August 15, 2011

ചിരിയും ദീര്‍ഘായുസ്സും
( 08-04- 1999   നു ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)
" പ്രിയമുള്ള നാട്ടുകാരേ.., ഇവിടെ അരങ്ങേറാന്‍ പോകുന്ന ചിരിയരങ്ങിലേക്ക് ഏവര്‍ക്കും സ്വാഗതം. മനുഷ്യന് മാത്രമുള്ള ഒരു പ്രത്യകതയാണ് ചിരി. അത് മനസ്സിന് ആനന്ദവും ശരീരത്തിന് ആരോഗ്യവും പ്രദാനം ചെയ്യുന്നു. അതിലുപരി ദീര്‍ഘായുസ്സിനു പറ്റിയ മികച്ച ഒരു ടോണിക്കാണ് ചിരിയെന്നു പല പ്രഗല്‍ഭ ഭിഷഗ്വരന്മാരും സമര്‍ത്ഥിച്ചിട്ടുണ്ട്. സമൂഹത്തില്‍ ചിരി വ്യാപിപ്പിക്കാനും ചിരിക്കാത്തവരെ ചിരിക്കാന്‍ പ്രോല്‍സാഹിപ്പിക്കാനുമുള്ള സംരംഭത്തിന് ഈ ക്ലബ്ബില്‍ അംഗങ്ങളാകുക. ഇതിന്റെ ഭാരവാഹികളെല്ലാം സമൂഹത്തില്‍ അറിയപ്പെടുന്നവരാണ്. അടുത്തയാഴ്ച നടക്കുന്ന ചിരിമത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍, ചിരിയരങ്ങു എന്ന ഈ പരിപാടിക്ക് ശേഷം പേര്‍ രജിസ്റ്റര്‍ ചെയ്യുക.വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍. ഒന്നാം സമ്മാനം പ്രഗല്‍ഭസംവിധായകന്‍റെ സിനിമയില്‍ ഹാസ്യനടന്റെ വേഷം. രണ്ടാം സമ്മാനം 30 മിമിക്രി കേസറ്റുകള്‍. മറ്റനേകം പ്രോത്സാഹനസമ്മാനങ്ങളും.
ഇതാ ..ചിരിയരങ്ങ് ആരംഭിക്കാന്‍ പോകുകയാണ്. ഐകമത്യം മഹാബലം എന്ന തത്വം ചിരിയിലും പ്രസക്തമാണ്. ഏകനായി ചിരിക്കുന്നതിനെക്കാള്‍ സൌന്ദര്യവും ശക്തിയും കൂട്ടച്ചിരിയിലാണ്. അതിനാല്‍, അംഗങ്ങളുടെ ചിരിയില്‍ നിങ്ങളും ആദ്യാവസാനം പങ്കുകൊള്ളണമെന്ന് അപേക്ഷിക്കുന്നു. ഈ ചിരിയരങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് ബഹു:മുന്‍ മന്ത്രിയാണ്. അദ്ദേഹത്തെ ഞാനീ വേദിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
ഒരു പ്രധാന അറിയിപ്പ് കൂടി.മാനസിക സംഘര്‍ഷത്താല്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കും ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കാന്‍ കഴിയുന്നവര്‍ക്കും ചിലപ്പോള്‍ നന്നായി ചിരിക്കാനായില്ലെന്നു വരാം. അവര്‍ക്ക് വേണ്ടി ഞങ്ങള്‍ നൈട്രസ് ഓക്സൈഡ് എന്ന ചിരിപ്പിക്കുന്ന വാതകം സൌജന്യമായി വിതരണം ചെയ്യുന്നുവെന്ന് സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ഉടനെ സെക്രട്ടറിയുമായി ബന്ധപ്പെടുക. ഈ ചിരിയരങ്ങിനു നേതൃത്വം കൊടുക്കുന്നത്, ക്ലബ്ബിന്റെ പ്രസിഡന്റും നല്ല അധ്യാപകനുള്ള അവാര്‍ഡ്‌ ജേതാവുമായ ശ്രീ: ദിവാകരന്‍ മാസ്റ്റരാണ്. അദ്ദേഹത്തെയും ക്ലബ്ബിലെ മറ്റംഗങ്ങളെയും ഞാനീവേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. "
സ്വാഗതപ്രസംഗകന്‍ ചിരിച്ചുകൊണ്ട് തന്നെ ഉപസംഹരിച്ചു.

