February 21, 2010

കൊസ്രാക്കൊള്ളി


  എന്റെ സ്നേഹിതന്‍ കൊച്ചാപ്പു മരിച്ചിട്ട് പതിനഞ്ചു വര്‍ഷം കഴിഞ്ഞു. അതിനു ശേഷം ഇപ്പോഴാണവനെ വീണ്ടും കാണുന്നത്! കാലം അവന്റെ ശരീരത്തില്‍ അനേകം മാറ്റങ്ങള്‍ വരുത്തിയെങ്കിലും എനിക്കവനെ തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല .അവന്റെ പിതാവിന്റെ മുഖഭാവവും അംഗവിക്ഷേപങ്ങളുമെല്ലാം അവനിലും പ്രകടമാകയാല്‍ കൊച്ചാപ്പു തന്നെയെന്ന് തീര്‍ച്ച‍യായതതിനു പുറമേ അവന്റെ സംസാരത്തില്‍ നിന്ന് മറിച്ചൊരു ശങ്ക വരാന്‍ ന്യായവുമുണ്ടായിരുന്നില്ല.അവന്റെ തിരിച്ചു വരവ് നാട്ടില്‍ കൌതുകകരമായ വിഷയമായി. ആഗതന്‍ സ്വത്തു തട്ടിയെടുക്കാന്‍ വന്ന വിരുതനാണെന്ന സംശയം ഉള്ളില്‍ മറച്ചു പിടിച്ചു ചിലരവനോട് സ്നേഹം ഭാവിച്ചു.സന്തോഷം പ്രകടിപ്പിക്കാന്‍ ചിലര്‍ ഗാഢമായി ആലിംഗനം ചെയ്തു. അപൂര്‍വം ചിലര്‍ പ്രേതമോ പരകായനോ എന്ന ഭയത്താല്‍ മാറി നടന്നു.റെയില്‍വേ ട്രാക്കില്‍ മരിച്ചു കിടന്ന കൊച്ചാപ്പുവിനെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ചതും ശേഷക്രിയകളും മറ്റു ചടങ്ങുകളുമൊക്കെ ഭയാശങ്കയോടെ വീക്ഷിച്ചതും മറക്കാത്ത ഓര്‍മയായി ഇപ്പോഴും എന്റെ ഉള്ളിലുണ്ട്.അവന്റെ അകാല നിര്യാണത്തില്‍ ഏറെക്കാലം മനോവ്യഥ അനുഭവിച്ചതുമാണ് .  പുത്രവിയോഗത്തിന്റെ ദു:ഖവുമായി അവന്റെ പിതാവ് കണ്ണടച്ചു. രോഗാതുരയായ മാതാവിനാകട്ടെ കൊചാപ്പുവിന്റെ പുനര്‍ജ്ജന്മം രോഗശമനമുണ്ടാക്കുകയും ആഹ്ലാദവതിയാക്കുകയും ചെയ്തു . എന്നാല്‍ എല്ലാവര്‍ക്കു മുന്നിലും ഒരു ചോദ്യചിഹ്നം തൂങ്ങിക്കിടന്നു. ഒരു വ്യാഴവട്ടക്കാലത്തിലധികമായി  കൊചാപ്പുവിന്റെ വീട്ടുവളപ്പില്‍ ഉറങ്ങുന്ന വ്യക്തി ആര്? പേരെന്ത്? നാടേത്? ഏതായാലും അതിനുത്തരം തേടുന്നതിനുമുന്‍പ് കൊചാപ്പുവിന്റെ ഭൂതകാലമൊന്നു ചികഞ്ഞു നോക്കാം.

           വീണ്ടുവിചാരമില്ലാതെ ഓരോന്ന് ചെയ്തു ഗുലുമാലില്‍ ചെന്ന് ചാടുന്നവരുടെ  മുന്‍നിരയിലായിരുന്നു കൊച്ചാപ്പു. പലിശക്ക് കടമെടുക്കുകയും ആ പലിശയടക്കാന്‍ വീണ്ടും പലിശക്ക് വാങ്ങുകയും ചെയ്യുന്നതു പോലെ ,ഓരോ കുഴപ്പത്തില്‍ ചെന്ന് ചാടുകയും അതില്‍ നിന്ന്     രക്ഷപ്പെടാന്‍ വേറെ സൂത്രമൊപ്പിച്ചു വീണ്ടും ഗുലുമാലില്‍ പെടുകയും ചെയ്യാനായിരുന്നു അവന്റെ യോഗമെങ്കിലും അവനെന്റെ നല്ല കൂട്ടുകാരനായിരുന്നു. അവന്റെ വീട്ടുവളപ്പിലെ മാങ്ങയും പേരക്കയും വാളന്‍പുളിയും എല്ലാം ട്രൌസറിന്റെ പോക്കറ്റിലിട്ടു കൊണ്ടുവന്നു സ്നേഹപൂര്‍വ്വം അവനെനിക്ക്  നല്‍കിയിരുന്നു. വീട്ടില്‍ വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന വെണ്ണയില്‍ നിന്ന് വീട്ടുകാരറിയാതെ വലിയൊരു ഭാഗം രഹസ്യമായി അവനെനിക്ക് തന്നതും സ്വതേ പ്രാരാബ്ധക്കാരനായ ഞാന്‍ പുതുനെല്ല് കണ്ട എലിയെപ്പോലെ മുഴുവനും അതിവേഗം വെട്ടിവിഴുങ്ങിയതും വയറിളക്കം ബാധിച്ചു രണ്ടുനാള്‍ കിടപ്പിലായാതുമൊക്കെ ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട് . കൌമാരത്തിന്റെ വികൃതിയും തിമിര്‍പ്പുമായി ഞങ്ങളങ്ങനെ പാറി നടന്നു . 

