അന്നൊരു ശനിയാഴ്ച്ചയായിരുന്നു. ഉപ്പാന്‍റെ പഴയ റബര്‍ ചെരുപ്പ് വട്ടത്തില്‍ വെട്ടി ടയര്‍ നിര്‍മ്മിച്ച് വണ്ടി ഓടിക്കുന്നതില്‍ മുഴുകിയിരുന്ന എന്നെ,
ഒരു കിലോ കല്ലുപ്പും കാല്‍ക്കിലോ ശര്‍ക്കരയും വാങ്ങാന്‍ അങ്ങാടിയിലെ നാണുവേട്ടന്‍റെ 'ഈശ്വരവിലാസം' പലചരക്ക് കടയിലേക്ക് ഉമ്മ ഓടിച്ചുവിട്ടു. ഉമ്മയോട് ഒരല്‍പം അമര്‍ഷം ഉള്ളിലൊതുക്കി നടക്കവേ നാണുവേട്ടന്‍റെ കടക്കു തൊട്ടു മുന്‍പുള്ള അന്ത്രുവിന്‍റെ കടയിലെ വാടക സൈക്കിള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. അവളുടെ തലവെട്ടിച്ചുള്ള ചെരിഞ്ഞ നില്‍പ്പും തിളങ്ങുന്ന ബോഡിയും ഭംഗിയുള്ള സീറ്റും എന്നെ വല്ലാതെ ആകര്‍ഷിച്ചു. അടുത്ത് ചെന്ന് പതിയെ തലോടി, കാലുകൊണ്ട് പെഡലൊന്നു കറക്കി, സീറ്റിലെ പൊടിയൊന്നു തട്ടി, ഹെഡ് ലൈറ്റിലൊന്നു വിരലോടിച്ച് എന്‍റെ സ്നേഹം ഞാനവളോട് പ്രകടിപ്പിച്ചു. അവളെ മുഴുവനായി സ്വന്തമാക്കുന്ന കാര്യം അചിന്തനീയം! , അസംഭവ്യം! അതിനാല്‍ അരമണിക്കൂര്‍ എങ്കിലും അവളുടെ കൂടെ ചെലവഴിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ഞാന്‍ അന്ത്രുക്കാനോട് പ്രകടിപ്പിച്ചു.
" അന്ത്രുക്കാ.. അര മണിക്കൂര്‍ ഇത് വാടകക്ക് തരോ ? കാശ് ഞാന്‍ മറ്റന്നാ തര"
അതിനു മറുപടിയായി തലവെട്ടിച്ചു കണ്ണുകള്‍ കൊണ്ട് കടയുടെ ഉള്ളിലേക്ക് നോക്കാന്‍ അന്ത്രുക്ക ആംഗ്യം കാണിച്ചു.
തീരെ ഭംഗിയില്ലാത്ത കൈപ്പടയില്‍ ഒരു ഒണക്ക കാര്‍ഡ് ബോഡില്‍ വെള്ളചോക്ക് കൊണ്ട് ഇങ്ങനെ എഴുതി ചുമരില്‍ തൂക്കിയിട്ടിരിക്കുന്നു :
"ഇന്ന് രൊക്കം ..നാളെ കടം "
ഒരു വളിച്ച ചിരിയോടെ മെല്ലെ അവിടന്ന് തൊട്ടടുത്ത നാണുവേട്ടന്‍റെ കടയിലേക്ക് നടന്നു. ശര്‍ക്കരയും ഉപ്പും വാങ്ങി പറ്റിലെഴുതിയിട്ടും തിരിച്ചു പോകാതെ കോഴിയുടെ കാലില്‍ മുടിപിണഞ്ഞ പോലെ വട്ടംതിരിഞ്ഞു നില്‍ക്കുന്ന എന്നെക്കണ്ട് നാണുവേട്ടന്‍ ഉവാച:
" ഉം ...ന്തേ? "
"ഒരുര്‍പ്യ തരോ? മറ്റന്നാ തരാം "
"ന്തിനാടാ ?"
"സൈക്കിള്‍ ചവിട്ട് പഠിക്കാനാ..."
" അങ്ങനെ യ്യ് കടം വാങ്ങി ചവിട്ടു പഠിക്കണ്ട .. ചായ ഉണ്ടാക്കാന്‍ ശര്‍ക്കരക്ക് ഉമ്മ കാത്തു നിക്കണ് ണ്ടാവും .. വേം വിട്ടോ ..."
