August 17, 2014

നാം എത്ര ഭാഗ്യവാന്മാര്‍ !


ദോഹ. തണുത്ത നിലാവുള്ള രാത്രി. അകത്തു ഫ്ലാറ്റിനുള്ളില്‍ പക്ഷെ , ചിലപ്പോള്‍ ഒരു തരം അസഹനീയ വീര്‍പ്പുമുട്ടല്‍  പോലെ തോന്നിക്കും.  ഗള്‍ഫിലെ ഫ്ലാറ്റുകള്‍ അങ്ങിനെയാണ്. ജനല്‍ തുറന്നിട്ടാല്‍പോലും ശുദ്ധവായു കയറിയിറങ്ങാത്ത ഒരു  തരം നിര്‍മ്മാണശൈലി.

അതുകൊണ്ടുതന്നെ  അയാള്‍ ചിലപ്പോഴൊക്കെ തന്‍റെ മകനെയുമെടുത്ത്‌ പുറത്തോക്കെയൊന്നു   ചുറ്റിയടിച്ചുവരാറുണ്ട് . രണ്ടുവയസ്സേയുള്ളൂവെങ്കിലും അവനും അത് നന്നായി ആസ്വദിക്കുന്നുണ്ടെന്നത്  അവന്‍റെ ഭാവചലനങ്ങളില്‍ പ്രകടമാണ്.

വൈകിയതിനാല്‍ വീഥികള്‍  വിജനമാണ് . പാഴ്വസ്തുക്കള്‍ ഇടുന്ന വീപ്പയ്ക്ക് ചുറ്റും പൂച്ചകള്‍ അന്നം തേടി നടക്കുന്നുണ്ട് . കത്തുന്ന ചൂടും ഉറയ്ക്കുന്ന തണുപ്പും ഇവറ്റകള്‍ക്കൊരുപോലെയാണ്!  ഋതുഭേദങ്ങള്‍ അവയെ ബാധിക്കില്ലെന്ന് തോന്നുന്നു.

മകന്‍ പൂച്ചകളെ  സാകൂതം ആസ്വദിച്ചു നില്‍ക്കുന്നതിനിടെ, ഉച്ചിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന മഞ്ഞ ബീക്കന്‍ ലൈറ്റ് ഘടിപ്പിച്ച  മുന്‍സിപ്പാലിറ്റിയുടെ ഒരു ഭീമന്‍  വാഹനം വീപ്പയുടെ അടുത്തുവന്നുനിന്നു.  അതിനു പിന്നില്‍ അള്ളിപ്പിടിച്ചു നിന്നിരുന്ന രണ്ടുപേര്‍ വാഹനത്തെ മാലിന്യവീപ്പയുമായി ബന്ധിപ്പിച്ചു.

വല്ലാത്തൊരു ഞരക്കത്തോടെ വീപ്പയെ ആ വാഹനം അതിന്‍റെ കൈകളില്‍ കോരിയെടുത്ത് അതിലെ മാലിന്യങ്ങള്‍ തന്‍റെ വയറ്റില്‍ നിക്ഷേപിച്ചു.  പാവം തൊഴിലാളികള്‍!! നമ്മുടെ ഉച്ചിഷ്ടങ്ങള്‍ അവരുടെ അന്നമാണ്! പൂച്ചകളെപ്പോലെ ചൂടും തണുപ്പും ബാധിക്കാത്ത അല്ലെങ്കില്‍ ബാധിക്കാന്‍ പാടില്ലാത്ത മനുഷ്യ ജന്മങ്ങള്‍!!   ഇതൊന്നും ബാധിക്കാത്ത തനിക്കു മാത്രം അസഹനീയതയും വീര്‍പ്പ്മുട്ടലും!! 

നിര്‍വികാരതയോടെ എന്നാല്‍, ആസ്വദിച്ച് കൃത്യതയോടെ അവര്‍ ചെയ്യുന്ന ജോലി അയാള്‍ ഒട്ടൊരു കൌതുകത്തോടെ നോക്കിനിന്നു. പൂച്ചകളെ വിട്ടു , മകന്‍ ഡ്രൈവര്‍ സീറ്റില്‍ എന്തോ ചിന്തിച്ചിരിക്കുന്ന പാകിസ്ഥാനിയെ ഒരത്ഭുതവസ്തുവിനെപോലെ നോക്കി നില്‍ക്കുന്നു.  വാഹനങ്ങള്‍ അവന്‍റെ  ഇഷ്ടകളിപ്പാട്ടങ്ങള്‍ ആയതിനാലാവാം അവനതില്‍ കയറാന്‍ വാശിപിടിക്കാന്‍ തുടങ്ങിയപ്പോള്‍ പാകിസ്ഥാനിയുടെ ശ്രദ്ധ അവനിലേക്ക്‌ തിരിഞ്ഞു .  