"ഹ ഹ ഹ ... നാട്ടുകാരേ വോട്ടര്‍മാരേ , ദീര്‍ഘായുസ്സിനു മാത്രമല്ല; നിലനില്‍പ്പിനും അനിവാര്യമായ ഒന്നാണ് ചിരി." മുന്‍മന്ത്രി ഉദ്ഘാടനപ്രസംഗം തുടങ്ങിയതും ചിരിച്ചുകൊണ്ട് തന്നെ. അദ്ദേഹത്തിന്റെ മുഴുവന്‍ പല്ലുകളും വെളിയില്‍ കാണായി.
" നിത്യോപയോഗസാധനങ്ങള്‍ക്ക് ക്രമാതീതമായി വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണല്ലോ. വായ മൂടിക്കെട്ടിയും ചൂട്ട് കത്തിച്ചും കരഞ്ഞും റോഡില്‍ ഉരുണ്ടുമൊക്കെ പ്രതിഷേധം പ്രകടിപ്പിക്കുന്ന ഇക്കാലത്ത് വില വര്‍ധനവിനെതിരെ ചിരിച്ചുകൊണ്ട് നമുക്ക് പ്രതിഷേധപ്രകടനം നടത്താം. അങ്ങനെ ചിരി, നാടിനാവശ്യമായ പല മേഖലകളിലേക്കും നമുക്ക് തിരിച്ചുവിടാം. ഈ ചിരിയരങ്ങ് വളരെ സന്തോഷപൂര്‍വ്വം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു കൊള്ളുന്നു. ഹ ഹ ഹ ..." അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ചിരിയരങ്ങ് ആരംഭിക്കുകയായി. ദിവാകരന്‍മാസ്റ്ററും മറ്റംഗങ്ങളും  സ്റ്റേജില്‍ അണിനിരന്നു. സദസ്യരായി ഇരുനൂറോളം പേര്‍. മുന്‍നിരയില്‍തന്നെ ഞാന്‍ സ്ഥലം പിടിച്ചു. മാസ്റ്റര്‍ ആദ്യം ചിരി തുടങ്ങി. അംഗങ്ങള്‍ അതേറ്റുപിടിച്ചു. പുഞ്ചിരി, ചിരി, പൊട്ടിച്ചിരി, ആര്‍ത്തുചിരി.... അവര്‍ പരിസരം മറന്നുചിരിക്കുകയാണ്. വയറുകുലുക്കിയും തലവെട്ടിച്ചും ശരീരമാകെ ഇളക്കിയുമൊക്കെ പലരും ചിരിക്കുന്നു. ചിലരുടെ കണ്ണുകള്‍ നിറയുന്നുമുണ്ട് . ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞുനോക്കി. അതെ, സദസ്യരും ചിരി തുടങ്ങിക്കഴിഞ്ഞു. എല്ലാവരും ആര്‍ത്തുചിരിക്കുന്നു. ഓഡിറ്റോറിയമാകെ ശബ്ദമയം. ഞാനെന്റെ ദൃഷ്ടി സ്റ്റേജിലേക്ക് തന്നെ മടക്കി, നന്നായി ചിരിക്കുന്നതാരെന്നു പരതി.  ദിവാകരന്‍ മാഷില്‍തന്നെ എന്റെ കണ്ണുകള്‍ ഉടക്കിനിന്നു. ആഹ്ലാദാധിക്യത്താലാകണം അദ്ദേഹത്തിന്റെ ചിരി കൂടുതല്‍ ഉച്ചത്തില്‍ അനുഭവപ്പെട്ടു. പെട്ടെന്ന്.....അദ്ദേഹത്തിന്റെ ചിരി മായുന്നതും മുഖഭാവം മാറുന്നതും ഞാന്‍ ശ്രദ്ധിച്ചു.  ഇപ്പോഴദ്ദേഹം പല്ലിളിക്കുകയും നെഞ്ചത്ത്‌ കൈവക്കുകയും ചെയ്യുന്നു. സ്വതേ രസികനായ ദിവാകരന്‍ മാഷിന്റെ ചിരിയുടെ മറ്റൊരു ഇനമെന്നു കരുതിയാവണം ജനം ചിരി തുടര്‍ന്നു.  പെട്ടെന്നദ്ദേഹം പിന്നിലേക്ക്‌ വീഴാനാഞ്ഞപ്പോള്‍ കൂട്ടുകാര്‍ താങ്ങുന്നതും അവരുടെ മുഖങ്ങളില്‍ ചിരി മാഞ്ഞ് പ്രത്യകഭാവം കൈവരുന്നതും ഞാന്‍ കണ്ടു. അവരില്‍ ചിലരില്‍നിന്നു എന്തൊക്കെയോ അപശബ്ദങ്ങള്‍ പുറത്തുവന്നു. ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞുനോക്കി. ജനം ആര്‍ത്തു ചിരിക്കുകയാണ്- ദിവാകരന്‍ മാഷ്‌ ദിവംഗതനായതറിയാതെ......

