June 12, 2010

മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)

( 21-6-2001- നു ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചത്)

  തീര്‍ത്തും വിരസമായാണ് ആകാശയാത്ര എനിക്കനുഭവപ്പെടുന്നത് . കൊട്ടിയടച്ച ഇരുമ്പുപെട്ടിക്കുള്ളിലെന്നപോലെ ബന്ധനസ്ഥനാക്കപ്പെട്ട്, കര്‍ണ്ണപുടങ്ങളെ തെല്ല് അലോസരപ്പെടുത്തി അനേകം മണിക്കൂറുകള്‍. സത്യത്തില്‍ എനിക്കിഷ്ടം കരയിലൂടെ യാത്ര ചെയ്യുന്നതാണ്. സൈക്കിള്‍ മുതല്‍ തീവണ്ടി വരെ ഏതില്‍ യാത്ര ചെയ്യുമ്പോഴും അശേഷം മടുപ്പുണ്ടാവാത്ത വിധം ദൈവം കനിഞ്ഞരുളിയ പ്രകൃതിദൃശ്യങ്ങള്‍ കണ്ടാസ്വദിക്കാന്‍ അവസരം ലഭിക്കുന്നു. ദൈവം സര്‍വ്വശകതനാനെന്നും മനുഷ്യന്‍ വെറും കീടമാണെന്നും ഒപ്പം, മനുഷ്യകരങ്ങള്‍ ഏതെല്ലാം തരത്തില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നുവെന്നറിയാനും കരയാത്ര ഗുണകരമാണ്. വ്യത്യസ്തമനുഷ്യര്‍ , ഭൂവിഭാഗങ്ങള്‍, ഭാഷ-വേഷ-സംസ്കാരാദികള്‍. അറിവിന്റെ ഭണ്ഡാരങ്ങള്‍ ...! എന്നാല്‍, ഈ യാത്രയിലാകട്ടെ ദ്രുതവാട്ടം സംഭവിച്ച അനേകം കണ്ണുകള്‍ മാത്രം. പുറത്തേക്കു ദൃഷ്ടി പായിക്കുമ്പോള്‍ അനന്തമായ ആകാശം. ഇടയ്ക്കിടെ കനത്ത പഞ്ഞിക്കെട്ടുകള്‍ ഒഴുകി നടക്കുന്നു. ഭാഗ്യശാലികള്‍. സഞ്ചരിക്കാന്‍ നിയന്ത്രണങ്ങള്‍ ഇല്ല, അതിര്‍വരമ്പുകള്‍ ഇല്ല, പരിശോധനകളുമില്ല. സ്വസ്ഥം. അവ, കരയുന്ന വേഴാമ്പലുകളെത്തേടിയുള്ള  യാത്രയിലായിരിക്കും, കുളിര്‍മഴ പെയ്യിച്ചു കടമ നിറവേറ്റുവാന്‍.

  എന്റെ ചിന്തകള്‍ കാടുകയറുന്നുവോ? സത്യത്തില്‍, സ്വതന്ത്രമായി ചിന്തിക്കാനോ സംസാരിക്കാനോ കഴിയാത്തവിധം തിരക്കുപിടിച്ച പ്രവാസജീവിതത്തില്‍ ഈ വിമാനയാത്രക്കിടയില്‍ വീണു കിട്ടുന്ന മൂന്നാല് മണിക്കൂറുകള്‍ വിലപ്പെട്ടത് തന്നെ. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പരക്കം പാച്ചിലുകള്‍ , വിശ്രമമില്ലാത്ത ജോലി , മാനസിക സംഘര്‍ഷം, അതിലുപരി സദാ പിന്തുടരുന്ന ഗൃഹാതുരത്വം. ഇതാ നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പരോള്‍. അതും കര്‍ശന ഉപാധികളോടെ. കടമകളുടെ ഭാണ്ഡവും തന്റെ തുച്ഛവരുമാനവും തമ്മില്‍ തീരെ സമരസപ്പെടുന്നില്ല. ജനിച്ചു രണ്ടര വര്‍ഷം  കഴിഞ്ഞിട്ടും തന്റെ കുഞ്ഞിനെ നേരില്‍ കാണാനാവാത്ത പിതാവിന്റെ നൊമ്പരം.  ഒരു വ്യാഴവട്ടത്തെ പ്രവാസജീവിതത്തിനിടയില്‍ സ്വന്തമെന്നു പറയാന്‍ ബാക്കിയുള്ള സമ്പാദ്യം ആ കുഞ്ഞുമാത്രം. അവളുടെ കിളിക്കൊഞ്ചലുകള്‍, കൊച്ചു കൊച്ചു പരിഭവങ്ങള്‍, സംശയങ്ങള്‍, പരാതികള്‍, മനസ്സിന്റെ നീറ്റലുകളെ ശമിപ്പിക്കാന്‍ ദൈവദത്തമായ പരിഹാരമാര്‍ഗങ്ങള്‍ . കണ്ണുകളില്‍ പൊടുന്നനെ അശ്രു ഉറവപൊട്ടി താഴെവീണു ചിതറി. ആരെങ്കിലും ശ്രദ്ധിക്കുന്നതിനു മുന്‍പായി കണ്ണുകള്‍ തുടച്ചു നിവര്‍ന്നിരുന്നു.

  വീടണയാന്‍ മണിക്കൂറുകള്‍ മാത്രം. വാച്ചിലെ സൂചികള്‍ക്ക് ഇപ്പോള്‍ ആലസ്യം ബാധിച്ചതായി തോന്നുന്നു. എന്നാല്‍ ചിലപ്പോള്‍ അവ ആരോടോ ദേഷ്യം തീര്‍ക്കാനെന്നവണ്ണം ഉന്മാദത്തോടെ പായുന്നു. തോല്‍വി മനുഷ്യനുതന്നെ. സമയം എപ്പോഴും ജയിക്കുന്നു. 

  വിമാനം ലാന്‍ഡിംഗിനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു. എയര്‍ഹോസ്റ്റസ് വന്നു ബെല്‍റ്റ്‌ കെട്ടാന്‍ നിര്‍ദേശിക്കുന്നു. നാടോടിയുടെ കുരങ്ങനെ ഓര്‍മിപ്പിക്കുമാറ് അരയില്‍ അമര്‍ത്തിക്കെട്ടിയ ബെല്‍റ്റുമായി നിരന്നിരിക്കുന്ന ഞാനടക്കമുള്ള യാത്രക്കാര്‍. യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ നാമെപ്പോഴും പലരാല്‍ നിയന്ത്രിക്കപ്പെടുന്ന കുരങ്ങന്മാരല്ലേ? താല്പര്യമില്ലെന്കില്‍ പോലും വിവിധ ഗോഷ്ടികള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍. 

  കസ്റ്റംസ്കാരുടെ പതിവ് ചോദ്യം ചെയ്യലിനുശേഷം പുറത്തുകടന്നപ്പോള്‍ ഒരു പുതിയ ലോകത്തെത്തിയ പ്രതീതി. മൂന്നുവര്‍ഷത്തിലധികമായി ഫോറിന്‍വാഹനങ്ങള്‍ കണ്ടുശീലിച്ചതിനാലാവാം നാട്ടിലെ വണ്ടികള്‍ ചീഞ്ഞ മല്‍സ്യംപോലെ തോന്നിച്ചു. ഗള്‍ഫിലെ കൊണ്ക്രീറ്റ്‌കാടുകള്‍ക്ക് പകരം ഇടതൂര്‍ന്ന കണ്‍കുളിര്‍പ്പിക്കുന്ന പച്ചപ്പുകള്‍. പ്രിയപ്പെട്ടവരെ കാണാന്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ബന്ധുക്കള്‍..

  ടാക്സിക്കാരുടെ പിടിവലികള്‍ക്ക് ശേഷം കൂലിയുറപ്പിച്ച് യാത്രയാകുമ്പോള്‍ മനസ്സില്‍ കുളിര്. മൂന്നു പ്രാവശ്യത്തെ വരവും മുന്‍കൂട്ടിഅറിയിക്കാതെയായിരുന്നു. അപ്രതീക്ഷിതമായ സമാഗമത്തിന്റെ അമ്പരപ്പുകലര്‍ന്ന സന്തോഷം കാണുമ്പോഴുള്ള ത്രില്‍. അതൊന്നു വേറെത്തന്നെ. മുന്‍കൂട്ടി അറിയിച്ചാല്‍ ഭാനുമതിയുടെ ഓരോ മണിക്കൂറും ഓരോ ദിവസമായി രൂപപ്പെടുമെന്നു തനിക്കറിയാം. ഇന്ന് മുഴുവന്‍ അവള്‍ പരിഭവങ്ങളുടെ ഭാന്ധം കെട്ടഴിച്ചുകൊണ്ടിരിക്കും.  ദൈവം സമൃദ്ധിയായി നല്‍കിയ കണ്ണീരിന്‍റെ സംഭരണി തന്‍റെ മുന്നില്‍ ഒഴുക്കിവിടും.

  ഇരുവശവും മുള്ളുവേലി നാട്ടിയ, ഇടുങ്ങിയ ചെമ്മണ്‍പാതക്കരികെ ടാക്സി നിര്‍ത്തി  സ്യൂട്കേസും കാര്‍ട്ടനും പുറത്തെടുത്തു. താന്‍ ഓടിച്ചാടി നടന്ന വഴി. കൂരിരുട്ടിലും ദിശതെറ്റാതെ നയിച്ചിരുന്ന പാത. കണ്ടുമറന്ന ചരല്‍ക്കല്ലുകളില്‍ നിന്നും ഒന്നെടുത്തു ഉള്ളംകയ്യില്‍ വച്ചു സൂക്ഷിച്ചുനോക്കി, ഒരപൂര്‍വ്വ വസ്തുവിനെപ്പോലെ. പിറകില്‍നിന്ന് ചുമയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി- വേലായുധന്‍.  കിട്ടുന്ന കാശിനു മുഴുവന്‍ മദ്യപിച്ചു ഭാര്യയുടെയും മക്കളുടെയും മേല്‍ ദന്ധനമഴിച്ചുവിടുന്നവന്‍. ഇപ്പോള്‍ വിധേയത്വത്തിന്റെ മുഖവുമായി വിനയത്തിന്റെ ഭാരത്താല്‍ ശരീരം വില്ലുപോലെ മുന്നോട്ടുവളച്ചുകൊണ്ട് നില്‍ക്കുന്നു. എന്‍റെ സമ്മതത്തിനു കാത്തുനില്‍ക്കാതെ കാര്‍ട്ടണെടുത്തു ചുമലിലൊതുക്കി സ്യൂട്കെയിസും കയ്യിലെടുത്ത് വേലായുധന്‍ മുന്നില്‍ നടന്നു.