കുട്ടികളുടെ ഭാഷ ഏതു നാട്ടുകാരനും മനസ്സിലാവും. അയാള്‍  മകനെ കൊണ്ടുവരാന്‍ ആംഗ്യം കാണിച്ചു. അവനെ എടുത്ത് തന്‍റെ സീറ്റിനടുത്ത്‌ ഇരുത്തി ലാളിക്കുകയും അല്‍പനേരത്തിനു ശേഷം ഒരു ഉമ്മയും കൊടുത്തു തിരികെ തന്നപ്പോള്‍ ആ പരുക്കനെപോലെ തോന്നിച്ച പാക്കിസ്താനിയുടെ  മുഖത്ത് നിലാവ് പോലൊരു പുഞ്ചിരി തെളിഞ്ഞത് അയാള്‍ ശ്രദ്ധിച്ചു.  ആ ചിരിയിലെന്തോ ഒരു നനവുള്ളത് പോലെ അയാള്‍ക്ക്‌ തോന്നി. ഒരു പക്ഷെ മലയാളികളെ പോലെ ഗൃഹാതുരത്വം ബാധിച്ച ഒരു സാധാരണ മനുഷ്യന്‍റെ വിങ്ങലായിരിക്കുമോ ?  അതോ കാബൂളി വാല കഥയിലെ പോലൊരു  ദുഷ്ടമനസ്സിന്‍റെ ലാഞ്ചനയയിരിക്കുമോ ?  ഉടനെ അയാള്‍ പാകിസ്ഥാനിയുടെ ശ്രദ്ധയില്‍ പെടാതെ കുഞ്ഞിന്റെ കഴുത്തിലെ മാല പരതിനോക്കി. ഇല്ല... അത് നഷ്ടപ്പെട്ടിട്ടില്ല. പിന്തിരിഞ്ഞു നടക്കവേ ആ പാകിസ്ഥാനി അയാളെ കൈകൊട്ടിവിളിച്ചു. ശേഷം, തന്‍റെ സീറ്റിനടിയില്‍നിന്ന് ഒരു മുഷിഞ്ഞ പോളിത്തീന്‍ കവര്‍ മകന്‍റെ നേരെ നീട്ടി. ജിജ്ഞാസയോടെ അയാളത് വാങ്ങി തുറന്നു നോക്കി. ഒരു ജോഡി കുഞ്ഞു ഷൂ!! കൌതുകത്തോടെ മകന്‍ അതില്‍നിന്നൊരെണ്ണമെടുത്ത് കളിയ്ക്കാന്‍ തുടങ്ങി. ഒരു നന്ദിവാക്കിനുപോലും കാത്തുനില്‍ക്കാതെ വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ആ പാകിസ്ഥാനിയുടെ പുഞ്ചിരിക്കുപകരം ആ കടുത്ത തണുപ്പിലും നരച്ചു തുടങ്ങിയ താടിരോമാങ്ങള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‍ത്തുള്ളികള്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്തിനാണയാള്‍ കരഞ്ഞത്? 

ഒരു മിന്നാമിനുങ്ങിനെപോലെ വെളിച്ചമുണ്ടാക്കി ആ വാഹനം പതിയെ അപ്രത്യക്ഷമാവുന്നത് അയാള്‍ നോക്കിനിന്നു.


   മകന്‍ ആ ഷൂ ധരിക്കാനുള്ള തീവ്രശ്രമത്തിലാണ്. പക്ഷെ  അവനു പാകമാകാത്ത തരത്തില്‍ അത് ലൂസായിരുന്നു. മാത്രവുമല്ല; വില വളരെ കുറഞ്ഞഇനമായി അയാള്‍ക്ക്‌ തോന്നിയതിനാല്‍ കൂടുതലൊന്നുമാലോചിക്കാതെ അയാള്‍  കോണിപ്പടികള്‍ക്ക് താഴേയുള്ള കടലാസ് കൂനകള്‍ക്കിടയിലേക്ക് ആ പോളിത്തീന്‍ കവറോടെ എറിഞ്ഞുകളഞ്ഞു! അതിഷ്ടപ്പെടാതെ കുഞ്ഞ് കരയാനാരംഭിച്ചു. തിരികെ ഫ്ലാറ്റില്‍ ചെന്നുകയറിയിട്ടും ആ പാകിസ്ഥാനിയുടെ നിഗൂഡപുഞ്ചിരിയും കണ്ണീര്‍ചാലുകളും അയാളുടെ മനസ്സിനെ ചോദ്യചിഹ്നമായ് വട്ടമിട്ടുകൊണ്ടിരുന്നു.

പിറ്റേന്നുരാത്രി ആ വാഹനത്തിന്‍റെ ശബ്ദം കേട്ടമാത്രയില്‍ അയാള്‍ വാതില്‍ തുറന്ന് പുറത്തേക്കോടി. പിന്നില്‍നിന്നുള്ള ഭാര്യയുടെ അമ്പരന്ന വിളികള്‍ക്കൊന്നും അയാള്‍ കാതോര്‍ത്തില്ല. കോണിപ്പടികളിലൂടെ അതിവേഗതയില്‍ പറന്ന് ഒരു കിതപ്പോടെ ആ വാഹനത്തിനരികിലെത്തി . കുശലാന്വേഷണത്തിനുശേഷം ഇന്നലെ ചിരിച്ചതും പിന്നെ കണ്ണീരൊഴുക്കിയതിന്‍റെയുമൊക്കെ കാരണമാരാഞ്ഞു. അതിനു മറുപടിയെന്നോണം അയാളുടെ കണ്ണുകള്‍ പതിയെ സജലങ്ങളായി. പിന്നെ  കൈകള്‍ മുകളിലേക്കുയര്‍ത്തി പ്രാര്‍ഥിക്കുകയും ചെയ്തു.  ശേഷം ഇടര്‍ച്ചയോടെ , അയാള്‍ പറഞ്ഞുതുടങ്ങി .