65 comments:

 1. ചിരിക്കേണ്ടത് ചുണ്ട് കൊണ്ടല്ല;മനസ്സ് കൊണ്ടാണ്.
  ചുറ്റുപാടുകള്‍ കാണുമ്പോള്‍ നാം ചിരിക്കില്ല; കരയുകയെ ഉള്ളൂ!!!
  കൃത്രിമചിരി ആയുസ്സ് കൂട്ടുകയല്ല; കുറയ്ക്കുകയെ ഉള്ളൂ!!

  ReplyDelete
  Replies
  1. nannayittundu,manasukondu thodatha chirikalanu chuttinum ethokkekanumbol palappozhum kadhanayakane pole ambarannu chuttinum nokkunnu,nice ekka

   Delete
 2. നല്ല ഒരു പോസ്റ്റ്‌

  ReplyDelete
 3. ചിരികഥ നന്നായി.പിന്നെ “കൃത്രിമചിരി ആയുസ്സ് കൂട്ടുകയല്ല; കുറയ്ക്കുകയെ ഉള്ളൂ!“ഇത് എത്രകണ്ട് ശരിയാണെന്ന് എനിക്ക് സംശയമുണ്ട്!

  ReplyDelete
 4. ഈ കാലത്ത് ഒന്ന് കൃത്തിമമായെങ്കിലും മനുഷ്യർ ചിരിക്കട്ടെ... മനസ്സറിഞ്ഞുകൊണ്ടുള്ള ചിരിയാണ് നല്ലത്.സ്നേഹത്തോടെ മനുഷ്യർ ചിരിക്കുന്നത് പുണ്ണ്യമാണ്. കോമഡി കേട്ട് ചിരിക്കുന്നത് മോശമല്ല. മോശമായ ചിരി കപടന്മാരുടെ ചിരിയാണ്, പുറത്ത് ചിരിക്കുമെങ്കിലും മനസ്സിൽ വിദ്വേഷം കൊണ്ട് നടക്കുന്നതാണ് അപകടവും മോശവുമായത്. അല്ലെ?