തീര്‍ത്തും അല്ലലില്ലാത്തതായിരുന്നു കൊചാപ്പുവിന്റെ കുടുംബം.നാട്ടുപ്രമാണിയായ പിതാവ് . പാടവും പറമ്പുമായി അനേകം കൃഷിയിടങ്ങള്‍.ട്രാക്ടറുകള്‍ അപൂര്‍വ്വമായിരുന്ന അക്കാലത്ത്  മല്ലന്മാരായ ഒന്‍പതു ഉഴവുപോത്തുകള്‍ . ആണും പെണ്ണുമായി അനേകം തൊഴിലാളികള്‍ . ഓടിട്ട ഇരുനില മാളിക. അതില്‍ ഗര്‍ഭം ധരിച്ച അനേകം പത്തായങ്ങള്‍. മുറ്റത്ത്‌, തെങ്ങോല കൊണ്ട് മുലക്കച്ചയണിഞ്ഞ വൈക്കോല്‍ കൂനകള്‍...

എട്ടും പൊട്ടും തിരിയാത്ത കുട്ടിത്തത്തില്‍ നിന്നു വിട്ടുമാറി എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന തട്ട് പൊളിപ്പന്‍ പ്രായം.കാഴ്ചകളെന്തും കൌതുകത്തോടെ നോക്കുന്ന കൌമാരം. കോണ്‍വെന്റുകളും ഇന്ഗ്ലിഷ് മീഡിയം സ്കൂളുകളും വ്യാപകമല്ലാത്ത അക്കാലത്ത് സര്‍ക്കാര്‍ വിദ്യാലയത്തില്‍ വര്‍ഗ്ഗ വര്‍ണ്ണ സമ്പന്ന ദരിദ്ര ഭേദമന്യേ തോട്ടുരുമ്മിയിരുന്നാണ് പഠനം.പുതുമഴയത്ത്  തിമിര്‍ക്കുന്ന ഈയാംപാറ്റകളെ പ്പോലെ ഒരേ യൂനിഫോമണിഞ്ഞ വസ്ത്രധാരണ രീതി അന്നില്ലായിരുന്നു. ഇഷ്ടമുള്ളത് ധരിക്കാം. ഗഗന സഞ്ചാരികളെ ഓര്‍മ്മിപ്പിക്കുമാരു മുതുകത്ത്‌ കെട്ടിവച്ച സ്കൂള്‍ ബാഗുമായി കൂനിക്കൂടിയ നടത്തം അന്നില്ലായിരുന്നു.പുസ്തക സംരക്ഷണത്തിന് ഇലാസ്റ്റിക്കോ പ്ളാസ്റിക് സഞ്ചിയോ ധാരാളം.ആടിന്റെ കഴുത്തില്‍ കെട്ടിയ കയറു പോലെ 'കണ്ഠകൌപീനം' ധരിക്കുന്ന രീതി ആര്‍ക്കുമുണ്ടായിരുന്നില്ല.അങ്ങിങ്ങ് ബട്ടനടര്‍ന്നതും കശുമാങ്ങക്കറ പുരണ്ടതുമായ വസ്ത്രങ്ങള്‍ തന്നെ ഭൂരിഭാഗത്തിനും. വീട്ടുവരാന്തയില്‍ നിന്ന് നേരെ വാഹനത്തിലെക്കും അതില്‍ നിന്ന് സ്കൂള്‍ വരാന്തയിലെക്കുമുള്ള ഇന്നത്തെ രീതിക്ക് പകരം ,കൂട്ടുകാരുമൊത്ത് വെടി പറഞ്ഞുനടന്നും വഴിയരികിലെ മാവിലേക്ക് ഉന്നം പരീക്ഷിച്ചും വിളഞ്ഞുനില്‍ക്കുന്ന നെല്ക്കതിര്‍ ഊരിക്കൊറിച്ചും അല്പം വൈകിയാണെങ്കിലും സ്കൂളിലെത്തിയിരുന്നതിന്റെ സുഖമൊന്നു വേറെ.സ്കൂളിന്റെ ശോച്യാവസ്ഥ യോ  അധ്യാപകരുടെ പഠനരീതിയോ ഒന്നും ആര്‍ക്കും പ്രശ്നമായിരുന്നില്ല .

 ആയിടക്കാണ് സുരിയാനിയായ സൂസമ്മടീച്ചറും ബ്രാഹ്മണനായ ബ്രഹ്മാനന്ദന്‍ മാഷുമായുള്ള കിന്നാരങ്ങള്‍ കൊച്ചാപ്പുവിന്റെ ശ്രദ്ധയില്‍ പെട്ടത്. പ്രേമവും ചുമയും ഒളിപ്പിച്ചു വെക്കാനാവില്ലല്ലോ.പരിധിക്കപ്പുറം കടക്കുന്നുവെന്ന തോന്നലിലാവാം,സ്വതേ കാര്‍ക്കശ്യക്കാരനും ക്ഷിപ്രകോപിയുമായ ബ്രഹ്മാനന്ദന്‍ മാഷിനോടുള്ള അനിഷ്ടം പ്രകടിപ്പിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരം കൊച്ചാപ്പു പാഴാക്കിയില്ല. മാഷിനെയും ടീച്ചറെയും ബന്ധിപ്പിച്ചുള്ള പ്രേമലീലവര്‍ണ്ണനകള്‍ സ്കൂളിലെ സ്വതേ വൃത്തിഹീനമായ മൂത്രപ്പുരകളിലും ചുമരുകളിലും നിറഞ്ഞുനിന്നു.ഏതു സ്വേച്ചാധിപതിയെയും വെല്ലുവിളിക്കാന്‍ ഏതു ഞാഞ്ഞൂലിനും ധൈര്യം പകരുന്നവയാണ് പോതുകക്കൂസുകളും പിന്‍ചുവരുകളും. ഏതു നിരക്ഷരനും സാഹിത്യകാരനായിപ്പോകുന്ന കേന്ദ്രങ്ങള്‍!!

