ഫില്‍ന്നു വന്നിട്ടും ഈ ചീഞ്ഞ മത്തി തിന്നാനാണോ യോഗം റബ്ബേ "

  ReplyDelete
 25. അതൊരു രസം തന്നെയാണ്... തണലെ,

  ReplyDelete
 26. "വെള്ളത്തില്‍നിന്നു പൊങ്ങിവന്ന ഒരു സുന്ദരന്‍ പരല്‍മീന്‍ എന്നെ പരിഹസിച്ചുചിരിച്ചുകൊണ്ട് പറഞ്ഞു - "എണീറ്റ് വീട്ടിപോടേയ്.."" :D
  അസ്സലായിട്ടുണ്ട് ... എനിക്കൊത്തിരി ഇഷ്ടായി ഈ പോസ്റ്റ്‌ ...

  ReplyDelete
 27. ഇസ്മയില്‍ ഭായ്, ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞത് അതീവ ഹൃദ്യമായി..ആദ്യം ഞാനും ഒന്ന് പേടിച്ചു..വീശാന്‍ പോകല്‍..പക്ഷെ "വല" ആണെന്ന് കണ്ടപ്പോള്‍ സമാധാനം ആയി..ഉമ്മയുടെ വാക്കുകള്‍ ആണ് ചങ്കില്‍ തറച്ചത്..മീനുകളുടെ വാക്കുകള്‍ അതിനു മുന്നില്‍ നിഷ്പ്രഭം..

  ReplyDelete
 28. ഉമ്മയുടെ വാക്കുകൾ പോസ്റ്റിൽ വെട്ടിത്തിളങ്ങുന്നു.ആ ഉമ്മയോട് ഒരു സ്പെഷ്യൽ അന്വേഷണം.

  പോസ്റ്റ് ഇഷ്ടമായി.

  ReplyDelete
 29. ഇസ്മയിലേ..വീശെന്നു കേട്ടപ്പോള്‍ ഞാന്‍ കരുതി
  കള്ളു കുടിയാണെന്ന്. കൊള്ളാം. ആ ഫോട്ടോയും.

  ReplyDelete
 30. കൊള്ളാലോ നല്ല നാടന്‍ പോസ്റ്റ്‌

  ReplyDelete
 31. എണീറ്റ് വീട്ടീ പോടേയ് എന്ന ഡയലോഗില്‍ എത്തിയപ്പൊ ചിരിയങ്ങ് പൊട്ടിപോയി ഹ്ഹ്ഹ്ഹ്. പിന്നെ ഇപ്രാവശ്യം നാട്ടില്‍‍ മണ്ണിരയെ തിരഞ്ഞ് നടന്ന് ചെറുതും മടുത്തു. വളപ്പില്‍ മണ്ണിരപുറ്റ് എവ്ടെ നോക്കിയാലും ഉണ്ടായിരുന്നു മുമ്പ്. ഇപ്പൊ തെങ്ങിന്‍‍കടക്കില്‍ പോലും കാണാന്‍ കിട്ടണില്ല ഒരെണ്ണത്തിനെ. കിട്ടിയപ്പൊ അതിനെ ചൂണ്ടയില്‍‍ കൊളുത്താനും ഒരു മടി :(

  ആകെമൊത്തം പോസ്റ്റ് നന്നായി ഇഷ്ടപെട്ടു.

  'പൊങ്ങ് ' (മീന്‍ ചൂണ്ടയില്‍ കൊത്തിയാല്‍ അറിയുന്നതിനുള്ള പൌരാണിക ഉപകരണം) ആധുനിക ഉപകരണം എന്താ? പൊങ്ങെന്ന് തന്നെയാ ഞങ്ങളും പറയാ.

  ReplyDelete
 32. ഇതൊരു മാതിരി മറ്റേ വീശായിപ്പോയി
  :)
  ...മനുഷ്യനെ തെറ്റിദ്ദരിക്കാനും വിടരുത്... തലക്കെട്ടു നോക്കി ബ്ലോഗ് വായിക്കുന്ന പരിപാടി ഇതോടെ നിർത്തീ....

  ReplyDelete
 33. മോനെ ഇമ്മാതിരി വീശ് വീശിയാൽ പട്ടിണി കിടക്കേണ്ടി വരില്ല..