  ReplyDelete
 5. പ്രീയപ്പെട്ട തണൽ,
  ചിരിക്കുന്ന കരച്ചിലിലും ചിരിക്കുന്ന പോസ്റ്റ്,
  കണ്ണൂരിൽ പ്രായമായവർ ചിരിക്കുന്ന 2 വേദികൾ ഉണ്ട്, 2 സ്ഥലത്തും ഉണ്ടായ അനുഭവങ്ങൾ താഴെയുള്ള ലിങ്ക് തുറന്നാൽ വായിക്കാം.
  1,
  http://mini-minilokam.blogspot.com/2010/10/blog-post.html
  ഇതിൽ വീഡിയൊ ഉണ്ട്.
  2,
  http://mini-mininarmam.blogspot.com/2010/12/u-tube.html
  ഇതെല്ലാം വായിച്ചിട്ടും ചിരിക്കാത്തവർ ഒരു പോസ്റ്റിനു താഴെ ഒരു കമന്റിട്ടാൽ അടുത്ത മരുന്ന് അയച്ചുതരാം.

  ReplyDelete
 6. പൊതുജനം കഴുതയാണല്ലൊ , ചിരിക്കാതെ തരമില്ലല്ലൊ.

  ReplyDelete
 7. >> കൃത്രിമചിരി ആയുസ്സ് കൂട്ടുകയല്ല; കുറയ്ക്കുകയെ ഉള്ളൂ!! << നമ്മുടെ നാട്ടില്‍ ചില സ്ഥലങ്ങളില്‍ ഇപ്പോള്‍ ചിരി ക്ലബ്ബുകള്‍ ഉണ്ട്. രാവിലെ എഴുന്നേറ്റ് ഏതെന്കിലും സ്ഥലത്ത് ആളുകള്‍ ഒന്നിച്ചു നിന്ന് ആര്‍ത്തട്ടഹസിക്കുന്നു. ആയുസും ആരോഗ്യവു, കൂടുമെന്ന് കരുതിയാണ് പാവങ്ങള്‍ ഇത് ചെയ്യുന്നത്. ഇത് വായിച്ചാല്‍ എല്ലാവരും ചിരി നിര്‍ത്തി രാവിലെ വീട്ടില്‍ തന്നെ കൂടുമായിരിക്കും.

  ReplyDelete
 8. ചിരി കരിയിൽ അവസാനിച്ചു അല്ലേ.

  ReplyDelete
 9. ഹ ഹ ഹ...
  ഹി ഹി ഹി...
  ങ്ങി ങ്ങി ങ്ങി..
  യോ യോ യൂ...
  അയ്യോ അയ്യോ..

  ReplyDelete
 10. "കൃത്രിമചിരി ആയുസ്സ് കൂട്ടുകയല്ല"

  ആയുസ്സ് കൂട്ടില്ലായിരിക്കും , പക്ഷെ വോട്ടു കൂടും , ഉറപ്പു !!

  ReplyDelete
 11. ചിരിപ്പിക്കാന്‍ വിളിച്ചോണ്ട് വന്നിട്ട്.. അനീതിക്കെതിരെ ചിരിച്ചുകൊണ്ട് പ്രതികരിക്കുന്നു

  ReplyDelete
 12. കൃതൃമചിരിക്കിടയിലെ അവിചാരിത മരണം ല്ലെ? കൃതൃമമായെങ്കിലും ഒന്ന് ചിരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിച്ചുപോയ സന്ദര്‍ഭങ്ങളും ഉണ്ടാവാം...കഥ കൊള്ളാം..

  ReplyDelete
 13. ഹി ഹി ഹി...

  ReplyDelete
 14. ദിവാകരന്‍ മാഷിനു ആദരാജ്ഞലികള്‍!. അപ്പോ ഇസ്മയില്‍ ഈ പണി തുടങ്ങിയിട്ടു വര്‍ഷം കുറെ ആയി അല്ലെ?( ഈയിടെയായി പുതിയ റിലീസൊന്നുമില്ലെ?)

  ReplyDelete
 15. എന്തൊക്കെ പറഞ്ഞാലും കരയുന്നതിനേക്കാളും ചിരിക്കാതിരിക്കുന്നതിനേക്കാളും എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ് ചിരിക്കുന്നത് കുറുമ്പടീ...