അല്ലേലും ഞങ്ങടെ നാട്ടിലെ കച്ചവടക്കാരെല്ലാം പണ്ടേ പെറ്റിബൂര്‍ഷ്വാ പിന്തിരിപ്പന്മാരും അറുപിശുക്കന്മാരുമാണ്. എനിക്ക് അയാളോട് വല്ലാത്ത ദേഷ്യം തോന്നി. കിലോക്ക് നാലു രൂപയുള്ള നല്ല അരിയില്‍ റേഷന്‍ കടയിലെ വിലകുറഞ്ഞ അരി ചേര്‍ത്ത് വിറ്റ് കാശുണ്ടാക്കുന്നവന്‍ . എത്ര കാമ്പുള്ള അടക്ക കൊണ്ട് ചെന്നാലും തുടം ഇല്ല വലിപ്പമില്ല എന്ന കള്ളം പറഞ്ഞു കാശ് കുറയ്ക്കുന്നവന്‍ . കണക്കില്‍ ഇടയ്ക്കിടെ ചാത്തന്‍ കളി കാണിച്ച് കാശുണ്ടാക്കുന്നവന്‍ . നാലു കൊല്ലത്തെ കച്ചവടം കൊണ്ട് റോഡരികില്‍ മൂന്നേക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങിയവന്‍ . കടം കൊടുക്കാന്‍ മടിയാണെങ്കിലും പോസ്റ്റൊഫിസിലെ ദേവകിക്ക് മാത്രം നിര്‍ലോഭം വാരിക്കോരി കൊടുക്കുന്നവന്‍........ഇങ്ങനെ നാണുവിന് ചാര്‍ത്തികൊടുക്കാന്‍ വിശേഷങ്ങള്‍ ഏറെ .... കോങ്കണ്ണ്‍ ഉള്ളവള്‍ക്ക് മീനാക്ഷി എന്ന് പേരിടുന്നപോലെ , ഇയാളുടെ പലചരക്ക് കടക്കു പേര് " ഈശ്വരവിലാസം" !!!! ത്ഫൂ.... അയാളോടുള്ള ദേഷ്യം തീര്‍ക്കാന്‍ അയാളറിയാതെ നിലത്തേക്ക് കാര്‍ക്കിച്ചു തുപ്പിയിട്ട് കളിയില്‍ തോറ്റ ക്രിക്കറ്റ് ടീമിന്‍റെ അവസ്ഥയില്‍ ഞാന്‍ തിരിഞ്ഞുനടന്നു .
" ഡാ.. ഇവിടെ വാടാ ..."
നാണുവേട്ടന്‍ എന്നെ തിരിച്ചുവിളിച്ചു .തികഞ്ഞ പുച്ഛത്തോടെ ഞാന്‍ അടുത്തേക്ക് ചെന്നു.
"അടയ്ക്ക കൊണ്ടുവാ.. ന്നാല്‍ കാശ് തരാം "
" അടക്ക പഴുത്തു നില്‍പ്പുണ്ട് പക്ഷെ കയറാന്‍ ആളെ കിട്ടിയിട്ടില്ല"
" ന്നാ നിന്‍റെ വീട്ടുമുറ്റത്തെ പ്ലാവിലെ ചക്ക ഒരെണ്ണം കൊണ്ടുവാ..രണ്ടുര്‍പ്പ്യ തരാം"
അതാണ് കാര്യം ... ഞങ്ങടെ വീട്ടുമുറ്റത്തെ ഭീമന്‍ പ്ലാവിലും സാധാരണ പോലെ ചക്ക തന്നെയായിരുന്നു കായ്ച്ചിരുന്നത് . എന്നാല്‍ അഴകുള്ള ചക്കയില്‍ ചുളയുണ്ടാവില്ല എന്ന പഴംചൊല്ല് അനുസരിച്ച് ആ ചക്കകള്‍ക്ക് സൌന്ദര്യം തീരെ ഇല്ലായിരുന്നു അതിനാല്‍തന്നെ അത് മൂത്ത് പഴുത്താല്‍ ആരുടേയും മനം കവരുന്ന അതീവ സുഗന്ധമായിരുന്നു. രുചിമുകുളങ്ങളെ ലഹരി പിടിപ്പിക്കുന്ന അസാധാരണ ടേസ്റ്റ് ആയിരുന്നു . അതിന്‍റെ ചുളകള്‍ക്ക് ഹരം പിടിപ്പിക്കുന്ന തേന്‍ നിറമായിരുന്നു. അതിനാല്‍തന്നെ അയല്‍പക്കത്ത് ഈ പ്ലാവ് പ്രസിദ്ധമായിരുന്നു. (ചക്ക പഴുക്കുന്ന സീസണില്‍ ബന്ധുക്കളുടെ വിരുന്നുവരവ് കൂടുതലാണോന്ന് എനിക്ക് സംശയമുണ്ടായിരുന്നു) ഇതൊക്കെയാവണം നാണുവേട്ടന്‍ ചക്കയില്‍ കേറി പിടുത്തമിട്ടത്.