  ReplyDelete
 34. ഗ്രാമീണത മുറ്റി നില്‍ക്കുന്ന ആ ചിത്രം വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 35. ഈ തണല്‍ മരത്തില്‍ ഇത്തിരി നേരം ഇരിക്കാം എന്നുകരുതിയപ്പോള്‍ നല്ല പെരുമഴ !!മഴയും കൊണ്ട് പോകാംന്നു കരുതിയപ്പോള്‍ പരല്‍ മീന്‍ വിടെണ്ടേ ?എന്നാല്‍ പിന്നെ ഒന്ന് വീശാം എന്ന് കരുതിയപ്പോള്‍ ലെവന്‍ പറയുന്നു എണീറ്റ്‌ വീട്ടീപ്പോകാന്‍ !!!
  പോയിട്ടും വന്നിട്ടും ....കാര്യം കൊള്ളാം .ഉഗ്രന്‍ !അത്യുഗ്രന്‍ !!എന്നൊക്കെ പറഞ്ഞു പോയാല്‍ ഇയാളങ്ങു മച്ചില്‍ മുട്ടും .എന്നാ പറഞ്ഞില്ലെല്ലോ എനിക്കാണേല്‍ ഉറക്കവും വരില്ല ...
  തമാശവിട്ട് കാര്യത്തിലേക്ക് :പോസ്റ്റ്‌ അസ്സലായി .ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പ്രാപ്തിയുള്ള നല്ല എഴുത്ത് .കൂടുതല്‍ എഴുതുക നാഥന്‍ അനുഗ്രഹിക്കട്ടെ
  പ്രാര്‍ത്ഥനയോടെ സൊണെററ്.

  ReplyDelete
 36. വീഷണ്ടേന്നൊക്കെ പറഞ്ഞത് കേട്ട് ഓടിവന്നതാ. ആളെ പറ്റിച്ചു ഗള്ളാ.

  ReplyDelete
 37. തുടക്കം വായിചപ്പോ നല്ല വിവരണം പോലെ തോന്നിച്ചു
  വായിച്ച് വന്ന് നിന്നത് ചൂണ്ടയും കൊത്താത്ത മീനും.
  എന്തോ പോസ്റ്റില്‍ ഒന്നും ഇല്ലാത്ത പോലെ.
  കഥയായി തോന്നിയില്ലാ. പോസ്റ്റ് ഇഷ്ട്ടായില്ലാ

  ReplyDelete
 38. ആകാംക്ഷയോടെ ഇരിക്കുന്ന എന്നെ നോക്കി , വെള്ളത്തില്‍നിന്നു പൊങ്ങിവന്ന ഒരു സുന്ദരന്‍ പരല്‍മീന്‍ എന്നെ പരിഹസിച്ചുചിരിച്ചുകൊണ്ട് പറഞ്ഞു - "എണീറ്റ് വീട്ടിപോടേയ്.."
  ഇയാള്‍ക്ക് അങ്ങനെതന്നെ വേണം. ഹിഹീ.

  ReplyDelete
 39. ഈ ബ്ലോഗിലെ ഏതാണ്ട്‌ ഗാഡ്ജറ്റ്‌ മാറ്റിയോ
  ഇപ്പൊ ദാ ഇവിടെ തുറക്കുന്നു
  ഭാഗ്യം

  കലക്കന്‍ എഴുത്താണെന്റെ ഗഡിയെ
  ക്വോട്ട്‌ ചെയ്യാന്‍ നോക്കിയാല്‍ മുഴുവനും ക്വോട്ട്‌ ചെയ്യണം

  അഭിനന്ദനങ്ങള്‍ എന്നാലും പട്ടി പറഞ്ഞതാണൊ പരല്‍മീന്‍ പറഞ്ഞതാണൊ കൂടൂതല്‍ മെച്ചം എന്നു ചോദിച്ചാല്‍ രണ്ടും ഒന്നിനൊന്നു മെച്ചം :)