  കാറ്റിനു കള്ളിന്റെ മണം. സ്വന്തത്തെ സ്വയം കത്തിച്ചുതീര്‍ക്കുന്ന വേലായുധന്‍. സ്വയം കത്തിയമര്‍ന്നു കൊണ്ടിരിക്കുന്നത് വേപഥുവോടെ നോക്കിനില്‍ക്കുന്ന താന്‍. ഈ ഇടുങ്ങിയ വഴിയില്‍ ഞങ്ങള്‍ രണ്ടാളും തുല്യര്‍. ചരല്‍ക്കല്ലുകളെ ചവിട്ടിമെതിച്ച് നടക്കവേ ചുറ്റുപാടും ഞാന്‍ കണ്ണോടിച്ചു. അങ്ങിങ്ങായി പുതിയ കൊണ്ക്രീറ്റ്‌ വീടുകള്‍ ഉയര്‍ന്നതും , അഭിമാനത്തോടെ തലയുയര്‍ത്തി നിന്നിരുന്ന തെങ്ങുകള്‍ മന്ധരി ബാധിച്ച് അവശരായതുമല്ലാതെ എന്റെ ഗ്രാമത്തിനു കാര്യമായ മാറ്റമൊന്നും ഞാന്‍ കണ്ടില്ല. മാറ്റം തനിക്കുമാത്രം. കാലം എത്ര പെട്ടെന്നാണ് ശരീരത്തില്‍ ചുളിവുകള്‍ വീഴ്ത്തിയത്! മുഖത്ത് രേഖാചിത്രം വരച്ചത് ! കണ്ണുകളുടെ തിളക്കം കുറച്ചത്!

  ഓരോന്നോര്‍ത്തു വീടണഞ്ഞതറിഞ്ഞില്ല. ഞാനൊരു വിരുന്നുകാരനാണെന്ന് തിരിച്ചറിഞ്ഞതിനാലാവാം മുറ്റത്തെ മൂവാണ്ടന്‍ മാവിലിരുന്നു കാക്ക കരഞ്ഞു. ഞാന്‍ മേലേക്കുനോക്കി. മാവില്‍ നിറയെ പഴുത്ത മാങ്ങകള്‍ മധുരം നിറച്ചുനില്‍ക്കുന്നു. മധുവും ഉള്ളിലൊതുക്കി പ്ലാവിലെ വരിക്കചച്ചക്കകള്‍ മുഴുത്തുനില്‍ക്കുന്നു. വവ്വാലുകളെപോലെ കശുമാങ്ങകള്‍ തൂങ്ങിക്കിടക്കുന്നു. ഗൃഹാന്തരീക്ഷത്തിന്‍റെ ശീതളിമയില്‍ ഒരു നിമിഷം ഞാന്‍ ലയിച്ചുനിന്നു.

  ഭവ്യതയോടെ തലചൊറിഞ്ഞ്നില്‍ക്കുന്ന വേലായുധനു പേഴ്സ് തുറന്നു നാലഞ്ചു പുത്തന്‍ നോട്ടുകള്‍ നല്‍കി. ആര്‍ത്തിയോടെ അയാളത് വാങ്ങുമ്പോള്‍ ഒരുപദേശവും കൂടി നല്‍കണമെന്നുണ്ടായിരുന്നു. എന്നാല്‍, സദാ സര്‍വ്വഥാ സുലഭമായ സൌജന്യമാണ് ഉപദേശം എന്നതിനാല്‍ വേണ്ടെന്നുവച്ചു.

  ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. അതാ രണ്ടു കൊച്ചുകണ്ണുകള്‍ തന്നെ ശ്രദ്ധിക്കുന്നു. തന്റെ കുഞ്ഞ്! പൊന്നോമന! ഫോട്ടോകളില്‍ കണ്ടതിനേക്കാള്‍ മൊഞ്ച് ഉണ്ട്. അവളുടെ അമ്മയുടെ അതെ പകര്‍പ്പ്. എന്റെയുള്ളില്‍ സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങി. ഓടിച്ചെന്ന് വാരിപ്പുണര്‍ന്ന് ഉമ്മവക്കാന്‍ ശ്രമിച്ചപ്പോള്‍, ഏതോ അന്യഗൃഹത്തില്‍ നിന്നെത്തിയ ജീവിയെ കണ്ടപോലെ അവള്‍ ഭയന്ന് പിന്‍മാറുകയും ശത്രുവില്‍നിന്ന് രക്ഷപ്പെടാനെന്നവണ്ണം അകത്തേക്കോടുകയും ചെയ്തു. അപരിചിതത്വത്തിന്റെ ഏതോ കയത്തില്‍നിന്നെത്തിപ്പെട്ട ഒരുവനായി ഞാന്‍. എനിക്കും എന്റെ കുഞ്ഞിനുമിടയില്‍ തകര്‍ക്കാന്‍ കഴിയാത്ത ഒരു മതില്‍ പൊടുന്നനെ രൂപപ്പെട്ടതായി എനിക്ക് തോന്നി.
"അമ്മേ... മാക്സിക്കാരന്‍ വന്നിരിക്കുന്നു, പോയി നോക്ക്"   അകത്തുനിന്ന് മകളുടെ വാക്കുകള്‍ കൊടുങ്കാറ്റായി വന്നു എന്നെ വട്ടമിടുന്നതായി തോന്നി. താനാദ്യം കേള്‍ക്കുന്ന അവളുടെ വാക്കുകള്‍, ആദ്യ ശബ്ദം... ദൈവമേ.. അവള്‍ക്കു ഞാനാര്? വീടുവീടാന്തരം കയറിയിറങ്ങി മാക്സികള്‍ വില്‍ക്കുന്നയാളുടെ രൂപസാദൃശ്യമോ? തന്‍റെ പക്കലുള്ള കാര്‍ട്ടന്‍ കണ്ടിട്ട് ഏതോ മാക്സിക്കാരനാണെന്നു കരുതിയതോ ആവാം. അച്ഛനെന്നാല്‍ എന്താണെന്നോ  തന്‍റെ ജീവിതത്തില്‍ അച്ഛനുള്ള സ്ഥാനമെന്താണെന്നോ അറിയാത്ത കുരുന്ന്. എന്റെ ഉള്ളിലെവിടെയോ ഒരു തേങ്ങല്‍ രൂപപ്പെട്ടു. വായില്‍ ഉപ്പുരസമനുഭവപ്പെട്ടപ്പോഴാണ് കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതായി ഞാനറിഞ്ഞത്.

  അകത്തുനിന്ന് മാക്സിക്കാരനെ കാണാന്‍ അവള്‍.. ഭാനുമതി. കണ്ണുകള്‍ തമ്മിലുടക്കിയ നിമിഷം, അവളുടെ മുഖത്ത് ആദ്യം അമ്പരപ്പ്‌. പിന്നെ, നാണത്തിന്റെ നിഴലിപ്പ്‌. ഒടുവില്‍ പരിഭവത്തിന്റെ തെളിയാത്ത മുഖം.  പ്രിയേ , ക്ഷമിക്കുക. ചൈതന്യം ചോര്‍ന്നു പോകുന്ന യവ്വനമേ മാപ്പ്.  നീന്‍റെ മോഹങ്ങളെയും വികാരങ്ങളെയും മുരടിപ്പിക്കുന്നതിനു.  നിന്‍റെ തലയണമന്ത്രങ്ങള്‍ക്കും കിന്നാരങ്ങള്‍ക്കും അവധി വയ്ക്കുന്നതിനു.  വര്‍ഷങ്ങളോളം വൈധവ്യം വിധിക്കുന്നതിനു....

  സ്വപ്നങ്ങളും ചുടുനിശ്വാസങ്ങളും വിയര്‍പ്പും ശരീരങ്ങളും ഒരിടവേളക്കുശേഷം വീണ്ടും ഒന്നിച്ചുചേര്‍ന്ന നിമിഷങ്ങള്‍. അപ്പോഴും എന്റെ കുഞ്ഞിന്‍റെ മുഖവും അവളുടെ പൊട്ടിച്ചിരികളും കുസൃതികളും മനസ്സിലേക്ക് ആവാഹിക്കാന്‍ ശ്രമിക്കുകയായിരുന്നു. എവിടെയോ അക്ഷരതെറ്റുകള്‍.. സാമ്പത്തികാഭിവൃധിക്കുവേണ്ടി നമുക്ക് സ്വന്തമായവയെ അന്യമാക്കുന്നു. വിരുന്നു വന്നവനായി ഭാര്യ ഭാവിക്കുമ്പോള്‍ പരോളില്‍ വന്നവനെപോലെ  നാട്ടുകാര്‍. പരോള്‍ എത്ര ദിവസമുണ്ടെന്നു തുടരെതുടരെയുള്ള അന്വേഷണങ്ങള്‍.  ജീവിതത്തിന്റെ വസന്തകാലം ഹോമാഗ്നിയിലിട്ടു കരിച്ച ശേഷം വാര്‍ദ്ധക്യത്തോടെ പുറത്തെടുക്കുന്നു. ചുറ്റുപാടും വെളിച്ചം വിതറി സ്വയം എരിഞ്ഞുതീരുന്ന മെഴുകുതിരിയായോ, കറിക്കു സ്വാദേകുകയും അവസാനം നിര്‍ദയം വലിച്ചെറിയപ്പെടുകയും ചെയ്യുന്ന കറിവേപ്പിലയായോ പ്രവാസിയെ നാം വര്‍ണ്ണിക്കുന്നു. എന്നാല്‍ വൈധവ്യം പേറുന്ന ഭാര്യയെയോ അനാഥരെപ്പോലെആകുന്ന മക്കളെയോ നാം എന്തിനോടുപമിക്കും?  അവരുടെ വ്യഥകളും മാനസികസംഘര്‍ഷങ്ങളും ഏതു പാത്രത്തില്‍ അളക്കും?  പണസമ്പാദനം ലക്‌ഷ്യം. അതിനുവേണ്ടി ആര്‍ക്കെല്ലാം എന്തെല്ലാം നഷ്ടപ്പെടുന്നു. എന്നിട്ടും അഭിവൃദ്ധി നേടുന്നവര്‍ എത്ര?