  ReplyDelete
 16. ചിരിയും കാര്യവും.
  അല്ലെങ്കില്‍ ചിരിയിലൂടെ കാര്യം.
  പോസ്റ്റ്‌ നന്നായി .
  ആശംസകള്‍

  ReplyDelete
 17. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്, ദദ് ഇഷ്ടപെട്ട്. മുമ്പ് പട്ടണവാസക്കാലത്ത് അടുത്തുള്ളൊരു സാംസ്കാരിക കേന്ദ്രത്തില്‍ ഇത്തരത്തിലൊരു ക്ലബ് തുടങ്ങിയിരുന്നു. ദോഷം പറയരുതല്ലോ, വാ മുഴുക്കെ തുറന്നും, കൈ ചൂണ്ടിയും, കൈ പൊക്കി പിടിച്ചും, തുള്ളിചാടിയുമൊക്കെ പാവം വയസ്സന്മാര് ചിരിക്കാന്‍പെടണ പെടാപാട് കണ്ടിട്ട്, കണ്ട് നില്‍ക്കുന്ന ഞങ്ങള്‍ മനസ്സുകൊണ്ട് ശരിക്കും ചിരിച്ചിരുന്നു. എന്തായാലും ഒറ്റ മാസം കൊണ്ട് ചിരിക്ലബ് പൂട്ടിപോയി.

  എന്നോ കിട്ടിയൊരു മെസ്സേജ്

  ചിരി, ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന ഔഷധമാണ്
  ചിരി, അപരന്‍‌റെ മനസ്സിനെ കവരാനുള്ള ആയുധമാണ്
  ചിരി, വ്യക്തിത്വത്തിന്‍‌റെ പ്രതിഫലനമാണ്
  ചിരി, മനസ്സില്‍ സന്തോഷം നിറക്കാനുള്ള മാര്‍ഗ്ഗമാണ്
  എന്ന് കരുതി ഒരുമാതിരി കോപ്പിലെ ചിരി ചിരിക്കരുതെന്ന് ;)

  ReplyDelete
 18. ഇത് മുമ്പെന്നോ വായിച്ചതായി ഓര്‍ക്കുന്നു. മാധ്യമത്തില്‍ തന്നെയാവണം. അന്നെന്തു കുറുംപടി, ഏത് ഇസ്മായില്‍, ഹ ഹ. വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 19. അപ്പോൾ ചിരിയിലുമുണ്ട് കാര്യം...

  ReplyDelete
 20. അപ്പൊ ചിരി ആയുസ്സ് കൂട്ടും എന്ന് പറയുന്നതില്‍ കാര്യമില്ലല്ലേ ! എന്നാലും ആ വിഡ്ഢിച്ചിരി കാരണം ദിവാകരന്‍ മാഷിന്റെ ആയുസ്സ് കുറഞ്ഞത്‌ കഷ്ടായിപ്പോയി!

  ReplyDelete
 21. കഥ നന്നായി , ഇത്തരം ചിരി ക്ലുബുകള്‍ ഒരുപാട് പുതുതായി ഉണ്ടായി കൊണ്ടിരുന്ന ഒരു സമയം ഉണ്ടായിരുന്നു അന്നാകം ഒരു പക്ഷെ താങ്കള്‍ ഈ കഥ എഴുതിയത് അന്ന് ഒരുപാട് പേര്‍ കഥ വായിച്ചു ചിരിച്ചിരിക്കാം .... എന്നാലും നല്ല തീം , ഒന്നും ആത്മാര്തമല്ലാത്ത പുതിയ കാലത്തില്‍ ചിരിക്കു മാത്രമായി എന്തിനു അക്രിത്രിമം ആകണം അല്ലെ ? ഭാവുകങ്ങള്‍ തണല്‍ ....