  വര്‍ണ്ണനകളും ചിത്രങ്ങളും അതിരുകടന്നതിനാലാവാം സ്കൂളിലത് ഒച്ചപ്പാടുണ്ടാക്കി. മാഷ്‌ നിന്ന് തിളച്ചു. ടീച്ചര്‍ മുഖം പൊത്തിക്കരഞ്ഞു.. ജൂതാസുമാര്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. തെളിവുസഹിതം കൊച്ചാപ്പു പിടിക്കപ്പെട്ടു. ഫലം- സര്‍വ്വസാധാരണം. രക്ഷിതാവിനെ കൊണ്ട് വരാതെ ക്ലാസ്സില്‍ കയറാന്‍ പാടില്ല.എന്നാല്‍ കൊച്ചാപ്പുവിനിത് ആദ്യാനുഭാവമായിരുന്നു. അവന്‍ ഞെട്ടി!  ചൂരലടി, എത്തമിടല്‍, ക്ലാസിനുപുറത്തു നിര്‍ത്തല്‍, ഇമ്പോസിഷന്‍ എന്നിവയെല്ലാം സഹിക്കാം. അതൊക്കെ അനുഭവിച്ചതുമാണ്. പക്ഷെ ഇത് അസംഭവ്യം, അചിന്തനീയം, അപകടകരം...നാട്ടുപ്രമാണിയും മിതഭാഷിയും ഗൌരവസ്വഭാവവും തീപാറുന്ന കണ്ണുകളും പരുക്കന്‍ ശബ്ദവും കാരിരുമ്പിന്റെ ശരീരവുമുള്ള പിതാവ്‌ മകനുവേണ്ടി സ്കൂളില്‍ കയറുന്നത് പോകട്ടെ, അദേഹത്തോടെങ്ങനെ പ്രശ്നമവതരിപ്പിക്കുമെന്നതാലോചിച്ചു കൊച്ചാപ്പു നിന്ന് വിറച്ചു. വല്ല ഡമ്മി പിതാവിനെയും കൊണ്ടുവരുന്ന പഴയ സൂത്രവും നടപ്പില്ല. കാരണം അദ്ദേഹം അധ്യാപകര്‍ക്കൊക്കെ സുപരിചിതനുമാണ്. ഇനിയെന്ത് ചെയ്യും? ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. ഉടനെ ഒരു പോംവഴി കണ്ടെത്തണം.
             അങ്ങനെ കൊച്ചാപ്പുവിന്റെ ബുദ്ധി പ്രവര്‍ത്തിക്കാനാരംഭിച്ചു. ഒരു ജനറലിനെ കീഴ്പ്പെടുത്താന്‍ ആദ്യം അയാളുടെ കുതിരയെ വെടിവെക്കണമെന്ന ചൊല്ല് കൊച്ചാപ്പുവിനു അറിയില്ലെങ്കിലും ആ വഴിക്ക് തന്നെയാണവന്‍ ചിന്തിച്ചത്. മാഷിനെ വശത്താക്കാന്‍ സൂസമ്മടീച്ചറെ ചെന്ന് കാണുക.അവരെ വശീകരിക്കാന്‍ അവരുടെ ബലഹീനത കൂടി അറിയണം. തിരക്കിട്ട ചിന്തയില്‍, 'കൊറ്റിയിറച്ചി' എന്ന് കേട്ടാല്‍ തന്നെ ടീച്ചറുടെ വായില്‍ വെള്ളപ്പൊക്കം ഉണ്ടാവുമെന്ന് ഞാന്‍ തന്നെയാണ് അവനു പറഞ്ഞുകൊടുത്തത്‌.അന്നെ ദൌര്‍ലഭ്യമുണ്ടായിരുന്ന  കൊറ്റിയിറച്ചി എത്ര വലിയ വിലകൊടുത്തുവാങ്ങാനും അവര്‍ തയ്യാറായിരുന്നു.അപ്പോള്‍പിന്നെ സൗജന്യമായി ലഭിച്ചാല്‍ വിടുമോ?