ആവശ്യക്കാരന് ഔചിത്യമില്ല എന്നല്ലേ .. എന്‍റെ അടങ്ങാത്ത ആഗ്രഹം നിറവേറ്റാനായി പ്ലാവിലെ മുഴുത്തൊരു ചക്കമേല്‍തന്നെ എന്‍റെ കണ്ണ് പതിഞ്ഞു. പക്ഷേ അത് ഏറെ ഉയരത്തിലാണ്. കയറാന്‍ നിവൃത്തിയില്ല. മാത്രവുമല്ല നിറയെ പുളിയുറുമ്പുകള്‍ ഉണ്ട് താനും. അതിനാല്‍ എറിഞ്ഞു വീഴ്ത്തുക മാത്രമേ പോംവഴിയുള്ളൂ. വല്ല മാങ്ങയോ പുളിയോ ആയിരുന്നെങ്കില്‍ വടി കൊണ്ട് എറിഞ്ഞു വീഴ്ത്താം . പക്ഷെ മഹാനായ ചക്കയെ വീഴ്ത്താന്‍ എളുപ്പം കഴിയില്ലല്ലോ . അതിനാല്‍ ഉമ്മാന്‍റെ ഏറ്റവും വലിയ ആയുധമായ , ഇന്ന് ആളുകള്‍ മൊബൈല്‍ ഫോണ്‍പോലെ കൊണ്ടുനടക്കുന്ന, സന്തതസഹചാരിയായ വെട്ടുകത്തിതന്നെ ഞാന്‍ ഉമ്മ അറിയാതെ കൈക്കലാക്കി ചക്കയെ ഉന്നം വച്ച് എറിയാനാരംഭിച്ചു.
പണ്ടേ എനിക്ക് നല്ല ഉന്നം ആയതിനാല്‍ എറിഞ്ഞ നാല് പ്രാവശ്യവും ചക്കയുടെ കൃത്യം ഒരു മീറ്റര്‍ അകന്നുമാറി വെട്ടുകത്തി സഞ്ചരിക്കുകയും ലക്ഷ്യത്തിലെത്താത്ത റോക്കറ്റ് കടലില്‍ പതിക്കും പോലെ എവിടെയൊക്കെയോ പോയി വീഴുകയും അതിലൊരു പ്രാവശ്യം വീടിന്‍റെ ഓട്ടിന്‍പുറത്ത് വീണു ഒന്ന് രണ്ടു ഓടുകള്‍ക്ക് പൊട്ടല്‍ വീഴുകയും ചെയ്തു . (ഇപ്പോള്‍ തല്ക്കാലം പ്രശ്നമൊന്നും കാണില്ല . എന്നാല്‍ അടുത്ത മഴയില്‍ മുറിയില്‍ നിളാനദി ഒഴുകുമ്പോഴേ ഓടു പൊട്ടിയ വിവരം പുറംലോകമറിയൂ) ശബ്ദം കേട്ട് ഉമ്മ മുറിയില്‍ വന്നു നോക്കുകയും തെങ്ങില്‍ നിന്ന് മെച്ചിങ്ങ വീണതാവാം എന്ന് കരുതി തിരിച്ചുപോവുകയും ചെയ്തു. പക്ഷെ അടുത്ത ഏറിനു ഞാന്‍ ലക്‌ഷ്യം കണ്ടു. കിറുകൃത്യമായി വെട്ടുകത്തി ചക്കയില്‍ കൊണ്ടു . പക്ഷെ... പെണ്ണിനെ കൂട്ടിക്കൊണ്ടുവരാന്‍ പോയ മണവാളന്‍ അച്ചിവീട്ടില്‍ സ്ഥിരതാമസമാക്കിയപോലെ, ചക്കയുടെ മധ്യഭാഗത്തായി വെട്ടുകത്തി തറഞ്ഞുകേറി തിരിച്ചു വരാതെ ഇരിപ്പുറപ്പിച്ചു!! ഇപ്പോഴതിന്‍റെ പിടി മാത്രം പുറത്തേക്കു കാണാം.