പരസ്പര വൈരവും പകയും കൊണ്ടന്ധമായ, അഫ്ഗാനിലെ ഒരു പ്രവിശ്യയില്‍നിന്ന് പാകിസ്ഥാനിലേക്ക് ഗത്യന്തരമില്ലാതെ കുടിയേറിയ കുടുംബമാണ് അയാളുടേത് .  കഴിഞ്ഞ വര്‍ഷം ഒരു കലാപത്തിനു ശേഷം മൂത്ത മകനെ കാണാനില്ല. കഴിഞ്ഞ ആഴ്ച ഒരു ഷെല്ലാക്ക്രമണത്തില്‍ ഇളയമകന്‍ മരണമടയുകയും ചെയ്തു !  ആ കുഞ്ഞിനു അയച്ചുകൊടുക്കാന്‍ മുന്‍പ്‌ വാങ്ങിയ ഷൂ ആണ് ഇന്നലെ മകനു നല്‍കിയത് ! ഇനി വീട്ടില്‍ അവശേഷിക്കുന്നത് ഭാര്യ മാത്രം!

സ്തബ്ധനായി നില്‍ക്കുന്ന അയാളോട് ആ പാകിസ്ഥാനി ഗദ്ഗദത്തോടെ പറഞ്ഞു : " നിങ്ങള്‍ ഇന്ത്യക്കാര്‍  എത്ര ഭാഗ്യവാന്മാരാണ്! നിര്‍ഭയത്തോടെ പോകാന്‍ നിങ്ങള്‍ക്കൊരു രാജ്യമുണ്ട്.  അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നിങ്ങള്‍ക്കൊരു വീടുണ്ട്" 

വാഹനം അകന്നകന്നു പോകുന്നത് വല്ലാത്തൊരു മരവിപ്പോടെ അയാള്‍ നോക്കിനിന്നു. ആ കനത്ത തണുപ്പിലും വിയര്‍പ്പു പൊടിഞ്ഞ നെറ്റിത്തടം അയാള്‍ തുടച്ചു . തലേന്ന് ഭംഗിയാര്‍ന്ന കാഴ്ചയോടെ പാറിപ്പോയ മിന്നാമിനുങ്ങ്‌ , ഇന്ന് അപായ വെളിച്ചം  കറക്കി , സൈറന്‍ മുഴക്കി കുതിക്കുന്ന ആംബുലന്‍സ് പോലെ അയാള്‍ക്കനുഭവപ്പെട്ടു. 

പെട്ടെന്നയാള്‍ ഓടിച്ചെന്ന് തലേന്ന് എറിഞ്ഞുകളഞ്ഞ പോളിത്തീന്‍ കവറിനുവേണ്ടി ചപ്പുചവറുകള്‍ക്കിടയില്‍ പരതി. അത് കണ്ടെത്തിയപ്പോള്‍ ഒരമൂല്യവസ്തുവിനെപ്പോലെ ആ ഷൂ എടുത്തു അയാള്‍ മാറോടണച്ചു.  ഫ്ലാറ്റില്‍ കൊണ്ട്പോയി അത് നന്നായി തുടച്ച് വൃത്തിയാക്കി അവയുടെ ഉള്ളില്‍ അല്പം കോട്ടണ്‍ തുണി തിരുകിക്കയറ്റി മകന്‍റെ കാലില്‍ ധരിപ്പിച്ചു . ഇപ്പോഴത്‌ അവനു നല്ല പാകമാണ് ! സന്തോഷത്തോടെ അവന്‍ അതിട്ടു നടക്കാന്‍ തുടങ്ങി. ഇതെല്ലം കണ്ടു അന്തം വിട്ട ഭാര്യ അയാളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നെങ്കിലും  അതൊന്നും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല . ഒടുവില്‍ അയാള്‍ ഭാര്യയുടെ ചുമലില്‍ കൈകള്‍ ചേര്‍ത്തുവച്ച് പതിയെ പറഞ്ഞു : 

"നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്!! നിര്‍ഭയത്തോടെ പോകാന്‍ നമുക്കൊരു രാജ്യമുണ്ട്.  അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നമുക്കൊരു വീടുണ്ട് "  


(courtesy: Fasil Shajahan)

60 comments:

 1. നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാര്‍ !! നിര്‍ഭയത്തോടെ പോകാന്‍ നമുക്കൊരു രാജ്യമുണ്ട്. അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നമുക്കൊരു വീടുണ്ട് !

  ReplyDelete
 2. ഇടവേള നല്ലതിനായിരുന്നു എന്ന് ഈ എഴുത്ത് വായിച്ചപ്പോള്‍ മനസ്സിലായി സുഹൃത്തേ. ഒടുവില്‍ പറഞ്ഞ ആ വാചകം ഉണ്ടല്ലോ ("നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്!! നിര്‍ഭയത്തോടെ പോകാന്‍ നമുക്കൊരു രാജ്യമുണ്ട്. അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നമുക്കൊരു വീടുണ്ട് ") , അതാണ്‌ പോയിന്‍റ്. അതാണ്‌ ചില തൊലിവെളുത്ത അറബികള്‍ക്ക് നമ്മളോട് ഒരു പ്രത്യേക കലിപ്പ് ഉള്ളത്.