അന്ന് വൈകീട്ട് കൊയ്തൊഴിഞ്ഞ പാടത്ത്‌ അങ്ങിങ്ങ് ഇര തേടുന്ന കൊറ്റികളെ നോക്കി കൊച്ചാപ്പു വെള്ളമിറക്കി.നേര്‍ത്ത നൈലോണ്‍ നൂല് കൊണ്ട് കുരുക്കുകളുണ്ടാക്കി അവയുടെ അറ്റം ചെറിയ മരക്കുറ്റിയില്‍ കെട്ടി വയലില്‍ നിലത്ത് ഉറപ്പിച്ച ശേഷം അക്ഷമയോടെ ദൂരെ തെങ്ങിന്‍ചുവട്ടില്‍ അവനിരുന്നു. സമയം പോയത് മിച്ചം!! കൊറ്റികള്‍ കുരുക്കുകളുടെ നാലയലത്ത്പോലും വന്നില്ല. പൊടുന്നനെ അവന്റെ മണ്ടയില്‍ വേറൊരു ആശയമുദിച്ചു. പാടത്ത് ചാടിത്തിമിര്‍ത്തിരുന്ന തവളക്കുഞ്ഞിനെ ശ്രമകരമായി പിടികൂടി നൂലിലെ കുരുക്കില്‍ മുറുക്കിക്കെട്ടി.ഒപ്പം ഇരുമ്പിന്‍റെ ഒരു കൊളുത്തും. പാടത്ത് മേയാന്‍ വിട്ടിരുന്ന അവന്റെ വീട്ടിലെ ഒരു ഉശിരന്‍ പോത്തിന്റെ വാലില്‍ നൂലിന്റെ മറ്റേ അറ്റം ബന്ധിച്ചു.സ്വതേ വിശ്രമിക്കാത്ത വാലിനൊപ്പം തവളക്കുഞ്ഞും മരണവെപ്രാളത്തില്‍ ചാടിക്കൊണ്ടിരുന്നു. അധികസമയം കൊച്ചാപ്പുവിനു കാത്തിരികേണ്ടിവന്നില്ല,മുഴുത്ത ഒരു കൊറ്റി പറന്നു വന്നു കൂടുതലൊന്നും ആലോചിക്കാതെ ആവേശത്തോടെ തവളക്കുഞ്ഞിനെ വിഴുങ്ങി ഒപ്പം കൊളുത്തും. തോണ്ടയിലെവിടെയോ കൊളുത്ത് അമര്‍ന്നപ്പോള്‍ കൊറ്റിക്ക് വെപ്രാളമായി. തല ശക്തിയായി കുടയുകയും ഒപ്പം കൊളുത്ത് പൂര്‍വാധികം ബലത്തില്‍ കഴുത്തിലമരുകയും ചെയ്തു. അത് കണ്ട കൊച്ചാപ്പു ആഹ്ലാദത്താല്‍ നിലത്തുനിന്നുയര്‍ന്നു. 'ഘ്രാ....." മരണവക്ത്രത്താല്‍ കൊറ്റിയുടെ തൊണ്ടയില്‍ നിന്ന് ഭീകരശബ്ദം പുറത്തുവന്നുകൊണ്ടിരുന്നു. അത്തരമൊരു ശബ്ദം ആദ്യമായാണ്‌ കൊച്ചാപ്പു കേള്‍ക്കുന്നത്!ശാന്തനായി മേഞ്ഞിരുന്ന പോത്തിനും ആ ശബ്ദം അപരിചിതമായിരുന്നു.പേടിച്ചുവിരണ്ട് സമനില തെറ്റിയ പൊത്ത് ഓടാനാരംഭിച്ചു,അതിന്റെ ജീവിതത്തില്‍ ഇതുവരെ ഓടാത്തത്രയും വേഗത്തില്‍!! അതിനൊപ്പം ഭീകരശബ്ദവുമായി നൂലില്‍ ബന്ധിക്കപ്പെട്ട കൊറ്റിയും!! എത്ര ദൂരം എത്ര നേരം ഓടിയെന്നറിയില്ല,എത്ര വിളകള്‍ നശിച്ചുവെന്നറിയില്ല. നാട്ടുകാര്‍ ഭയവിഹ്വലരായി. പോത്തിന്റെ ഇടിയേറ്റ് തുടയെല്ല് പൊട്ടിയും പ്രഷ്ടം തകര്‍ന്നും പേടിച്ചോടിയപ്പോള്‍ വീണു മൂക്ക് ചതഞ്ഞും മൂന്നാല് പേര്‍ ആസ്പത്രിയിലായി.ഓടിത്തളര്‍ന്ന പോത്തിനെ നാട്ടുകാര്‍ എപ്പോഴോ കീഴ്പ്പെടുത്തി  തളച്ചു.അന്നേരം വാലിന്‍തുമ്പത്തെ നൂലില്‍ കൊറ്റിയുടെ തല മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.  അത് കണ്ട നാട്ടുകാര്‍ക്ക് സംഗതിയുടെ പോരുളെന്തെന്നു എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല.

  ഏതായാലും കൊച്ചാപ്പുവിന്റെ ബുദ്ധി കൊണ്ട് പിതാവിന് ലാഭമെന്തെന്നാല്‍ - അന്നെ മാര്‍ക്കറ്റില്‍ നല്ല വിലകിട്ടുമായിരുന്ന മുഴുത്ത പോത്തിനെ സൌജന്യവിലക്ക് അറവുകാരന് നല്‍കേണ്ടിവന്നു. ആശുപത്രിയിലായവര്‍ക്ക് ഭീമമായ നഷ്ടപരിഹാരം. ഒപ്പം നാട്ടുകാര്‍ക്ക് രസകരമായ സംസാരവിഷയവും.

 എങ്ങിനെയോ സംഗതിയുടെ പൊരുളറിഞ്ഞ കൊച്ചാപ്പുവിന്റെ പിതാവ്‌ കോപത്താല്‍ നിന്ന് തിളച്ചു.സ്കൂളില്‍ മാത്രമല്ല സ്വന്തം വീട്ടിലും കയറാനാവാതെ പരിഭ്രാന്തനായി കൊച്ചാപ്പു നിന്ന് വിറച്ചു. എന്ത് ചെയ്യണമെന്നു ഒരു പിടിയുമില്ല. എല്ലാ വഴിയും അടഞ്ഞു കിടപ്പാണ്. ദീര്‍ഘമായ ആലോചനക്കൊടുവില്‍ ഒറ്റവഴിയെ കൊച്ചാപ്പു കണ്ടുള്ളൂ - നാട് വിടുക..
 
  ലകഷ്യമില്ലാത്ത യാത്രകളായിരുന്നു പിന്നീട്..എവിടെയോ എത്തിപ്പെട്ടു. എന്തൊക്കെയോ ജോലികള്‍ ചെയ്തു. പല കൈത്തൊഴിലുകളും പഠിച്ചു . വയര്‍ ആണല്ലോ എല്ലാ കലകളും പഠിപ്പിക്കുന്നത്! എത്ര വര്‍ഷങ്ങളെന്നറിയില്ല. വയറിനെ പട്ടിണിക്കിടരുത് എന്ന ഒറ്റലക്‌ഷ്യം മാത്രമായിരുന്നു എന്നതിനാല്‍ ഏറെക്കുറെ തലയോട്ടി പട്ടിണിയിലായിരുന്നു. വായ തുറന്നും കണ്ണുകള്‍ അടച്ചും പിടിച്ചു.  മരവിക്കുന്നത് വരെ അദ്ധ്വാനിച്ചു. വിയര്‍ക്കുന്നത് വരെ തിന്നു. വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. പിന്നെപ്പിന്നെ മനസ്സിന്റെ കോണുകളില്‍ അടിഞ്ഞുകിടന്നിരുന്ന ഗൃഹാതുരത്വത്തിന്റെ കണികകള്‍ക്ക് പതുക്കെ തീ പിടിച്ചു. അവ തലച്ചോറിനുള്ളിലെക്ക് പടര്‍ന്നു കയറി. നിറം മങ്ങിപ്പോയ പഴകിയ ചിത്രങ്ങള്‍ക്ക് പതുക്കെ നിറം വരാന്‍ തുടങ്ങി.പിന്നീടവക്ക് ജീവന്‍വയ്ക്കുകയും ചലിക്കുകയും ചെയ്യാന്‍ തുടങ്ങി. തന്റെ കണ്മുന്നില്‍ അവ കൂട്ടംകൂട്ടമായി നൃത്തം വച്ചു. പഴയ ഇടവഴിയും ചെമ്മണ്‍പാതയും ഓടിട്ടവീടും പോത്തും വയലും മറ്റും മിന്നിമറഞ്ഞു. പിന്നെ വൈകിയില്ല, ഏതോഅദൃശ്യശക്തിതന്നെഎഴുന്നേല്‍പ്പിച്ചു. യാന്ത്രികമായി ലകഷ്യത്തിലേക്കുള്ള ഒരു യാത്ര.

ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഇത് തന്റെ രണ്ടാം ജന്മമാണെന്ന്. ജനങ്ങള്‍ അദ്ഭുതജീവിയെപ്പോലെ തുറിച്ചുനോക്കുന്നു. ചിലര്‍ മാറിനടക്കുന്നു. വീട്ടുവരാന്തയിലെ ചുമരില്‍ സുസ്മേരവദനനായി ഇരിക്കുന്ന തന്റെ പഴയ ഫോട്ടോ തൂങ്ങിക്കിടക്കുന്നു. അതിന്മേല്‍ ചാര്‍ത്തിയിരുന്ന നിറംമങ്ങിയ പ്ലാസ്റ്റിക് മാല കൊച്ചാപ്പു തന്നെ എടുത്തുകളഞ്ഞു. സന്തോഷത്താലാണോ പരിഹാസത്താലാണോ എന്നറിയില്ല ആ ഫോട്ടോ തന്നെ നോക്കി ചിരിക്കുന്നതായി അവനു തോന്നി.  ഒരു പക്ഷെ ലോകത്തേറ്റവും ഭാഗ്യവാന്‍ താനായിരിക്കും. ജീവിച്ചിരിക്കുന്ന തന്റെ ആത്മശാന്തിക്കായി പതിനഞ്ചു വര്‍ഷമായി ദിനേന പെറ്റമ്മയുടെ പ്രാര്‍ത്ഥന ലഭിക്കുന്ന വേറെ ആരുണ്ട്‌? അതല്ല, ഇനി തന്റെ മേല്‍ അവകാശവാദവുമായി മറ്റാരെങ്കിലും അവതരിക്കുമോ? തന്റെ വീട്ടുവളപ്പില്‍ നിത്യനിദ്ര കൊള്ളുന്ന പാവം ആര്? ഒരു പാട് ചിന്തകള്‍ അവനെ വരിഞ്ഞുമുറുക്കി.  ഏതായാലും തന്റെ പുനര്‍ജ്ജന്മം മാതാവിനെ തികഞ്ഞ സന്തോഷതിലാഴ്ത്തി.  വിഷയദാരിദ്ര്യം അനുഭവിച്ചിരുന്ന ഗ്രാമീണര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ നല്ലൊരു കാരണമായി.

    പിറന്നു വളര്‍ന്ന നാട് കണ്കുളിര്‍ക്കെ  കാണാന്‍  പിറ്റേന്ന് തന്നെ കൊച്ചാപ്പു നടക്കാനിറങ്ങി. പണ്ട് ഉച്ചിയില്‍ കയറി കസര്‍ത്ത് കാണിച്ചിരുന്ന കൂറ്റന്‍ മാവുകളും കണ്കുളിര്‍പ്പിച്ച്ചിരുന്ന വിളഞ്ഞ നെല്പാടങ്ങളും കുട്ടിക്കരണം മറിഞ്ഞു രസിച്ചിരുന്ന കുളങ്ങളും തെളിനീര്‍ഒഴുകും തോടും ഓലമേഞ്ഞ ചായമക്കാനിയുമൊന്നും കാണാനാവാത്തതില്‍ അവന്‍ നിരാശനായി. പകരം എല്ലായിടങ്ങളിലും കൊണ്ക്രീറ്റ്‌ കൂനകള്‍ മുളച്ചുപൊങ്ങിയിരിക്കുന്നു. കുഗ്രാമമായിരുന്ന തന്റെ നാട് ഇപ്പോള്‍ പട്ടണസമാനമായിരിക്കുന്നു. കൈവണ്ടിയും കാളവണ്ടിയും അപ്രത്യക്ഷമായിരിക്കുന്നു. ചെമ്മണ്‍പാതകള്‍ കാണാനേയില്ല.