ഗ്യാസ് പോയ സോഡ പോലെയായ ഞാന്‍ ആകെ തളര്‍ന്ന് വരാന്തയിലിരുന്നു. തലേന്ന് മലയാളം ക്ലാസില്‍ ദിവാകരന്‍ മാഷ് പഠിപ്പിച്ച 'ഇതികര്‍ത്തവ്യഥാമൂഢന്‍' എന്ന വാക്കിന്‍റെ യഥാര്‍ത്ഥ അര്‍ഥം അപ്പോഴാണെനിക്ക് പിടികിട്ടിയത് !!
കുറെ കഴിഞ്ഞപ്പോള്‍, തന്‍റെ ആഭരണം പോയതിനേക്കാള്‍ ടെന്‍ഷനില്‍ ഉമ്മ തന്‍റെ വെട്ടുകത്തി തിരയാനാരംഭിച്ചു. ഡോക്ടര്‍ക്ക് സ്റ്റെതസ്കോപ്പ് പോലെ ഉമ്മാന്‍റെ പണിയായുധമാണല്ലോ അത് ! എന്നെ വിളിച്ചു വെട്ടുകത്തി കണ്ടോ എന്ന് തിരക്കി. നേരത്തെ ഇവിടെ കണ്ടതാണല്ലോ എന്ന് ഞാനും .. ..!
കൊല്ലപ്പെട്ടവന്‍റെ ശവസംസ്ക്കാരചടങ്ങില്‍ സജീവമായി പങ്കെടുക്കുന്ന കൊലയാളിയുടെ മനസ്സോടെ തിരച്ചിലില്‍ ഞാനും ഉമ്മക്കൊപ്പം കൂടി.
"ഇവിടെ തപ്പിയിട്ടു കാര്യമില്ല മ്മാ ... പ്ലാവിന്‍റെ മണ്ടേല്‍ പോയി നോക്കണം " എന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ .. കോഴിയെ പിടിക്കാനോടിയ നായയുടെ കാല്‍ എറിഞൊടിച്ച അതേ വെട്ടുകത്തിയാണ്, അതേ ഉമ്മയാണ്. സൂക്ഷിക്കണം.
അന്ന് രാത്രി എനിക്കുറക്കം വന്നില്ല. ഭയം എന്നെ വല്ലാതെ കീഴ്പ്പെടുത്തി. അതിരാവിലെ , മുറ്റത്ത് വീണ പ്ലാവിലകള്‍ പെറുക്കാന്‍ അയല്‍പ്പക്കത്തെ പിള്ളാര്‍ വരാറുണ്ട് . അവരുടെ ആടിനുള്ള പ്രാതല്‍ ആണത് . ആ വെട്ടുകത്തിയെങ്ങാനും ചക്കയില്‍നിന്ന് ഊര്‍ന്ന് വീണ് ആരടെയെങ്കിലും തലേല്‍ തറച്ചുകേറിയാല്‍....... പടച്ചോനേ !! ആ ചക്കയുടെ അവസ്ഥയാവില്ലേ ? പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ !! എന്‍റെയുള്ളില്‍ തരിപ്പ് ഇരച്ചു കയറി. ആ രാത്രിയിലും ഞാന്‍ വിയര്‍പ്പില്‍ കുളിച്ചു . മുന്നില്‍ ഒരു കുറുക്കുവഴിയും തെളിഞ്ഞുവരുന്നുമില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴോ മയങ്ങിപ്പോയി.