  ReplyDelete
 22. ഞാനും ചിരിക്കാന്‍ വന്നതായിരുന്നു.പക്ഷേ....

  ReplyDelete
 23. ചിരി ആരോഗ്യത്തിനും പിന്നെ നിലനില്‍പ്പിനും നല്ലതാണ്.കൊള്ളാം .വായിച്ചു-ചിരിച്ചു-ദു:ഖിച്ചു.

  ReplyDelete
 24. " എന്ടെ പടച്ചവനെ ചിരിച്ചു മരിക്കുക എന്നത് ഇങ്ങനാണെന്നു ഇപ്പോളാണ് മനസ്സിലായത് ".............ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും ........കരയുമ്പോള്‍ കൂടെ കരയാന്‍ .......നിന്‍ നിഴല്‍ മാത്രം വരും ,.........ചിരിക്കാന്‍ എപ്പോളും സാധിക്കാരില്ലാല്ലോ, .

  ReplyDelete
 25. മനസ്സു കൊണ്ട് ചിരിക്കുക , ഹൃദയം കൊണ്ട് ചിരിക്കുക, കരളു കൊട്നു ചിരിക്കുക എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിമുട്ടാണ് മാഷെ ..ചിരി വരുമ്പോള്‍ പരിസരം വല്യ കുഴപ്പമില്ലെങ്കില്‍ അങ്ങ് തുറന്നു ചിരിക്കുക ..ചിരിച്ചു ചിരിച്ചു അര്‍മാദിക്കുക..ചിരിക്കാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത് ..

  ReplyDelete
 26. ഹ ഹഹഹ...
  ചിരിച്ചാലും മരിക്കും ,കരഞ്ഞാലും മരിക്കും.!
  എന്നാല്‍ പിന്നെ ചിരിച്ചൂടെ..?
  ചിരിക്കാം ചിരിക്കാം ചിരിച്ചുംകൊണ്ടിരിക്കാം ..
  ചിരിയുടെ അമിട്ടിനു തിരികൊളുത്താം..
  ചിരിവന്നാല്‍ എനിക്ക് അടക്കനാവില്ല..
  പരിസരംപോലും മറന്നു ഞാന്‍ പൊട്ടിചിരിക്കാറുണ്ട്..
  ഹ ഹഹഹ...ഹഹഹഹ

  ReplyDelete
 27. പുഞ്ചിരി പൊട്ടിച്ചിരി അട്ടഹസച്ചിരി ചിരി അങ്ങനെ എത്ര തരം അല്ലെ
  എല്ലാവരുടെ മുഖത്തും നിഷ്കളങ്ക പൊട്ടിച്ചിരി ഉണ്ടാവട്ടെ എന്നാശിക്കുന്നു

  ReplyDelete
 28. ചിരി ആയുസ്സ് കൂട്ടും എന്ന് കേട്ടിട്ടുണ്ട് അമിതമായി ചിരിച്ചാൽ അയുസ്സ് കുറക്കും എന്ന് ഇപ്പോ പഠിച്ചു..

  നന്ദി ഇസ്മായി ഭായ് :)

  ReplyDelete
 29. ചിരിച്ചു കൊണ്ട് തന്നെ ഞാനും തുടങ്ങട്ടെ .. ഇവിടം ചിരിച്ചു കൊണ്ട് തന്നെ തുടങ്ങട്ടെ .. ബൂലോഗത്തേക്ക് ഞാനും അനുഗ്രഹിച്ചാലും ....... ഈ പോസ്ട്ടിന്റെ അവസാനം പോലെ ബൂലോഗത്തെ എന്റെ അന്ത്യവും ഇങ്ങനെ ആകുമോ.... ഏതായാലും എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു.....