നടത്തത്തിനിടയില്‍  ഒരു വീടിന്റെ വരാന്തയില്‍ വളരെ പരിചിതവും എന്തോ പ്രത്യകതയും തോന്നിപ്പിക്കുന്ന ഒരു മുഖം! ഒന്ന് കൂടി പതിയെ അടുത്ത് ചെന്ന് സൂക്ഷിച്ചുനോക്കി. കണ്ണുകള്‍ വിടര്‍ന്നു. മാതാപിതാഗുരുദൈവം എന്നാണല്ലോ.. തന്റെ ഗുരുനാഥന്‍ ബ്രഹ്മാനന്ദന്‍ മാഷ്‌ !! തികഞ്ഞ ബഹുമാനാദരവോടെ അടുത്തുചെന്നു. പത്രപാരായണത്തില്‍ മുഴുകിയിരുന്ന മാഷിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ അവന്‍ മെല്ലെ മുരടനക്കി. പത്രം താഴ്ത്തി തല ഒന്നുകൂടി ചെരിച്ചുപിടിച്ചു കറുത്ത കട്ടിയുള്ള കണ്ണടക്കൂടിന്റെ മുകള്‍ഭാഗത്ത്‌കൂടി ആഗതനെ മാഷ്‌ തുറിച്ചുനോക്കി. ആരാ? എവിടുന്നാ? എന്തുവേണം? എന്നിവയായിരുന്നു ആ നോട്ടത്തില്‍ അടങ്ങിയിരുന്നത്. അവന്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ പത്രവും കണ്ണടയും എല്ലാം മറന്നു എഴുന്നേറ്റ്  മാഷ്‌ അവന്റെ കൈപിടിച്ചു കസേരയിലിരുത്തി. മാഷിന്റെ കണ്ണുകള്‍ സജലങ്ങളാകുന്നതും അശുഭകരമായതെന്തോ ഓര്‍മ്മിച്ചെടുക്കുന്നതും കൊച്ചാപ്പു തിരിച്ചറിഞ്ഞു . അന്നേരം വാതിലില്‍ മറ്റൊരാള്‍ പ്രത്യക്ഷപ്പെട്ടു.  അപ്രതീക്ഷിതമായി ആ മുഖം കണ്ട് അവന്‍ ഞെട്ടി. സൂസമ്മടീച്ചര്‍ !! സാര്‍.... അവന്റെ ജിജ്ഞാസ പൂണ്ട വിളി കേട്ട് മാഷ പുഞ്ചിരിച്ചു. ഒപ്പം ടീച്ചറും. തങ്ങളുടെ ജീവിതനാടകത്തില്‍ കൊച്ചാപ്പുവും ഒരു കഥാപാത്രമായിരുന്നല്ലോ. അവരുടെ സംഗമത്തിന് അവനും ഒരു പ്രധാന കാരണമായിരുന്നല്ലോ. ഒരു പക്ഷെ അതുകൊണ്ടൊക്കെയായിരിക്കാം പ്രത്യക ആതിഥേയമര്യാദയോടെ അവനെ അവര്‍ സ്വീകരിച്ചിരുത്തി. ആകാംക്ഷാഭരിതമായ അവന്റെ ഭൂതകാലകഥകള്‍ കേട്ട് ഊണ്‌കാലമായതറിഞ്ഞില്ല. സ്നേഹമസൃണമായ അവരുടെ ക്ഷണത്തിന് അവന്‍ സമ്മതം മൂളി. മേശമേല്‍ ഭക്ഷണസാധനങ്ങള്‍ നിരന്നു. മല്‍സ്യമാംസാദികള്‍ കണ്ടപ്പോള്‍ കൊച്ചാപ്പു അത്ഭുതം കൂറി! തികഞ്ഞ സസ്യഭുക്കായിരുന്ന ബ്രാഹമണനായ മാഷിനെ ടീച്ചര്‍ ശരിക്കും മാറ്റിയെടുത്തിരിക്കുന്നു . എത്ര ആവേശത്തോടെയാണ് അദ്ദേഹം എല്ലാം വെട്ടിവിഴുങ്ങുന്നത് . സ്ത്രീക്ക് പുരുഷന്റെ മേല്‍ഉള്ള സ്വാധീനമോര്‍ത്ത് കോച്ചാപ്പുവിനു ചിരിവന്നു. പെട്ടെന്ന്......... ഭക്ഷണം അവന്റെ തൊണ്ടയില്‍ കുരുങ്ങിയത് പോലെ...എന്തോ കൊളുത്തിവലിക്കുന്നത് പോലെ ... ശ്വാസം മുട്ടുന്നത് പോലെ .. കണ്ണില്‍ വെള്ളം നിറഞ്ഞു . തലച്ചോറിലേക്ക് ഒരു മിന്നല്‍പിണര്‍ പാഞ്ഞു. പാമ്പ് കടിയേറ്റവന്‍ കയറു കണ്ടാലും ഭയക്കും എന്നാണല്ലോ. തന്റെ ജീവിതഗതി മാറ്റിമറിക്കാന്‍ കാരണമായ ആ വസ്തു തന്നെ തന്റെ വായില്‍! കൊററിയിറച്ചി! അവന്‍ മാഷിനെ തുറിച്ചു നോക്കി . കാര്യം പിടികിട്ടിയ മാഷും ടീച്ചറും പരസ്പരം കണ്ണിറുക്കി . സാര്‍... ജാള്യതയോടെ അവന്‍ വിളിക്കാന്‍ ശ്രമിച്ചു. ബ്രഹ്മാനന്ദന്‍ മാഷ്‌ പൊട്ടിപ്പൊട്ടിചിരിച്ചു . മാഷിനു കൂട്ടായി ടീച്ചറും. കൊച്ചാപ്പു മാത്രം ചിരിക്കാനാവാതെ , തവളക്കുഞ്ഞ് തൊണ്ടയില്‍ കുരുങ്ങിയ കൊറ്റിയെപ്പോലെ.........



( കൊച്ചാപ്പുവിനെ സ്കൂളില്‍ ഒറ്റികൊടുത്ത ജൂതാസ്‌  ആരായിരുന്നു എന്ന് മാത്രം ചോദിക്കരുത് .  ആ ഹെഡമാസ്റ്റര്‍ കണ്ണുരുട്ടിയാല്‍ ഇത് വായിക്കാന്‍ ധൈര്യം കാട്ടിയ നിങ്ങള്‍ പോലും സത്യം പറഞ്ഞുപോവും !!)

41 comments:

  1. ആദ്യ അഭിപ്രായം എന്‍റെയാണോ.. സാരമില്ല.

    വായിക്കാന്‍ രസമുണ്ട്. ലേബല്‍ നര്‍മം മാറ്റി “ കഥ” എന്നാക്കുകയല്ലെ നല്ലത്. നര്‍മം ഇല്ല എന്നല്ല പറഞ്ഞതിനര്‍ഥം

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്. കുറച്ച് കൂടി space, paragraph, എന്നിവയുടെ എണ്ണം കൂട്ടാമായിരുന്നു. ഇത് കഥ തന്നെ.

    ReplyDelete
  3. നല്ല നിലവാരമുള്ള കൊച്ചാപ്പു...

    ReplyDelete
  4. മരിച്ചവര്‍ തിരിച്ചുവന്ന കഥകള്‍ പലതും കേട്ടിട്ടുണ്ട്. അതൊരു ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ കഥയാക്കിയത് നന്നായിട്ടുണ്ട്.
    ഇവിടെ പലപ്രാവശ്യം വന്നിരുന്നു. ഇപ്പോഴാണ് കമെന്റെഴുതാന്‍ പറ്റിയതെന്നു മാത്രം.