  എന്‍റെ ചിന്ത വീണ്ടും കാട് കയറുന്നുവോ? സമയത്തിന്റെ പക്ഷപാതപെരുമാറ്റം ഇപ്പോള്‍ ശരിക്കുമറിയുന്നു. ഇപ്പോള്‍ ദിവസങ്ങള്‍ മണിക്കൂറുകള്‍ പോലെ ഓടിമറയുന്നു. ചുമരില്‍ തൂക്കിയ കലണ്ടറിലെ അക്കങ്ങള്‍ എന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നു. ഭാര്യയുടെ മുഖത്തെ മന്ദസ്മിതം കുറഞ്ഞു കുറഞ്ഞു വരികയും പരിഭവം കൂടിവരികയും ചെയ്യുന്നു. ഇന്നലെ അവളുടെ മനസ്സിലെ വിഷമം പ്രകടിപ്പിച്ചത് ശരിക്കും എന്‍റെ ഉള്ളുവിറപ്പിച്ചു കളഞ്ഞു. കുഞ്ഞിനെ താരാട്ടുപാടി ഉറക്കുമ്പോള്‍ കൈതപ്രത്തിന്റെ വരികള്‍ ആയുധമാക്കിയത് എത്ര സമര്‍ഥമായാണ്.
"സൂര്യനായ്‌ തഴുകിയുറക്കമുണര്‍ത്തുന്ന അച്ഛനിതാ എന്‍റെ മോളേ....
നീയൊന്നു കരയുമ്പോള്‍ അറിയാതെയുരുകുമീ നിന്‍റച്ചനിതാ എന്‍റെ മോളേ.."
അവളുടെ വാക്കുകള്‍ ഒരു ചൂണ്ടയായി എന്നെ കൊത്തിവലിച്ചു. ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യത്തെപ്പോലെ ഒന്നു പിടയാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു. പരിഹാസം ദ്യോദിപ്പിക്കുന്നുവെങ്കിലും അവളുടെ മനോവിഷമമാണ് പുറത്തുവന്നതെന്നു തനിക്കറിയാം.

  രാവും പകലും പരസ്പരം മത്സരിച്ചു മുന്നെറിക്കൊണ്ടിരുന്നു. അടുക്കുന്നതിനു പകരം എന്നില്‍നിന്നകന്നുപോകുന്ന എന്‍റെ കുഞ്ഞ്.  എന്നെ കാണുമ്പോള്‍ ഓടിമറയുകയോ അമ്മയുടെ പിറകിലൊളിക്കുകയോ ചെയ്യുന്നു. അപരിചിതത്വത്തിന്‍റെ മൂടുപടം ക്രമേണ ഇല്ലാതാകുന്നതും അവളെ മടിയിലിരുത്തി കൊഞ്ചിക്കുന്നതും ഞാന്‍ സ്വപ്നം കണ്ടെങ്കിലും എല്ലാം വൃഥാവിലാകുകയാണെന്ന് എനിക്ക് തോന്നി. ചോക്ലേറ്റും കളിപ്പാട്ടങ്ങളും ഉടുപ്പുമൊന്നും അവളുടെ മനസ്സിളക്കാന്‍ പര്യാപ്തമായില്ല. എന്റെയുള്ളില്‍ ഒരു തീരാവേദനയായി അത് മുഴച്ചുനിന്നു.

  ഇതാ.. എന്‍റെ പരോള്‍ തീര്‍ന്നിരിക്കുന്നു. പ്രിയേ.. യാത്ര ചോദിക്കുന്നു ഞാന്‍. ഇനിയും നമുക്കുമുന്നില്‍ നീണ്ടുകിടക്കുന്ന അനിശ്ചിതത്വത്തിന്റെ , കാത്തിരിപ്പിന്‍റെ ദിനങ്ങള്‍. ഓര്‍മ്മകള്‍ അയവിറക്കി , സ്വപ്നങ്ങളെ താലോലിച്ചു മാറ്റുകുറയാതെ സൂക്ഷിക്കുന്ന വേളകള്‍.   അച്ഛാ എന്ന സ്നേഹമസൃണമായ വിളികേള്‍ക്കാന്‍ കാതോര്‍ത്തു കാത്തിരിക്കുന്ന നിമിഷങ്ങള്‍.  ശരീരം ഒരിടത്തും മനസൊരിടത്തുമായി കഴിയുന്ന രാവുകള്‍........

  അവയവങ്ങള്‍ ഓരോന്നായി പറിച്ചെടുക്കുന്ന വേദന.. ദൈവമേ .. എന്‍റെ വേദനയകറ്റൂ.. ശക്തി തരൂ.. ഒരിക്കലെങ്കിലും എന്‍റെ മകളെ ഞാനൊന്ന്........ ഇല്ല.; അവള്‍ ഭയന്നു പിന്മാറുന്നു, കണ്ണുനീരില്‍ കുതിര്‍ന്ന അമ്മയുടെ മാക്സിക്കു പിന്നിലൊളിക്കുന്നു.

  അല്ലെങ്കില്‍ തന്നെ ഇതിനെല്ലാം ഞാനൊരുമ്പെടുന്നതെന്തിന്?    ഞാനാര്. വെറുമൊരു മാക്സിവില്‍പനക്കാരന്‍!!
 
 

78 comments:

  1. അഭിപ്രായങ്ങള്‍ എന്തു തന്നെയായാലും തുറന്നെഴുതാന്‍ മടിക്കരുത്..
    പരിഭവങ്ങളില്ല, പരിവേദനങ്ങളില്ല ....

    ReplyDelete
  2. ഭൂരിഭാഗം പ്രവാസികളുടെയും ഹൃദയവേദന നന്നായി ഒപ്പിയെടുത്തു. സ്വന്തം വീട്ടില്‍ അന്യനാവുന്ന മഹാദുരവസ്ഥ. ഇസ്മായിലിന്റെ കൃതികളില്‍ എല്ലാം കാണുന്ന ആ വിഷാദഛായ ഇവിടെയും നിഴലിക്കുന്നു.

    ReplyDelete
  3. നന്നായിരിക്കുന്നു ,ഇസ്മായില്‍ ആ ഹൃദയവ്യഥ നന്നായി മനസ്സിലാകുന്നു.

    ReplyDelete
  4. ഓരോ ഗല്‍ഫുകാരനും
    എഴുതാതെ..
    പറയാതെ പോയ കഥ..!

    "തിരിച്ചു പോക്കിന്റെ സന്തോഷത്തെ കവരുന്ന
    തിരിച്ചുവരവിന്റെ കരള്‍ കീറും നിമിഷങ്ങള്‍..

    റിയാലും ദിര്‍ഹംസും കവെര്‍ന്നെടുക്കുന്നത് ചോര തുടിക്കുന്ന യൗവ്വനത്തെ..
    ഒടുവിലൊരു തിരിച്ചു പോക്ക്
    ആര്‍ക്കും വേണ്ടാത്ത ബാധ്യതയായ ഒരു എച്ചില്‍ പാത്രമായി..

    ഗള്‍ഫ്.. എല്ലാം നല്‍കിയവന്‍ നീ..
    വിലപ്പെട്ടതെല്ലാം കവെര്‍ന്നെടുത്തതും നീ..

    നീയില്ലായിരുന്നുവെങ്കില്‍ ഓലമേഞ്ഞ കുടിലുകളില്‍ കഞ്ഞിക്കു വറുക്കുന്ന
    ഉണക്ക മീനിന്‍ ഗന്ധം ഇന്നും ഞാനറിയുമായിരുന്നു..
    പൊട്ടിയ സ്ലേറ്റിന് പിടിവലികൂടും കുട്ടികളുടെ രോദനവും ഞാന്‍ കേള്‍ക്കുമായിരുന്നു..

    നീയെനിക്കു തന്നതൊരിത്തിരി..
    പകരമെടുത്തതൊരുപാട്.
    ഒരുപാടൊരുപാട്..!

    എന്റെ യൗവ്വനം..സ്വപ്നങ്ങള്‍..മോഹങ്ങള്‍..കിനാവുകള്‍...
    എന്റെ നല്ല പാതിക്കു തല ചായ്ക്കാനുള്ള എന്റെ നെഞ്ചകം..
    എന്റെ പൊന്നുമോനു ചിണുങ്ങിക്കരയാനുള്ള എന്റെ മടിത്തട്ട്..

    എന്നെങ്കിലുമൊരിക്കല്‍ ഞാന്‍ ഞാനെല്ലാം നിനക്ക് തിരിച്ചു തരാം..
    പകരം നീയുമെനിക്ക് തിരികെ തരിക എല്ലാം..