  ReplyDelete
 30. ഈ ചിരി തെറാപ്പിയെപറ്റി വാര്‍ത്തയില്‍ കേട്ടിരുന്നു.
  അതെ തീര്‍ച്ചയായും ചിരി താനെ വിരിയേണ്ടാതാണ്. എല്ലാം കൃത്രിമാമായ കാലത്ത് ചിരിയും.
  അച്ഛനും അമ്മയും ഒക്കെ മരിക്കുമ്പോള്‍ കൂലിക്ക് കരയാന്‍ ആളെ എരപ്പാടാക്കുന്ന ഒരു സംഭവം തമാശ രൂപത്തിലോ മറ്റോ കേട്ടിരുന്നല്ലോ. അതും ഇതിന്റെ വേറൊരു രൂപം തന്നെ.
  പോസ്റ്റ്‌ നന്നായി.

  ReplyDelete
 31. ചിരിയെ പറ്റിയുള്ള ഈ പോസ്റ്റില്‍ ഞാനൊരു വിറ്റടിച്ചാലോ ...

  ReplyDelete
 32. ചിരിക്കാനും വേണം ഒരു സംതൃപ്ത മനസ്സ് ...
  ഈ നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍ !

  ReplyDelete
 33. ചിരി പോസ്റ്റിനു എന്റെ പുഞ്ചിരി!

  ReplyDelete
 34. ചിരിയും പുഞ്ചിരിയും ഒരു ധര്‍മമാണ്..
  അത് നിര്‍വഹിക്കാതിരിക്കാനാവുമോ

  ReplyDelete
 35. അതെ, ഓവറായാല്‍ ഇങ്ങനെയൊക്കെ വരൂ..!

  ReplyDelete
 36. കൃത്രിമചിരി ആയുസ്സ് കൂട്ടുകയല്ല; കുറയ്ക്കുകയെ ഉള്ളൂ!!
  ഹ ഹ അത് തന്നാ പോയിന്‍റ്!

  ReplyDelete
 37. ചിരീന്ന് പറഞ്ഞിട്ട്.....ഒടുക്കം കരച്ചിലായീലോ.

  ReplyDelete
 38. അവസാനമായപ്പോ, വിജയന്‍ മാഷിന്റെ മരണം ലൈവായി കണ്ടത് ഓര്‍മ വന്നു....ചിരി വിഷമത്തിന് വഴി മാറി....

  ReplyDelete
 39. ചിരിച്ചു കൊണ്ട് മരിച്ച ആ മനുഷ്യന്‍ ഭാഗ്യവാന്‍ !

  ReplyDelete
 40. ഹഹാഹ ....ഏതു ചിരിയും ഒവര്‍ആയാല്‍ അധികമാവും ...
  അവസാനം ദുരന്ത മായ്തിനാല്‍ ഏന്‍ഡ് "അടിപൊളി" എന്ന് പറയുന്നില്ല ...

  ReplyDelete
 41. മനസ്സു തുറന്ന് ചിരിക്കാ൯ കഴിയുന്നവ൪ ഭാഗ്യവാ൯മാ൪

  ReplyDelete
 42. മനസ്സുതുറന്ന് ചിരിക്കാ൯ കഴിയുന്നവ൪ ഭാഗ്യവാ൯മാ൪!!

  ReplyDelete
 43. ചിരി ഹൃദയത്തില്‍ നിന്ന് വരണം

  ReplyDelete
 44. ഇന്ന് മിക്കവാറും ആളുകളൊക്കെ അകമേ കരഞ്ഞ് ചുണ്ടില്‍ ഒരു കൃത്രിമച്ചിരി ഫിറ്റ് ചെയ്ത് നടക്കുന്നവരാണ്