    ReplyDelete
  5. കഥ വളരെ നന്നായിട്ടുണ്ട്

    ReplyDelete
  6. ആശംസകള്‍ ..മിതഭാഷി അധികപ്രസംഗി ആവുകയാണോ

    എന്റെ സ്നേഹിതന്‍ കൊച്ചാപ്പു മരിച്ചിട്ട് പതിനഞ്ചു വര്‍ഷം കഴിഞ്ഞു. അതിനു ശേഷം ഇപ്പോഴാണവനെ വീണ്ടും കാണുന്നത്....

    എന്തോ പിശക് പറ്റിയല്ലോ എന്ന് കരുതി രണ്ടു മൂന്നു വട്ടം വായിച്ചു നോക്കി .. പിന്നെ ബാക്കി വായിച്ചപ്പോഴല്ലേ കഥ വിരിയുന്നത്. കൊച്ചാപ്പുവിന്റെ കൊറ്റിയെ പിടിത്തം അസ്സലായി ..

    പിന്നെ മനസ്സുകൊണ്ട് സ്കൂള്‍ കാലത്തിലെക്കൊരു യാത്രയും നടത്താന്‍ കഴിഞു ..

    ReplyDelete
  7. കഥ വളരെ നന്നായിട്ടുണ്ട്!ആശംസകള്‍

    ReplyDelete
  8. ഇക്കഥ പാടത്ത് നടന്നതാണെങ്കിലും ,കതിരും,പതിരും വേർതിരിച്ച് ഉഗ്രൻ വിത്തായിതന്നെ കിട്ടിയിരിക്കുന്നന്നു....!

    നർമ്മത്തിൽ ചാലിച്ച കഥാനുഭവങ്ങൾ, നമ്മുടെ ഗ്രമങ്ങളുടെ നഷ്ട്ടപ്പെട്ട സൌന്ദ്യര്യലാവണ്യങ്ങൾ,പ്രണയ...,തിരിച്ചു...,...,....,...
    എല്ലാം കലക്കീട്ട്ണ്ട്..കേട്ടൊ ഭായി.

    ReplyDelete
  9. കഥ ഇഷ്ടായീ.....ഗര്‍ഭം ധരിച്ച അനേകം പത്തായങ്ങള്‍. മുറ്റത്ത്‌, തെങ്ങോല കൊണ്ട് മുലക്കച്ചയണിഞ്ഞ വൈക്കോല്‍ കൂനകള്‍...ഇതും

    ReplyDelete
  10. ഒഴുക്കുള്ള ഭാഷയില്‍ നര്‍മം ചാലിച്ചെഴുതിയ കഥയിലൂടെ കണ്ണോടിച്ചപ്പോള്‍ ഒട്ടും വൈമനസ്യമില്ലാതെ മനസ്സും കൂടെ പോന്നു. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. മിക്ക പ്രയോഗങ്ങളും കുറിക്കു കൊണ്ടു. അഭിനന്ദനങ്ങള്‍.

    ഓഫ്: ചിന്തയില്‍ കണ്ടില്ലല്ലോ?

    ReplyDelete
  11. കൊച്ചാപ്പുവിന്റെ കഥ(നര്‍മം ) നന്നായി .

    ReplyDelete
  12. കൊച്ചാപ്പുവിന്റെ കഥയോടൊപ്പം മാറിയ ലേ ഔട്ടും ഇഷ്ടപ്പെട്ടു.ഇനി ഫോണ്ടിലും ബാക്ക് ഗ്രൌണ്ടിലും കൂടി അല്പം ശ്രദ്ധിച്ഛാല്‍ നന്നായിരിക്കും.

    ReplyDelete
  13. ബോറടിക്കാതെ വായിച്ചു. നന്നായി വിവരിച്ചിരിക്കുന്നു. പഴയ കാലാ സ്കൂൾ ജീവിതത്തിലേക്കും നാട്ടിൻപുറത്തേക്കുമുള്ള ഒരു തിരിച്ച് പോക്ക് അനുഭവിച്ചു.ആശംസകൾ

    ReplyDelete
  14. സുനിൽ പെരുമ്പാവൂരിന്റെ സംശയം ശരിതന്നെ :)

    പിന്നെ ഒറ്റിക്കൊടുത്തത് ആരാണെന്ന് മനസ്സിലായി

    ReplyDelete
  15. കഥ നന്നായിരിക്കുന്നു, പതിവിനു വിപരീതമായി നീണ്ട കഥയായതുകൊണ്ട് ഇന്നലെ മുഴുവന്‍ വായിക്കാന്‍ പറ്റിയില്ല, ഇന്നാണ് മുഴുവിച്ചത്.

    പരഗ്രഫുകള്‍ക്ക് വലിപ്പം കുറച്ചുകൂടെ, അത് വായന കൂടുതല്‍ സുഖമാമാകും.

    ReplyDelete
  16. katha nannaayittundu..ee kochaappuvine njan evideyo kandittundennu thonnunoo...

    ReplyDelete
  17. ഇതിലും കൂടുതല്‍ ഭംഗിയായി ഈ സംഭവം എങ്ങനെ വിവരിക്കും? തല പുകഞ്ഞത് വെറുതെയായി..
    കൊട് കൈ..മാഷേ..

    ReplyDelete
  18. അല്ലാ പറമ്പില്‍ ഉറങ്ങുന്നയാളെ കണ്ടു പിടിച്ചാ...?

    ReplyDelete
  19. ആദ്യ വരികള്‍ ശരിക്കും ആശയക്കുഴപ്പം ഉണ്ടാക്കി,തിരിച്ചും മറിച്ചും അഞ്ചാറു തവണ വായിച്ചു.അവസാനം എന്തും വരട്ടെ എന്ന് വിചാരിച്ച് ബാക്കി വായിച്ചു.അപ്പഴാ സംഭവം പിടികിട്ടിയത്.
    നല്ലൊരു കഥ,കൊറ്റിയെ പിടിച്ച രംഗം അസ്സലായി.
    അഭിനന്ദനങ്ങള്‍ ,ഇനിയും എഴുതുക,വായിക്കാന്‍ വരുന്നുണ്ട്.