    അറിയാം നിനക്കുത്തരം മുട്ടുന്നുവെന്ന്..
    എന്നിട്ടും എനിക്ക് നിന്നെ വെറുക്കാനാവുന്നില്ല..
    കാരണം..
    എനിക്കറിയാം..നിനക്കുമറിയാം..
    സ്നേഹിച്ചു കൊണ്ട് നിന്നെ ഞാന്‍ വെറുക്കുന്നുവെന്ന്..
    വെറുത്ത് കൊണ്ട് നിന്നെ സ്നേഹിക്കുകയും ചെയ്യുന്നുവെന്ന്...!!

    ReplyDelete
  5. വായിച്ചു...
    പക്ഷെ കമന്റായി ഒന്നും കുറിക്കാനാവാത്ത അവസ്ഥ, ഒരു തരം നിര്‍വികാരതയോ മടുപ്പോ പോലെ..
    പലതും നേടിയെന്നഭിമാനിക്കുമ്പോഴും കൈവെള്ളയില്‍ കോരിയെടുത്ത ജലം വിരലുകള്‍ക്കിടയിലൂടെ ഊര്ന്നിരങ്ങുന്നത് പോലെ മറ്റു പലതും നഷ്ടപ്പെടുന്നത് കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിക്കുന്ന അനേകം പ്രവാസികളില്‍ ഒരാളായിപ്പോയത് കൊണ്ടാവാം...

    പ്രവാസ ജീവിതത്തിന്റെ നെര്‍പ്പതിപ്പ്‌..!

    ReplyDelete
  6. കഥ വായിച്ചിരുന്നു . ഇന്ന് ഒന്നുകൂടി വായിച്ചു. ഇത് എന്‍റെ കഥയാണ് ,,, എന്‍റെ മാത്രമല്ല ഒരോപ്രവാസിയുടെയും കഥ. !

    ReplyDelete
  7. സത്യമായും പോസ്റ്റ്‌ വായിച്ചു കണ്ണ് നിറഞ്ഞു കേട്ടോ .കാരണം എന്‍റെ അമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട് ..എനിക്ക്അഞ്ചു മാസം പ്രായം ആയപോള്‍ എന്‍റെ അപ്പന്‍ ഇതുപോലെ ഒരു വരവ് വന്നു,ഒരു പെട്ടി സാധനവുമായി ...രണ്ടു ആണ്‍കുട്ടികള്‍ കഴിഞ്ഞു ഉണ്ടായ മോളെ കാണാന്‍ .അമ്മ പറയും ..ഒരു മാസം കഴിഞ്ഞു ആണ് ഞാന്‍ അപ്പന്റെ കൈയില്‍ ഒന്ന് പോയതും എന്ന് ....അത് വരെ അപ്പനും നല്ല വിഷമം ആയിരുന്നു ..മോളെ ഒന്ന് തൊടാന്‍ പോലും പറ്റാത്ത വിഷമവും ...എന്തായാലും, എല്ലാം കൊണ്ടും വളരെ നല്ല പോസ്റ്റ്‌ ................

    ReplyDelete
  8. പ്രവാസിയുടെ ഒരു പരോള്‍ ശരിക്കും ഒപ്പിയെടുത്തിരിക്കുന്നു. അതിമനോഹരമായ ആവിഷ്കാരം.
    ഒരു അഭിപ്രായം കൂടി. ആദ്യത്തില്‍ അകന്നു മാറുന്ന കുഞ്ഞ് ക്രമേണ അടുത്ത് വരുന്നതായും ഏതാണ്ട് ഒരു മാനസികബന്ധം ആയി വരുമ്പോഴേക്കും പിടിച്ചു പറിച്ചു വേര്‍പെടുത്തുന്നത് പോലെ പിരിയേണ്ടി വന്ന എന്‍റെ അനുഭവം എന്നെ പോലെ പലരും അനുഭവിച്ചതായി പങ്കു വെച്ചിട്ടുണ്ട്.
    ഈ കഥയില്‍ കുഞ്ഞ് തീരെ അടുത്തതായി കാണിച്ചിട്ടില്ല. അങ്ങനെയും ഉണ്ടാവാം.

    ReplyDelete
  9. പ്രിയേ , ക്ഷമിക്കുക. ചൈതന്യം ചോര്‍ന്നു പോകുന്ന യവ്വനമേ മാപ്പ്. നീന്‍റെ മോഹങ്ങളെയും വികാരങ്ങളെയും മുരടിപ്പിക്കുന്നതിനു. നിന്‍റെ തലയണമന്ത്രങ്ങള്‍ക്കും കിന്നാരങ്ങള്‍ക്കും അവധി വയ്ക്കുന്നതിനു. വര്‍ഷങ്ങളോളം വൈധവ്യം വിധിക്കുന്നതിനു....
    ഇതാ.. എന്‍റെ പരോള്‍ തീര്‍ന്നിരിക്കുന്നു. പ്രിയേ.. യാത്ര ചോദിക്കുന്നു ഞാന്‍.


    നന്നായിരിക്കുന്നു. വിവാഹിതന്നല്ല എന്നത് മാത്രമാണ് എനിക്ക് ഇയാളില്‍ നിന്നുള്ള വ്യത്യാസം. എങ്കിലും വേര്‍പിരിയുമ്പോ പറയാന്‍ ഒരു അനിശ്ചിതമായ കണക്കു മാത്രം

    ReplyDelete
  10. അയ്യോ വിഷമായി

    ReplyDelete
  11. പ്രവാസികളുടെ അവസ്ഥ മനോഹരമായി വരച്ചു. ഒരു പ്രവാസി അല്ലാത്തതിനാലും വീട്ടിൽ പ്രവാസികൾ ഇല്ലാതിരുന്നതിനാലും അത്രക്കധികം അവരുടെ വേദന അറിയില്ല. എങ്കിലും നാട്ടിലും ഒത്തിരി പേർ മക്കൾ ഉണരുന്നതിനു മുൻപ് ജോലിക്ക് പോയി അവർ ഉറങ്ങികഴിയുമ്പോൾ വീട്ടിൽ വരുന്നവരുണ്ട്. അവരുടെ മക്കൾക്ക് അച്ച്ഛൻ ഞായറാഴ്ച ഇറച്ചിയുമായി വരുന്ന ആളാണ്. ഇവിടെ പകരം മാക്ശിക്കാരൻ.. നന്നായെഴുതി തണൽ

    ReplyDelete
  12. കഥ വീണ്ടും വീണ്ടും വായിച്ചു. ഒരു വല്ലാത്ത അവസ്ഥ തന്നെ,
    ഇടക്ക് പലതും ഓർത്തുപോയി...

    ReplyDelete
  13. ഞാനൊരു പ്രവാസിയല്ല ......ആകണോ ?

    ReplyDelete
  14. പ്രവാസികളുടെ വേദനയുടെ ഒരേട് വിശദമാക്കി.
    ഓര്‍മ്മകള്‍ പുറകോട്ട് പാഞ്ഞുപോയി...
    നന്നായി

    ReplyDelete
  15. വായിച്ചിരുന്നു മുമ്പ്
    നല്ല കഥ

    ReplyDelete
  16. 2001 ലെ കഥയല്ലേ...
    ഇന്നണെങ്കിൽ ഇത് ഇങ്ങനെ സംഭവിക്കുമോ എന്നു പറയാനാവില്ല. ഇന്റർനെറ്റും വീഡിയോ ചാറ്റും, മെയിലിലൂടെയുള്ള ഫോട്ടോ ഷെയറിംഗും ഒക്കെയായി കാലമേറേ മാറി.

    എങ്കിലും പ്രവാസിയുടെ മനോവ്യഥ ഇന്നും തുടരുന്നു, പണ്ടത്തെപ്പോലെ തന്നെ!

    ആശംസകൾ!

    ReplyDelete
  17. പ്രവാസികളുടെ അവസ്ഥ വേദനയോടെയാണ് വായിച്ചത്... പ്രവാസിയുടെ വേദനയെപ്പറ്റി പറയുന്ന പലരും പറയാതെ പോകുന്നതാണ്,അമ്മയുടെയും മക്കളുടെയും വേദനകള്‍! പണം ആയാല്‍ എല്ലാമായി എന്ന് കരുതുന്ന സ്വന്തക്കാരുടെയും മറ്റും ഇടയില്‍ ഇവരനുഭവിക്കുന്ന വേദന ആരും അറിയുന്നേയില്ല.
    ജയന്‍ പറഞ്ഞത് പോലെ ഇന്നത്തെകാലത്ത് വീഡിയോ ചാറ്റും മറ്റും ചെയ്യാമെങ്കിലും അവയൊക്കെയും നല്‍കുന്നത് വെര്‍ച്ച്വല്‍ സാമിപ്യം മാത്രമല്ലേ...??

    ReplyDelete
  18. രണ്ടായിരത്തിയൊന്നിലെ കഥ... വർഷമെത്ര കഴിഞ്ഞാലും സൌകര്യങ്ങളെത്ര കിട്ടിയാലും പ്രവാസത്തിന്റെ ആത്യന്തികമായ ലാഭനഷ്ടങ്ങളിൽ മാറ്റമുണ്ടാ‍കുന്നില്ല. കഥാപാ‍ത്രങ്ങളും വേദികളും മാറുമ്പോഴും കെട്ടിയാടുന്നത് ഒരേ വേഷങ്ങൾ! ആർക്കുവേണ്ടിയാണോ ജീവിക്കുന്നത് അവരിൽനിന്നുള്ള ഈ അകൽച്ച തന്നെയാണ് പ്രവാസത്തിന്റെ നൊമ്പരപ്പാടുകളിലൊന്നാമത്.

    ReplyDelete
  19. കാലമെത്ര കഴിഞ്ഞാലും പ്രവാസിയുടെ ജീവിതത്തിനു ഒരു വ്യത്യാസവുമില്ല ഇസ്മയില്‍!നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി മുഖത്ത് ചിരി വരുത്താന്‍ കാലം അവരെ പഠിപ്പിക്കുന്നു.പ്രിയപ്പെട്ടവരുടെ അകല്‍ച്ച, പരാതികള്‍, പരിഭവങ്ങള്‍ ഒക്കെ കേള്‍ക്കാനും അനുഭവിക്കാനും മാത്രം വിധിക്കപ്പെട്ടവര്‍, മനസ്സിലുണര്‍ത്തുന്നത് വേദന മാത്രം .....