  ReplyDelete
 3. കുറച്ചു കാലത്തിനു ശേഷമാണ് തണലിലേക്ക്‌ ..

  നല്ല പോസ്റ്റ്‌ ..

  എന്തും കൈയിൽ ഉള്ളപ്പോൾ അതിന്റെ വില മനസ്സിലാക്കില്ല എന്നത് എത്ര സത്യമാണ് .

  എല്ലാ ഭാവുകങ്ങളും !

  ReplyDelete
 4. Munne vayichadorkunnu evideyennormayilla ..nalla ezhuth

  ReplyDelete
 5. Nalla katha ikkaa.... aa Pakisthaniyude vedana manassil thatti. shoe kittiyappol aa kunjinundaya santhosham enikkum athe padi feel cheythu.
  Idavela eduthanenkilum ikkayude katha as usual nannayirikkinnu...

  ReplyDelete
 6. തണലില്‍ വന്നിട്ട് കുറച്ചായി.... വെറുതെയായില്ല, നല്ലൊരു കഥ വായിച്ചു... :) :) ആശംസകള്‍

  ReplyDelete
 7. ഹൃദ്യമായ കഥ !! സ്വാതന്ത്ര്യവും സംരക്ഷണവും നഷ്ടപ്പെടുമ്പോഴേ ബോധ്യമാവുകയുള്ളൂ...

  ആശംസകൾ !!

  ReplyDelete
 8. നല്ലൊരു സന്ദേശം കൈമാറി.നല്ല അവതരണരീതി. കൂടുതല്‍ തണലിലേക്കിറങ്ങുക

  ReplyDelete
 9. നമ്മളെത്ര ഭാഗ്യവാന്മാരാണ് എന്നത് വീണ്ടും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. നല്ല കഥ, ആശംസകൾ!

  ReplyDelete
 10. അറിയപ്പെടാത്തത് എന്തും നമുക്കു
  കഥകൾ ആണല്ലേ ??!!

  നന്നായി അവതരിപ്പിച്ചു ഇസ്മൈൽ.
  Courtesy to ഫാസിൽ .കഥാ തന്തു ആണോ ?
  ചിത്രം ആണോ ??

  ReplyDelete
 11. അതേ, നമുക്ക് പോകാൻ ഒരു രാജ്യമുണ്ട്, ഭയമില്ലാതുറങ്ങാൻ ഒരു വീടുണ്ട്...!!

  ഹൃദ്യമായ കഥ കണ്ണു നനയിച്ചു.

  ReplyDelete
 12. ഒരു കുഞ്ഞു കഥയും ഇമ്മിണി വല്ല്യ സന്ദേശവും......

  ReplyDelete
 13. ഒരു കഥയല്ല ഇത് ,, പ്രവാസത്തിന്റെ നോവറിഞ്ഞ ഒരു അനുഭവകുറിപ്പ് ,,നല്ല ആവിഷ്ക്കാരം.

  ReplyDelete
 14. നല്ല കഥ. പാക്കിസ്ഥാനികൾ പൊതുവെ നല്ലവരാണ്. പക്ഷെ, ചില ഏരിയാകളിൽ നിന്നുള്ളവർ അങ്ങനെയല്ലാ താനും.
  ആശംസകൾ...

  ReplyDelete
 15. കഥയായിത്തോന്നിയില്ല. അനുഭവത്തിൽ നിന്നുള്ള എഴുത്താണെന്ന് വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ വായിച്ചാൽ ഉള്ളിൽ കൊള്ളും.ആ അനുഭവം പറഞ്ഞു തന്ന ആളുടേതായിരിക്കും കടപ്പാട് വെച്ചിരുക്കുന്നത് അല്ലേ.അതിൽ നിന്നൊരു കഥ മെനഞ്ഞതിന് അഭിനന്ദനം നേരുന്നു.

  ReplyDelete
 16. ഏറെ നാളെയ്ക് ശേഷം ഇന്ന് ഈ തണലില്‍ ഇത്തിരി നേരം ഇരുന്നത് വെറുതെ ആയില്ല..ലോകത്ത് അവിടവിടങ്ങളില്‍ നടക്കുന്ന ചില അനിഷ്ട സംഭവങ്ങള്‍ ഓര്‍ത്തു തപിക്കുന്ന ഉള്ളത്തിലേക്ക് ഈ കഥയിലെ അവസാനവാചകം ഒരു തണല്‍ക്കാറ്റ് പോലെ അരിച്ചിറങ്ങി..അതെ തന്നെ ഏക സമാധാനവും .ഇറങ്ങി പോകൂ എന്ന് പറയാന്‍ ആരും വരില്ലെന്ന് ഉറപ്പുള്ള നമ്മുടെ സ്വന്തം നാട് ..സ്വന്തം വീട്..അവിടെ എന്തൊക്കെയോ പുകഞ്ഞു കത്തട്ടെ ചീഞ്ഞു നാറട്ടെ ..അവസാനം എല്ലാ വിഹ്വലതകളും മറന്നു തലചായ്ക്കാന്‍ കഴിയുന്നുണ്ടല്ലോ.. നമ്മുടെ അയല്‍രാജ്യങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയില്‍ നമുക്ക് പരിതപിക്കാനെ കഴിയുന്നുള്ളൂ ..അഭിനന്ദനങ്ങള്‍ ഇസ്മൈല്‍ .ഇനിയും നല്ല വിഷയങ്ങളുമായി ക്ഷണിക്കുക ..