  ReplyDelete
 40. നല്ല രസികന്‍ പോസ്റ്റ്..കലക്കി ട്ടൊ..!!
  എല്ലാ നറ്മ്മവും നല്ല നിലവാരമുള്ളവ..ഉമ്മയുടെ ഡയ്ലോഗ് കിടിലം എന്ന് പറയാതെ വയ്യ..
  "നായയെ എനിക്കങ്ങനെ പേടിയൊന്നുമില്ല കേട്ടോ. അഥവാ അവന്റെ കടിയേറ്റ് ഗള്‍ഫില്‍ തിരിച്ചുചെന്നാല്‍, എന്റെ മാനേജറുടെയും എന്റെയും സ്വഭാവം തമ്മില്‍ വല്യ വ്യത്യാസം ഉണ്ടാകില്ലല്ലോ എന്നോര്‍ത്തിട്ടാ ) "...ഈ വരികള്‍ ഇമ്മിണി കൂടുതല്‍ ഇഷ്ടായി....
  [ പിന്നെ ഒരു സ്വകാര്യം...മുന്‍പ് ' ദി കുപ്പ' എന്ന ബ്ലോഗില്‍ അജിത്തേട്ടന്‍ ഇടക്കിടെ തലകുത്തി നില്‍ക്കുന്ന ആളാണ്‌ തണല്‍ എന്ന് പരാമറ്ശിച്ചിരുന്നു ട്ടൊ..തണലിന്റെ യോഗക്ലാസ്സിന്റെ കാര്യം അറിഞ്ഞപ്പൊ ഞാന്‍ മനസ്സിലാക്കിയതോറ്ത്ത് ചിരിച്ചു പോയി..അത് പോലെ ആയിപ്പോയി ഇവിടെ വീശുന്ന കാര്യം കേട്ടപ്പോഴും...!!!]

  ReplyDelete
 41. ളരെ ഇഷ്ട്ടമായി പോസ്റ്റു പ്രവാസികള്‍ക്ക് ഒരു പാട് ഓര്‍മ്മകള്‍ തിരിച്ചു നല്‍കുന്ന ഒരു നല്ല പോസ്റ്റു.... ആ കൈതോല പായയുടെ മണം എനിക്കും അനുഭവപ്പെട്ടു... പണ്ടൊക്കെ ചേമ്പിലയില്‍ വെള്ളം നിറച്ചു പരല്‍മീനുകളെ വീട്ടിലെത്തിച്ചിരുന്നു ... ഉമ്മയുടെ വാക്കുകള്‍ തകര്‍പ്പന്‍ .... . ഗ്രഹാതുരത്വം ഉണര്‍ത്തുന്ന പോസ്റ്റു ...
  -- ( പണ്ടേ എന്റെ ചൂണ്ടയില്‍ ആരും കൊത്തിയിട്ടില്ല. പിന്നല്ലേ ഇപ്പം!) അപ്പൊ മീനുകള്‍ക്ക് ബുദ്ധിയുണ്ടല്ലേ.........

  ReplyDelete
 42. ഓര്‍മ്മകള്‍ എന്ന ലേബല്‍ ആയിരുന്നു നല്ലത്, പഴയ കുറെ ഓര്‍മ്മകളിള്‍ മനസ്സിലൂടെ കടന്നുപോയി,നന്നായി പറഞ്ഞു ഭായ്.

  ReplyDelete
 43. kalakki... naattilekku thanne pokaan thonnunnu..!!

  ReplyDelete
 44. എനിക്കിത് ഓര്‍മ്മകള്‍ കൊണ്ടൊരു വീശലായി..!

  ReplyDelete
 45. അങ്ങനെ ഒന്നു വീശാന്‍ പോലും കൊള്ളാത്ത പ്രവാസിയായി, അല്ലേ?

  ReplyDelete
 46. ‘മിനി’ യിൽ നിന്ന് മനോഹരമായ മാറ്റമായി :).രസകരമായി വായിച്ചു. എല്ലാവരും മഴയെ സ്നേഹിക്കുന്നവരാണെന്ന അറിവ് സന്തോഷമാണ്.( മീനും എരുമയും ആമയുമെല്ലാം കഥാപാത്രങ്ങളായി.)