    ReplyDelete
  20. വേഷങ്ങള്‍ ജന്മങ്ങള്‍..!

    ReplyDelete
  21. ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു .. പകുതിവരെ അനുഭവിച്ചു ...ബാക്കി അനുഭവിക്കാന്‍ കിടക്കുന്നു

    ReplyDelete
  22. മുന്‍പ് വായിച്ചതായിരുന്നു.അഭിപ്രായം പറയാന്‍ ഞാന്‍ ആരാ “വെറുമൊരു മാക്സിവില്‍പനക്കാരന്‍ !” മാത്രം.

    ReplyDelete
  23. നന്നായിരിക്കുന്നു....

    ReplyDelete
  24. കഥ ഉള്ളില്‍ തട്ടുംവിധം നന്നായി. ഒരു പക്ഷെ മറ്റൊരു മാക്സി വിലപ്പനക്കാരനായത് കൊണ്ടായിരിക്കാം ഇത്രയ്ക്കു ഫീല്‍ ചെയ്യുന്നത്.

    ഇസ്മായില്‍ അഭിനന്ദനങ്ങള്‍.

    ReplyDelete
  25. മാക്സി വില്‍പ്പനക്കാരനായ എനിക്കും ഇതില്‍ക്കൂടുതലൊന്നും പറയാനില്ല ഇസ്മായില്‍ജീ... വായനയ്ക്കിടയിലെപ്പൊഴോ അടര്‍ന്നുവീണ തുള്ളികളെന്നെ കൊണ്ടുപോയതും മണ്ണിന്റെ ഗന്ധമുള്ള, സ്വപ്നങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്വന്തം നാട്ടിലേയ്ക്കുതന്നെയായിരുന്നു ... ആശംസകള്‍

    ReplyDelete
  26. ഹൃദയത്തില്‍ തട്ടുന്ന കഥ... നല്ല അവതരണം....
    വേറൊന്നും പറയാന്‍ കഴിയുന്നില്ലാ....

    ReplyDelete
  27. മനോരാജ് പറഞ്ഞതു പോലെ ഒരു പ്രവാസി അല്ലാത്തതിനാലും വീട്ടിൽ പ്രവാസികൾ ഇല്ലാതിരുന്നതിനാലും അവരുടെ വേദന എനിക്കും അത്ര അറിയില്ല..
    പിന്നെ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഉണ്ട്..
    എന്‍റെ നാട്ടില്‍ ഒരുപാട് പേര്‍ ഗള്‍ഫിലുണ്ട്.അവരൊക്കെ ലീവില്‍ വരുമ്പോള്‍ എല്ലാവരും ചോദിക്കുന്നത് കേള്‍ക്കാം..ഇപ്പോള്‍ എന്താ ചെയ്യുന്നേ..?
    മറുപടി രണ്ടു വാക്കില്‍ ഒതുങ്ങി..
    ഇപ്പോള്‍ ഗള്‍ഫിലാണ്..
    എന്നാല്‍ അവിടെ എന്ത് ജോലിയാ ചെയ്യുന്നേ എന്ന് ആരും ചോദിക്കാറില്ല..അത്ര അടുത്ത ആള്‍ അല്ലെങ്കില്‍ പ്രത്യേകിച്ചും..അഥവാ ചോദിച്ചാലും ആരും പറയുകയുമില്ല..
    ഇതിന്‍റെ കാരണം ഒരിക്കല്‍ ലീവിനു വന്ന സുഹ്രുത്തിനോടു ഞാന്‍ ചോദിച്ചു..അപ്പോള്‍ അവന്‍ പറഞ്ഞത് അവിടുത്തെ പണി ഇവിടെ പറയാന്‍ പറ്റാത്തത് കൊണ്ടാണത്രേ..പലര്‍ക്കും അവിടെ ദുരിതമാണ്..കാര്‍ കഴുകുക,ഹോട്ടലില്‍ സപ്ലയര്‍ ആയി നില്‍ക്കുക തുടങ്ങി ഒരിക്കലും നമ്മുടെ നാട്ടില്‍ ചെയ്യാന്‍ മടിക്കുന്ന പല ജോലികളുമാണ് സധാരണക്കാര്‍ അധികവും അവിടെ ചെയ്യുന്നതത്രേ..
    നാട്ടില്‍ വരുമ്പോള്‍ ഗള്‍ഫുകാരന്‍ എന്ന ഇമാജില്‍ അവന്‍ സ്വയം സന്തോഷിക്കുകയും ചെയ്യുന്നു..
    കേട്ടപ്പോള്‍ സ്വന്തം കുടുംബത്തിന്‍റെ ശോഭനമായ ഭാവിയോര്‍ത്ത് ഗള്‍ഫില്‍ കഷ്ടപ്പെടുന്ന എല്ലാ പ്രവാസികലോടും ഒത്തിരി വിഷമം തോന്നി..

    ReplyDelete
  28. really fantastic..the hard reality..

    ReplyDelete
  29. മുമ്പത്തെ പൊസ്റ്റും കണ്ടിരുന്നു.എന്നാല്‍ ഫോര്‍മാറ്റിലെ മാറ്റം വായിക്കാന്‍ തോന്നിയില്ല. ഇപ്പോള്‍ റീ പൊസ്റ്റ് കണ്ടപ്പോഴാണ് വായിച്ചത്. മാക്സിക്കാരന്‍ എന്ന ടൈറ്റില്‍ എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തിയിരുന്നു,പറയാന്‍ പോകുന്നതെന്താണെന്നു?.പ്രവാസികളുടെ ജീവിതം കഷ്ടം തന്നെ ,അന്നും ഇന്നും!

    ReplyDelete
  30. പ്രവാസിഉടെ കുടുംബ ജീവിതം കഷ്ടം തന്നെ,അന്നും ഇന്നും!. മുമ്പു പിക്ചര്‍ ഫോര്‍മാറ്റില്‍ പോസ്റ്റ് ചെയ്തു കണ്ടപ്പോള്‍ വായിക്കാന്‍ തോന്നിയില്ല.ഇപ്പൊള്‍ റീ പോസ്റ്റ് കണ്ടപ്പോള്‍ വായിച്ചു. ടൈറ്റില്‍ എന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു,എന്തിനെപ്പറ്റിയാവും പറയാന്‍ പോവുന്നതെന്ന് ?

    ReplyDelete
  31. ഇതു കഥയല്ല.
    അനുഭവം..
    ജീവിതം...

    നന്നായി എഴുതി.

    ReplyDelete
  32. എത്ര പറഞ്ഞാലും പാടിയാലും തീരില്ല ഒരു പ്രവാസിയുടെ ദുഃഖം! അവനെ നമുക്ക് വരികളില്‍ വര്നിക്കാം, വാക്കുകളാല്‍ വരവേല്‍ക്കാം.. പക്ഷെ അവന്‍ അനുഭവിക്കുന്നത് അവന്‍ മാത്രമാണ് അനുഭവിക്കുന്നത്. കൂടെ സങ്കടപ്പെടാന്‍ ആരുമില്ലെന്നര്‍ത്ഥം.
    പഴയ വീഞാനെന്കിലും വിഷയം 'പ്രവാസി'ആകുമ്പോള്‍ പുതുമ നശിക്കുന്നില്ല. യാത്ര തുടരട്ടെ. ആശംസകള്‍.

    ReplyDelete
  33. സ്വന്തം നാടും വീടും കുടുംബവും എല്ലാം ദീർഘകാലം വിട്ടകന്നു കഴിയുന്ന പ്രവാസികൾ നേരിടുന്ന മനസിന്റെ നോവും വ്യഥയും എന്തിനേറെ പറയുന്നു നാട്ടിലെ മരങ്ങളേയും അവിടുത്തെ മണലിനെ പോലും എടുത്ത് പറഞ്ഞ് വളരെ നന്നായി എഴുതിയിരിക്കുന്നു.. പൊട്ടി വീഴുന്ന പ്രഭാതങ്ങളും മനോഹരമയ സായാഹ്നങ്ങളും, നിശീഥിനിയുടെ കളഭ കൂട്ടായെത്തുന്ന സന്ധ്യകളെല്ലാം പിന്തള്ളി അവിരാമമായ യാത്രക്കിടയിൽ .. അവ്നു കൂട്ടായി മനസിലേയും തലയിലേയും നരകൾ മാത്രം .. തന്റെ പ്രിയതമക്കു നൽകാൻ ഒന്നും ബാക്കി കാണില്ല. യവ്വനത്തിന്റെ ചോരത്തിളപ്പിലുണ്ടായി നടക്കതെ പോയ കുറെ മോഹങ്ങളുടെ തുരുമ്പെടുത്ത ഓർമ്മകൾ മാത്രം തന്റെ ചോരയിൽ പിറന്ന കുഞ്ഞിനു സമ്മാനിക്കാൻ അപരിചിതത്വവും... പ്രവാസിയെ പറ്റി പറയാത്തവർ വിരളമാകും ... എന്നാൽ ഇതിൽ പ്രവാസിയുടെ അവസ്ഥമാത്രമല്ല തനിക്കു വേണ്ടി നാട്ടിൽ കാത്തിരിക്കുന്ന പ്രിയതമയെ കുറിച്ചു മകളെ കുറിച്ചും പറഞ്ഞ് മറ്റു പ്രവാസി കഥകളിൽ നിന്നും വ്യത്യസ്തമാക്കിയിരിക്കുന്നു.....കണ്ണുകള്‍ തമ്മിലുടക്കിയ നിമിഷം, അവളുടെ മുഖത്ത് ആദ്യം അമ്പരപ്പ്‌. പിന്നെ, നാണത്തിന്റെ നിഴലിപ്പ്‌..ഒരു പ്രാസിയുടെ സന്തോഷത്തിന്റെ നിമിഷം ... ഇതാ.. എന്‍റെ പരോള്‍ തീര്‍ന്നിരിക്കുന്നു. പ്രിയേ.. യാത്ര ചോദിക്കുന്നു ഞാന്‍. ഇനിയും നമുക്കുമുന്നില്‍ നീണ്ടുകിടക്കുന്ന അനിശ്ചിതത്വത്തിന്റെ , കാത്തിരിപ്പിന്‍റെ ദിനങ്ങള്‍. ഓര്‍മ്മകള്‍ അയവിറക്കി , സ്വപ്നങ്ങളെ താലോലിച്ചു മാറ്റുകുറയാതെ സൂക്ഷിക്കുന്ന വേളകള്‍. അച്ഛാ എന്ന സ്നേഹമസൃണമായ വിളികേള്‍ക്കാന്‍ കാതോര്‍ത്തു കാത്തിരിക്കുന്ന നിമിഷങ്ങള്‍. ശരീരം ഒരിടത്തും മനസൊരിടത്തുമായി കഴിയുന്ന രാവുകള്‍........ ഒരു പ്രവാസി വീണ്ടും പ്രവാസത്തിന്റെ ..ഇടവഴിയിലേക്ക്..................... ആശംസകൾ ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ...