  ReplyDelete
 17. ലോകത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണ് .ജനങ്ങള്‍ക്ക്‌ മനസമാധാനത്തോടെ ജീവിക്കുവാന്‍ കഴിയാത്ത രാജ്യങ്ങള്‍ നാള്‍ക്കുനാള്‍ അധികരിച്ച് കൊണ്ടിരിക്കുന്നു .അറബ് രാജ്യങ്ങളിലാണ് കൂടുതലും ഈ നില നിലനില്‍ക്കുന്നത് .നാം ഇന്ത്യക്കാര്‍ എത്രയോ ഭാഗ്യവാന്‍‌മാര്‍ .വര്‍ഗീയതയുടെ മുഖമാണ് നാം ഭയക്കേണ്ടത് വര്‍ഗീയ വിഷവിത്തുകള്‍ നമ്മുടെ രാജ്യത്ത് പിറവിയെടുക്കാതെയിരിക്കട്ടെ .ആശംസകള്‍

  ReplyDelete
 18. ഹൃദ്യം, സുന്ദരം, മനോഹരമായ ആഖ്യാനം.. ഇഷ്ടായി.. ഒരുപാട് ഇഷ്ടായി ഇഷ്ടാ... :) <3

  ReplyDelete
 19. മറ്റുള്ളവരില്‍ അസൂയജനിപ്പിക്കുന്ന വിധത്തില്‍ സ്വസ്ഥതയും സുരക്ഷിതത്വവും നമ്മുടെ നാട്ടില്‍ നാം അനുഭവിക്കുന്നുണ്ടെന്നത് എത്രയോ ആശ്വാസകരമായ സംഗതിയാണ്‌. മഹത്തരമായ ഒരനുഗ്രഹം തന്നെയാണിത്.

  ഇതര പ്രദേശങ്ങളിലെ നാരകീയസാഹചര്യങ്ങളുമായി തുലനം ച്യ്യുമ്പോള്‍ നാമനുഭവിക്കുന്ന സൌഖ്യത്തിന്റെ അമൂല്യത ബോദ്ധ്യമാകും.

  ദിവ്യമായ ഈ അവസ്ഥയുടെ വിലയറിയാത്ത അവിവേകികളുടെ ഭാഗത്ത് നിന്ന് സമാധാനത്തിന്റേയും സൌഹൃദത്തിന്റേയും അന്തരീക്ഷം തകര്‍ക്കുന്ന ആപത്കരമായ നീക്കങ്ങളുണ്ടാകുമ്പോള്‍ അവയെ പരാജയപ്പെടുത്താന്‍ മനുഷ്യസ്നേഹികളുടെ കൂട്ടായമയുണ്ടാകേണ്ടത് എത്രമേല്‍ ജീവല്പ്രധാനമാണെന്ന വസ്തുതകൂടി ഈ കഥയുടെ സന്ദേശമായി അനാവൃതമാകുന്നുണ്ട്.

  നന്മയുടെ നറുമണം തൂവുന്ന നല്ല കഥ.

  നന്ദി.

  ReplyDelete
 20. "നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്!! നിര്‍ഭയത്തോടെ പോകാന്‍ നമുക്കൊരു രാജ്യമുണ്ട്. അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നമുക്കൊരു വീടുണ്ട് "

  ഇസ്മൈലിക്കാ ഈ കഥയുടെ ആദ്യപാരഗ്രാഫിലൂടെത്തന്നെ ഗൾഫിന്റെ മൊത്തം പ്രതിച്ഛായ വായനക്കാരെ ബോധ്യപ്പെടുത്താൻ ഇക്കായ്ക്ക് കഴിഞ്ഞു. അതൊരു വല്ലാത്ത സംഭവമാണ്. ഇവിടെയുള്ളവരും പുറമേ നിന്നു കാണുന്നവരും വളരെ അസൂയയോടെ നോക്കുന്ന മായിക രാജ്യത്തിന്റെ സാധാരണമായ അവസ്ഥ എത്ര മനോഹരമായാണ് ഇക്ക ആ പാരഗ്രാഫിലൂടെ വരച്ചു കാട്ടിയത്.! നമുക്ക് ആ സഹോദരനെ പോലെ കണ്ണീരൊഴുക്കാനും വിലപിക്കാനും മറ്റു സങ്കടങ്ങൾക്കും യാതൊന്നും ഇല്ലാത്തതിനാലാണ് നമ്മളിങ്ങനെ ലോകരെ മുഴുവനും നാടിന്റെ രാഷ്ട്രപിതാവിനെ വരെ കുറ്റം പറഞ്ഞും നടക്കുന്നത്, ഇരിക്കുന്നത്, കഴിയുന്നത്.!

  ആശംസകൾ ഇസ്മൈലിക്കാ മനസ്സിന് കുളിർമ തന്ന നല്ലൊരു തണൽ പോസ്റ്റിന്.