  ReplyDelete
 47. നാട്ടില്‍ നിന്ന് മീന്‍ പിടുത്തവും മഴ കൊള്ളലും ഒക്കെയായി ഇവിടെ വന്നപ്പോള്‍ ദേ കിടക്കുന്നു വീണ്ടും അതൊക്കെ.
  തണലെ, നല്ല ഭംഗിയായി പറഞ്ഞു ട്ടോ. ആ നാട്ടുവഴിയിലൂടെ നടക്കുന്ന പോലെയുള്ള വായന.
  അഭിനന്ദനങ്ങള്‍

  ReplyDelete
 48. കുട്ടിക്കാലത്തിലേക്കെന്നെ വീണ്ടും കൊണ്ടുപോയ ഈ പോസ്റ്റിന്‌ ഏറെ നന്ദി..

  ReplyDelete
 49. തോട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന കൈതോലകള്‍ ഒഴുക്കില്‍ നേര്‍രേഖ വരക്കുന്നത് പോലെ
  നല്ല നേരോടെ ഒഴുക്കോടെ പറഞ്ഞു ഈ നാട്ടു വർത്തമാനം..ഇഷ്ടായ് ട്ടോ.....എല്ലാ ആശംസകളും

  ReplyDelete
 50. കൊള്ളാം..
  നല്ല വീശല്‍! :)

  വായിച്ചപ്പോള്‍ ഞാനും ആ തോട്ടുവക്കത്തോക്കെ ഒന്ന് നടന്നു.

  ReplyDelete
 51. മീനുകളൊക്കെ വിസകിട്ടി വിദേശങ്ങളില്‍ തീന്മേശയില്‍
  എത്തിക്കാണും.. പിന്നെ നാട്ടില്‍
  'വീശിയാല്‍' എങ്ങിനെ കിട്ടാന്‍..?

  ReplyDelete
 52. വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 53. ഹ..ഹ കലക്കി ..എന്നാലും ഉമ്മയുടെ കമന്റ് കിക്കിടിലന്‍.....!!!!

  ReplyDelete
 54. കൈതോലകള്‍ ഒഴുക്കില്‍ നേര്‍രേഖ വരക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്!


  ഇത് ശരിയല്ലല്ലോ ...കൈതയോലകള്‍ ഒഴുക്കിനൊത്തു പുളഞ്ഞും വളഞ്ഞും തിരിഞ്ഞും അല്പ്പായുസ്സുക്കളായ വക്ര ജലരേഖകള്‍ക്ക് ജന്മം നല്കികൊണ്ടേയിരിക്കുകയല്ലേ ? അനുസ്യൂതം ...

  ReplyDelete
 55. വെള്ളം ഇല്ലാതെ വീശാന്‍ പഠിക്കണം ...:)

  ReplyDelete
 56. പോസ്റ്റ് നർമ്മമധുരം.

  ഇസ്മയിലിന്റെ ഈ “പൌരാണിക” വീശലിൽ പലരും കുടുങ്ങി എന്ന് കമന്റുകൾ കണ്ടപ്പോൾ തോന്നി.

  (നാസാരന്ദ്രങ്ങൾ എന്ന എഴുതിയത് നാസാരന്ധ്രങ്ങൾ എന്ന് തിരുത്തുമല്ലോ).

  ReplyDelete
 57. ഉഗ്രനായി കേട്ടോ. എന്നെ വളരെ രസിപ്പിച്ചു. അസ്സല്‍ നാടന്‍ പ്രവാസി.

  ReplyDelete
 58. ചൂണ്ടയും തോടും പരല്‍മീനും... കുട്ടിക്കാലം ഓര്‍മ്മിപ്പിച്ചു. എന്നാലും ഉമ്മ ഒടുവിലത്തെ ഡയലോഗ് അടിച്ച് ശവത്തില്‍ കുത്തണ്ടായിരുന്നു. :-) നല്ല ലളിതമായ, ഗൃഹാതുരത കലര്‍ന്ന നേരമ്പോക്ക് പറഞ്ഞതിന് നന്ദി!!