    ReplyDelete
  34. യാഥാര്‍ത്യങ്ങള്‍ നമ്മെ ആലോസരപ്പെടുത്തുന്നു...

    ReplyDelete
  35. പലപ്പോഴും ഞാന്‍ എന്നെ തന്നെ മുന്നില്‍ കണ്ടോ എന്ന് തോന്നിപോയി ! എന്നത്തേയും പോലെ നന്നായി അവതരിപ്പിച്ചിരിക്കുന്നു

    ReplyDelete
  36. നല്ല അവതരണം
    ആശംസകള്‍

    ReplyDelete
  37. ഇനിയുമൊരു പ്രവാസി ജനിക്കാതിരുന്നെങ്കില്

    ReplyDelete
  38. "അവയവങ്ങള്‍ ഓരോന്നായി പറിച്ചെടുക്കുന്ന വേദന.. ദൈവമേ .. എന്‍റെ വേദനയകറ്റൂ.. "

    ശരിക്കും ഞാന്‍ അനുഭവിച്ച വേദനയാണിത്.രണ്ടുമൂന്നു തവണ.
    ആ വേദന വര്‍ണിക്കാന്‍ ഇതിനെക്കാള്‍ നല്ല പദമില്ല.
    (hashim c)

    ReplyDelete
  39. വിശപ്പിന്‍റെയും ദാഹത്തിന്‍റെയും അനുഭൂതിയുടെയും സഹനത്തിന്‍റെയും ക്രോധത്തിന്‍റെയുമെല്ലാം ചോദനകള്‍ ചേര്‍ത്തെഴുതിയ രക്തരുചിയുള്ള കഥാഖ്യാനമാണ് 'മാക്സിക്കാരന്‍'.
    കുടുംബത്തിനു വേണ്ടി കുടിയിറക്കപ്പെട്ടവന്‍റെ വേവുന്ന വ്യഥകള്‍ ചേതോഹരമായി തന്നെ അക്ഷരങ്ങളാക്കിയ ഇത്, അതിന്‍റെ നൈതികതയും മാനുഷിക മുഖവും കൊണ്ടാണ് അച്ചടി മാധ്യമത്തില്‍ ഇടം തേടിയത്!

    ReplyDelete
  40. അയ്യോ വിഷമായി

    ReplyDelete
  41. ഇസ്മാഈലേ,പ്രവാസത്തിന്‍ കാലഗണനയില്ല ! ഇസ്മായീലിന്‍റെ
    കഥകള്‍ക്കുമില്ല വര്‍ഷങ്ങലുടെ കാലദൈര്‍ഘ്യം..!
    പ്രവാസകാലം അവസാനിച്ചാലും പ്രവാസികള്‍ വീണ്ടും വീണ്ടും
    ബാക്കിയാവുന്നതും പ്രവാസിയായി അറിയപ്പെടുന്നതും അതോണ്ടാ !

    ReplyDelete
  42. ജീവിതം തന്നെയല്ലേ?

    ReplyDelete
  43. ഇത് വായിക്കുന്ന ഏതൊരു ഗള്‍ഫുകാരനും,അവന്റെ കുടുംബത്തിനും തോന്നും ഇത് അവരുടേം കൂടെ കഥയാണെന്ന്.
    പ്രവാസിയുടെ വേദനകള്‍ക്ക് അതിരില്ല ..അത് മരുഭൂമി പോലെയാണ്..
    അഭിനന്ദനങ്ങള്‍.

    ReplyDelete
  44. പ്രവാസി + പ്രയാസി.

    ReplyDelete
  45. സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കാനോ, അവരോടൊപ്പം കളിക്കാനോ, സമയം ചിലവഴിക്കാനോ തയ്യാറാവാത്ത എത്രയോ പേര്‍ നാട്ടിലുണ്ട് . പ്രവാസി ആയാല്‍ അവരും ഒരു പക്ഷെ ഇതൊക്കെ വേദനയോടെ ഓര്‍ത്തേക്കാം. കാരണം നഷ്ടപ്പെടുമ്പോളാണ് പലതിന്റെയും വില അറിയുന്നത് . അകന്നിരിക്കുമ്പോഴാണ് അകമെരിയുന്നത് . വളരെ നല്ല പോസ്റ്റ്‌ ..താങ്ക്സ്

    ReplyDelete
  46. വളരെ നല്ല അവതരണ ശൈലി-ഒരു പാട് ഇഷ്ടമായി-പല ഗള്‍ഫ് കാരുടേയും ജീവിതാനുഭവം.

    ReplyDelete
  47. aniyaa..vallaathe manassil kollunna katha..ithu pala pravaasiyudeyum pollunna yaathaarthyamavaam..avatharana shiliyum thakarppan

    ReplyDelete
  48. ശരിക്കും പലരുടെയും അനുഭവം തന്നെ. വല്ലാത്തൊരു വിഷമം മനസ്സിൽ ബാക്കിയാക്കി ഈ കഥ. കൂടുതലെന്ത് പറയാൻ

    ReplyDelete
  49. പടച്ചോനേ...
    സ്വന്തം ചോരയിൽ പിറന്ന മകൾ പോലും തന്നെ തിരിച്ചറിയാതെ പോയാൽ ആ അച്ഛന്റെ മനസ്സിന്റെ വേദന എത്രമാത്രമായിരിക്കും..
    പ്രവാസജീവിതത്തിന്റെ വേദനാജനകമായ മറ്റൊരു മുഖം വരച്ച് കാട്ടുന്ന കഥ.,
    അഭിനന്ദനങ്ങൾ..,
    നാളെ എനിക്കും ഈ ഗതി വരുമോ..എന്തോ..?

    ReplyDelete
  50. ഞാന്‍ ഒരു പ്രവാസി അല്ല ...എങ്കിലും പ്രവാസിയായി അനിയന്‍ ഉണ്ട്...അവന്റെ വിഷമങ്ങള്‍ എനിക്ക് മനസിലാക്കാന്‍ പറ്റും... അവനു ലീവ് കിട്ടാന്‍ ഇല്ലാത്ത ഒരു ചേട്ടന്റെ കല്യാണകുറി ഉണ്ടാക്കി ഗള്‍ഫിലേക്ക് അയക്കേണ്ടി വന്നു... എന്റെ ഉണ്ടാക്കി അയക്കാമെന്ന് വെച്ചാല്‍ നാളെ ഒറിജിനല്‍ കല്യാണം വരുമ്പോള്‍ എന്ത് ചെയ്യും... എന്തായാലും കല്യാണം കഴിഞ്ഞു ജീവിക്കാന്‍ ഗള്‍ഫില്‍ പോകുന്ന അവസ്ഥ... പറയാതിരിക്കുകയാ ഭേദം... കാരണം ഒരു പാഡ് കടങ്ങലുംയി എന്റെ അമ്മാവന്‍ ഗള്‍ഫില്‍ പോയി... കടങ്ങള്‍ ഒക്കെ ഇപ്പൊ വീട്ടി...സ്വന്തമായി സ്ഥലവും നാട്ടില്‍ വാങ്ങിച്ചു.... പക്ഷെ അതിനു പതിനാലു വര്‍ഷങ്ങള്‍ എടുത്തു എന്ന് മാത്രം...അതും ഒരിക്കല്‍ പോലും ലീവ് ഇല്ലാത്ത പതിനാല് വര്ഷം...വല്ലപ്പോഴും തേടി വരുന്ന ഫോണ്‍ വിളികള്‍ മാത്രം,,,,,..പിന്നെ അപൂര്‍വമായി മാത്രം എത്തുന്ന ഗള്‍ഫ്‌ സമ്മാനങ്ങള്‍.... എന്തൊക്കെ ഉണ്ടാക്കിയാലും ഈ പോയ പതിനാല് വര്ഷം.... എങ്ങനെ തിരിച്ചു പിടിക്കും.... അത് കൊണ്ടാണ് എന്റെ അനിയന്‍ വിളിച്ചിട്ട് കൂടി ഞാന്‍ ഗള്‍ഫില്‍ പോകാത്തത്..പിന്നെ യാത്ര ഇപ്പോഴും വിമാനം തന്നെ ആണ് സുഖം... സൗകര്യം... സമയ ലാഭം... പലപ്പോഴും അനുഭവിച്ചു അറിഞ്ഞിട്ടുണ്ട് ...അതാണ് പറഞ്ഞത്.....

    ReplyDelete
  51. പ്രവാസം നമ്മള്‍ എഴുതിയാലും പറഞ്ഞാലും മാറ്റം വരാത്ത ഒന്ന് എങ്കിലും നന്നായി എഴുതി .