മുറ്റത്ത് കുട്ടികളുടെ ബഹളം കേട്ടാണ് ഉറക്കില്‍ നിന്നുണര്‍ന്നത്! പിടഞ്ഞെഴുന്നേറ്റ് പുറത്തേക്കു കുതിച്ച ഞാന്‍ ആദ്യം ഒന്ന് ഞെട്ടി!! അവര്‍ ചുറ്റും കൂടി എന്തോ ചെയ്യുകയാണ് . ഉള്‍ഭയത്തോടെ ഞാന്‍ എല്ലാവരുടെയും തലയിലേക്ക് നോക്കി . ഇല്ല.. ആരുടേയും തലയില്‍ വെട്ടുകത്തി തറച്ചുകേറിയിട്ടില്ല. ആരും നിലവിളിക്കുന്നില്ല. കുറച്ചുകൂടി അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് സംഗതി എന്താണെന്ന് ബോധ്യമായത്. ഏറുകൊണ്ട ചക്കയുടെ പാതിയും വെട്ടുകത്തിയും കൂടി താഴെ വീണിരിക്കുന്നു. ആ ചക്ക തിന്നാന്‍ വേണ്ടിയാണ് പിള്ളേര്‍ അടിപിടി കൂടുന്നത് . ഗ്രഹണി പിടിച്ച പിള്ളാര്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയപോലെ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോഴത് ബോധ്യമായി . നിമിഷനേരം കൊണ്ടാണ് ഒരു ചുളപോലും എനിക്ക് തരാതെ കശ്മലന്മാര്‍ മൊത്തം തിന്നുതീര്‍ത്തത് !!
വീണ ഉടനെ എന്‍റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ നാണുവേട്ടനുകൊടുത്തു ഒരു രൂപയെങ്കിലും വാങ്ങി ഒരു മണിക്കൂര്‍ സൈക്കിള്‍ ചവിട്ടു പഠിക്കാമായിരുന്നു. ഞാന്‍ മേലേക്ക് നോക്കി . പാതി ഉടല്‍ നഷ്ടപ്പെട്ട ദുഖത്താല്‍ അത് ചക്കപ്പശ ഒഴുക്കി കണ്ണീര്‍ വാര്‍ത്തു നില്‍ക്കുകയാണ് . താഴെ വീണ വെട്ടുകത്തി കൈക്കലാക്കി പിള്ളാരെ ഭീഷണിപ്പെടുത്തി ഓടിച്ചതിന്ശേഷം , ജ്യൂസ് പിഴിഞ്ഞെടുത്ത കരിമ്പിന്‍ ചണ്ടിപോലെ കിടക്കുന്ന ചക്കയുടെ അവശിഷ്ടം എടുത്തു ദൂരെ എറിഞ്ഞു. പിന്നെ ഇതൊന്നുമറിയാതെ അടുക്കളയില്‍ പുട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഉമ്മയുടെ അടുത്തെത്തി , കാണാതായ മകനെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുന്ന പോലീസുകാരന്‍റെ ഭാവത്തില്‍ വെട്ടുകത്തി അവരെ ഏല്‍പ്പിച്ചു.
"ഇതെവിടന്നു കിട്ടിയെടാ...?"
" പ്ലാവിന്‍റെ ചുവട്ടില്‍ നിന്ന് ..." ഞാന്‍ ഉള്ള സത്യമങ്ങ് തുറന്നു പറഞ്ഞു !
"ന്നാ വേഗം ഈ തേങ്ങയോന്നു പോതിച്ചു താ ..പുട്ടിനു തേങ്ങയില്ല .."
ഉമ്മാന്‍റെ സംസാര ശൈലിയില്‍നിന്നു എന്നെ സംശയം ഉണ്ടോന്നു എനിക്കൊരു സംശയം!!! അതിരാവിലെ കിട്ടിയ എട്ടിന്‍റെ പണിയായിപ്പോയി! ചെയ്തില്ലെങ്കില്‍ എന്നെ അന്ന് ഉമ്മ ഉണക്കപ്പുട്ട് തീറ്റിക്കേം ചെയ്യും. നല്ല അനുസരണയോടെ വെട്ടുകത്തി കൊണ്ട് വളരെ പണിപ്പെട്ട് തേങ്ങപൊതിച്ച് വെറുംവയറ്റില്‍ പല്ലുപോലും തേക്കാതെ തേങ്ങാവെള്ളവും കുടിച്ചു ഞാന്‍ അടുത്ത പദ്ധതിയെ കുറിച്ച് ആലോചനയില്‍ മുഴുകി.