  ReplyDelete
 21. നമ്മുടെ അല്ലെങ്കിൽ മലയാളിയുടെ സഹജമായ സംശയദൃഷ്ടിയാണ് ആ കുട്ടിക്കളിച്ചിരുന്ന ആ പാക്കിസ്ഥാനിയുടെ അടുത്ത് നിന്നും തിരിച്ചെത്തിയപ്പോൾ അയാൾ മാല തപ്പി നോക്കിയതിന് കാരണം. അങ്ങനൊരു പരാമർശം ഇതിൽ നിന്നൊഴിവാക്കാമായിരുന്നു ഇക്കാ.

  ReplyDelete
 22. "നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്!! നിര്‍ഭയത്തോടെ പോകാന്‍ നമുക്കൊരു രാജ്യമുണ്ട്. അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നമുക്കൊരു വീടുണ്ട് " ആ ഭാഗ്യം എന്നും നിലനിൽക്കട്ടെ.... ഇങ്ങനെ വല്ലപ്പോഴും വരുന്നത് ബ്ലോഗിന്റെ ബ്ലോഗമാരുടെ ആ നല്ലകാലം ഓർമ്മിപ്പിക്കുന്നു.

  ReplyDelete
 23. നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്.
  നല്ല കഥ.
  ആശംസകൾ

  ReplyDelete
 24. ആശംസകള്‍ തണല്വോ......
  ഫാസിലിനും ....!

  ReplyDelete
 25. വായിക്കാൻ വൈകി.. വായിക്കാതിരുന്നേൽ നല്ലയൊരു കഥ നഷ്ടമായേനെ.. :)

  ReplyDelete
 26. Veedu enna swargham...!
  Manoharam, Ashamsakal...!!!

  ReplyDelete
 27. ഒരു മിനിക്കഥ എന്ന് പറയാവുന്ന ഒരു കൊച്ചു കഥയിലൂടെ വലിയൊരു അനുഭവ ലോകം തുറന്നു തന്ന ഇസ്മൈല്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇത് ഒരുപക്ഷെ വ്യത്യസ്തമായ സംസ്കാരങ്ങളുമായി ഇടപഴുകുന്ന പ്രവാസിക്ക് മാത്രം സാധ്യമാകുന്നതാണ്. ഒരു വലിയ ലോകം നമുക്ക് മുന്പിലുണ്ടായിട്ടും മലയാളനാടിന്റെമനോഹരിതയില്‍ മാത്രം അഭിരമിച്ചു പ്രവാസ എഴുത്ത് ഗ്രഹാതുരതയില്‍ കുടുങ്ങി കിടക്കുമ്പോള്‍ ഇതുപോലെയുള്ള പുറംകാഴ്ച്ചകള്‍ ഒരാശ്വാസമാണ്. ഇനിയും വിശാലമായ ദൂരകാഴ്ചകള്‍ക്ക് കണ്ണ് തുറന്നിരിക്കാം....

  ReplyDelete
 28. അതേ, നമുക്ക് പോകാൻ ഒരു രാജ്യമുണ്ട്, ഭയമില്ലാതുറങ്ങാൻ ഒരു വീടുണ്ട്...!!

  ReplyDelete
 29. നല്ലൊരു പോസ്റ്റ്‌..നന്ദി വായനാ അനുഭവത്തിന്!!:-)

  ReplyDelete
 30. kamarunnisa21/8/14 9:51 AM

  വളരെ നല്ല ഒരു അനുഭവം ഹൃദയത്തിൽ തട്ടും വിധം അവതരിപ്പിച്ചിരിക്കുന്നു. ......
  keep it up Ismail. ...

  ReplyDelete
 31. ഇസ്മയിൽക്ക..., നമ്മുടെ ചുറ്റിലുമുള്ള ചില സത്യങ്ങളുടെ തിരിച്ചറിവുകൾ....... കഥ വളരെ നന്നായി.... കുറെ നാളുകൾക്കു ശേഷമാണ് ഞാനും ഇവിടെ.....

  ReplyDelete
 32. " നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ് !! ക്ഷമിക്കണം ഇത് കാശ്മീരിലെ പണ്ഡിറ്റുകളോട് ചോദിക്കണം ഇസ്മായിലെ ,,അവർ അനുഭവങ്ങളിൽ നിന്ന് പറയും യാധാർത്ഥ്യം ,,കഥയെ അംഗികരിക്കുന്നു പക്ഷേ ഈ പ്രയോഗം ഞാൻ അംഗികരിക്കുന്നില്ല.

  ReplyDelete
 33. athe naam bhagyvaanmaar ..manassilaakkunnavar viraLavum

  ReplyDelete
 34. നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്!! നിര്‍ഭയത്തോടെ പോകാന്‍ നമുക്കൊരു രാജ്യമുണ്ട്. അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നമുക്കൊരു വീടുണ്ട് " ആ ഭാഗ്യം എന്നും നിലനിൽക്കട്ടെ.. വളരെ നന്നായി.... കുറെ നാളുകൾക്കു ശേഷമാണ് ഇവിടെ.....
  .