    ReplyDelete
  52. മനോഹരം,പക്ഷെ നമ്മുടെ കണ്ണ് നനയിക്കുന്ന ഒന്നിനെ കുറിച്ച് അങ്ങനെ പറയാമോ ?വേദനപ്പിക്കാന്‍ വേണ്ടി മാത്രം ഇങ്ങനെ എഴുതുനതെന്തിന്?
    വേദന തന്ന ഒന്നിനെ ഇഷ്ട്ടപ്പെട്ടു എന്ന് പറയുന്നതെങ്ങിനെ ?

    ReplyDelete
  53. കോഴിക്കോട്ട് മാതൃഭൂമിയിലായിരുന്നപ്പോൾ കിനാവുകൾ കരിയുന്ന ഗൾഫ് എന്ന ഫീച്ചർ ചെയ്ത്പ്പോൾ അഭിപ്രായം തേടി ഞാൻ ടി.വി.കൊച്ചുബാവയെ കാണാൻ വീട്ടിൽ പോയി. ഗൾഫിൽ നിന്നു തിരിച്ചെത്തി നാട്ടിൽ ഗൾഫ് വോയ്സ് എന്ന മാഗസിൻ നടത്തുകയായിരുന്നു ബാവച്ചേട്ടൻ. അന്ന് അദ്ദേഹം പറഞ്ഞ ഒരു വാക്യം എനിക്ക് ഓർമ്മ വരുന്നു. നിങ്ങൾ ഈ കാണുന്ന മോടിയ്ക്കുള്ളിൽ 18 വർഷത്തെ ഗൾഫ് ജീവിതം സമ്മാനിച്ച ഒരുപാട് രോഗങ്ങൾ ഉണ്ട്. എന്ന്. പ്രവാസിയുടെ ശരീരത്തിന്റെയും മനസ്സിന്റെയും അകം പുറമെ കാണുന്നതൊന്നുമല്ല.

    അത് ഈ കഥയിലുമുണ്ട്. ജീവിതം ഒട്ടും സുഖകരമല്ലാതെ, പ്രിയപ്പെട്ടതെല്ലാം അകലത്ത് കിടന്ന് അലിഞ്ഞുതീരുന്നതോർത്ത് വിങ്ങി , ഈ ജീവിതം ഇങ്ങനെയല്ല ജീവിക്കേണ്ടതെന്ന് നെടുവീർപ്പിട്ട്, അങ്ങനെയങ്ങനെ.....

    പക്ഷേ. ഒരു കഥ എന്ന നിലയിൽ ഇതിന്റെ രൂപം എനിക്ക് ഇഷ്ടമായില്ല. അതിന്റെ ഒരു കാരണം 10 വർഷത്തിന്റെ പഴക്കമാവാം. റീപോസ്റ്റ് ചെയ്തപ്പോൾ കാലത്തിനനുസരിച്ച് കഥയുടെ ഘടനയും ഭാഷയും അനുഭവവും പുതുക്കണമായിരുന്നു.
    അതുണ്ടായില്ല. പിന്നെ ഒരു കഥയ്ക്ക് ഉൾക്കൊള്ളാനാവാത്ത കാലം കഥയിൽ കയറ്റിവച്ചു. പ്രവാസി വിമാനത്തിൽ കയറുന്ന മുതൽ നാട്ടിൽ അയാൾ എത്തി ലീവ് കഴിഞ്ഞു ഥിരിച്ചു പോകുന്ന വരെ. പക്ഷേ സംഭവങ്ങൾ ഇല്ലാതെ ചിന്തകൾ മാത്രമായി കഥ പറച്ചിൽ തീരുകയും ചെയ്തു. ജയൻ ഏവൂർ പറഞ്ഞപോലെ പ്രവാസിയുടെ ഇന്നത്തെ ജീവിതത്തിന് ഒരുപാട് സധ്യതകൾ ഉണ്ടല്ലോ.

    കഥയിൽ വരേണ്ട കാലം, സ്ഥലം, സംഭവങ്ങൾ, മനുഷ്യർ എല്ലാറ്റിനെക്കുറിച്ചും ബോധ്യങ്ങൾ വേണം.

    നമ്മൾ പറയുന്ന കഥയിലെ വികാരങ്ങൾ വായനക്കാരിലേക്ക് സംക്രമിക്കാൻ കഥ പറച്ചിൽ ഒരു പ്രാധാന കാര്യമാണ്.
    കഥയ്ക്കുള്ളിലെ മനുഷ്യദുരിതത്തെ അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ, ഒരുപാട് മെച്ചപ്പെടുത്താമായിരുന്നു.

    ReplyDelete
  54. ഒരു കാര്യം പറയാൻ മറന്നുപോയി. മകളും അച്ഛനും തമ്മിലുള്ള അകൽച വർണ്ണിച്ചതിൽ വല്ലാത്ത അതിശയോക്തി വന്നു. ഒരു ദിവിസത്തെ അല്ലങ്കിൽ രണ്ടുദിവസത്തെ അപരിചിത്വം വരാം. ഒരു അപരിചിതനോടു പോലും വേഗം കുഞ്ഞുങ്ങൾ അടുക്കുമല്ലോ.

    ReplyDelete
  55. യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ നാമെപ്പോഴും പലരാല്‍ നിയന്ത്രിക്കപ്പെടുന്ന കുരങ്ങന്മാരല്ലേ? താല്പര്യമില്ലെന്കില്‍ പോലും വിവിധ ഗോഷ്ടികള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍.

    ഇസ്മയില്‍ ഭായ് വായിക്കുമ്പോള്‍ പലേടത്തും തീവ്ര മാകുന്നു ഹൃദയ വികാരങ്ങള്‍

    ReplyDelete
  56. @ഇസ്മായില്‍ കുറുമ്പടി ( തണല്‍)

    അവയവങ്ങൾ ഒന്നൊന്നായി പറിച്ചെടുക്കപ്പെടുന്ന വേദനയെ പിന്നിലാക്കി അലപദിവസമേ ആയുള്ളൂ ഒരു ചെറിയ പരോൾ കഴിഞ്ഞ് വന്നിട്ട് .അതിനാലാവും ഇത് വായിച്ചപ്പോഴും ഒരു നിർവികാരത..

    ReplyDelete
  57. പ്രവാസിജീവിതം അതുപോലെതന്നെ ഒപ്പിയെടുത്തു...വളരെ നന്ദി.

    ReplyDelete
  58. മനസ്സില്‍ വല്ലാത്ത വീര്‍പ്പുമുട്ട് - ജീവിതത്തില്‍ നിന്നും ഒരേട്‌!

    ReplyDelete
  59. പ്രിയേ , ക്ഷമിക്കുക. ചൈതന്യം ചോര്‍ന്നു പോകുന്ന യവ്വനമേ മാപ്പ്. നീന്‍റെ മോഹങ്ങളെയും വികാരങ്ങളെയും മുരടിപ്പിക്കുന്നതിനു. നിന്‍റെ തലയണമന്ത്രങ്ങള്‍ക്കും കിന്നാരങ്ങള്‍ക്കും അവധി വയ്ക്കുന്നതിനു. വര്‍ഷങ്ങളോളം വൈധവ്യം വിധിക്കുന്നതിനു....

    ഒരുപാട് ചിന്തിപ്പിക്കുന്നു, ഈ വരികള്‍. വിവാഹിതനല്ല എങ്കിലും... എന്തോ മനസ്സിലെവിടെയോ ഒരു........

    ReplyDelete
  60. ഇത് ഞാന്‍ എന്റെ മനസിലാണ് വായിച്ചത് ..ഇതിലെ ഓരോ വരികളും വായികുനതിനു മുന്പ് മനസ് വായിക്കും
    കാരണമ ഞാനും ഒരു പ്രവാസിയാണ് എന്ന് തിരിച്ചറിവ്

    ReplyDelete
  61. പ്രവാസികളുടെ പ്രയാസം നിറഞ്ഞ ജീവിതാ‍നുഭങ്ങളിലെ ഒരു എപ്പിസോഡിന്റെ നഗ്നാഖ്യാ‍നമാണീ കഥ.
    വളരെയേറെ ഗൾഫുകാർക്ക് ഇതിലെ നായകസ്ഥാനത്ത് സ്വയം അവരോധിക്കാനാകും.
    കഥാസ്വാദനത്തിൽ ( സമീപനത്തിൽ )അതിന്റെ ആനുകൂല്ല്യവും അറിയാതെ സംഭവിക്കാം.

    അതേസമയം, നിർമ്മമതയോടെ സാഹിത്യമൂല്ല്യത്തിന്റെ ഉരക്കല്ലിൽ വെച്ച് ഈ രചനയെ പരിശോധിക്കുമ്പോൾ ശ്രീ. എൻ.ബി.സുരേഷ് അവതരിപ്പിച്ച അഭിപ്രായങ്ങളിൽ പലതിനോടും യോജിപ്പ് തോന്നി. അതിഭാവുകത്വത്തിന്റെ അതിപ്രസരം അനൽ‌പ്പമായി അനുഭവപ്പെട്ടു.

    ReplyDelete
  62. ഈ കലികാലത്ത് അതിശയോക്തി എന്ന വാക്ക് തന്നെ അപ്രസക്തമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
    ഈ കഥയുടെ ബീജാവാപം തന്നെ, മകളും ലീവിന് വന്ന അച്ഛനും തമ്മിലെ അകല്‍ച്ച നേരിട്ട് എന്റെ ശ്രദ്ധയില്‍ പെട്ടതിനാലാണ്. മൂന്നു മാസം കഴിഞ്ഞിട്ടും അച്ചന്റെ സാമീപ്യം ഭയക്കുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്ത ആ കുഞ്ഞിനു ഇപ്പോള്‍ ഏകദേശം പന്ത്രണ്ടു വയസ്സ് കാണും. ഇപ്പോള്‍ ആ അച്ഛനും മകളും തമ്മില്‍ എങ്ങനെ എന്നത് ഇവിടെ പ്രസക്തവും അല്ല.
    തീര്‍ച്ചയായും എനിക്ക് പറയാന്‍ കഴിയും - ഇത്തരം അച്ഛനും മക്കളും പലയിടത്തും ജീവിച്ചിരിക്കുന്നു എന്ന്.അതു തുറന്നു പറയാന്‍ പലരും മടികാണിക്കും എന്ന് മാത്രം.