  ReplyDelete
 59. എന്‍റെ വാപ്പ എപ്പോള്‍ ചൂണ്ട ഇട്ടാലും മീന്‍ കിട്ടാറുണ്ടായിരുന്നു, ഞാന്‍ എങ്ങിനെ ചൂണ്ട ഇട്ടാലും ഒന്നുകില്‍ ഞണ്ട് അല്ലങ്കില്‍ ആമ, ഉമ്മ പറയുമായിരുന്നു വാപ്പാക്ക് ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങാത്തത് കൊണ്ട് ആണന്നു ... ഇപ്പോള്‍ എന്‍റെ മകന്‍ വാപച്ചി ആമനെ ചൂണ്ടെല്‍ പിടിക്കുമോ എന്ന് ചോദിക്കാറുണ്ട് . പോസ്റ്റ്‌ കിടിലന്‍ ഞാന്‍ കുറെ നേരം എന്‍റെ നാട്ടിലെ കുറുമാലി പുഴയുടെ കരയില്‍ ചൂണ്ടയുമായി ഇരുന്ന പോലെ തോന്നി , ആശംസകള്‍

  ReplyDelete
 60. നഗ്നമായ നെഞ്ചില്‍ കൈകള്‍ കൊണ്ട് ഗുണനചിഹ്നം ഇട്ടു നില്‍ക്കുന്നു

  പോസ്റ്റ് നന്നായിട്ടുണ്ട്

  ReplyDelete
 61. ആ ഫോട്ടോയില് കാണുന്നത് ശരിക്കും വെള്ളക്കായ്ത്തോടാണോ.!!!!!?
  അതു കണ്ടിട്ട് വള്ളമിറക്കാനും, മീൻ പിടിക്കാനും, ഇറങ്ങിയൊന്നു നീന്താനുമൊക്കെ തോന്നി..പക്ഷേ ഈ പറഞ്ഞതൊന്നും എനിക്കറിയില്ല
  വെള്ളത്തിനെന്തൊരു തെളിച്ചം...
  ഗൃഹാതുരത്ത്വമുണർത്തുന്ന രചന ......

  ReplyDelete
 62. ഇഷ്ടമായി.... നല്ല പോസ്റ്റ്....

  ReplyDelete
 63. ഒഴുകുന്ന തോടും തൊടിയും
  വയലും വലയും മീനും,പിന്നെ "മണ്ടിലിയും"
  നിറഞ്ഞൊഴുകിയ ബാല്യവും ,,
  ഈ ഓര്‍മപ്പെടുത്തലിനു നന്ദി
  ആശംസകള്‍

  ReplyDelete
 64. പഴയ മീന്‍ പിടിച്ചിരുന്ന കാലം ഓര്‍മവരുന്നു.. ഇപ്പൊ അതിനു പാടിയ പുഴകളും ഇല്ലല്ലോ.. എല്ലാം വലിയ കുഴികലല്ലേ.
  എഴുത്ത് ഇഷ്ടപ്പെട്ടു , ഉമ്മ പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു ,ഹ ഹാ
  എല്ലാ ആശംസകളും

  ReplyDelete
 65. നാടന്‍ നര്‍മ്മവും സസ്പെന്‍സുമൊക്കെയുണ്ടെങ്കിലും ഗോളടിച്ചത് ഉമ്മയാണ്.

  ReplyDelete
 66. ഹ ഹ ഹ...ഉമ്മക്കും കുറുമ്പടിയുടെ 'ഹ്യൂമര്‍ സെന്‍സ്' കിട്ടിയിട്ടുണ്ട്, അല്ലെ? അതോ ഉമ്മയില്‍ നിന്നും കുറുമ്പടിക്ക് കിട്ടിയതോ?

  ReplyDelete
 67. എന്നാലും ഒന്ന് വീശണ്ടേ എന്ന് ചോദിച്ചപ്പോള്‍ ഒരു പാട് പ്രതീക്ഷിച്ചു.
  നാട്ടില്‍ നിന്നും കഴിഞ്ഞ മാസം വന്നതേയുള്ളൂ... ഒന്ന് കൂടി പോയ പോലെ തോന്നി.

  ReplyDelete
 68. This comment has been removed by a blog administrator.

  ReplyDelete
 69. ഇഷ്ടപ്പെട്ടു. Thanks

  ReplyDelete
 70. Nostalgic. ഒരു പ്രവാസിയുടെ മനസ്സിലുള്ളത് കറയില്ലാതെ വാക്കുകളും വരികളുമായി ഒഴുകി. ഭാവുകങ്ങള്‍.