  ReplyDelete
 35. കുട്ടികളുടെ ഭാഷ ഏതു നാട്ടുകാരനും മനസ്സിലാവും ........ കഥ ഇഷ്ടായി .ഭാവുകങ്ങള്‍!

  ReplyDelete
 36. പുഞ്ചിരിയും വാത്സല്യവും സ്‌നേഹവും... ഭാഷകള്‍ക്കും അതിരുകള്‍ക്കും വേര്‍തിരിക്കുവാനാത്ത ചിലതെല്ലാം... ആശംസകള്‍.

  ReplyDelete
 37. അല്‍പ്പം തിരക്കായതിനാല്‍ വായന വൈകി , ഒരു ഇടവേളക്കുശേഷം നല്ലൊരു സന്ദേശവുമായി എത്തിയത്‌ നന്നായി .. 'സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേദാരം' എന്നത് എക്കാലത്തും ഇന്ത്യക്ക് പതിച്ചുകിട്ടിയ വിശേഷണമാണല്ലോ! അതോടൊപ്പം വിപുലമായ കലയുടെയും സാഹിത്യത്തിന്റെയും ചിന്തയുടെയും പാരമ്പര്യവും ..അതെ നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്, നിര്‍ഭയത്തോടെ പോകാന്‍ നമുക്കൊരു രാജ്യമുണ്ട്. അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നമുക്കൊരു വീടുണ്ട് .

  ReplyDelete
 38. കുറെ നാളായിട്ട് ബ്ലോഗ് ലോകത്ത് വരാറില്ല. വന്നപ്പോള്‍ നല്ലൊരു കഥ വായിക്കാന്‍ പറ്റി...

  ReplyDelete
 39. പലപ്പോഴും വളരെ സൗഹൃദത്തോട് കൂടി ഇന്ത്യയെ പറ്റി ചോദിക്കുകയും നിങ്ങളുടെ രാജ്യം എത്ര നല്ലതാണെന്നും, അത്തരം ശാന്തമായ ഒരു ജീവിതം കിട്ടാൻ കൊതിക്കുന്നുവെന്നും പറയുന്ന പാക്കിസ്ഥാൻകാരായ ടാക്സി ഡ്രൈവർമാരെ ഈ മണലാരണ്യത്തിലെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയിട്ടുണ്ട്. അവർക്കാർക്കും ഇന്ത്യയോട് ആദരമല്ലാതെ ഒരു ശത്രുതയും ഉള്ളതായി മനസിലായിട്ടില്ല.

  നീതി,ധർമം, നന്മ, മൂല്യങ്ങൾ തുടങ്ങി പലതും നമ്മുടെ രാജ്യത്ത് നിന്ന് ഓടിയൊളിക്കുന്നു എന്ന് നെഞ്ചുരുകി പറയുമ്പോഴും നഷ്ടപ്പെടാത്ത പല മഹാഭാഗ്യങ്ങളും ഉള്ള നാടാണ് നമ്മുടെ നാട് എന്നത് ഉറപ്പു തന്നെ. മിസൈലിനെയും, ബോംബിനെയും പേടിച്ച് സമാധാനം നഷ്ടപ്പെടുന്ന ദിനരാത്രങ്ങളെ നമുക്കിനിയും പരിചയമില്ലാത്തത് അങ്ങിനെയുള്ള മഹാഭാഗ്യം കൊണ്ട് തന്നെ. ഭാരതമാതാവിനു വന്ദനം.
  നല്ല വായന സമ്മാനിച്ചതിന് നന്ദി ഇസ്മൈൽ.

  ReplyDelete
 40. തീക്കനൽ പോലെ പൊള്ളുന്ന അന്യന്റെ അനുഭവങ്ങളും വ്യഥകളും അറിയുന്പോഴാണ് നമുക്ക് സിദ്ധിച്ച സൗഭാഗ്യങ്ങളെ കുറിച്ച് നാം സ്തബ്ദരായിപ്പോവുക!
  ശുദ്ധവായു, ശുദ്ധജലം, സുരക്ഷിത ഭൂമി, സുഖകരമായ പാർപ്പിടം, സ്വസ്ഥകുടുംബം, സന്ചരിക്കാനുള്ള സ്വാതന്ത്ര്യം, ജീവിക്കാനുള്ള തൊഴിൽ, ഇതര മൗലിക/ജീവിതാവകാശങ്ങൾ... എല്ലാം ഭാഗികമായോ നിയന്ത്രിതമായോ രാഷ്ട്രിയവും കാരണങ്ങൾ കൊണ്ട് നിഷേധിക്കപ്പടുന്ന മനുഷ്യന്റെ അവസ്ഥകൾ എത്രയധികം ഭീകരമാണ് !

  ReplyDelete
 41. ഗള്ഫിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ ഇങ്ങനെ ഒരു തണൽ കിട്ടിയതിൽ സന്തോഷം

  ReplyDelete
 42. നല്ല കഥ .. ഹൃദ്യമായി അവതരിപ്പിച്ചു

  ReplyDelete
 43. നീണ്ട ഒരിടവേളക്ക് ശേഷമാണ് തണലിൽ വന്നത്.അതിന്റെ സുഖം അനുഭവിച്ചറിഞ്ഞു.