  ReplyDelete
 45. ചിരിക്കാൻ ടാക്സൊന്നും കൊടുക്കേണ്ടല്ലോ.ചിരിച്ചു മരിച്ചു എന്നു കേട്ടിട്ടുണ്ട്, കഥയിപ്പോൾ അതുപോലെയായി.(ഇങ്ങനൊക്കെയാണെങ്കിലും രാവിലെ ജോലിസ്ഥലത്തു ചെല്ലുമ്പോൾ മുഖം വീർത്തിരിക്കുന്നവരെ കാണുന്നതിലും സന്തോഷം ചിരിച്ച മുഖങ്ങളല്ലെ?) എന്തൊക്കെ വിഷമങ്ങളുണ്ടെങ്കിലും അതിനു മീതെ ചിരിക്കാൻ കഴിയുന്നവരുണ്ട്.“കൃത്രിമചിരി“ എന്നാൽ കാര്യസാധ്യത്തിനുള്ള ചിരിയല്ല്ലേ. കഥയുടെ അവസാനം ചിരിക്കരുതെന്ന സന്ദേശം ഇല്ലല്ലോ?. :)

  ReplyDelete
 46. വിത്യസ്ത്മായ കഥ...
  ആളുകളെ ചിരിപ്പിച്ചു കൊണ്ടൊരു മരണം..

  എല്ലാ ആശംസകളും

  ReplyDelete
 47. Chirichu koduthaal swantham vila kuranjaalo ennu chinthikkunnavarumundu ariyaamo??

  Post 'ksha' pidichu tto. Niranja chiriyodu koodi sweekarikkunnu :)

  Aashamsaklalode
  http://jenithakavisheshangal.blogspot.com/

  ReplyDelete
 48. നല്ല ഒരു പോസ്റ്റ്‌

  ReplyDelete
 49. ചിരിക്കാന്‍ഓരോകേരളിയനുംപറ്റുമോ

  ReplyDelete
 50. ചിരിച്ചുകൊണ്ട് തുടങ്ങി....കരഞ്ഞ് അവസാനിപ്പിച്ചു...

  ReplyDelete
 51. ചിരി ആയുസ്സിനും അരോഗ്യത്തിനും നല്ലതൊക്കെ തന്നെ എന്നാലും കൃത്രിമച്ചിരി കൊണ്ട് ഈ പറഞ്ഞതൊക്കെ നടക്കുമോ..?

  കൂട്ടത്തിലൊരാൾ മരിച്ചറിയാതെ ചിരി തുടരുന്നത്- അത് സമൂഹത്തിന്റെ ഇന്നത്തെ കുറേയേറെ മൂല്യ ശോഷണങ്ങളെ എടുത്തു കാട്ടുന്നു....

  ReplyDelete
 52. ഒരുപാട് ചിരിച്ചാല്‍ കരയും എന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്...അതും ശരിയാ അല്ലെ...? കഥ കൊള്ളാം..!

  ReplyDelete
 53. സംഭവം കൊള്ളാം .ഇതിലെ നർമ്മം കാണാൻ കഴിയാത്തത് എന്റെ കഴിവുകേടായിരിക്കും:(

  ReplyDelete
 54. കൊള്ളാം പോസ്റ്റ് ...ചിരിച്ചു ചിരിച്ച് മരിച്ചു അല്ലെ .

  ReplyDelete
 55. ചിരി ആയുസ്സ് കൂട്ടും എന്ന് വച്ച് മരണമില്ലാത്തവനാക്കില്ലല്ലോ?
  അപ്പോള്‍ ചിരിക്കുക.കൂടുന്നെന്കില്‍ കൂടട്ടെ
  ഇല്ലെങ്കിലും നഷ്ടമോന്നുമില്ലല്ലോ?
  എന്റെ വക രണ്ടു ചിരി കൂടി ഹ ഹ

  ReplyDelete
 56. ശാന്തമായ് ചിരിക്കാൻ കഴിയുന്ന സാഹചര്യത്തിൽ വസിക്കാൻ കഴിയൽ ആരേഗ്യദായകം തന്നെ..

  ReplyDelete
 57. ചിരിക്കഥ ചിന്തിപ്പിച്ചു.. ആശംസകള്‍,,!

  ReplyDelete
 58. നല്ല കഥ... ഇഷ്ടപ്പെട്ടു...

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.