    ReplyDelete
  20. തിരിച്ചു വന്ന അയാൾ കാണുന്ന ഗ്രാമത്തെ വിവരിച്ചത്‌ സൂപ്പർ

    ReplyDelete
  21. ഇതിന്റെ രണ്ടാം ഭാഗം ഒരു അപസര്‍പ്പക കഥയായി വികസിപ്പിക്കൂ.
    അപ്പോള്‍ ‘മരിച്ച’ കൊച്ചാപ്പു ആരായിരുന്നു?
    എന്നാലും ഈ കൊച്ചാപ്പു ഒരു ദുഷ്ടനും തന്നെ അല്ലേ? ഒരു കുരുക്കില്‍ നിന്ന് രക്ഷപ്പെടാനായി എത്ര ജീവനുകളെ കുരുതി കൊടുത്തു - തവളക്കുഞ്ഞ്, കൊറ്റി, പോത്ത്.

    ReplyDelete
  22. ഒറ്റ ഇരുപ്പിനു വായിച്ചു.അച്ഛനെ പേടിച്ച് നാട് വിട്ട കൊച്ചാപ്പു തിരിച്ച് വന്നപ്പോഴേക്കും പഴയ പ്രേമം പൂവിട്ട് പടര്‍ന്ന് പന്തലിച്ചല്ലേ?
    ടീച്ചറിനും മാഷിനും ആണ്‍കുട്ടികള്‍ ആരും ഇല്ലാരുന്നോ കൊച്ചാപ്പുവിനെ തല്ലാന്‍!
    അല്ല പഴയ ചെയ്തികള്‍ക്ക് ഒരു മറുപടി :)

    ReplyDelete
  23. വായിച്ച്‌ തുടങ്ങിയപ്പോൾ എന്തോ കല്ലു കടിച്ചത്‌ പോലെ..ബാക്കി കൂടി വായിച്ചപ്പോഴല്ലേ മിന്നിയത്‌..(അല്ലെങ്കിലും ട്യൂബ്‌ ലൈറ്റാ..മിന്നാൻ ഇത്തിരി ലേറ്റാകും..)
    കൊള്ളാം..നല്ല രസികൻ വായന...,
    പ്രയോഗങ്ങൾ അസ്സലായി..,
    പോരട്ടെ..ഇനിയും ഇതുപോലുള്ളത്‌.,

    ReplyDelete
  24. ഈ എഴുത്ത് വായനാസുഖം തരുന്നുണ്ട്. നന്നായിരിക്കുന്നു.

    ReplyDelete
  25. അത് ശരിയാ, പൊതു കക്കൂസുകളും പിന്‍ ചുവരുകളും കണ്ടാലുടന്‍ ചിലര്‍ക്ക് സാഹിത്യം വരും!

    ചിരിപ്പിച്ചു :-)

    ReplyDelete
  26. നല്ല കഥയാട്ടോ..
    കൊച്ചാപ്പുവിന്റെ തിരിച്ചു വരവ് കലക്കി.
    കൊച്ചാപ്പു തിരിച്ചു വന്നത്കൊണ്ടാണല്ലോ ഇങ്ങിനെ ഒരു കഥ ഉണ്ടായത്..

    ReplyDelete
  27. നര്‍മവും ഹാസ്യവും കഥയും സമാസമം,കൊള്ളാം. CONGRATZ !!

    ReplyDelete
  28. നല്ല ഭംഗിയുള്ള വര്‍‌ണ്ണക്കടലാസില്‍‌ പൊതിഞ്ഞ, മധുരമുള്ള ഒരു മിഠായി നുണഞ്ഞതു പോലെ......

    ReplyDelete
  29. അല്ല, അപ്പോള്‍ റെയില്‍വേ ട്രാക്കില്‍ കിടന്നതാരാ, ഇനി അതൊന്നു കണ്ടുപിടിക്കണ്ടേ?

    ReplyDelete
  30. കുറുമ്പടിയുടെ കുറുമ്പുകള്‍ വായിച്ചാല്‍, ഈ പാവം മനുസന്‍ ആണോ ഈ കൊസ്രാക്കൊള്ളി ത്തരങ്ങള്‍ ഒപ്പിച്ചത് എന്ന് സംശയം തോന്നും.
    എന്തായാലും കുറെ കാലത്തിനു ശേഷം ഒരു കഥ വായിച്ചു.

    ബാല സാഹിത്യത്തിന്‍റെ ഹാങ്ങോവര്‍ അവിടിവിടെ മാറ്റിയാല്‍ മധുരമുള്ള ഒരു വായനാനുഭവം !!
    ജയ്‌ ഹോ

    ReplyDelete
  31. കൊള്ളാം .ഇപ്പോള്‍ പൊതുവേ പുസ്തകം കൈക്കൊണ്ടു തൊടാന്‍ മടിയാണ് . എന്നാല്‍ ബ്ലോഗിലവുമ്പോള്‍ എല്ലാം
    വായിക്കുന്നു .. എല്ലാ വിധ ആശംഷകളും .

    ReplyDelete
  32. ഇസ്മയില്‍ കുറുമ്പടി എഴുത്തിന്റെ കാര്യത്തില്‍ കുറുമ്പന്‍ തന്നെ . നന്നായി എഴുതി യിരിക്കുന്നു.
    ഭാവുകങ്ങള്‍

    ReplyDelete
  33. nannayirikkunnu

    ReplyDelete
  34. കഥ നന്നായിട്ടുണ്ട്... ഒരു സംശയം.. കൊച്ചാപ്പു ഒരു മുസ്ലിം കഥാപാത്രമല്ലേ? എങ്കില്‍ ഫോട്ടോയില്‍ മാലയിട്ടത് കഥയിലെ ലോജിക്കില്‍ നിന്നും മാറിയില്ലേ?...

    ഏതായാലും സംഭവം ഉഷാര്‍.. കൊറ്റൊയിറച്ചി കഴിക്കണം എന്ന് ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കുറേ ആയി.. നോ രക്ഷ...

    ReplyDelete
  35. kollam chetta adipoli aayitttundu..

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.