  ReplyDelete
 44. ഇത്‌ ഫസലിന്റേയൊ താങ്കളുടെയൊ എനിക്കറിയില്ല
  ആരുടെ ആയാലും മനസ്സ്‌ കീഴടക്കിയ രചന

  ReplyDelete
 45. ആ പാക്കിസ്ഥാനിയുടെ വേദന മനസ്സിൽ തട്ടുന്നതായി..

  ReplyDelete
 46. കഥ. അതവിടെ നിൽക്കട്ടെ. പക്ഷെ അതിലെ സന്ദേശം..... അതിനാണ് മാർക്ക്. സ്വന്തം നാട്ടിൽ പോകാൻ പേടിക്കുന്ന പാക്കിസ്ഥാനികളും, പോയാൽ പിടിച്ച് പട്ടാളത്തിൽ ചേർക്കും എന്നതുകൊണ്ടോ, അല്ലെങ്കിൽ തിരികെ വരാൻ കഴിയില്യ എന്നതുകൊണ്ടോ വർഷങ്ങളായി ഫോൺ വിളി മാത്രമായി കഴിയുന്ന അറബികളേയും കണ്ടിട്ടുണ്ട്. അവർക്കും ഗിരിജ പറഞ്ഞതുപോലുള്ള ഒരു ശത്രുത ഇന്ത്യയോടുണ്ടെന്ന് തോന്നിയിട്ടില്യ. പകരം ഇന്ത്യക്കാരേയും ചില സംസ്കാരങ്ങളേയും അവർക്ക് വല്യ മതിപ്പാണെന്ന് തോന്നിയിട്ടുണ്ട്.

  ഇനി കഥയെപറ്റി.
  അത്ര പോര. ഈ ഒരു ത്രെഡ് അവതരിപ്പിക്കാൻ തട്ടിക്കൂട്ടി ഒരു കഥ ഉണ്ടാക്കി എന്ന് തോന്നി.
  തണലിൻ‌റെ റേഞ്ചിനിത് പോര. :)

  ReplyDelete
 47. തിരുത്ത്: ഗിരിജ പറഞ്ഞതുപോലുള്ള എന്നത് ഗിരിഞ്ഞ പറഞ്ഞതുപോലെ എന്ന് മാറ്റിവായിക്കാനപേക്ഷ.

  ReplyDelete
 48. പാവം തൊഴിലാളികള്‍!....
  നമ്മുടെ ഉച്ചിഷ്ടങ്ങള്‍ അവരുടെ അന്നമാണ്...
  പൂച്ചകളെപ്പോലെ ചൂടും തണുപ്പും ബാധിക്കാത്ത
  അല്ലെങ്കില്‍ ബാധിക്കാന്‍ പാടില്ലാത്ത മനുഷ്യ ജന്മങ്ങള്‍
  ഇതൊന്നും ബാധിക്കാത്ത തനിക്കു മാത്രം അസഹനീയതയും വീര്‍പ്പ്മുട്ടലും!

  ReplyDelete
 49. നിങ്ങള്‍ ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്! നിര്‍ഭയത്തോടെ പോകാന്‍ നിങ്ങള്‍ക്കൊരു രാജ്യമുണ്ട്. അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നിങ്ങള്‍ക്കൊരു വീടുണ്ട്"

  ReplyDelete
 50. KaNNil nanavu padarthunna kadha👍

  ReplyDelete
 51. //സ്തബ്ധനായി നില്‍ക്കുന്ന അയാളോട് ആ പാകിസ്ഥാനി ഗദ്ഗദത്തോടെ പറഞ്ഞു : " നിങ്ങള്‍ ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്! നിര്‍ഭയത്തോടെ പോകാന്‍ നിങ്ങള്‍ക്കൊരു രാജ്യമുണ്ട്. അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നിങ്ങള്‍ക്കൊരു വീടുണ്ട്" //
  അതെ, നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാരാണ്....
  എന്നിട്ടും ഏറിവരുന്ന ഉഷ്ണത്തെയും, ധാരാളിത്തം കാട്ടുന്ന മഴയേയും , കൊതുക് കടിയേയും , പിന്നെന്തൊക്കെയും ശപിച്ചു ശപിച്ചാണ് കഴിയുന്നത്.

  ReplyDelete
 52. എന്തൊക്കെ പറഞ്ഞാലും ഇന്ത്യ ഇന്ത്യ തന്നെ അല്ലെ .

  ReplyDelete
 53. സത്യം. ഭാരതം മനോഹരം തന്നെ

  ReplyDelete
 54. തണല്‍ ....... തീര്‍ച്ചയായും നമുക്ക് തിരിച്ചു വരാനായി തണലുണ്ട് ജീവിതത്തിന്‍റെ കനത്തചൂടില്‍ നിന്ന് ഓടിയെത്തി വിശ്രമിക്കാനൊരു തണലുണ്ട്...... ഭാരതം.....
  മഹത്തായ ഈ ഭൂമികയില്‍ ജനിച്ച നമ്മള്‍ ഭാഗ്യവാന്മാർ ആണ്..... നല്ലെഴുത്തിന് ആശംസകൾ.......

  ReplyDelete
 55. അതിമനോഹരമായിരിക്കുന്നു.......

  ReplyDelete
 56. അതിമനോഹരമായിരിക്കുന്നു ആശംസകൾ...

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.