അന്ത്രുവിന്‍റെ കൊച്ചു സൈക്കിള്‍ എനിക്ക്ചുറ്റും വട്ടം കറങ്ങിക്കൊണ്ടിരുന്നു. അവ എന്നെ വല്ലാതെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. നാളെ സ്കൂള്‍ തുറക്കും . അതിനാല്‍ ഇന്നുതന്നെ എന്തുവന്നാലും എന്‍റെ ആഗ്രഹം നടപ്പാക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചു. വലിയ വലിയ കക്ഷികളായ ചക്കയെ ഉപേക്ഷിച്ച് ചെറിയ ചെറിയ അടക്ക പോലെയുള്ളവരെ സമീപിക്കുകയാണ് നമ്മുടെ തടിക്കു നല്ലത് എന്ന് മനസ്സ് പറയുന്നു.
കിണറിനു ചുറ്റും പരന്നുകിടക്കുന്ന കമുകിന്‍തോപ്പിലെ ഏറ്റവും മുഴുത്തതും പഴുത്തതുമായ അടക്കാക്കുലയിലേക്ക് നോക്കി ഞാന്‍ വെള്ളമിറക്കി.
പിന്നെ കാത്തുനിന്നില്ല. ഉമ്മ ഉണക്കാന്‍ അയലിലിട്ട തോര്‍ത്തുമുണ്ട് കൈക്കലാക്കി വട്ടത്തില്‍ മുറുക്കിക്കെട്ടി കാലില്‍ അണിയാനുള്ള 'തളപ്പ്' ഉണ്ടാക്കി. മെല്ലെ ആ കമുകിനെ കെട്ടിപ്പിടിച്ചു വളരെ ബുദ്ധിമുട്ടോടെ കേറാന്‍ ആരംഭിച്ചു. നേരിയ വഴുവഴുപ്പൊന്നും എന്നെ ഭയപ്പെടുത്തിയില്ല. നേരം ശരിക്കുമങ്ങ് വെളുത്തുവരുന്നേയുള്ളൂ.. ഏകദേശം ഒന്നര മിനിട്ട്കൊണ്ട് മേലെയെത്തി ഒരു കൈ കൊണ്ട് അടക്കാക്കുലയില്‍ പിടിച്ചു വലിച്ചതും .. ഒരു നിമിഷം !!!!
എന്‍റെ കണ്ണുകള്‍ തുറിച്ചു! ഉള്ളിലൂടെ ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയി !! ശരീരം മൊത്തം ഒരു വിറയല്‍ !! അടക്കാക്കുലയില്‍ ഒരു മുട്ടന്‍ പാമ്പ് !!!!! ഞാന്‍ അറിയാതെ കമുകിലൂടെ ഊര്‍ന്നിറങ്ങിപ്പോയി ! ഒപ്പം അടക്കാകുലയും പാമ്പും താഴെ വീണു. ഒന്നര മിനിട്ട് കൊണ്ട് മേലെയെത്തിയ ഞാന്‍ ഒറ്റ സെക്കണ്ട് കൊണ്ട് താഴെയെത്തി. ഞാനാണോ അടക്കാകുലയാണോ പാമ്പാണോ ആദ്യം താഴെയെത്തിയതെന്നു ഇപ്പോഴും എനിക്കറിയില്ല.
ആകെ ഭയന്ന ഞാന്‍ പെട്ടെന്ന് ഉരുണ്ടുപിരണ്ട് മുറ്റത്ത് ചെന്ന്‍ ഇരുന്നു. പേടിച്ചരണ്ട പാമ്പ് എങ്ങോട്ടോ ഓടി രക്ഷപ്പെട്ടു. പാവം , ജീവനില്ലാത്ത അടക്കാക്കുല മാത്രം താഴെ ബാക്കിയായി.
സ്ഥലകാലബോധം വന്നപ്പോഴാണ് അറിഞ്ഞത്.... എവിടെയൊക്കെയോ അസഹ്യമായ നീറ്റല്‍!! ചുറ്റുവട്ടവും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി ഉടുമുണ്ട് മെല്ലെ പൊക്കി വകഞ്ഞുമാറ്റിനോക്കിയ ഞാന്‍ ഞെട്ടിപ്പോയി !!!
രണ്ടാം ഭാഗം ഇവിടെ അമര്‍ത്തി വായിക്കാം .