    വായിക്കാന്‍ ക്ഷമ കാണിച്ച എല്ലാ സുമനസ്സുകള്‍ക്കും ഹൃദ്യമായ നന്ദി..

    ReplyDelete
  63. കിടിലന്‍ പോസ്റ്റ്‌...
    മലയാളിത്തമുള്ള മനോഹരമായ കഥ.
    ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  64. ഇത് ഞാന്‍ വായിച്ചിട്ടുള്ളതാണ് .അന്നത് മനസ്സിനെ സ്പര്‍ശിക്കുകയും ചെയ്തു .പ്രവാസ നൊമ്പരം എന്ന ആരും കാണാത്ത തുരുമ്പിനെ
    താങ്കള്‍ ഊതിയുരുക്കി പൊന്നാക്കി ഭംഗിയുള്ള ആഭരണമാക്കി. അതില്‍ തിളങ്ങുന്ന കല്ലുകള്‍ പതിപ്പിച്ചു. അതില്‍ ചിലതാകട്ടെ
    നമ്മുടെ സാമാന്യ ചിന്തയ്ക്കും ബുദ്ധിക്കും യോജികാനാക്കാത്ത മുഴച്ചു നില്‍ക്കുന്ന കല്ലുകള്‍ . സ്വന്തം സൃഷ്ടി എന്ന നിലയില്‍ നോക്കാതെ അന്യനായ ഒരു അനുവാചക കണ്ണിലുടെ ഒരപഗ്രധനം നടത്തുകയാണെങ്കില്‍ അടുത്തതില്‍ അത്തരം അപാകതകള്‍ പരിഹരിക്കാനാകും.കഥാ കഥന രീതിയുടെ മനോഹാരിത കൊണ്ട് കഥാപാത്രങ്ങളും രംഗങ്ങളും മനസ്സില്‍ അഭ്രപാളികളിലെന്നപോലെ തെളിഞ്ഞു വരുന്നു. അവിടെയാണ് കഥയുടെയും കഥാ കാരന്റെയും വിജയം .ഭാവുകങ്ങള്‍ .

    ReplyDelete
  65. mattoru pravaasi katha koodi. ellaa pravaasikaludeyum avastha. prathyekadha onnum kandilla.
    pakshe......
    "സൂര്യനായ്‌ തഴുകിയുറക്കമുണര്‍ത്തുന്ന അച്ഛനിതാ എന്‍റെ മോളേ....
    നീയൊന്നു കരയുമ്പോള്‍ അറിയാതെയുരുകുമീ നിന്‍റച്ചനിതാ എന്‍റെ മോളേ.."
    manasu niranju poyi ee vaakkukalil.
    nandi ee varikalkku.

    ReplyDelete
  66. പ്രവാസമാകുന്ന പ്രേത വാസത്തിലാണ് ഞാനും ...

    ഇപ്പോള്‍ ടിക്കറ്റിനു റെക്കോര്‍ഡ്‌ വിലയുള്ള
    സമയത്ത് ഓസ്സിനു നാട് വരെ ഒന്ന് പോയി
    വരാന്‍ കഴിഞ്ഞു ...
    നല്ല പോസ്റ്റ്‌ ദിനാറിന് മുന്നില്‍ ജീവിതം ഹോമിക്കുന്ന
    ഏതൊരു പ്രവാസിയുടെയും ഉള്ളൊന്നു പിടയും ..
    ഒടുവില്‍ കണ്ണില്‍ അറിയാതെ ഒരു തുള്ളി നിറയും
    പ്രിയപ്പെട്ടവരേ ഓര്‍ത്ത് ...
    മോഹങ്ങള്‍ സ്വപ്നങ്ങളാകി കഴി യുന്ന എല്ലാ പ്രവാസികള്‍ക്കും
    കഥാ കൃത്തിനും എന്റെ ഒരായിരം ആശംസകള്‍ ...

    ReplyDelete
  67. ഓരോ പ്രവാസിയുടെയും കഥ (പ്രത്യേകിച്ചും കുടുംബം കൂടെ ഇല്ലാത്ത)ഇതിനു സമാനമാണ്. ഹൃദയസ്പര്‍ശിയായ പോസ്റ്റ്‌. അഭിനന്ദനങ്ങള്‍.

    ReplyDelete
  68. കരഞ്ഞുപോയി....അറിയാതെ, ഇനിയുമെന്തിന്? സ്വന്തം വീട്ടില്‍ കടന്നു ചെല്ലുമ്പോള്‍ പൊന്നോമന മകള്‍ക്ക് തന്നെ ഒരു മാക്സി വില്പനക്കാരനായി തോന്നിയെങ്കില്‍??? സ്നേഹം നല്‍കേണ്ട സമയത്ത് അത് നല്‍കാനായില്ലെങ്കില്‍, പിന്നീട് അത് തിരിച്ചു കിട്ടണമെന്നാശിക്കുന്നത് വെറും വിഢിത്തം...

    എനിക്കും എന്റെ കുഞ്ഞിനുമിടയില്‍ തകര്‍ക്കാന്‍ കഴിയാത്ത ഒരു മതില്‍ പൊടുന്നനെ രൂപപ്പെട്ടതായി എനിക്ക് തോന്നി.
    "അമ്മേ... മാക്സിക്കാരന്‍ വന്നിരിക്കുന്നു, പോയി നോക്ക്"

    വല്ലാതെ മനസ്സിനെ നോവിപ്പിച്ചു...ഇനിയൊരു തിര്‍ച്ചുപോക്ക് സാധ്യമോ?

    ReplyDelete
  69. നോ കമന്റ്സ്, രണ്ടു തുള്ളി കണ്ണ് നീര് കൊണ്ട് നെഞ്ചിലെ തീച്ചൂള അണക്കാം എന്ന വ്യാ മോഹമോന്നും ഇല്ല... എങ്കിലും ... ആ രണ്ടിറ്റു കന്നുനീരെങ്കിലും സ്വന്തമായി വേണമല്ലോ..


    "ഇല പൊഴിഞ്ഞോരീ മരത്തിന്റെ ചോട്ടില്‍
    നിഴല്‍ തേടി വന്നവരാകുന്നു നിങ്ങള്‍!
    നിങ്ങടെ ചിതലരിച്ച സ്വപ്നത്തിന്റെ മാറാപില്‍
    ഇനിയും വാടാത്ത മലരുകളുണ്ടോ?"

    http://kadalasupookkal.blogspot.com/2011/04/blog-post_12.html

    ReplyDelete
  70. പ്രവാസികൾ എന്തെന്ന് കഥ്കളിലൂടെയുള്ള അറിവാണ്‌ ഏറെയും..പ്രവാസി എന്ന് പറയുമ്പോൾ മനസ്സിൽ വരുക നല്ല മണമുള്ള അത്തറും വിരലുകൾ നിറയെ മോതിരങ്ങളും[gold/other metals],ചീറിപ്പായുന്ന ഏതെങ്കിലും ഒരു പുതിയ model കാറും ഒക്കെയുള്ള കുറെ പൊങ്ങച്ചങ്ങളൊക്കെ പറയുന്ന ആൾക്കാർ എന്നായിരുന്നു..കഥ വായിക്കുകയും മറ്റ് പ്രവാസികളുടെ comments വായിക്കുകയും ചെയ്തപ്പോൾ മനസ്സിൽ വല്ലാത്തൊരു നൊമ്പരം...ശ്രദ്ധിച്ചിട്ടില്ലയിതുവരെ ഞാനീ കണ്ണീരിനെ..!!!

    ReplyDelete
  71. രണ്ടു ദിവസമായതെയുള്ളൂ നാട്ടില്‍ നിന്നും വന്നിട്ട് ,,ഏതായാലും ടെന്‍ഷന്‍ മാറാന്‍ തന്ന ലിങ്ക് കൊള്ളാം ,,മനോഹരമായ എന്നാല്‍ സങ്കടപ്പെട്ടുപോകുന്ന രചന ....

    ReplyDelete
  72. വൈകിയാലും വായിച്ചു പക്ഷെ കമന്റായി ഒന്നും കുറിക്കാനാവാത്ത അവസ്ഥഒരോപ്രവാസിയുടെയും കഥ.
    ആശംസകള്‍ ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ

    ReplyDelete
  73. ഇസ്മയില്‍ ഭായ്‌, ഗൃഹാതുരത്വമുണര്‍ത്തുന്ന രചനയെന്നതിനേക്കാള്‍ മനോഹരമായ നൊമ്പര മുണര്‍ത്തുന്ന ഒരു പ്രവാസി പിതാവിന്‌റെ വിഷമാവസ്ഥ അതേപടി പകര്‍ത്തിയിരിക്കുന്നു, ഇന്ന് നാം ചാറ്റ്‌ ചെയ്യുമ്പോള്‍ ഞാന്‍ പറഞ്ഞ വിഷയവുമായി ഇതിന്‌ വലിയ ബന്ധമൊന്നുമില്ല എന്നത്‌ എന്‌റെ പോസ്റ്റ്‌ തയ്യാറാക്കാന്‍ എനിക്ക്‌ പ്രചോദനമായി,,, അച്ചടി മഷി പുരണ്‌ട എഴുത്തായതിനാല്‍ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നില്ല. ഇത്‌ ഒരു കഥയേക്കാള്‍ പ്രവാസിയുടെ യഥാര്‍ത്ഥ പ്രതിഛായയാണ്‌. ആശംസകള്‍

    ReplyDelete
  74. ഞാൻ നിങ്ങളുടെ ഫോളോവറാണ്, ഇനി പുതിയ പോസ്റ്റിടുമ്പോൾ കാണാം.. :)

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.