  ReplyDelete
 71. പുഴയും കൈതോലകള്‍ എല്ലാഎല്ലാമോര് ഓര്‍മ

  ReplyDelete
 72. വാക്കുകള്‍ക്ക് അര്‍ത്ഥത്തിനൊപ്പം 'നാനാര്‍ത്ഥവും' വന്നാലുള്ള ഒരു കുഴപ്പമേ!!
  ചൂണ്ടയിട്ടാല്‍ ഇന്ന് മീന്‍ കിട്ടില്ല പിന്നെ പഴയ ഓര്‍മ്മക്ക് വെള്ളത്തിന്റെ അരുകില്‍ ചൂണ്ടയുമായിരിക്കാം പണ്ടൊക്കെ സുലഭമായ ചൂണ്ടയിടല്‍ കാഴ്ച പോലും ഇന്ന് അന്യമായിരിക്കുന്നു.

  "വെള്ളിക്കായ്‌ത്തോട്" പോസ്റ്റിലെ ചിത്രം മനോഹരം!

  ReplyDelete
 73. Umh.. veeshal kalakki... enthaayaalum oru thikanja sasya bhukkaayathinaal enikkithinte aavashyam illa, pandonnu nokki, veetinte aduthulla paadathil ninnum kure meenukale konduvannu oru glass jaaril itttu valarthaan thudangi.. ente veettile poocha annu raathri thanne neenthal patichu dinnerum kazhichu... (alla athum ethra naalu veg shaappaadu thanne kazhikku..)
  Pinne ithum മൃഗങ്ങളായാല്‍ നന്ദി വേണം നന്ദി . kalakki..

  ReplyDelete
 74. ‘വെള്ളത്തിൽ‘ വീശേണ്ട കാര്യമുണ്ടായിരുന്നൊ.. ?

  ReplyDelete
 75. നാലുദിവസം ഇനിയിവിടെ മീന്‍ വാങ്ങണ്ടല്ലോ അല്ലെ മോനേ...?"... അതു കലക്കി.... കിട്ടിയത് ഉണക്കി കുറച്ച് മസ്കറ്റിലേക്ക് കൂടി അയച്ചേക്ക്.......

  നാട്ടില്‍ വരുമ്പോള്‍ ഇങ്ങനെ മഴയും നനഞ്ഞ് ഇതു പോലെ ചെയ്യണമെന്നത് ഓരോ പ്രവാസിയുടേയും ആഗ്രഹമാണ്.. മീന്‍ കിട്ടുന്നതിലല്ലല്ലോ കാര്യം...

  ReplyDelete
 76. നല്ല ഒന്നാന്തരം എഴുത്ത്.. മനോഹരമായിരിക്കുന്നു..
  പ്രവാസികള്‍ നാടിനെ കുറിച്ച് എഴുതുമ്പോള്‍ ഒരു പ്രത്യേക സുഖമുണ്ട് അത് വായിക്കാന്‍..
  ഇവിടെ താമസിക്കുന്നവര്‍ കാണാന്‍ മറക്കുന്ന പലതും ഉണ്ടാകും അതില്‍..

  ReplyDelete
 77. ഇവനീ നാട്ടുകാരന്‍ അല്ലല്ലോ.. ഇങ്ങനെയുമുണ്ടോ ഒരു പേടിത്തൊണ്ടന്‍ !" എന്ന് പറഞ്ഞ് എന്നെ പുച്ഛത്തോടെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവന്‍ നടന്നകന്നു. ( നായയെ എനിക്കങ്ങനെ പേടിയൊന്നുമില്ല കേട്ടോ. അഥവാ അവന്റെ കടിയേറ്റ് ഗള്‍ഫില്‍ തിരിച്ചുചെന്നാല്‍, എന്റെ മാനേജറുടെയും എന്റെയും സ്വഭാവം തമ്മില്‍ വല്യ വ്യത്യാസം ഉണ്ടാകില്ലല്ലോ എന്നോര്‍ത്തിട്ടാ )
  ഞാന്‍ ആദ്യമായാണ്‌ ഈ വഴിക്ക് എന്ന് തോന്നുന്നു.. ഒരു പാട് ഇഷ്ടമായി..

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.